Tuesday, January 15, 2013
പണിമുടക്കില്‍ പ്രതിഫലിച്ചത് സമരവീര്യം
പെന്‍ഷന്‍ പ്രക്ഷോഭം തുടരും
പെന്‍ഷന്‍ ആനുകൂല്യങ്ങള്‍ കവരുകയും സേവന-വിദ്യാഭ്യാസമേഖലകള്‍ തകര്‍ക്കുകയും ചെയ്യുന്ന യുഡിഎഫ് സര്‍ക്കാര്‍ നയങ്ങള്‍ക്കെതിരായ പോരാട്ടം വര്‍ധിതവീര്യത്തോടെ തുടരുമെന്ന് അധ്യാപകരുടെയും ജീവനക്കാരുടെയും സംയുക്ത സമരസമിതി വ്യക്തമാക്കി. ചര്‍ച്ചയില്ലെന്ന് പലവട്ടം ആവര്‍ത്തിച്ച മുഖ്യമന്ത്രി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും സുപ്രധാന കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തത് പണിമുടക്കിന്റെ വിജയമാണെന്ന് സമരസമിതി പ്രസ്താവനയില്‍ പറഞ്ഞു.
എന്നാല്‍, പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കുന്നതില്‍നിന്ന് സര്‍ക്കാര്‍ പിന്മാറിയിട്ടില്ല. ഒരു വിഭാഗം സംഘടനകള്‍ ഈ സമരത്തില്‍നിന്ന് മാറിനിന്ന് സര്‍ക്കാരിന് അനുകൂല നിലപാടെടുത്തത് പങ്കാളിത്തപെന്‍ഷനുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് സൗകര്യമായി. ജനുവരി ഒന്നിന് നടന്ന ചര്‍ച്ചയില്‍നിന്നു വിഭിന്നമായി ഒട്ടേറെ പുതിയ കാര്യങ്ങള്‍ ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു. പദ്ധതി നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ പരിശോധിക്കാന്‍ പ്രത്യേക സംവിധാനം ഉണ്ടാക്കുമെന്നും കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കി. പിഎഫ്ആര്‍ഡിഎ ബില്ലില്‍ വരുത്തിയ ഭേദഗതികൂടി ഉള്‍ക്കൊള്ളിച്ച് മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കുമെന്നും പെന്‍ഷന്‍ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെ ക്കൂടി ഉള്‍പ്പെടുത്തണമെന്ന് പിഎഫ്ആര്‍ഡിഎക്ക് എഴുതുമെന്നും ഉറപ്പുനല്‍കി. 2013 മാര്‍ച്ച് 31 വരെ സര്‍വീസില്‍ ചേര്‍ന്നവര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തുടരുമെന്ന് ഉത്തരവില്‍ വ്യക്തമാക്കാനും സമരത്തില്‍ പങ്കെടുത്ത ജീവനക്കാരുടെ പേരില്‍ സ്വീകരിച്ച ശിക്ഷാനടപടികള്‍ പിന്‍വലിക്കാനും എംപവേഡ് കമ്മിറ്റിയുടെ ശുപാര്‍ശകള്‍ സംഘടനകളുമായി ചര്‍ച്ചചെയ്യാനും തീരുമാനമായി.
ജീവനക്കാരുടെ സമരത്തില്‍ കെഎസ്ആര്‍ടിസി, ഇലക്ട്രിസിറ്റി ബോര്‍ഡ്, വാട്ടര്‍ അതോറിറ്റി, ഖാദി ബോര്‍ഡ് തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ നടത്തിയ ഐക്യദാര്‍ഢ്യ പണിമുടക്ക് പെന്‍ഷന്‍ സംരക്ഷണ പോരാട്ടത്തിന് കരുത്തുപകര്‍ന്നു. തൊഴിലാളികള്‍, യുവജനങ്ങള്‍, വിദ്യാര്‍ഥികള്‍ തുടങ്ങിയ എല്ലാ ജനവിഭാഗങ്ങളും സമരത്തെ അകമഴിഞ്ഞ് പിന്തുണച്ചു. കരിനിയമങ്ങളിലൂടെയും ശിക്ഷാ നടപടികളിലൂടെയും പണിമുടക്ക് അടിച്ചമര്‍ത്താനുള്ള സര്‍ക്കാര്‍നീക്കം ജീവനക്കാരുടെ നിശ്ചയദാര്‍ഢ്യത്തിനു മുന്നില്‍ വിലപ്പോയില്ല. സമരത്തില്‍ പങ്കെടുത്ത ജീവനക്കാരെയും അധ്യാപകരെയും പിന്തുണയും സഹായവും നല്‍കിയ പ്രസ്ഥാനങ്ങളെയും അഭിവാദ്യംചെയ്യുന്നതായി ആക്ഷന്‍ കൗണ്‍സില്‍ ഓഫ് സ്റ്റേറ്റ് എംപ്ലോയീസ് ആന്‍ഡ് ടീച്ചേഴ്സ് ജനറല്‍ കണ്‍വീനര്‍ എ ശ്രീകുമാറും അധ്യാപക സര്‍വീസ് സംഘടനാ സമര സമിതി ജനറല്‍ കണ്‍വീനര്‍ സി ആര്‍ ജോസ്പ്രകാശും പ്രസ്താവനയില്‍ പറഞ്ഞു.
പണിമുടക്കില്‍ പ്രതിഫലിച്ചത് സമരവീര്യം
ജീവനക്കാരുടെയും അധ്യാപകരുടെയും പണിമുടക്കില്‍ പ്രതിഫലിച്ചത് സംഘശക്തിയുടെ സമരവീര്യം. സര്‍ക്കാരിന്റെ ഭീഷണിയും പൊലീസ്- ഗുണ്ടാ ഭീകരതയും ചെറുത്താണ് ജീവനക്കാര്‍ സമരരംഗത്ത് ഉറച്ചുനിന്നത്. അതോടൊപ്പം തൊഴിലാളി- ബഹുജനസംഘടനകളും ജീവനക്കാരോട് തോളൊത്തുനിന്നതോടെ പണിമുടക്ക് ബഹുജനമുന്നേറ്റമായി മാറുകയായിരുന്നു.ഈയൊരു സാഹചര്യത്തിലാണ് അഹന്തയും വെല്ലുവിളിയും അവസാനിപ്പിച്ച് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് സന്നദ്ധമായത്.
പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയെക്കുറിച്ചുള്ള ജീവനക്കാരുടെ ആശങ്കകള്‍ അസ്ഥാനത്തല്ലെന്ന് സര്‍ക്കാര്‍ തുറന്നുസമ്മതിച്ചതാണ് സമരം അവസാനിച്ചപ്പോഴുള്ള പ്രധാനകാര്യം. സര്‍ക്കാരിനൊപ്പം നിന്ന് പണിമുടക്ക് പൊളിക്കാന്‍ പാടുപെട്ട ഭരണവിലാസം സംഘടനകള്‍ക്കും ഭാവിയെക്കുറിച്ച് നല്ല ആശങ്കയുണ്ട്. സമരസമിതിയുമായി ചര്‍ച്ചയില്ലെന്ന് പ്രഖ്യാപിക്കുകയും ജീവനക്കാരെ അവഹേളിക്കുകയുംചെയ്ത മുഖ്യമന്ത്രിയടക്കമുള്ളവര്‍ പിന്നീട് നിലപാട് മാറ്റാന്‍ നിര്‍ബന്ധിതരായി. യുഡിഎഫ് അനുകൂലസര്‍വീസ് സംഘടനകള്‍ ഭാവി ഓര്‍ക്കാതെ ഒറ്റുകാരായി സമരത്തെ എതിര്‍ക്കുകയും പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ സര്‍ക്കാരിന് അവസരമൊരുക്കികൊടുക്കുകയും ചെയ്തു. ഈ വഞ്ചനയ്ക്ക് അവര്‍ വിചാരണ ചെയ്യപ്പെടുമെന്നുറപ്പാണ്. ചര്‍ച്ചയില്ലെന്ന് പലവട്ടം ആവര്‍ത്തിച്ച മുഖ്യമന്ത്രി സംഘടനകളെ ചര്‍ച്ചയ്ക്ക് വിളിക്കുകയും സുപ്രധാന കാര്യങ്ങളില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും ചെയ്തത് പ്രധാനനേട്ടമായി സമരസമിതി ചൂണ്ടിക്കാണിക്കുന്നു. പെന്‍ഷന്‍ ഉള്‍പ്പെടെയുള്ള ക്ഷേമപദ്ധതികളും ആനുകൂല്യങ്ങളും നിഷേധിക്കുകയും സേവന-വിദ്യാഭ്യാസ-സാമൂഹ്യസുരക്ഷിതത്വ മേഖലകളില്‍നിന്ന് പിന്മാറുകയുംചെയ്യുന്ന യുഡിഎഫ് നയങ്ങള്‍ക്കെതിരായ ചെറുത്തുനില്‍പ്പ് വര്‍ധിത വീര്യത്തോടെ മുന്നോട്ടുകൊണ്ടുപോകാന്‍ ഭൂരിപക്ഷം ജീവനക്കാരും അണിനിരന്ന പണിമുടക്ക് ആവേശം പകരും. പണിമുടക്ക് ആരംഭിച്ച കഴിഞ്ഞ എട്ടിന് തൊഴിലാളി വര്‍ഗ ഐക്യത്തിനാണ് സംസ്ഥാനം സാക്ഷ്യം വഹിച്ചത്.
