ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ കര്‍മപരിപാടി
കാസര്‍കോട്: ഇന്ത്യന്‍ തൊഴിലാളിവര്‍ഗത്തിന്റെ അവകാശ പോരാട്ടങ്ങള്‍ക്ക് നേതൃത്വം നല്‍കുന്ന കരുത്തുറ്റ സംഘടനയായ സിഐടിയുവിന്റെ കേരളത്തിലെ ഭാവിപ്രവര്‍ത്തനങ്ങള്‍ക്ക് വിപുലമായ കര്‍മപരിപാടി സംസ്ഥാന സമ്മേളനത്തില്‍ തയ്യാറാക്കുന്നു. സമ്മേളന പ്രതിനിധികള്‍ നാല് സെഷനുകളിലായി പ്രത്യേകം സമ്മേളിച്ച് ചര്‍ച്ചനടത്തിയാണ് ക്രോഡീകരിച്ച റിപ്പോര്‍ട്ടുകള്‍ തയ്യാറാക്കുന്നത്. പ്രത്യയശാസ്ത്ര പ്രശ്നം, സംഘടനാ കാര്യങ്ങള്‍, പരമ്പരാഗത വ്യവസായം, തൊഴിലാളി ക്ഷേമപദ്ധതികള്‍ എന്നീ വിഷയങ്ങളിലൂന്നി നാല് കമീഷനുകളായി ഞായറാഴ്ച പ്രതിനിധികള്‍ വെവ്വേറെ സമ്മേളിച്ചു. ഓരോ ജില്ലയില്‍നിന്നുമുള്ള പ്രതിനിധികളെ നാല് കമീഷനുകളിലേക്കായി തെരഞ്ഞെടുത്താണ് ചര്‍ച്ച നടന്നത്. ചര്‍ച്ചയില്‍ രൂപപ്പെട്ട അഭിപ്രായങ്ങള്‍ ക്രോഡീകരിച്ച് അതത് കമീഷനുകളുടെ ലീഡര്‍മാര്‍ തിങ്കളാഴ്ച രാവിലെ പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിക്കും. ഈ റിപ്പോര്‍ട്ടിന് പുതുതായി തെരഞ്ഞെടുക്കപ്പെടുന്ന സംസ്ഥാന കമ്മിറ്റി അന്തിമരൂപം നല്‍കും. തുടര്‍ന്ന് ഭാവിപ്രവര്‍ത്തനങ്ങള്‍ ആസൂത്രണം ചെയ്യും.
സമ്മേളനത്തില്‍ പ്രത്യയശാസ്ത്ര പ്രശ്നത്തെ ആസ്പദമാക്കിയുള്ള കമീഷന്‍ രേഖ കെ എന്‍ രവീന്ദ്രനാഥ് അവതരിപ്പിച്ചു. എം എം ലോറന്‍സ് അധ്യക്ഷനായി. തൊഴിലാളിവര്‍ഗം ആധുനിക കാലഘട്ടത്തില്‍ നേരിടുന്ന പ്രശ്നങ്ങളെ ആസ്പദമാക്കിയാണ് രേഖ അവതരിപ്പിച്ചത്. സംഘടനാ കാര്യങ്ങള്‍ സംബന്ധിച്ച കമീഷന്‍ സമ്മേളനത്തില്‍ കെ ഒ ഹബീബ് രേഖ അവതരിപ്പിച്ചു. പി നന്ദകുമാര്‍ അധ്യക്ഷനായി. പരമ്പരാഗത വ്യവസായ കമീഷന്‍ സമ്മേളനത്തില്‍ പി കെ ഗുരുദാസനാണ് രേഖ അവതരിപ്പിച്ചത്. ജെ മേഴ്സിക്കുട്ടിയമ്മ അധ്യക്ഷയായി. തൊഴിലാളി ക്ഷേമപദ്ധതി കമീഷന്‍ സമ്മേളനത്തില്‍ കെ എം സുധാകരന്‍ രേഖ അവതരിപ്പിച്ചു. കെ പി സഹദേവന്‍ അധ്യക്ഷനായി. ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച റിപ്പോര്‍ട്ടിന്മേലുള്ള പൊതു ചര്‍ച്ച പൂര്‍ത്തിയാക്കി. ട്രഷറര്‍ കണക്ക് അവതരിപ്പിച്ചു. തിങ്കളാഴ്ച രാവിലെ ജനറല്‍ സെക്രട്ടറിയും ട്രഷററും ചര്‍ച്ചയ്ക്ക് മറുപടി പറയും. തുടര്‍ന്ന് പുതിയ കമ്മിറ്റിയെയും ഭാരവാഹികളെയും തെരഞ്ഞെടുക്കുന്നതോടെ പ്രതിനിധി സമ്മേളനം സമാപിക്കും.
