Saturday, January 12, 2013

നന്ദകുമാറിനെതിരായ അന്വേഷണം തടഞ്ഞവര്‍ 32 കേസില്‍ ഉടന്‍ വിജ്ഞാപനം അയച്ചു


വിവാദ വ്യവഹാരദല്ലാള്‍ നന്ദകുമാറിനെതിരെ സിബിഐ അന്വേഷണം നടത്താനുള്ള വിജ്ഞാപനം മുക്കിയ സംസ്ഥാന സര്‍ക്കാര്‍, 32 കേസില്‍ വിജ്ഞാപനം പുറപ്പെടുവിച്ച അതേദിവസംതന്നെ കേന്ദ്രസര്‍ക്കാരിന് അയച്ചതായി വ്യക്തമായി. സര്‍ക്കാര്‍നടപടിക്കെതിരെ സ്റ്റേ സമ്പാദിക്കാന്‍ നന്ദകുമാറിന് അവസരമൊരുക്കാനാണ് സിബിഐ അന്വേഷണത്തിനുള്ള വിജ്ഞാപനം ആഭ്യന്തരവകുപ്പ് മുക്കിയത്. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനുമായി ദല്ലാള്‍ നന്ദകുമാറിന് ഏറെ അടുത്തബന്ധമുണ്ട്. ഇത് മുതലെടുത്താണ് അന്വേഷണം തകിടംമറിച്ചത്.
നന്ദകുമാറിനെതിരായ അന്വേഷണ വിജ്ഞാപനം അയക്കാതെ അന്വേഷണം തടഞ്ഞ സംസ്ഥാന സര്‍ക്കാര്‍ മറ്റ് ഒട്ടേറെ കേസുകളില്‍ പുറപ്പെടുവിച്ച അതേദിവസംതന്നെ വിജ്ഞാപനം കേന്ദ്രത്തിന് അയച്ചു. തിരുവനന്തപുരം മ്യൂസിയം- ഫോര്‍ട്ട്, മാവേലിക്കര, ചെങ്ങന്നൂര്‍, ഇടുക്കി, കട്ടപ്പന, ഏറ്റുമാനൂര്‍, കോട്ടയം, കൊച്ചി കസബ, എറണാകുളം ടൗണ്‍, പാലക്കാട്, മലമ്പുഴ, കോഴിക്കോട് ടൗണ്‍, പന്നിയങ്കര തുടങ്ങി വിവിധ പൊലീസ് സ്റ്റേഷനുകളില്‍ രജിസ്റ്റര്‍ചെയ്ത 32 കേസിലാണ് വിജ്ഞാപനം പുറപ്പെടുവിച്ച അതേദിവസംതന്നെ കേന്ദ്രത്തിന് അയച്ചത്. അന്യസംസ്ഥാന ലോട്ടറിസംബന്ധിച്ച കേസുകളായിരുന്നു ഇതില്‍ കൂടുതലും.

2011 ജൂണ്‍ 18നാണ് സിബിഐ അന്വേഷണത്തിന് വിട്ടുകൊണ്ടുള്ള വിജ്ഞാപനം പുറപ്പെടുവിക്കുന്നത്. അന്നുതന്നെ ഇവയെല്ലാം കേന്ദ്രത്തിന് അയക്കുകയും ചെയ്തു. ആലപ്പുഴ സൗത്ത് പൊലീസ് സ്റ്റേഷനില്‍ രജിസ്റ്റര്‍ചെയ്ത ഒരു കേസില്‍ 2011 ജൂലൈ 25ന് വിജ്ഞാപനം പുറപ്പെടുവിച്ചത് ആഗസ്ത് ഒമ്പതിന് കേന്ദ്രസര്‍ക്കാരിനയച്ചു. ശാസ്താംകോട്ട സ്റ്റേഷനിലെ ഒരു കേസില്‍ ഇതേദിവസം പുറപ്പെടുവിച്ച വിജ്ഞാപനം ആഗസ്ത് ആറിന് അയച്ചു. കൊട്ടാരക്കര സ്റ്റേഷനിലെ കേസില്‍ 2011 നവംബര്‍ 21ന് പുറപ്പെടുവിച്ച വിജ്ഞാപനം 30ന് അയച്ചു. പൊഴിയൂര്‍ സ്റ്റേഷനിലെ ഒരു കേസില്‍ 2012 ഫെബ്രുവരി രണ്ടിന് പുറപ്പെടുവിച്ച വിജ്ഞാപനം 41 ദിവസം കഴിഞ്ഞാണ് അയച്ചത്. നന്ദകുമാറിനെതിരായ അന്വേഷണം സിബിഐക്ക് കൈമാറാന്‍ 2012 ഫെബ്രുവരി 22ന് വിജ്ഞാപനം പുറപ്പെടുവിച്ചു. ഇതുവരെ ഈ വിജ്ഞാപനം അയച്ചിട്ടില്ല. ജോമോന്‍ പുത്തന്‍പുരയ്ക്കലിന് വിവരാവകാശനിയമപ്രകാരം ആഭ്യന്തരവകുപ്പ് നല്‍കിയ മറുപടിയിലാണ് ഈ വെളിപ്പെടുത്തല്‍. വിജ്ഞാപനം പൂഴ്ത്തിവച്ച സര്‍ക്കാര്‍ മെയ് 25ന് നന്ദകുമാറിന് ഹൈക്കോടതിയില്‍നിന്ന് സ്റ്റേ ലഭിക്കുന്നതുവരെ അനങ്ങിയതേയില്ല.

deshabhimani 120113

No comments:

Post a Comment