Sunday, January 13, 2013
ജീവനക്കാരുടെ സമരം: യു ഡി എഫില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു
ജീവനക്കാരുടെ സമരം ഒത്തുതീര്‍ക്കുന്നതിന്റെ പേരില്‍ യു ഡി എഫിനുള്ളില്‍ അഭിപ്രായ വ്യത്യാസം രൂക്ഷമാകുന്നു. സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ധനമന്ത്രി കെ എം മാണി മുന്‍കൈയെടുക്കുമ്പോള്‍ അതിനുള്ള എല്ലാ സാധ്യതകളും അടച്ചുകൊണ്ട് രംഗത്തുവരുന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പിടിവാശിയാണ് മുന്നണിയില്‍ പുതിയ അസ്വാരസ്യങ്ങള്‍ക്ക് വഴിവച്ചിരിക്കുന്നത്. മുഖ്യമന്ത്രിയുടെ നിലപാടില്‍ കേരള കോണ്‍ഗ്രസ് എം അസംതൃപ്തരാണ്.
പങ്കാളിത്ത പെന്‍ഷന്റെ കാര്യത്തില്‍ നേരത്തേതന്നെ കോണ്‍ഗ്രസുമായി മാണി കോണ്‍ഗ്രസിന് അഭിപ്രായ ഐക്യമുണ്ടായിരുന്നില്ല. കഴിഞ്ഞ നിയമസഭാ സമ്മേളനക്കാലത്തും ഇത് വ്യക്തമായതാണ്. മിനിമം പെന്‍ഷന്‍ കിട്ടുമെന്ന് ഉറപ്പാക്കാന്‍ പറ്റുമോയെന്ന പ്രതിപക്ഷ ചോദ്യത്തിന് ഇക്കാര്യം മുഖ്യമന്ത്രിയോട് ചോദിക്കണമെന്നായിരുന്നു ധനമന്ത്രി നല്‍കിയ മറുപടി. മുഖ്യമന്ത്രിയാകട്ടെ ഇതിന് വ്യക്തമായ മറുപടി നല്‍കിയതുമില്ല. സഭ സ്തംഭിക്കുന്ന അവസ്ഥയിലേക്ക് കാര്യങ്ങള്‍ നീങ്ങിയപ്പോഴും മിനിമം പെന്‍ഷനില്‍ ഉറപ്പ് നല്‍കാന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി തയ്യാറായില്ല.
സഭയ്ക്ക് നല്‍കുന്ന ഉറപ്പ് ലംഘിക്കുന്നത് അവകാശ ലംഘനമാകും എന്നതിനാലാണ് അന്ന് അത്തരമൊരു ഉറപ്പ് നല്‍കാന്‍ മുഖ്യമന്ത്രിക്ക് തടസമായത്. നിയമസഭയ്ക്ക് നല്‍കാത്ത ഉറപ്പാണ് ദിവസങ്ങള്‍ക്കുശേഷം ജീവനക്കാരുടെ സംഘടനകള്‍ക്ക് നല്‍കിയെന്ന് ഉമ്മന്‍ചാണ്ടി അവകാശപ്പെടുന്നത്. യഥാര്‍ഥത്തില്‍ ഇത്തരമൊരു ഉറപ്പ് നല്‍കാനുള്ള ധൈര്യം ധനമന്ത്രിക്ക് ഇപ്പോഴുമില്ല. അതുകൊണ്ടുതന്നെയാണ് ഒത്തുതീര്‍പ്പിന് ധനമന്ത്രി മുന്‍കൈയെടുക്കുന്നതും. ഇല്ലെങ്കില്‍ പിന്നീട് പഴി കേള്‍ക്കേണ്ടിവരുക കെ എം മാണിയായിരിക്കും എന്നതാണ് കാരണം.
സമരം ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ധനമന്ത്രി ശ്രമിക്കുമ്പോള്‍ അതിനെ പരസ്യ പ്രസ്താവനകളിലൂടെ തള്ളിപ്പറയുകയാണ് മുഖ്യമന്ത്രിയെന്ന് കേരള കോണ്‍ഗ്രസ് എം വൃത്തങ്ങള്‍ ആരോപിക്കുന്നു. ധനമന്ത്രി മുന്‍കൈയെടുത്തുള്ള ചര്‍ച്ചയ്‌ക്കൊടുവിലാണ് ഇന്ന് രാത്രി മുഖ്യമന്ത്രിയുമായി ചര്‍ച്ചയ്ക്ക് അവസരമൊരുക്കിയത്. അന്ന് മുഖ്യമന്ത്രിയുമായി ഒരു മണിക്കൂറോളം ധനമന്ത്രി ചര്‍ച്ചയും നടത്തി. അതിനുശേഷമാണ് അദ്ദേഹം ഇക്കാര്യം മാധ്യമങ്ങളോട് പറഞ്ഞത്.
എന്നാല്‍ തൊട്ടുപിറകേ ഇക്കാര്യം നിഷേധിച്ചുള്ള പത്രക്കുറിപ്പ് മുഖ്യമന്ത്രിയുടെ ഓഫീസില്‍നിന്നും എല്ലാ പത്ര ഓഫീസുകളിലേക്കും അയക്കുകയായിരുന്നു. ഇന്ന് താന്‍ സ്ഥലത്തുണ്ടാകുമെന്നും ആര്‍ക്കുവേണേലും ചര്‍ച്ചയ്ക്ക് വരാമെന്നുമാണ് മുഖ്യമന്ത്രി പറഞ്ഞത്. ജീവനക്കാരെ ചര്‍ച്ചയ്ക്ക് ക്ഷണിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു.
അങ്ങോട്ടു പോയുള്ള ചര്‍ച്ചയ്ക്കാണെങ്കിലും ജീവനക്കാര്‍ തയ്യാറാകണമെന്നായിരുന്നു മന്ത്രി മാണിയുടെ നിലപാട്. ജീവനക്കാര്‍ തയ്യാറാണെങ്കില്‍ ഇന്ന് ചര്‍ച്ചയാവാമെന്ന് ഇന്നലെ ധനമന്ത്രി പരസ്യ പ്രസ്താവന നടത്തിയത് ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു. എന്നാല്‍ ഇതിന് പിന്നാലെ ജീവനക്കാരുമായി ചര്‍ച്ച യില്ലെന്ന നിലപാട് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ജീവനക്കാരുമായി ചര്‍ച്ചനടത്തി അപമാനിതനാവാന്‍ ഇല്ലെന്നതാണ് മുഖ്യമന്ത്രിയുടെ പ്രഖ്യാപനം. ഇതിനു പിന്നാലെ സര്‍വീസ് സംഘടകളും നിലപാട് കര്‍ശനമാക്കി. ഔദ്യോഗികമായി വിളിക്കാതെ മുഖ്യമന്ത്രിയെയോ മന്ത്രിമാരെയോ ഇക്കാര്യത്തില്‍ കാണില്ലെന്ന് സമരസമിതി നേതാക്കള്‍ വ്യക്തമാക്കിയിട്ടുണ്ട്.
പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച് ധനവകുപ്പ് തയാറാക്കിയ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇന്ന് ചര്‍ച്ച നടത്താനായിരുന്നു മന്ത്രി മാണി ലക്ഷ്യമിട്ടിരുന്നത്. പദ്ധതി നടപ്പാക്കുന്നതിന് വേണ്ട പി എഫ് ആര്‍ ഡി എ (പെന്‍ഷന്‍ ഫണ്ട് റഗുലേറ്ററി അഥോറിറ്റി) ബില്ലിന്റെ അടിസ്ഥാനത്തില്‍ ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാമെന്ന ഉറപ്പ് മുഖ്യമന്ത്രിയില്‍നിന്നും നല്‍കിപ്പിക്കുകയായിരുന്നു അദ്ദേഹത്തിന്റെ ലക്ഷ്യം. ധനവകുപ്പ് തയാറാക്കിയിരിക്കുന്ന മാര്‍ഗരേഖ ജീവനക്കാരുടെ നിര്‍ദേശങ്ങള്‍ കൂടി ഉള്‍ക്കൊള്ളിച്ചിട്ടുള്ളതാണ്. ഈ രേഖയിലുള്ള മിക്കവാറും എല്ലാ കാര്യങ്ങളും നേരത്തെ നടന്ന ചര്‍ച്ചകളില്‍ ജീവനക്കാരെ അറിയിച്ചിരുന്നതുമാണ്. മിനിമം പെന്‍ഷന്‍- കുടംബ പെന്‍ഷന്‍ ഉറപ്പാക്കുമെന്ന് ഇതില്‍ പറയുന്നുണ്ട്. അതേസമയം മിനിമം പെന്‍ഷന്‍ എത്രയായിരിക്കുമെന്ന് വ്യക്തമാക്കിയിട്ടില്ല.
പെന്‍ഷന്‍ ഫണ്ട് നിക്ഷേപിക്കുന്ന സ്ഥാപനത്തില്‍ നിന്നും ലഭിക്കുന്ന വിഹിതത്തിന്റെ അടിസ്ഥാനത്തിലായിരിക്കും മിനിമം പെന്‍ഷന്‍ നിശ്ചയിക്കുകയെന്നാണ് മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ജീവനക്കാരന്‍ നിര്‍ദേശിക്കുന്ന വ്യക്തിക്കായിരിക്കും കുടുംബ പെന്‍ഷന്‍ നല്‍കുക. പി എഫ് ആര്‍ ഡി എ ബില്‍ പാസാകുന്ന മുറയ്ക്കായിരിക്കും ബാക്കി കാര്യങ്ങള്‍ തീരുമാനിക്കുക.
ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി സംസ്ഥാന ധനമന്ത്രിമാരുടെ യോഗം നാളെ ഡല്‍ഹിയില്‍ വിളിച്ചിട്ടുണ്ട്. ആ യോഗത്തില്‍ പെന്‍ഷനുമായി ബന്ധപ്പെട്ട കൂടുതല്‍ ചര്‍ച്ചയുണ്ടാകും
janayugom
Labels:
പെന്‍ഷന്‍,
രാഷ്ട്രീയം,
വാര്‍ഷികപദ്ധതി
Subscribe to:
Post Comments (Atom)
No comments:
Post a Comment