പൊതുചര്‍ച്ചയില്‍ സി ലെനിന്‍, വി കെ മധു (തിരുവനന്തപുരം), ടി മനോഹരന്‍, ജയശ്രീ, സുചീന്ദ്രന്‍ (കൊല്ലം), ആര്‍ നാസര്‍, ടി കെ ദേവകുമാര്‍ (ആലപ്പുഴ), എസ് ഹരിദാസ് (പത്തനംതിട്ട), കെ കെ ഗണേശന്‍ (കോട്ടയം), ജി വിജയാനന്ദ് (ഇടുക്കി), പി ആര്‍ മുരളീധരന്‍, രഘുവരന്‍, എ പി ലൗലി (എറണാകുളം), യു പി ജോസഫ്, ഉഷാകുമാരി (തൃശൂര്‍), എസ് പി രാജു, സരള (പാലക്കാട്), വി പി സക്കറിയ (മലപ്പുറം), പി പി പ്രേമ, രവി പാറശേരി (കോഴിക്കോട്), കെ വി മോഹനന്‍ (വയനാട്), കെ മനോഹരന്‍, ടി പി ശ്രീധരന്‍ (കണ്ണൂര്‍), എന്‍ ടി ലക്ഷ്മി (കാസര്‍കോട്), സി കെ ഹരികൃഷ്ണന്‍ (കെഎസ്ആര്‍ടിഇഎ), വി കെ ശശിധരന്‍ (ആര്‍ടിസാന്‍സ് യൂണിയന്‍), ജയചന്ദ്രന്‍ (കെല്‍ട്രോണ്‍ എംപ്ലോയീസ് യൂണിയന്‍), അജിത്കുമാര്‍ (കെഎസ്ഇബിഡബ്ല്യുഎ), ശശിധരന്‍ (ഡിആര്‍ഇയു), എസ് മുരളീകൃഷ്ണന്‍ (കെഎസ്്എഫ്ഇഎസ്്എ), കുഞ്ഞികൃഷ്ണന്‍ (ഇന്‍ഷുറന്‍സ്), ജയകുമാര്‍ (കണ്‍സ്യൂമര്‍ഫെഡ്), ടി കെ വിശ്വന്‍ (എല്‍ഐസി), കെ വേണുഗോപാല്‍ (കെഎംഎസ്ആര്‍എ), വിജയകുമാര്‍ (കെസിഇയു), വി ശ്രീകുമാര്‍ (സെന്‍ട്രല്‍ ഗവ. എംപ്ലോയീസ് കോണ്‍ഫെഡറേഷന്‍), ബാലകൃഷ്ണന്‍ (എഫ്എസ്ഇടിഒ), ജയന്‍ (എഐടിഇ), കെ മോഹനന്‍ (ബിഎസ്എന്‍എല്‍ഇയു), ഇഗ്നേഷ്യസ് അക്കര (റെയില്‍വേ), ചന്ദ്രന്‍ (പാര്‍സല്‍ സര്‍വീസ്) എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു. തിങ്കളാഴ്ച വൈകിട്ട് കാല്‍ ലക്ഷം തൊഴിലാളികള്‍ അണിനിരക്കുന്ന റാലി നടക്കും. പൊതുസമ്മേളനം സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും.
