Tuesday, January 15, 2013

ഐടി, നേഴ്സിങ്: പ്രവര്‍ത്തനം സജീവമാക്കും- സിഐടിയു


കാസര്‍കോട്: മാറിയ തൊഴില്‍ സാഹചര്യങ്ങള്‍ക്ക് അനുസൃതമായി ഐടി, സേവന, നഴ്സിങ് മേഖലയില്‍ പ്രവര്‍ത്തനം സജീവമാക്കുമെന്ന് സിഐടിയു വ്യക്തമാക്കി. ഈ മേഖലകളിലേക്ക് സംഘടന കടന്നുചെല്ലുകയും പ്രവര്‍ത്തനം ശക്തമാക്കുകയും ചെയ്യുമെന്ന് സിഐടിയു സംസ്ഥാന പ്രസിഡന്റ് ആനത്തലവട്ടം ആനന്ദനും ജനറല്‍ സെക്രട്ടറി എളമരം കരീമും വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

ആധുനിക സാങ്കേതികവിദ്യയുടെ വളര്‍ച്ചയില്‍ ചില തൊഴില്‍ മേഖലകളുടെ പ്രാധാന്യം കുറയുന്നുണ്ട്. പരമ്പരാഗത മേഖലയിലും അവസരങ്ങള്‍ കുറഞ്ഞു. എന്നാല്‍ ഐടി, സേവന മേഖല, നഴ്സിങ് തുടങ്ങിയവ വികസിക്കുകയാണ്. അത്തരം മേഖലകളിലെല്ലാം നിലവിലുള്ള സംഘടനയെ സജീവമാക്കിയും പുതിയ യൂണിയനുകള്‍ക്ക് രൂപംനല്‍കിയും സിഐടിയു ശക്തമായ ചലനമുണ്ടാക്കും. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ നിലനിര്‍ത്താന്‍ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും തുടര്‍ന്നും പ്രക്ഷോഭരംഗത്തുണ്ടാകുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്. ഡിവൈഎഫ്ഐയും സമരം നടത്തുമെന്ന് വ്യക്തമാക്കി. ഈ സമരങ്ങള്‍ക്ക് സിഐടിയു പിന്തുണ നല്‍കുന്നതിനൊപ്പം സ്വന്തം നിലയിലും പ്രക്ഷോഭം സംഘടിപ്പിക്കും. ഫെബ്രുവരി 20, 21 തിയതികളില്‍ നടക്കുന്ന ദേശീയ പ്രക്ഷോഭം സമ്പൂര്‍ണമാക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ക്കും സിഐടിയു നേതൃത്വം നല്‍കും. കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജനവിരുദ്ധ നയങ്ങള്‍ മൂലം ദുരിതമനുഭവിക്കുന്ന തൊഴിലാളികളുടെയും ഇതര ജനവിഭാഗങ്ങളുടെയും പ്രശ്നങ്ങള്‍ ഏറ്റെടുത്ത് ശക്തമായ പ്രക്ഷോഭം സംഘടിപ്പിക്കും.

യുഡിഎഫ് സര്‍ക്കാര്‍ അധികാരമേറ്റ് ഒന്നര വര്‍ഷത്തിനകം പൊതുമേഖലാ വ്യവസായങ്ങളെ തകര്‍ത്തു. അതിരൂക്ഷമായ വൈദ്യുതി പ്രതിസന്ധിയും അടിക്കടിയുള്ള ചാര്‍ജ് വര്‍ധനയുംചെറുകിട- വന്‍കിട വ്യവസായങ്ങളെയാകെ പ്രതിസന്ധിയിലാക്കി. പരമ്പരാഗത വ്യവസായ മേഖല തകര്‍ന്നു. ആലപ്പുഴയില്‍ രണ്ട് കയര്‍ തൊഴിലാളികള്‍ സാമ്പത്തിക ബാധ്യതയെ തുടര്‍ന്ന് ആത്മഹത്യചെയ്തു. നിര്‍മാണ മേഖലയില്‍ പതിനായിരങ്ങള്‍ തൊഴില്‍ രഹിതരായി. വിലക്കയറ്റത്താല്‍ ജനം പൊറുതിമുട്ടുന്നു. പല തൊഴില്‍ മേഖലയിലും ന്യായമായ കൂലിയില്ല. കുടിവെള്ള വിതരണംപോലും സ്വകാര്യ കമ്പനിക്ക് കൈമാറുന്നു. ഏപ്രിലില്‍ കണ്ണൂരില്‍ നടക്കുന്ന സിഐടിയു അഖിലേന്ത്യാ സമ്മേളനം വിജയിപ്പിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കുമെന്നും നേതാക്കള്‍ അറിയിച്ചു. ട്രഷറര്‍ കെ എം സുധാകരനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.

deshabhimani 150113

No comments:

Post a Comment