കെഎസ്ആര്‍ടിസി, കെഎസ്ഇബി, വാട്ടര്‍ അതോറിറ്റി, ഖാദി ബോര്‍ഡ് തുടങ്ങിയ മേഖലകളിലെ ജീവനക്കാര്‍ എട്ടിന് പണിമുടക്കി പെന്‍ഷന്‍ സംരക്ഷണ സമരത്തിന് കരുത്ത് പകര്‍ന്നു. അന്നുമുതല്‍ തൊഴിലാളികളും യുവാക്കളും വിദ്യാര്‍ഥികളും വീട്ടമ്മമാരും സമരത്തിന് പിന്തുണയുമായി രംഗത്തിറങ്ങി. കെഎസ്യു വേഷമിട്ട് ഗുണ്ടാസംഘങ്ങള്‍ അധ്യാപകരെ ആക്രമിച്ചപ്പോള്‍ എസ്എഫ്ഐയടക്കമുള്ള സംഘടനകള്‍ അധ്യാപകര്‍ക്ക് സംരക്ഷണവലയം തീര്‍ത്തു. ഞായറാഴ്ച അര്‍ധരാത്രി ധനമന്ത്രി കെ എം മാണിയുമായും തിങ്കളാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും നടന്ന ചര്‍ച്ചയിലാണ് പണിമുടക്ക് ഒത്തുതീര്‍പ്പായത്.
സമരസമിതി നേതാക്കളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ് പ്രകാശ്, പി എച്ച് എം ഇസ്മയില്‍, എം ഷാജഹാന്‍, കെ ശിവകുമാര്‍, എസ് വിജയകുമാരന്‍ നായര്‍, ഇ നിസാറുദ്ദീന്‍, എന്‍ ശ്രീകുമാര്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍ എന്നിവരാണ് ചര്‍ച്ചയില്‍ പങ്കെടുത്തത്. ധനവകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി വി പി ജോയ് അടക്കമുള്ള ഉദ്യോഗസ്ഥരും സംബന്ധിച്ചു.
മിനിമം പെന്‍ഷന്‍ ഉറപ്പുനല്‍കി
തിരു: പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി നടപ്പാക്കുന്നതില്‍ ഉറച്ചുനില്‍ക്കുന്ന സര്‍ക്കാര്‍, മിനിമം പെന്‍ഷന്‍ കാര്യത്തില്‍ ഉറപ്പുനല്‍കി. മിനിമം പെന്‍ഷന്റെ കാര്യത്തില്‍ ഉറപ്പ് നല്‍കാനാവില്ലെന്നാണ് സര്‍ക്കാര്‍ ആദ്യം പറഞ്ഞത്. പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുമ്പോള്‍ ഉണ്ടാകുന്ന വൈഷമ്യങ്ങള്‍ പരിശോധിക്കുന്നതിന് പ്രത്യേക സംവിധാനം നിലവില്‍ വരും. കുറഞ്ഞ വേതനവും കുറഞ്ഞ സേവനകാലവുമുള്ള ജീവനക്കാര്‍ക്ക് പുതിയ പദ്ധതിയിലുണ്ടാകുന്ന പ്രശ്നങ്ങള്‍ പരിശോധിക്കും. പിഎഫ്ആര്‍ഡിഎ ബില്ലില്‍ വരുത്തിയ ഭേദഗതി കൂടി ഉള്‍ക്കൊള്ളിച്ച് മിനിമം പെന്‍ഷന്‍ ഉറപ്പാക്കാനുള്ള വ്യവസ്ഥകള്‍ ഉണ്ടാക്കും.പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കാന്‍ സംസ്ഥാന ട്രഷറിയെ കൂടി ഉള്‍പ്പെടുത്തണമെന്ന് പിഎഫ്ആര്‍ഡിഎയോട് ആവശ്യപ്പെടാമെന്നും സമരസമിതിയെ സര്‍ക്കാര്‍ അറിയിച്ചു.
deshabhimani 150113
Labels:
ട്രേഡ് യൂണിയന്,
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment