Sunday, January 13, 2013

തൊഴിലാളി സംഘടനകളും പൊതുപണിമുടക്കിലേക്ക്


സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന അനിശ്ചിതകാല പണിമുടക്കിന് ഐക്യദാര്‍ഢ്യവും പിന്തുണയും പ്രഖ്യാപിച്ച് തൊഴിലാളി സംഘടനകള്‍ പൊതുപണിമുടക്ക് നടത്തുമെന്ന് സിഐടിയു. സിഐടിയു സംസ്ഥാന സമ്മേളനത്തിലാണ് പൊതുപണിമുടക്ക് നടത്താന്‍ തീരുമാനമായത്. സമ്മേളനത്തോടനുബന്ധിച്ച് നേതാക്കള്‍ നടത്തിയ വാര്‍ത്താസമ്മേളനത്തിലാണ് ഇക്കാര്യം അറിയിച്ചത്. മറ്റ് തൊഴിലാളി സംഘടനകളുമായി കൂടിയാലോചിച്ചശേഷം പൊതുപണിമുടക്കിന്റെ തീയതി ചൊവ്വാഴ്ച പ്രഖ്യാപിക്കും. എളമരം കരീം, കെ ചന്ദ്രന്‍പിള്ള, ആനത്തലവട്ടം ആനന്ദന്‍, കെ കെ ദിവാകരന്‍ എന്നിവരാണ് വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തത്. സര്‍ക്കാര്‍ ജീവനക്കാരുടെ സമരം ഒത്തുതീര്‍പ്പാക്കാന്‍ ചര്‍ച്ചയ്ക്കില്ലെന്ന മുഖ്യമന്ത്രിയുടെ നിലപാട് ഫ്യൂഡല്‍ നിലപാടാണ്. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ മാപ്പ് പറയണം. പെന്‍ഷന്‍ സര്‍ക്കാരിന്റെ ഔദാര്യമല്ലെന്നും ജീവനക്കാരുടെ അവകാശമാണെന്നും നേതാക്കള്‍ വ്യക്തമാക്കി.

തൊഴിലാളികളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരെ സമരകാഹളമുയര്‍ത്തി സിഐടിയു 12ാം സംസ്ഥാന സമ്മേളനത്തിന് ശനിയാഴ്ചയാണ് തുടക്കം കുറിച്ചത്. അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച വരദരാജപൈയുടെ നാമധേയത്തില്‍ പ്രത്യേകം തയ്യാറാക്കിയ നഗറിലാണ് മൂന്നുനാള്‍ നീളുന്ന സമ്മേളനം. ജാതിമതഭാഷരാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിന് ഏകമനസ്സോടെ അണിനിരക്കാനുള്ള ആഹ്വാനമായി സപ്തഭാഷാ സംഗമഭൂവില്‍ ആദ്യമായി നടക്കുന്ന സമ്മേളനം. ഭരണകൂടത്തിന്റെ ക്രിമിനല്‍ കാടത്ത നടപടികളെ വര്‍ഗഐക്യത്തിലൂടെ ചെറുക്കണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആഹ്വാനം ചെയ്തു.

സമ്മേളനത്തെ അഭിവാദ്യംചെയ്ത ഇതര തൊഴിലാളി സംഘടനാ നേതാക്കളും വര്‍ഗഐക്യത്തിന്റെ അനിവാര്യതയും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ എ അസീസ് എംഎല്‍എ, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ഭാര്‍ഗവന്‍പിള്ള എന്നിവരാണ് കൂട്ടായ പോരാട്ടത്തിന്റെ സന്ദേശം അഭിവാദ്യ പ്രസംഗത്തില്‍ പങ്കുവച്ചത്.

സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന്, രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സിഐടിയുവില്‍ അഫിലിയേറ്റ്ചെയ്ത 836 അംഗസംഘടനകളുടെ 14,51,170 അംഗങ്ങളെ പ്രതിനിധീകരിച്ച് 512 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികള്‍ക്ക് സ്വാഗതമോതി മുന്നാട് കലാക്ഷേത്രത്തിലെ കുട്ടികള്‍ ഗാനവും സംഗീത ശില്‍പവും അവതരിപ്പിച്ചു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു.

കെ കെ ദിവാകരന്‍(കണ്‍വീനര്‍), കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, വി എന്‍ വാസവന്‍, കെ എന്‍ ഗോപിനാഥന്‍, കെ കെ ജയചന്ദ്രന്‍, ജോര്‍ജ് കെ ആന്റണി എന്നിവര്‍ പ്രമേയ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. വി വി ശശീന്ദ്രന്‍(കണ്‍വീനര്‍), എസ് എസ് പോറ്റി, സി കൃഷ്ണന്‍, എ ഡി ജയന്‍ എന്നിവരാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങള്‍. മിനുട്സ് കമ്മിറ്റിയായി എം എം വര്‍ഗീസ്(കണ്‍വീനര്‍), വി പ്രഭാകരന്‍, എസ് ബി രാജു, അഡ്വ. സായികുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ ശനിയാഴ്ച വൈകീട്ട് നടന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു.

deshabhimani 130113

No comments:

Post a Comment