കൂട്ടബലാല്‍സംഗം, കുട്ടികളെ പീഡിപ്പിക്കല്‍, പൊലീസ് കസ്റ്റഡിയിലെ ബലാല്‍സംഗം തുടങ്ങിയ കടുത്തകുറ്റങ്ങളിൽ ഏർപ്പെടുന്ന വ്യക്തികള്‍ക്ക് ആയുഷ്കാലം മുഴുവന്‍ തടവ് നല്‍കണമെന്ന് സിപിഐ എം നിര്‍ദേശിച്ചു. സ്ത്രീ പീഡനത്തിനെതിരെയുള്ള നിയമം കൊണ്ടു വരുന്നതിന് രൂപീകരിച്ച ജസ്റ്റിസ് വര്‍മ്മ കമീഷന് പാര്‍ട്ടി സമര്‍പ്പിച്ച ഇതടക്കമുള്ള നിര്‍ദേശങ്ങളും ഭേദഗതികളും സമര്‍പ്പിച്ചു.. ഇത്തരം കുറ്റകൃത്യത്തിന് ജീവിതകാലം മുഴുവന്‍ കഠിനതടവ് നല്‍കണം. മറ്റു രൂപത്തിലുള്ള ബലാല്‍സംഗത്തിന് പരമാവധി ജീവപര്യന്തം ശിക്ഷ നല്‍കണം. തുടങ്ങിയ സുപ്രധാന നിര്‍ദേശങ്ങളാണ് സിപിഐ എം നല്‍കിയിട്ടുള്ളത്.
കരട് ബില്ലില്‍ പറയുന്ന കുറഞ്ഞ ശിക്ഷയില്‍ ഒരുകാരണവശാലും ഇളവ് നല്‍കാന്‍ പാടില്ല. എന്തെങ്കിലും ഒഴിവ്കഴിവ് ചൂണ്ടിക്കാട്ടി കുറഞ്ഞ ശിക്ഷയില്‍ ഇളവ് നല്‍കാന്‍ സഹായിക്കുന്ന ഒരുവ്യവസ്ഥയും നിയമത്തില്‍ ഉണ്ടാകരുത്. കേസുകള്‍ സമയബന്ധിതമായി തീര്‍ക്കാന്‍ വ്യവസ്ഥവേണം. ഇതിനായി അതിവേഗ കോടതികള്‍ രൂപീകരിക്കാനും നിയമവ്യവസ്ഥവേണം-സിപിഐ എം ചൂണ്ടിക്കാട്ടുന്നു. എല്ലാ ലൈംഗിക പീഡന കേസുകളും മുന്നുമാസത്തിനകം തീര്‍പ്പാക്കണം. കേസിന്റെ വിചാരണ നടക്കുന്ന വേളയില്‍ ഒരുതരത്തിലുള്ള അപ്പീലും അനുവദിക്കരുത്. സമയബന്ധിതമായി തീര്‍ക്കാന്‍ ഇതാവശ്യമാണ്. സ
മയത്ത് പ്രഥമവിവര റിപ്പോര്‍ട്ട് ഫയല്‍ ചെയ്യുന്നതിലടക്കം, നിയമം നടപ്പാക്കുന്നതില്‍ വീഴ്ച വരുത്തുന്ന ഉദ്യോഗസ്ഥരെ ശിക്ഷിക്കണം. ഇവര്‍ക്കുള്ള കുറഞ്ഞ ശിക്ഷ നിയമത്തില്‍ വ്യക്തമാക്കണം. ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയാകുന്നവരെ സാമ്പത്തികസഹായം അടക്കം നല്‍കി പുനരധിവസിപ്പിക്കാനുള്ള നടപടികള്‍ക്ക് നിയമപിന്‍ബലം നല്‍കണം.
സ്ത്രീകള്‍ക്കെതിരായ ആസിഡ് ആക്രമണം ഗൗരവമുള്ള കുറ്റമായി കാണണം. ഇതിനുള്ള കുറഞ്ഞ ശിക്ഷ ഉയര്‍ത്തുകയും പരമാവധി ശിക്ഷ ജീവപര്യന്തം ആക്കുകയും വേണം. സ്ത്രീകള്‍ക്കും കുട്ടികള്‍ക്കുമെതിരായ അതിക്രമങ്ങള്‍ തടയാനും നിയന്ത്രിക്കാനും മേല്‍നോട്ട സംവിധാനം രൂപീകരിക്കണം. ഇതിനും നിയമപിന്‍ബലം നല്‍കണം.
പാര്‍ലമെണ്ടില്‍ ഇപ്പോഴുള്ള ബില്ലില്‍ ഏതുലിംഗത്തിലുള്ള ആള്‍ക്കെതിരെ ലൈംഗിക കുറ്റമുണ്ടായാലും ഒരേതരത്തില്‍ കൈകാര്യം ചെയ്യുംവിധമാണ് വ്യവസ്ഥ. ഇത് മാറ്റി സ്ത്രീകള്‍ക്കെതിരായ അതിക്രമത്തെ വേര്‍തിരിക്കും വിധം വ്യവസ്ഥ വേണം.
കടുത്ത സ്ത്രീവിരുദ്ധമായ സ്വഭാവത്തോടെ സ്ത്രീശരീരത്തെ കച്ചവടച്ചരക്കാക്കി മാത്രം ചിത്രീകരിക്കുന്ന പരസ്യങ്ങള്‍ സംപ്രേഷണം ചെയ്യുന്നത് തടയാനും നടപടി വേണം. ആണ്‍കുട്ടികള്‍ക്കും പെണ്‍കുട്ടികള്‍ക്കും ലിംഗബോധം ഉള്‍ക്കൊള്ളാനാകും വിധത്തിലുള്ള കോഴ്സുകള്‍ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങളിലും പാഠ്യഭാഗങ്ങളില്‍ ഉണ്ടാകണം. ഇത് നിയമം മുലം നിര്‍ബ്ബന്ധമാക്കണമെന്നും സിപിഐ എം നിര്‍ദേശിച്ചിട്ടുണ്ട്.
deshabhimani
No comments:
Post a Comment