ഭൂസംരക്ഷണപ്രക്ഷോഭം വിജയിപ്പിക്കുക: സിഐടിയു
തലചായ്ക്കാന്‍ ഒരുതുണ്ട് ഭൂമിയ്ക്കായി നടക്കുന്ന ചരിത്ര സമരത്തിന് പിന്തുണയുമായി മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം ആഹ്വാനംചെയ്തു. ഭൂമിയുടെ യഥാര്‍ഥ അവകാശികളായ 2,33,232 കുടുംബങ്ങള്‍ക്ക് ഭൂമി ലഭ്യമാക്കാനുള്ള സമരമാണ് കേരളത്തില്‍ 14 ജില്ലകളിലും നടക്കുന്നതെന്ന് സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ചൂണ്ടിക്കാട്ടി. മിച്ചഭൂമിയിലും സര്‍ക്കാര്‍ ഭൂമിയിലും കുടില്‍കെട്ടി അവകാശം സ്ഥാപിച്ചുള്ള രണ്ടാംഘട്ട സമരമാണ് നടക്കുന്നത്. ഇന്നത്തെ കേരളം രൂപപ്പെടുത്തിയ ഭൂപരിഷ്കരണ നിയമം 1957ലെ ഇ എം എസ് സര്‍ക്കാരാണ് കൊണ്ടുവന്നത്. ഈ നിയമം അട്ടിമറിക്കാനും മിച്ചഭൂമിയില്‍ തിരിമറി നടത്താനുമുള്ള നടപടികളാണ് യുഡിഎഫ് സര്‍ക്കാറിന്റേത്. 1957നുശേഷം അധികാരത്തില്‍ വന്ന എല്‍ഡിഎഫ് സര്‍ക്കാരുകളും അര്‍ഹരായവര്‍ക്ക് ഭൂമി ലഭ്യമാക്കാനും ഭൂപരിഷ്കരണം നടപ്പാക്കാനും പരമാവധി ശ്രമിച്ചു. എന്നാല്‍ കോണ്‍ഗ്രസ് നേതൃത്വത്തിലുള്ള സര്‍ക്കാരുകള്‍ വന്നപ്പോഴെല്ലാം ഭൂപരിഷ്കരണ നിയമത്തില്‍ വെള്ളം ചേര്‍ക്കാനും ഭൂമാഫിയകളെ സഹായിക്കാനുമാണ് ശ്രമിച്ചത്.
2008ല്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ പാസാക്കിയ നെല്‍വയല്‍- നീര്‍ത്തട സംരക്ഷണ നിയമവും യുഡിഎഫ് സര്‍ക്കാര്‍ അട്ടിമറിക്കുകയാണ്. എല്‍ഡിഎഫ് സര്‍ക്കാര്‍ 113 പട്ടയ മേളകള്‍ സംഘടിപ്പിച്ച് രണ്ടേകാല്‍ ലക്ഷം പേര്‍ക്ക് പട്ടയം നല്‍കി. ഇതില്‍ 25,500 ആദിവസികളും 45,000 പട്ടികജാതി കുടുംബങ്ങളും ഉള്‍പ്പെടുന്നു. തുടര്‍ന്ന് അധികാരമേറിയ യുഡിഎഫ് നടപടികളൊന്നും സ്വീകരിച്ചില്ല. മുന്‍ സര്‍ക്കാര്‍ ഒന്നും ചെയ്തില്ലെന്ന കള്ളപ്രചരണം നടത്തുകയുമാണ്. 50 കശുമാവ് തൈ ഉണ്ടെങ്കില്‍ ആ ഭൂമി മിച്ചഭൂമിയുടെ പരിധിയില്‍ വരില്ലെന്ന യുഡിഎഫ് സര്‍ക്കാറിന്റെ ബജറ്റ് നിര്‍ദേശവും കശുമാവ് കൃഷിയെ തോട്ടമായി പരിഗണിക്കുമെന്നതും ഭൂപരിഷ്കരണ നിയമത്തിലെ കൈവശം വയ്ക്കാവുന്ന ഭൂമിയുടെ പരിധി അട്ടിമറിച്ച് നിക്ഷിപ്ത താല്‍പര്യക്കാരെ സംരക്ഷിക്കാനാണ്. കേരളത്തിലെ തോട്ടം വ്യവസായ മേഖലയിലെ അഞ്ച് ശതമാനം വരുന്ന ഒരു ലക്ഷത്തോളം ഏക്കര്‍ ഭൂമി ടൂറിസം ഉള്‍പ്പെടെയുള്ള ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ നിയമത്തില്‍ വ്യവസ്ഥചെയ്ത്, തോട്ടമുടമകള്‍ക്ക് അനധികൃതമായി ഭൂമി ഉപയോഗിക്കാന്‍ സൗകര്യമൊരുക്കുകയാണ്. ജീവിതകാലം മുഴുവന്‍ തോട്ടമുടമയുടെ കൂലി ലയങ്ങളില്‍ താമസിച്ച് പണിയെടുക്കുന്നവര്‍ക്ക് ഒരുസെന്റ് ഭൂമിപോലും നല്‍കാതെ മുതലാളിമാര്‍ക്കുവേണ്ടിയുള്ള നഗ്നമായ നിയമ അട്ടിമറിയുടെ ഭാഗമാണ് ഈ നടപടി.
എമര്‍ജിങ് കേരളയുടെ മറവില്‍ സര്‍ക്കാര്‍ ഭൂമി വന്‍കിടക്കാരുടെയും കള്ളപ്പണക്കാരുടെയും കൈകളിലെത്തിക്കാനുള്ള ഗൂഢനീക്കമാണ് യുഡിഎഫിന്റേത്. ഈ സാഹചര്യത്തിലാണ് ലക്ഷക്കണക്കിന് പാവങ്ങള്‍ക്ക് ഒരുതുണ്ട് ഭൂമിയെങ്കിലും ലഭ്യമാക്കുന്നതിനും അവരെ ഭൂമിയുടെ ഉടമസ്ഥരാക്കാനും വേണ്ടി ഭൂസംരക്ഷണ സമിതി പ്രക്ഷോഭം നടത്തുന്നത്. സമരം ദിനംപ്രതി കൂടുതല്‍ ജനപിന്തുണയാര്‍ജിക്കുകയും പുതിയ മേഖലകളിലേക്ക് വ്യാപിക്കുകയുമാണ്. ഈ സാഹചര്യത്തില്‍ പോരാട്ടത്തിന് എല്ലാപിന്തുണയും നല്‍കണമെന്ന് സമ്മേളനം ആഹ്വാനംചെയ്തു.
ട്രേഡ് യൂണിയന്‍ ഐക്യസന്ദേശവുമായി ഉദ്ഘാടന സമ്മേളനം
കാസര്‍കോട്: തൊഴിലാളി ഐക്യ സന്ദേശവുമായി സിഐടിയു സംസ്ഥാന സമ്മേളന വേദി. ഉദ്ഘാടന സമ്മേളനമാണ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും ഒന്നിച്ചു നീങ്ങേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചാണ് ഉദ്ഘാടകന്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ മുതല്‍ എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് ഉണ്ണിക്കുളംവരെ സംസാരിച്ചത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി ഭാര്‍ഗവന്‍, യുടിയുസി അഖിലേന്ത്യ സെക്രട്ടറി എ എ അസീസ് എംഎല്‍എ തുടങ്ങി കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്തെ സമുന്നതരാണ് സമ്മേളനത്തിന് എത്തിയത്.
