Friday, January 4, 2013
രാജ്യത്ത് വൈദ്യുതിനിരക്ക് കുത്തനെ ഉയരും
രാജ്യത്ത് ഈവര്‍ഷവും വൈദ്യുതിവില കുത്തനെ ഉയരും. ചുരുങ്ങിയത് 20 ശതമാനമെങ്കിലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാനാണ് സംസ്ഥാന സര്‍ക്കാരുകളോടും വിതരണക്കമ്പനികളോടും കേന്ദ്രസര്‍ക്കാര്‍ ആവശ്യപ്പെട്ടിരിക്കുന്നത്. കല്‍ക്കരിക്ഷാമവും പ്രകൃതിവാതകത്തിന്റെ വില പുനര്‍നിര്‍ണയം നടത്താനുള്ള രംഗരാജന്‍ സമിതിയുടെ ശുപാര്‍ശയും വൈദ്യുതിവില പലമടങ്ങ് വര്‍ധിക്കുമെന്ന സൂചനയാണ് നല്‍കുന്നത്. വില പരിഷ്കരണം നടത്തണമെന്ന് ആവശ്യപ്പെട്ടതായി കേന്ദ്ര ഊര്‍ജ സെക്രട്ടറി പി ഉമാശങ്കര്‍ മാധ്യമങ്ങളോട് പറഞ്ഞു. വൈദ്യുതി വിതരണം നടത്തുന്ന സ്വകാര്യകമ്പനികളെ സഹായിക്കുകയാണ് ലക്ഷ്യമെന്നും അദ്ദേഹം വ്യക്തമാക്കി.
ഡീസല്‍വില ഈവര്‍ഷം 10 രൂപയെങ്കിലും വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ വ്യക്തമാക്കിയിട്ടുണ്ട്. രാജ്യത്ത് 2000 മെഗാവാട്ട് വൈദ്യുതി ഉല്‍പ്പാദിപ്പികുന്നത് ഒരു ഡസനിലധികം വരുന്ന ഡീസല്‍ നിലയങ്ങളിലാണ്. പ്രകൃതിവാതകത്തിന്റെ വില ഇരട്ടിയായി നിശ്ചയിക്കണമെന്ന രംഗരാജന്‍ സമിതി റിപ്പോര്‍ട്ട് സര്‍ക്കാര്‍ അംഗീകരിക്കുന്നപക്ഷം അതും വൈദ്യുതിവില വര്‍ധിപ്പിക്കും. രാജ്യത്തിന്റെ വൈദ്യുതി ഉല്‍പാദനത്തിന്റെ 10 ശതമാനം(18000 മെഗാവാട്ട്) പ്രകൃതിവാതകം ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന നിലയങ്ങളിലാണ്. കല്‍ക്കരിവില വര്‍ധിക്കുന്നതാണ് വൈദ്യുതിവിലയെ ഏറ്റവും കൂടുതല്‍ ബാധിക്കുക. രാജ്യത്തിന്റെ 50 ശതമാനത്തിലധികം വൈദ്യുതി ഉല്‍പ്പാദിപിക്കുന്നത് കല്‍ക്കരി ഇന്ധനമായ താപവൈദ്യുത നിലയങ്ങളിലാണ്. ഹരിയാന, പഞ്ചാബ്, ഡല്‍ഹി സംസ്ഥാനങ്ങള്‍ വൈദ്യുതിനിരക്ക് വര്‍ധിപ്പിക്കണമെന്ന് ഇതിനകം നിയന്ത്രണ സമിതികളോട് ആവശ്യപ്പെട്ടു.
ഡല്‍ഹിയില്‍ വൈദ്യുതിവിതരണം നടത്തുന്ന ടാറ്റ, റിലയന്‍സ് കമ്പനികള്‍ സര്‍ചാര്‍ജ്, വിലവര്‍ധന ഇനത്തില്‍ 20-25 ശതമാനം വര്‍ധിപ്പിച്ചു നല്‍കാനാണ് ആവശ്യപ്പെട്ടിട്ടുള്ളത്. കഴിഞ്ഞവര്‍ഷം കേരളമടക്കമുള്ള ഭൂരിപക്ഷം സംസ്ഥാനങ്ങളും വൈദ്യുതിനിരക്ക് വര്‍ധിപ്പിച്ചിരുന്നു. തമിഴ്നാട് 37 ശതമാനം വര്‍ധിപ്പിച്ചപ്പോള്‍ 30 ശതമാനം വര്‍ധിപ്പിച്ച കേരളമാണ് രണ്ടാംസ്ഥാനത്ത്. കോണ്‍ഗ്രസ് ഭരണം നടത്തുന്ന മഹാരാഷ്ട്ര, രാജസ്ഥാന്‍, ഡല്‍ഹി, ഹരിയാന സംസ്ഥാനങ്ങളും വൈദ്യുതിനിരക്ക് കുത്തനെ വര്‍ധിപ്പിച്ചു. ഈവര്‍ഷവും കേരളം ഉള്‍പ്പെടെയുള്ള സംസ്ഥാനങ്ങള്‍ 20 ശതമാനത്തിലധികം വില വര്‍ധിപ്പിക്കുമെന്നാണ് കേന്ദ്രം പ്രതീക്ഷിക്കുന്നത്. റിസര്‍വ് ബാങ്കിന്റെ മുന്‍ ഗവര്‍ണര്‍ വൈ വി റെഡ്ഡിയുടെ നേതൃത്വത്തില്‍ രൂപീകരിച്ച പതിനാലാം ധനകമ്മീഷന് സര്‍ക്കാര്‍ നല്‍കിയ പ്രധാന നിര്‍ദേശങ്ങളിലൊന്ന് വൈദ്യുതി, കുടിവള്ളം, ജലസേചനം, പൊതുഗതാഗതം തുടങ്ങിയ പൊതു ആവശ്യ സര്‍വീസിന്റെ വിലയും പുനര്‍നിര്‍ണയിക്കുന്നതിനുള്ള ശുപാര്‍ശ സമര്‍പ്പിക്കണമെന്നാണ്.
(വി ബി പരമേശ്വരന്‍)
deshabhimani 040113
Subscribe to:
Post Comments (Atom)
No comments:
Post a Comment