Saturday, January 12, 2013
ഡീസല്‍, എല്‍പിജി, മണ്ണെണ്ണ വിലവര്‍ധന ഉടന്‍
റെയില്‍ നിരക്ക് കൂട്ടിയതിനു പിന്നാലെ ഡീസല്‍- പാചകവാതക- മണ്ണെണ്ണ വിലയും എത്രയും വേഗം വര്‍ധിപ്പിക്കുമെന്ന് കേന്ദ്രസര്‍ക്കാര്‍ അറിയിച്ചു. സബ്സിഡി സിലിണ്ടറിന്റെ എണ്ണം കൂട്ടണോ വേണ്ടയോ എന്ന കാര്യത്തില്‍ ആലോചന തുടരുകയാണ്. ഇക്കാര്യം കേന്ദ്ര മന്ത്രിസഭയുടെ പരിഗണനയിലാണ്. വെള്ളിയാഴ്ച ഡല്‍ഹിയില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ പെട്രോളിയം മന്ത്രി വീരപ്പ മൊയ്ലിയാണ് ഇന്ധന വിലവര്‍ധന ഉടനുണ്ടാകുമെന്ന് അറിയിച്ചത്. വിജയ് കേല്‍ക്കര്‍ സമിതി ശുപാര്‍ശകളുടെ ചുവടുപിടിച്ചായിരിക്കും വര്‍ധനയെന്ന സൂചന മൊയ്ലി നല്‍കി.
ആദ്യഘട്ടമെന്ന നിലയില്‍ ഡീസല്‍ ലിറ്ററിന് നാലുരൂപയും മണ്ണെണ്ണ ലിറ്ററിന് രണ്ടുരൂപയും എല്‍പിജി സിലിണ്ടറൊന്നിന് അമ്പതുരൂപയും കൂട്ടാനാണ് കേല്‍ക്കര്‍ ശുപാര്‍ശ. തുടര്‍ന്ന് ഓരോമാസവും വില കൂട്ടി സബ്സിഡി പൂര്‍ണമായും ഇല്ലാതാക്കാനാണ് സമിതി നിര്‍ദേശം. വിലവര്‍ധന ഏതുരൂപത്തില്‍ വേണമെന്ന കാര്യത്തില്‍ പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശകള്‍ കേന്ദ്ര മന്ത്രിസഭയുടെ രാഷ്ട്രീയകാര്യ സമിതിയാണ് പരിഗണിക്കുക.
സബ്സിഡിയുള്ള സിലിണ്ടറിന്റെ എണ്ണം ആറില്‍നിന്ന് ഒമ്പതാക്കുമ്പോഴുണ്ടാകുന്ന അധികച്ചെലവ് തങ്ങള്‍ വഹിക്കില്ലെന്ന് ധനമന്ത്രാലയം നേരത്തെ വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ സബ്സിഡി ഗണ്യമായി കുറച്ച് നഷ്ടം സ്വയം നികത്താമെന്നാണ് പെട്രോളിയം മന്ത്രാലയത്തിന്റെ ശുപാര്‍ശ. മന്ത്രിസഭ ഇത് അംഗീകരിച്ചാല്‍ സബ്സിഡി സിലിണ്ടറിന് ആദ്യ ഘട്ടത്തില്‍ ഒറ്റയടിക്ക് 130 രൂപ വര്‍ധിക്കും. ഈ വര്‍ധന പല ഘട്ടങ്ങളിലായി നടപ്പാക്കുകയെന്ന നിര്‍ദേശവും സര്‍ക്കാര്‍ പരിഗണിക്കുന്നുണ്ട്.
ഡീസല്‍ വിലയില്‍ ഒറ്റയടിക്ക് നാലര രൂപയുടെ വര്‍ധനയോ അതല്ലെങ്കില്‍ മാസം ഒരു രൂപ വീതം തുടര്‍ച്ചയായ മാസങ്ങളില്‍ വിലവര്‍ധനയോ പരിഗണിക്കാനാണ് മന്ത്രാലയം ശുപാര്‍ശചെയ്തിട്ടുള്ളത്. മണ്ണെണ്ണ വില മാസംതോറും 35 പൈസ വീതമോ അതല്ലെങ്കില്‍ ഓരോ മൂന്നുമാസം കൂടുമ്പോള്‍ ഒരു രൂപ വീതമോ വര്‍ധിപ്പിക്കാമെന്നാണ് ശുപാര്‍ശ.