കോര്‍പറേറ്റുകളുടെ സംരക്ഷകരായി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്ന് എല്ലാ നേതാക്കളും ഒരേസ്വരത്തില്‍ പറഞ്ഞു. രാഷ്ട്രീയ വിശ്വാസങ്ങള്‍ തൊഴിലാളി ഐക്യത്തിന് തടസ്സമാകരുതെന്നും തൊഴിലാളി സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചില രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിപ്രായം അവജ്ഞയോടെ തള്ളണമെന്നും നേതാക്കള്‍ പറഞ്ഞപ്പോള്‍ സദസ് കരഘോഷത്തോടെയാണ് ശ്രവിച്ചത്. ധനശക്തികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ഇളവ് നല്‍കുന്ന സര്‍ക്കാര്‍ തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും തുച്ഛ വരുമാനത്തില്‍പോലും കൈയിട്ട് വാരുകയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ സാമൂഹ്യ സുരക്ഷ അപകടത്തിലാണ്. ജീവനക്കാര്‍ക്ക് വാര്‍ധക്യത്തില്‍ ലഭിക്കുന്ന പെന്‍ഷനും ക്ഷേമപെന്‍ഷനും അനാവശ്യമാണെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമ്പോള്‍ അതില്‍നിന്ന് ട്രേഡ് യൂണിയനുകള്‍ക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മാറിനില്‍ക്കാനാവില്ല. ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തൊഴിലാളി യൂണിയന്‍ ഐക്യത്തിലെ നാഴികക്കല്ലായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
സാംസ്കാരികമൂല്യം തിരിച്ചുപിടിക്കുക
കാസര്‍കോട്: കേരളത്തിന് നഷ്ടപ്പെടുന്ന സാംസ്കാരിക മൂല്യങ്ങള്‍ തിരിച്ചുപിടിക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി നടന്ന സാംസ്കാരിക സമ്മേളനം ആഹ്വാനം ചെയ്തു. പി ഗോവിന്ദപിള്ള നഗറില്‍ ഏഴാച്ചേരി രാമചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. അധിനിവേശ സംസ്കാരത്തിന്റെ ഭാഗമായി കലാമൂല്യങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടിരിക്കുകയാണെന്ന് ഏഴാച്ചേരി പറഞ്ഞു. സമൂഹം ഞണ്ടിനെപോലെ പിന്നോട്ട് നടക്കുകയാണ്. നന്മകളെ കണ്ടെത്താനുള്ള ആര്‍ജവം നാം നഷ്ടപ്പെടുത്തി. മലയാളം ഭരണഭാഷയല്ല മറിച്ച് ഹൃദയഭാഷയാകണം. 2013ല്‍ നിര്‍മാല്യംപോലൊരു സിനിമ കളിക്കാന്‍ ധൈര്യമുണ്ടാകുമോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു. കമ്യൂണിസ്റ്റുകാരനോടും തൊഴിലാളിയോടും ചേര്‍ന്നുനില്‍ക്കുന്നത് അപമാനകരമാണെന്ന് പരസ്യങ്ങള്‍ ഉദ്ബോധിപ്പിക്കുമ്പോള്‍ സിപിഐ എം അംഗമാണെന്ന് പ്രഖ്യാപിക്കുന്നതില്‍ ഒരു മേനിച്ചുരുക്കവും തനിക്കില്ലെന്ന് ഏഴാച്ചേരി പറഞ്ഞു.
കലയുടെ വിമോചനപരമായ മൂല്യത്തെ മുതലാളിത്തം ഭയപ്പെടുകയാണെന്ന് സമ്മേളനത്തില്‍ അധ്യക്ഷനായ ഇ പി രാജഗോപാലന്‍ പറഞ്ഞു. മനുഷ്യമനസ്സിന്റെ വെളിച്ചവും മാധുര്യവുമായ സംസ്കാരം കെട്ടടങ്ങുന്ന കാലഘട്ടമാണിതെന്ന് ദേശാഭിമാനി വാരിക പത്രാധിപര്‍ ഡോ. കെ പി മോഹനന്‍ പറഞ്ഞു. ആഗോളവല്‍ക്കരണത്തിന്റെ കാലഘട്ടത്തിന് ശേഷം ഘടനപരമായ നീക്കുപോക്കുകള്‍ ഏറ്റവും കൂടുതല്‍ നടക്കുന്നത് സാംസ്കാരിക രംഗത്താണ്. പുരോഗമന സാഹിത്യ സംഘടന നിലനില്‍ക്കണമെങ്കില്‍ നേതൃത്വം നല്‍കാന്‍ കെല്‍പ്പുള്ള കമ്യൂണിസ്റ്റ് കലാകാരന്മാരുടെ സംഘടനയുണ്ടാകണം. ഇടതുപക്ഷത്തിന്റെ വേഷമണിഞ്ഞ് സിപിഐ എമ്മിനെതിരെ നിറയൊഴിക്കാന്‍ കാത്തുനില്‍ക്കുന്നവരെ പുകച്ചു പുറത്തുചാടിക്കണമെന്ന് പ്രൊഫ. എം എം നാരായണന്‍ പറഞ്ഞു. പി ആര്‍ കൃഷ്ണന്‍ സംസാരിച്ചു. പി വി കെ പനയാല്‍ സ്വാഗതവും പി വി ജയരാജന്‍ നന്ദിയുംപറഞ്ഞു.
സിഐടിയു സമ്മേളനം ഉജ്വല പ്രകടനത്തോടെ ഇന്ന് സമാപിക്കും
കാസര്‍കോട്: സിഐടിയു 12-ാം സംസ്ഥാന സമ്മേളനത്തിന് സമാപനം കുറിച്ച് തിങ്കളാഴ്ച കാസര്‍കോട്ട് കാല്‍ലക്ഷംപേര്‍ അണിനിരക്കുന്ന തൊഴിലാളി പ്രകടനം നടക്കും. കെ പത്മനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) ചേരുന്ന പൊതുസേമ്മളനം അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനംചെയ്യും. ജില്ല കേന്ദ്രീകരിച്ച് നടക്കുന്ന പ്രകടനത്തില്‍ 13 സംസ്ഥാന യൂണിയനുകളുടെയും 44 ജില്ലാ യൂണിയനുകളുടെയും ബാനറിനു കീഴിലാണ് പ്രവര്‍ത്തകര്‍ അണിനിരക്കുക. നിശ്ചല-ചലന ദശ്യങ്ങളും ബാന്‍ഡ് സംഘവും ചെണ്ടമേളവും തനത് കലാരൂപങ്ങളും പ്രകടനത്തിന് നിറപ്പകിട്ടേകും.
നഗരത്തില്‍ രണ്ടുഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രകടനം ആരംഭിക്കുക. പുതിയ ബസ്സ്റ്റാന്‍ഡിന് സമീപത്തെ പിബീസ് ഗ്രൗണ്ടില്‍നിന്നും പുലിക്കുന്ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്നുമാണ് പ്രകടനം തുടങ്ങുക. 3.45ന് ആരംഭിക്കുന്ന ഇരു പ്രകടനവും എംജി റോഡില്‍ സംഗമിച്ച് നഗരം ചുറ്റി പൊതുസമ്മേളന നഗരിയിലെത്തും. നിര്‍മാണം, കാര്‍പെന്ററി, കരിങ്കല്ല്, ആര്‍ടിസാന്‍സ് എന്നീ യൂണിയനുകളാണ് പിബീസ് ഗ്രൗണ്ടില്‍ കേന്ദ്രീകരിക്കുക. മറ്റ് യൂണിയനുകളില്‍പെട്ടവര്‍ പുലിക്കുന്ന് ടൗണ്‍ഹാള്‍ പരിസരത്താണ് എത്തേണ്ടത്. ഓരോ യൂണിയനും അണിനിരക്കേണ്ട ക്രമം തീരുമാനിച്ചിട്ടുണ്ട്. മുന്നിലായി സംസ്ഥാന നേതാക്കളും സമ്മേളന പ്രതിനിധികളും അതിനു പിന്നില്‍ അങ്കണവാടി, ആശ, സ്കൂള്‍ പാചകത്തൊഴിലാളി, ഖാദി, കൈത്തറി യൂണിയനുകള്‍ അണിനിരക്കും. എംജി റോഡില്‍ എത്തുന്നതോടെ ഇവര്‍ക്ക് പിന്നിലായി പിബി ഗ്രൗണ്ടില്‍നിന്നെത്തുന്ന പ്രകടനം ചേരും. ഇതിനും പിന്നിലായി മറ്റ് യൂണിയനുകള്‍ അണിനിരക്കും.
deshabhimani 140113
No comments:
Post a Comment