Sunday, January 13, 2013
എന്‍ജിഒ ഫ്രണ്ടില്‍ മാണി-ജോസഫ് വിഭാഗങ്ങള്‍ തുറന്ന പോരില്‍
കേരള കോണ്‍ഗ്രസ് എമ്മിന്റെ സര്‍വീസ് സംഘടനയായ കേരള എന്‍ജിഒ ഫ്രണ്ടില്‍ മാണി-ജോസഫ് തര്‍ക്കം തുറന്ന പോരിലേക്ക്. സംസ്ഥാന ഭാരവാഹികളെ ശനിയാഴ്ച സംസ്ഥാനസമ്മേളനം പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇത് മാണി ഗ്രൂപ്പുകാര്‍ ഏകപക്ഷീയമായി പ്രഖ്യാപിച്ചതാണെന്നും അംഗീകരിക്കാന്‍ കഴിയില്ലെന്നും ജോസഫ് ഗ്രൂപ്പുകാര്‍ പറഞ്ഞു. ഭാരവാഹികളെ ഇരുവിഭാഗത്തിനും തുല്യമായി വീതിക്കണമെന്നാണ് ജോസഫ് ഗ്രൂപ്പിന്റെ നിലപാട്. എറണാകുളത്തു നടന്ന സംസ്ഥാന സമ്മേളനത്തില്‍ പങ്കെടുത്തവരില്‍ 80 ശതമാനവും ജോസഫ് വിഭാഗത്തില്‍പ്പെട്ടവരാണ്. ഇവരെ മാണിവിഭാഗം സമ്പൂര്‍ണമായി വെട്ടിനിരത്തി. ഇതിനെതിരെ ജോസഫ് വിഭാഗത്തില്‍പ്പെട്ടവരെ വിളിച്ചുകൂട്ടി പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കാനുള്ള നടപടികളുമായി മുന്നോട്ടുപോകുമെന്ന് കേരള കോണ്‍ഗ്രസ് ലയനത്തിനുമുമ്പ് എന്‍ജിഒ ഫ്രണ്ട് (ജോസഫ് വിഭാഗം) സംസ്ഥാന പ്രസിഡന്റായിരുന്ന നെയ്യാറ്റിന്‍കര ജയകുമാര്‍ പറഞ്ഞു. കേരള കോണ്‍ഗ്രസ് ജെ മാണി കേരളയില്‍ ലയിച്ചശേഷം നടക്കുന്ന ആദ്യ ഭാരവാഹി തെരഞ്ഞെടുപ്പാണിത്. കൊച്ചിയില്‍ത്തന്നെ ഉണ്ടായിട്ടും പി ജെ ജോസഫ് സമ്മേളനത്തില്‍ പങ്കെടുത്തില്ല. സമ്മേളനത്തിന്റെ തുടക്കംമുതല്‍ പി ജെ ജോസഫിനെ അകറ്റിനിര്‍ത്താന്‍ ശ്രമമുണ്ടായിരുന്നെന്നും ജോസഫ്വിഭാഗം ആരോപിച്ചു. തുടര്‍ന്ന് ഞായറാഴ്ചത്തേയ്ക്കു നീട്ടാതെ സമ്മേളനം അവസാനിപ്പിക്കുകയായിരുന്നു.
ഞായറാഴ്ച ഉച്ചകഴിഞ്ഞാണ് ഭാരവാഹിപ്പട്ടികയും ചിത്രവും മാണിവിഭാഗം പ്രവര്‍ത്തകര്‍ പത്രമോഫീസുകളില്‍ എത്തിച്ചത്. രഞ്ജിത്ത് ജോര്‍ജ് (സംസ്ഥാന പ്രസിഡന്റ്) ചെമ്പൂര്‍ ജയകുമാര്‍ (സീനിയര്‍ വൈസ് പ്രസിഡന്റ്), ശൂരനാട് ഷാജി, മുഹമ്മദ് സുലൈമാന്‍ (വൈസ് പ്രസിഡന്റുമാര്‍), നെയ്യാറ്റിന്‍കര ജയകുമാര്‍, പി വി ജോസഫ് (ജനറല്‍ സെക്രട്ടറിമാര്‍), സജി ചിറയത്ത്, ജോര്‍ജ് മാത്യു, ബെന്നി സെബാസ്റ്റ്യന്‍, പി ഐ രാജന്‍, എന്‍ കെ മുഹമ്മദ്, ടി വി തോമസ് (സെക്രട്ടറിമാര്‍), എം ഡി ജയിംസ് (ട്രഷറര്‍), എന്‍ തങ്കപ്പന്‍, പി ടി ജേക്കബ് (ഓഡിറ്റര്‍മാര്‍) എന്നിവരാണ് ഭാരവാഹികള്‍. സംഘടനയുടെ ഭരണഘടന അനുസരിച്ച് രണ്ടു ജനറല്‍ സെക്രട്ടറിമാരെ തെരഞ്ഞെടുക്കാനാവില്ല. ഭാരവാഹികളില്‍ ചെമ്പൂര്‍ ജയകുമാര്‍ പി സി ജോര്‍ജ് വിഭാഗത്തിന്റെയും നെയ്യാറ്റിന്‍കര ജയകുമാര്‍ പി ജെ ജോസഫ് വിഭാഗത്തിന്റെയും പ്രതിനിധികളാണ്. ബാക്കി സ്ഥാനങ്ങള്‍ എല്ലാം മാണിവിഭാഗം കൈയടക്കിയെന്ന് ജോസഫ്വിഭാഗം ആരോപിച്ചു. എന്നാല്‍, എന്‍ജിഒ ഫ്രണ്ടില്‍ ജോസഫ്വിഭാഗം അംഗങ്ങള്‍ അഞ്ചു ശതമാനം മാത്രമേ ഉള്ളെന്നും ഇവര്‍ക്ക് അതിനുസരിച്ചുള്ള പ്രാതിനിധ്യം നല്‍കിയിട്ടുണ്ടെന്നും മാണിവിഭാഗം പറയുന്നു.
deshabhimani 140113
Labels:
കേരള കോണ്‍ഗ്രസ്,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment