Friday, January 4, 2013
രാജ്യത്തെ 44 ജനപ്രതിനിധികള്‍ പീഡനക്കേസില്‍ പ്രതികള്‍
ബലാല്‍സംഗക്കേസില്‍ ആറുപേരുള്‍പ്പടെ രാജ്യത്തെ 42 എംഎല്‍എമാരും രണ്ട് എംപിമാരും സ്ത്രീ പീഡനകേസുകളില്‍ അന്വേഷണം നേരിടുന്നു. ഇതില്‍ നാലുപേര്‍ തലസ്ഥാനമായ ഡല്‍ഹിയില്‍ നിന്നുള്ളവരാണ്. ഏറ്റവും കൂടുതല്‍ നിയമസഭാ സാമാജികര്‍ പ്രതികളായത് ഉത്തര്‍പ്രദേശില്‍ നിന്നാണ് എട്ടുപേര്‍. ആറ് എംഎല്‍എമാര്‍ക്കെതിരെ ബലാല്‍സംഗമാണ് ചുമത്തിയിട്ടുള്ളത്. ഇതില്‍ രണ്ടുപേര്‍ സമാജ്വാദിപാര്‍ട്ടിയിലാണ്. പീഡനകേസില്‍ പ്രതികളായ ജനപ്രതിനിധികള്‍ രാജിവെയ്ക്കണമെന്നാവശ്യപ്പെട്ട് ഫേസ്ബുക്ക് വഴി രാജ്യമെമ്പാടും ഫേസ്ബുക്ക് കൂട്ടായ്മ പ്രചാരണമാരംഭിച്ചു. ഓടുന്ന ബസില്‍ മാനഭംഗത്തിനിരയായി പെണ്‍കുട്ടി കൊല്ലപ്പെട്ട സാഹചര്യത്തില്‍ ആയിരങ്ങള്‍ ദിനംപ്രതി ഈ കൂട്ടായ്മയില്‍ അംഗങ്ങളാവുന്നു
കേന്ദ്ര തെരഞ്ഞെടുപ്പ് കമീഷന് നാമനിര്‍ദേശപത്രികയില്‍ നല്‍കിയിട്ടുള്ള സത്യവാങ്ങ്മൂലത്തില്‍ നിന്നുമെടുത്ത വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രചാരണം. കേസില്‍ പ്രതികളായവര്‍ ഈ റിപ്പബ്ലിക് ദിനത്തിനു മുന്‍പു രാജിവയ്ക്കണമെന്നാണ് ഫേസ്ബുക്ക് കൂട്ടായ്മയുടെ ആവശ്യം. എഡിഎംകെയുടെ പ്രതിനിധിയായി സേലത്തു നിന്നും തെരഞ്ഞെടുക്കപ്പെട്ട എസ് ശെമ്മലൈയും ബംഗാള്‍ താംലൂഖില്‍ നിന്നുള്ള തൃണമൂലിന്റെ സുഹേന്ദുമാണ് പീഡനകേസില്‍ പ്രതികളായ എംപിമാര്‍. പട്ടികയിലുള്ള 42 എംഎല്‍എമാരില്‍ ആറുപേര്‍ കോണ്‍സ്രിന്റെയും അഞ്ചുപേര്‍ ബിജെപിയുടെയും നാലുപേര്‍ തൃണമൂല്‍ കോണ്‍ഗ്രസിന്റെയും എംഎല്‍എമാരാണ്. ഒഡീഷ, ബംഗാള്‍ എന്നീ സംസ്ഥാനങ്ങളില്‍ നിന്നും ഏഴു എംഎല്‍എമാരും ജാര്‍ഖണ്ഡ്, മഹാരാഷ്ട്ര ,ഡല്‍ഹി എന്നിവിടങ്ങളില്‍ നിന്നും നാലുപേര്‍ വീതവും കേസില്‍ പ്രതികളാണ്. രാജസ്ഥാന്‍ ആന്ധ്ര എന്നിവിടങ്ങളില്‍ 2 പേര്‍ വീതം വിചാരണ നേരിടുന്നു. ബിഹാര്‍, തമിഴ്നാട്, കര്‍ണാടകം, ഗുജറാത്ത്, പഞ്ചാബ്, അസം,മധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ ഓരോരുത്തര്‍ വീതവും സ്ത്രീ പീഡനകേസില്‍ പ്രതികളാണ്.
deshabhimani
Labels:
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment