Sunday, January 13, 2013

തൃണമൂല്‍ മറുപടി പറയണം: കാരാട്ട്


ബംഗാളില്‍ സിപിഐ എമ്മിന്റേയും ഇടതുപക്ഷത്തിന്റേയും മുതിര്‍ന്ന നേതാക്കള്‍ക്കെതിരെ ആക്രമണം അഴിച്ചുവിട്ടവര്‍ക്കെതിരെ നിയമനടപടി സ്വീകരിച്ചില്ലെങ്കില്‍ ദേശീയ തലത്തില്‍ ശക്തമായ പ്രക്ഷോഭം തുടങ്ങുമെന്ന് സിപിഐ എം ജനറല്‍സെക്രട്ടറി പ്രകാശ് കാരാട്ട് പറഞ്ഞു. മുന്‍മന്ത്രിയും പാര്‍ടിയുടെ മുതിര്‍ന്ന നേതാവുമായ അബ്ദുള്‍ റസാഖ് മൊള്ളയ്ക്കു നേരേയുണ്ടായ ഹീനമായ ആക്രമണവും തുടര്‍ന്ന് പ്രതിഷേധറാലിയ്ക്ക് ഒത്തുചേര്‍ന്നവര്‍ക്ക് നേരേയുണ്ടായ ആക്രമണവും ജനാധിപത്യത്തിനെതിരായ കൈയ്യേറ്റം തന്നെയാണെന്ന് അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആക്രമണത്തിനിരയായവരെ അറസ്റ്റുചെയ്യുകയും അക്രമികളെ വിട്ടയയ്ക്കുകയുമാണ് സര്‍ക്കാര്‍ ചെയ്തത്. അബ്ദുള്‍ റസാഖ് മൊള്ളയുടെ നട്ടെല്ലിന് സാരമായ പരിക്കേറ്റിട്ടുണ്ടെന്ന് വ്യക്തമായിട്ടും കുറ്റവാളികളെ ഇതുവരെ അറസ്റ്റുചെയ്തിട്ടില്ല. സര്‍ക്കാരിന്റെ സമ്മര്‍ദത്തെത്തുടര്‍ന്ന് പരിക്കേറ്റവര്‍ക്ക് സര്‍ക്കാര്‍ ആശുപത്രികളില്‍ ചികിത്സ നിഷേധിച്ച സംഭവം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍ രാജ്യത്ത് എവിടെയും കേട്ടുകേള്‍വിയില്ലാത്ത സംഭവമാണിതെന്നായിരുന്നു കാരാട്ടിന്റെ പ്രതികരണം. ബംഗാളില്‍ "ഗുണ്ടായിസം" ആണ് നിലനില്‍ക്കുന്നതെന്ന ഗവര്‍ണറുടെ പ്രസ്താവന സംസ്ഥാനത്ത് നിലനില്‍ക്കുന്ന സാഹചര്യത്തെക്കുറിച്ചുള്ള വസ്തുനിഷ്ഠമായ വിലയിരുത്തലാണ്. എന്നാല്‍, ബംഗാളില്‍ രാഷ്ട്രപതിഭരണം ഏര്‍പ്പെടുത്തണമെന്ന് സിപിഐ എം ആവശ്യപ്പെടുന്നില്ല. സംസ്ഥാനത്ത് നടമാടുന്ന അക്രമങ്ങള്‍ക്ക് സര്‍ക്കാര്‍ മറുപടി പറയണം. പാര്‍ലമെന്റ് ചേരാന്‍ ഒരു മാസം മാത്രമുള്ളപ്പോള്‍ റെയില്‍വേ നിരക്കുകള്‍ വര്‍ധിപ്പിച്ചത് പാര്‍ലമെന്റില്‍ ഉയര്‍ന്നേക്കാവുന്ന എതിര്‍പ്പുകളും ചര്‍ച്ചകളും മറികടക്കാനാണ്. നിരക്കുവര്‍ധന പിന്‍വലിക്കണമെന്നതുള്‍പ്പടെയുള്ള ഭേദഗതികള്‍ റെയില്‍വേ ബജറ്റ് അവതരണവേളയില്‍ സിപിഐ എം അവതരിപ്പിക്കും. സബ്സിഡികള്‍ ബാങ്ക് വഴി നല്‍കുന്നത് പാവങ്ങള്‍ക്ക് ലഭിക്കുന്ന സബ്സിഡികള്‍ വെട്ടികുറയ്ക്കാനാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ആന്ധ്രാപ്രദേശ് സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വൈ വെങ്കിടേശ്വര റാവുവും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 130113

No comments:

Post a Comment