(എം പ്രശാന്ത്)
വിലക്കയറ്റത്തിന് വഴിവയ്ക്കുന്നത് സബ്സിഡി വിരുദ്ധ നിലപാട്
ന്യൂഡല്‍ഹി:സബ്സിഡിയാണ് വികസനപ്രവര്‍ത്തനത്തിന് തടസ്സമെന്ന വാദവുമായി സബ്സിഡികള്‍ വെട്ടിക്കുറയ്ക്കുമ്പോള്‍ ദുരിതം ജനങ്ങള്‍ക്ക്. ഡീസലിന് നാലര രൂപയും പാചകവാതകത്തിന് 130 രൂപയും വര്‍ധിപ്പിക്കുന്നത് സബ്സിഡിക്കെതിരെയുള്ള കോണ്‍ഗ്രസ് നിലപാടിന്റെ പ്രത്യാഘാതം. കോര്‍പറേറ്റുകള്‍ വരച്ചുകാട്ടുന്ന സാമ്പത്തികപാതയിലൂടെ നീങ്ങുമ്പോള്‍ ഉയര്‍ന്നുവരുന്ന പല തടസ്സങ്ങളിലൊന്നായാണ് സബ്സിഡിയെ കോണ്‍ഗ്രസ് കാണുന്നത്. ചെലവെല്ലാം സബ്സിഡിയായി പോകുന്നുവെന്നും വികസനപ്രവര്‍ത്തനങ്ങള്‍ക്ക് പണമില്ലെന്നുമാണ് വാദം. വിപണിയിലൂന്നിയ മുതലാളിത്ത സാമ്പത്തികവാദത്തില്‍ സബ്സിഡികള്‍ എന്നത് എടുത്തുകളപ്പെടേണ്ട ഒന്നാണെന്ന് കോണ്‍ഗ്രസ് നേതൃത്വം ഏകസ്വരത്തില്‍ വാദിക്കുന്നു. സബ്സിഡികള്‍ അര്‍ഹതപ്പെട്ടവര്‍ക്കു മാത്രമായി പരിമിതപ്പെടുത്തുമെന്ന പ്രഖ്യാപനമായിരുന്നു ആദ്യം. എന്നാല്‍, സബ്സിഡി സിലിണ്ടര്‍ പരിമിതപ്പെടുത്തിയപ്പോള്‍ സാമ്പത്തികമായ വേര്‍തിരിവുമുണ്ടായില്ല. ഡീസല്‍ വില വര്‍ധിപ്പിച്ചപ്പോഴും ആഡംബരക്കാറുകള്‍ക്കും മറ്റും കൂടുതല്‍ വിലയ്ക്ക് ഡീസല്‍ എന്ന നിര്‍ദേശം കോണ്‍ഗ്രസില്‍നിന്നുണ്ടായില്ല. ഘട്ടംഘട്ടമായി എല്ലാ സബ്സിഡിയും ഇല്ലാതാക്കാനാണ് നീക്കം. പൊതുമേഖല നിയന്ത്രിക്കുന്ന പെട്രോളിയം വിപണനമേഖല പൂര്‍ണമായും റിലയന്‍സിനും എസ്സാറിനും കൈമാറുകയെന്ന ലക്ഷ്യവും കോണ്‍ഗ്രസിനുണ്ട്. പെട്രോളിയം സബ്സിഡി, പ്രത്യേകിച്ച് ഡീസല്‍- എല്‍പിജി സബ്സിഡികള്‍കൂടി ഇല്ലാതാക്കാനാണ് മുഖ്യഊന്നല്‍ നല്‍കുന്നത്. അണ്ടര്‍റിക്കവറിയെന്നാണ് എണ്ണക്കമ്പനികളുടെ നഷ്ടത്തെ വിശേഷിപ്പിക്കുന്നത്. ഈ കണക്ക് പൊള്ളയാണെന്ന് തെളിഞ്ഞുകഴിഞ്ഞു. പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ ചില്ലറവില്‍പ്പന വിലയും ഇതേ ഉല്‍പ്പന്നങ്ങള്‍ വിദേശത്തുനിന്ന് ഇറക്കുമതിചെയ്താല്‍ നല്‍കേണ്ട വിലയും തമ്മിലുള്ള അന്തരമാണ് നഷ്ടക്കണക്കായി അവതരിപ്പിക്കുന്നത്. ക്രൂഡോയില്‍ ഇറക്കുമതി വിലയും അവ സംസ്കരിച്ച് വിവിധ ഉല്‍പ്പന്നങ്ങളാക്കുന്നതിന്റെ ചെലവും ചേര്‍ത്തുള്ള തുകയും ആഭ്യന്തര വില്‍പ്പന വിലയുമാണ് എണ്ണക്കമ്പനികള്‍ താരതമ്യപ്പെടുത്തേണ്ടത്. ഇതിനു പകരം ഓരോ ഉല്‍പ്പന്നങ്ങളുടെയും നേരിട്ടുള്ള ഇറക്കുമതിവിലയും അതോടൊപ്പം വരുന്ന വിവിധ തീരുവകളും ചേര്‍ത്തുള്ള തുകയാണ് കമ്പനികള്‍ ആഭ്യന്തര വില്‍പ്പനവിലയുമായി താരതമ്യപ്പെടുത്തി തങ്ങള്‍ക്ക് വലിയ നഷ്ടമുണ്ടെന്ന് വാദിക്കുന്നത്.
