മലപ്പുറം: ശരീരം തളര്‍ത്തിയെങ്കിലും അബ്ദുള്ളയ്ക്ക് തളര്‍ന്നിരിക്കാനാവില്ല; ഇത് അതിജീവനത്തിനുള്ള പോരാട്ടമാണ്. മലപ്പുറം വണ്ടൂര്‍ വാണിയമ്പലം പാലാമഠം മിച്ചഭൂമിയിലേക്ക് കൂട്ടുകാരന്റെ തോളിലേറി അബ്ദുള്ളയെത്തിയത് സമരവളന്റിയര്‍മാര്‍ക്ക് ആവേശമായി. സിപിഐ എം എന്ന് ആലേഖനംചെയ്ത തൊപ്പിയണിഞ്ഞ്, മുഷ്ടി ചുരുട്ടി, ഉറച്ച ശബ്ദത്തില്‍ മുദ്രാവാക്യങ്ങളുമായാണ് അബ്ദുള്ളയെത്തിയത്. തൃക്കലങ്ങോട് ആനക്കുട്ടുപുറത്താണ് സ്വദേശം. 25 വര്‍ഷം മുമ്പ് പനിവന്ന് കൈകള്‍ക്ക് സ്വാധീനം നഷ്ടമായി. കാലുകള്‍ തളര്‍ന്നു. എങ്കിലും മദ്രസാ അധ്യാപകനായ അബ്ദുള്ളയുടെ ഉള്ളിലെ വിപ്ലവത്തിരി അണഞ്ഞില്ല. കൂട്ടിന് സഹധര്‍മിണി കൂരാട്ടെ സക്കീനയും മകന്‍ ആഷിഖും.
നാട്ടുകാരുടെയും സുഹൃത്തുക്കളുടെയും കാരുണ്യത്തിലാണ് ഇപ്പോള്‍ ജീവിതം. തുഛമായ വികലാംഗ പെന്‍ഷന്‍ ഒന്നിനും തികയുന്നില്ല. വിലക്കയറ്റം കൂടിയായപ്പോള്‍ ജീവിതം വഴിമുട്ടുമെന്നായി. ഒരു തുണ്ട് ഭൂമിപോലും സ്വന്തമായില്ല. കൂരാട് ഭാര്യവീട്ടിലാണ് താമസം. ചെങ്കൊടി നെഞ്ചോടുചേര്‍ത്ത് അബ്ദുള്ള പറയുന്നു ഈ സമരം വിജയിക്കും; ഇത് പാവപ്പെട്ടവനും അധ്വാനിക്കുന്നവനും ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്കും വേണ്ടിയുള്ള സമരമാണ്. സമരചരിത്രത്തിലെ മറ്റൊരു ഏടാകുന്ന സമരത്തില്‍ അണിചേരാന്‍ കഴിഞ്ഞ ചാരിതാര്‍ഥ്യവുമായാണ് അബ്ദുള്ള പ്രതീക്ഷകളുടെ ചൊങ്കൊടി പാറിപ്പറക്കുന്ന സമരപ്പന്തല്‍ വിട്ടത്.
നാലുപതിറ്റാണ്ടിനിപ്പുറവും ആവേശം ചോരാതെ
പരിയാരം: 1970ല്‍ തില്ലങ്കേരിയില്‍ നടന്ന മിച്ചഭൂമി സമരത്തിന്റെ ജ്വലിക്കുന്ന ആവേശവുമായാണ് പട്ടാന്നൂരിലെ പള്ളിക്കാല്‍ രാഘവനും(59) മാവിലവീട്ടില്‍ നാരായണ(65)നും അവുങ്ങുംപൊയിലില്‍ സമരത്തിനെത്തിയത്. നാലുപതിറ്റാണ്ടിനിപ്പുറം നടക്കുന്ന ഭൂസമരത്തില്‍ പുതുതലമുറയ്ക്കൊപ്പം പങ്കെടുക്കുമ്പോള്‍ ഇവര്‍ക്ക് ആവേശവും ഇരട്ടി.
തില്ലങ്കേരിയിലെ കാവുവെന്ന ജന്മിയുടെ ഭൂമി പിടിച്ചെടുക്കാനായിരുന്നു സമരം. എ കെ ജിയും പി വി കുഞ്ഞിക്കണ്ണനുമൊക്കെ സമരഭടന്മാരെ കാണാനെത്തിയത് ഇന്നും ആവേശം പകരുന്ന ഓര്‍മ. കെ മാധവന്‍ മാസ്റ്ററും കെ പി സഹദേവനും അടക്കമുള്ളവരായിരുന്നു നേതാക്കള്‍. പതിനഞ്ചു പേരടങ്ങിയ ബാച്ചില്‍ ജീവിച്ചിരിക്കുന്നത് അഞ്ചു പേര്‍. സമരത്തില്‍ പങ്കെടുത്തതിന് ഒരുമാസം കണ്ണൂര്‍ സെന്‍ട്രല്‍ ജയിലില്‍ തടവ് അനുഭവിച്ചു. തങ്ങളുടെ സമരം പുതുതലമുറക്ക് ആവേശം പകരണമെന്നാണ് ഇരുവരുടെയും ആഗ്രഹം.
deshabhimani 020113
ചെങ്കൊടി നെഞ്ചോടുചേര്‍ത്ത് പറയുന്നു ഈ സമരം വിജയിക്കും; ഇത് പാവപ്പെട്ടവനും അധ്വാനിക്കുന്നവനും ഭൂമിയുടെ യഥാര്‍ഥ അവകാശികള്‍ക്കും വേണ്ടിയുള്ള സമരമാണ്.
ReplyDelete