2011-12 വര്‍ഷത്തില്‍ 1,71,140 കോടി രൂപയാണ് അണ്ടര്‍റിക്കവറിയെന്ന് കമ്പനികള്‍ അവകാശപ്പെടുന്നു. നഷ്ടമെന്നു പറയുമ്പോള്‍തന്നെ 2010-11 ല്‍ ഒഎന്‍ജിസി 18,924 കോടി ലാഭം നേടി. ഐഒസി 7445 കോടിയും ബിപിസിഎല്‍ 1547 കോടിയും എച്ച്പിസിഎല്‍ 1539 കോടിയും ലാഭം നേടി. 2011-12 കാലയളവിലും എണ്ണക്കമ്പനികള്‍ മുന്നോട്ടുവയ്ക്കുന്നത് ലാഭക്കണക്കുകള്‍തന്നെ. 2011-12 ല്‍ ഇന്ത്യന്‍ ഓയിലിന്റെ നികുതി കഴിഞ്ഞുള്ള ലാഭം 8085.62 കോടി. ഭാരത് പെട്രോളിയത്തിന്റേത് 1,311 കോടിയും എച്ച്പിസിഎല്ലിന്റേത് 1702.04 കോടിയും. സര്‍ക്കാര്‍ പറയുന്നത് 2011-12 ല്‍ 68,481 കോടി രൂപ പെട്രോളിയം സബ്സിഡി ഇനത്തില്‍ ചെലവഴിച്ചുവെന്നാണ്. ഒരേസമയം നഷ്ടവും ലാഭവും എങ്ങനെയെന്ന് വിശദീകരിക്കാന്‍ എണ്ണക്കമ്പനികള്‍ക്കോ സര്‍ക്കാരിനോ കഴിഞ്ഞിട്ടില്ല. സബ്സിഡികൂടി ചേരുമ്പോഴാണ് ലാഭമെന്ന് വാദിച്ചാല്‍ത്തന്നെ പതിനായിരം കോടിയിലേറെ ലാഭം ലഭിക്കുംവിധം കമ്പനികള്‍ക്ക്് എന്തിന് സബ്സിഡി നല്‍കണമെന്ന ചോദ്യമുയരും. സബ്സിഡി ബാധ്യതയാണെന്ന സര്‍ക്കാര്‍വാദവും പൊളിയാണ്. 2010-11 ല്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ കൈമാറിയതായി പറയപ്പെടുന്ന സബ്സിഡി 43926 കോടി. എന്നാല്‍, പെട്രോളിയം ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയിലൂടെ നികുതി ഇനത്തില്‍ കേന്ദ്രം സ്വന്തമാക്കിയത് 1,36,497 കോടി. സംസ്ഥാനങ്ങളാവട്ടെ 88,997 കോടി ശേഖരിച്ചു. സബ്സിഡിച്ചെലവ് കിഴിച്ചാലും എണ്ണമേഖലയില്‍നിന്ന് സര്‍ക്കാരിന്റെ വരുമാനം 92571 കോടി വരും. 2011-12 ലും സമാനമാണ് സ്ഥിതി. എണ്ണഉപഭോഗം അനുദിനം വര്‍ധിച്ചുവരുന്നതിനാല്‍ ഓരോ വര്‍ഷവും എണ്ണനികുതി ഇനത്തില്‍ സര്‍ക്കാരിന്റെ വരുമാനത്തില്‍ വര്‍ധന മാത്രമാണ് വരുന്നത്.
deshabhimani 120113
Labels:
രാഷ്ട്രീയം,
വാര്‍ത്ത,
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment