Wednesday, January 2, 2013
ഭൂസമരത്തിന് ഉജ്വല തുടക്കം
മണ്ണിനുവേണ്ടിയുള്ള പോരാട്ടങ്ങളുടെ ചരിത്രത്തില്‍ പുതിയ അധ്യായം രചിച്ച് ഭൂസംരക്ഷണസമരത്തിന് ഉജ്വല തുടക്കം. മുദ്രാവാക്യങ്ങള്‍ ഇടിമുഴക്കം തീര്‍ത്ത അന്തരീക്ഷത്തില്‍ രക്തഹാരവും ചുവന്ന റിബണുകളും അണിഞ്ഞ് ചെങ്കൊടികളുമായി സമരഭടന്മാര്‍ മുഷ്ടിചുരുട്ടി ചുവടുവച്ചപ്പോള്‍ പുതുവര്‍ഷപ്പുലരി പ്രകമ്പനം കൊണ്ടു. മണ്ണിനും മണ്ണിനെ സംരക്ഷിക്കാനുമായി ജയിലറകളിലേക്ക് പോകുമെന്ന പ്രഖ്യാപനത്തിനു മുന്നില്‍ ആദ്യദിനം തന്നെ സര്‍ക്കാര്‍ മുട്ടുമടക്കി. ഭൂരഹിതര്‍ക്ക് ഭൂമി വിതരണം ചെയ്യുക, ഭൂപരിഷ്കരണനിയമം സംരക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ച് മിച്ചഭൂമിയിലേക്ക് മാര്‍ച്ച് ചെയ്ത് ചെങ്കൊടി നാട്ടിയ സമരഭടന്മാരെ അറസ്റ്റുചെയ്യാന്‍ പൊലീസ് തയ്യാറായില്ല. 14 ജില്ലയിലും തെരഞ്ഞെടുത്ത കേന്ദ്രങ്ങളില്‍ ആറായിരത്തിലധികം വളന്റിയര്‍മാര്‍ സമരഭൂമിയില്‍ പ്രവേശിച്ചു. കാല്‍ലക്ഷം പേര്‍ അനുധാവനം ചെയ്തു. തുടര്‍ദിവസങ്ങളില്‍ സമരം കൂടുതല്‍ ശക്തിപ്പെടുത്തി മുന്നോട്ടുപോകുമെന്ന് സംയുക്തസമരസമിതി അറിയിച്ചു.
ഓരോ കേന്ദ്രത്തിലും തെരഞ്ഞെടുത്ത വളന്റിയര്‍മാരാണ് ഭൂസമരത്തില്‍ അണിനിരന്നത്. സമരഭടന്മാര്‍ വൈകിട്ടുവരെ മിച്ചഭൂമിയില്‍ ചെലവഴിച്ചിട്ടും പൊലീസ് അറസ്റ്റുചെയ്യാന്‍ കൂട്ടാക്കിയില്ല. പാവപ്പെട്ടവന് അവകാശപ്പെട്ട ഭൂമി കൈവശപ്പെടുത്താന്‍ കുത്തകകളെ അനുവദിക്കില്ലെന്ന പ്രഖ്യാപനവുമായി ഭൂസംരക്ഷണസമരസമിതിയുടെ നേതൃത്വത്തിലാണ് സമരം. ജയില്‍വാസം വരിക്കാന്‍ സന്നദ്ധമായി വന്ന സമരവളന്റിയര്‍മാരെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാര്‍ കാണിച്ച വിമുഖത ഭൂപ്രശ്നം പരിഹരിക്കുന്നതില്‍ സര്‍ക്കാരിന് സംഭവിച്ച പരാജയത്തിന്റെ കുറ്റസമ്മതമാണെന്ന് സമരസമിതി ചൂണ്ടിക്കാട്ടി. ജനിച്ച മണ്ണില്‍ ജീവിക്കാനായി കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസികളും പട്ടികവിഭാഗക്കാരും ഒന്നിച്ചുചേര്‍ന്ന് ഒരേ മനസ്സോടെ നടത്തിയ സമരം ആവേശകരമായ അനുഭവമായി.
ആദ്യദിനം ഒരു കേന്ദ്രത്തില്‍ 250 വളന്റിയര്‍മാരും ആയിരക്കണക്കിന് ബഹുജനങ്ങളുമാണ് ഭൂമിയില്‍ പ്രവേശിച്ചത്. തുടര്‍ന്നുള്ള ദിവസങ്ങളില്‍ 100 പേര്‍ വീതം മാര്‍ച്ച് ചെയ്യും. ജനുവരി പത്തിനുള്ളില്‍ സര്‍ക്കാര്‍ നടപടിയെടുത്തില്ലെങ്കില്‍ മിച്ചഭൂമിയില്‍ പ്രവേശിച്ച് കുടില്‍കെട്ടി താമസം ആരംഭിക്കും. തൃശൂര്‍ ജില്ലയില്‍ വടക്കാഞ്ചേരിയിലെ വടക്കേകളത്തില്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ മാര്‍ച്ച് ഉദ്ഘാടനംചെയ്തു. പട്ടികജാതി ക്ഷേമസമിതി പ്രസിഡന്റ് കെ രാധാകൃഷ്ണന്റെ നേതൃത്വത്തിലാണ് വളന്റിയര്‍മാര്‍ ഇവിടെ മാര്‍ച്ച് നടത്തിയത്. എറണാകുളത്ത് കടമക്കുടിയില്‍ പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണന്റെ നേതൃത്വത്തിലാണ് സമരഭൂമിയില്‍ പ്രവേശിച്ചത്. പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ സമരം ഉദ്ഘാടനംചെയ്തു. തിരുവനന്തപുരം ജില്ലയില്‍ മടവൂര്‍ തുമ്പോട് മിച്ചഭൂമിയിലേക്ക് സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാറിന്റെ നേതൃത്വത്തില്‍ നടത്തിയ മാര്‍ച്ച് ഭൂസംരക്ഷണ സമരസമിതി കണ്‍വീനര്‍ എ വിജയരാഘവന്‍ ഉദ്ഘാടനംചെയ്തു.
കൊല്ലത്ത് പി കെ ഗുരുദാസനും പത്തനംതിട്ടയില്‍ ആറന്മുള വിമാനത്താവളഭൂമിയില്‍ തോമസ് ഐസക്കും ഉദ്ഘാടനംചെയ്തു. സംസ്ഥാന സെക്രട്ടറിയറ്റ് അംഗങ്ങളായ എംസി ജോസഫൈന്‍, ബേബിജോണ്‍, വൈക്കം വിശ്വന്‍, എ കെ ബാലന്‍, പാലോളി മുഹമ്മദുകുട്ടി, വി വി ദക്ഷിണാമൂര്‍ത്തി, എളമരം കരിം, പി കരുണാകരന്‍, കെ കെ ശൈലജ എന്നിവരും വിവിധ കേന്ദ്രങ്ങളില്‍ ഉദ്ഘാടനംചെയ്തു.
എല്ലാ ഭൂരഹിതര്‍ക്കും ഭൂമി ലഭ്യമാക്കുന്നതു വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു. ജനരോഷം പരിഗണിച്ച് ഭൂപരിധി നിയമം ലംഘിക്കാന്‍ പ്രമാണിമാരെ സഹായിക്കുന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ പിന്തിരിയണം. ബുധനാഴ്ച ഇതേ സമരകേന്ദ്രങ്ങളില്‍ ഭൂമിയില്‍ പ്രവേശിച്ച് അവകാശം സ്ഥാപിക്കും. എംഎല്‍എമാരും ജനപ്രതിനിധികളും ഉള്‍പ്പെടെ ആയിരക്കണക്കിന് വളന്റിയര്‍മാര്‍ പങ്കെടുക്കും.
അവുങ്ങുംപൊയിലിന് സമരതീക്ഷ്ണതയുടെ രണ്ടാമൂഴം
കണ്ണൂര്‍: നെയ്പ്പുല്ലുകള്‍ സ്വര്‍ണാഭമാക്കിയ അവുങ്ങുംപൊയില്‍ മിച്ചഭൂമിയില്‍ ഇനി വിയര്‍പ്പുമുത്തുകള്‍ വിളയും. ഭൂമാഫിയയുടെ നിഴല്‍വീണ പ്രദേശത്തിന് ഇത് സമരതീക്ഷ്ണതയുടെ രണ്ടാമൂഴം. സാധുസംരക്ഷണസമിതി കൈയേറിയ ഭൂമിക്ക് 1980ല്‍ കെഎസ്കെടിയു നടത്തിയ ഉജ്വലസമരത്തെ തുടര്‍ന്നാണ് കൈവശരേഖ ലഭിച്ചത്. ഭൂസംരക്ഷണസമിതിയുടെ സമരപ്രവേശനത്തോടെ ഈ വിജനപ്രദേശം ശ്രദ്ധയാകര്‍ഷിക്കുകയാണ്. പല തലമുറകളും കൈവശക്കാരും സ്വന്തമാക്കിയ പ്രദേശം വരുംനാളില്‍ അര്‍ഹരുടെ കൈകളിലെത്തിയേക്കാം.
കര്‍ഷകര്‍ക്കും തൊഴിലാളികള്‍ക്കുമായി പൊരുതി മരിച്ച രണ്ട് ധീരരക്തസാക്ഷികളുടെ സ്മരണ ജ്വലിക്കുന്ന മണ്ണ്കൂടിയാണ് അവുങ്ങുംപൊയില്‍. അടിയന്തരാവസ്ഥക്കാലത്ത് കോണ്‍ഗ്രസ് ഗുണ്ടകളുടെ നീചകൃത്യങ്ങളെ ചെറുത്തതിനാണ് ഇവരെ എംഎസ്പിയും കോണ്‍ഗ്രസ് ഗുണ്ടകളും ചേര്‍ന്ന് വകവരുത്തിയത്. 1977 ജൂണ്‍ 23നാണ് സംഭവം. അവുങ്ങുംപൊയിലിലെ മുതിര്‍ന്നവരുടെ മനസ്സില്‍ ഇന്നുമുണ്ട് ഉശിരന്മാരായ സഖാക്കളുടെ ധീരസ്മരണകള്‍. അവരുടെ സ്മൃതിസ്തൂപത്തില്‍നിന്നാണ് ബുധനാഴ്ച സമരകേന്ദ്രത്തിലേക്ക് പ്രകടനം ആരംഭിക്കുന്നത്. ചിറക്കല്‍ കോവിലകത്തിന്റെ അധീനതയിലായിരുന്നു ഈ ഭൂമി. പിന്നീട് വേങ്ങയില്‍ തറവാടിന് കൈമാറി. വേങ്ങയില്‍ ശാരദാമ്മയില്‍നിന്ന് തട്ടാന്‍പാറയിലെ ഗോപാലന്‍ മേസ്ത്രി വാങ്ങി. ഗോപാലന്‍ മേസ്ത്രിയില്‍നിന്ന് സിഎസ്ഐ സഭ വിലയ്ക്കുവാങ്ങിയതാണ് അവുങ്ങുംപൊയിലിന്റെ ചരിത്രം.
റീസര്‍വേയില്‍ 190 ഏക്കര്‍ മിച്ചഭൂമിയായി കണ്ടെത്തുകയായിരുന്നു. കെകെഎന്‍ പരിയാരം, പാച്ചേനി കുഞ്ഞിരാമന്‍ എന്നീ നേതാക്കളുടെ പരിശ്രമഫലമായാണ് ഈ മണ്ണില്‍ കമ്യൂണിസത്തിന്റെ വിത്തുവീണത്. ജോസിന്റെയും ദാമോദരന്റെയും അവിശ്രമപ്രവര്‍ത്തനങ്ങളും ഈ മുന്നേറ്റത്തിന് പിന്നിലുണ്ടായിരുന്നു. കാലം പിന്നിട്ടിട്ടും മണ്ണിന്റെ യഥാര്‍ഥ അവകാശികള്‍ തിരസ്കരിക്കപ്പെടുന്ന നീതികേടിന് മറുപടിയാകുകയാണ് ഇന്ന് അവുങ്ങുംപൊയില്‍. മനുഷ്യനായി ജീവിക്കാന്‍ ഭരണഘടന ഉറപ്പുനല്‍കുന്ന അവകാശങ്ങള്‍ക്കായി പിന്മടക്കമില്ലെന്ന പ്രഖ്യാപനവുമായി മണ്ണിന്റെ മക്കള്‍ മലയോരത്ത് കരുത്തിന്റെ വിളംബരം കുറിക്കും. നെല്ലെടുപ്പും ഭൂമിപിടിച്ചടക്കലുമായി ചരിത്രത്തെ ചുവപ്പിച്ച കണ്ണൂരിന്റെ ധീരപൈതൃകവും അതിന്റെ നേരവകാശികള്‍ക്കൊപ്പം ചേരും.
ഇനി കുടില്‍കെട്ടി അവകാശം സ്ഥാപിക്കും: പിണറായി
തൃശൂര്‍: മിച്ചഭൂമിയും നെല്‍വയലും തട്ടിയെടുക്കാന്‍ ഭൂമാഫിയക്ക് സര്‍ക്കാര്‍ ഒത്താശ ചെയ്യുകയാണെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. സമരഭടന്മാര്‍ മിച്ചഭൂമി ചൂണ്ടിക്കാണിക്കുക മാത്രമാണ് ഇപ്പോള്‍ ചെയ്യുന്നത്. ഇത് ഏറ്റെടുത്ത് പാവപ്പെട്ടവര്‍ക്ക് വിതരണം ചെയ്തില്ലെങ്കില്‍ കുടില്‍കെട്ടി അവകാശം സ്ഥാപിക്കും. വടക്കാഞ്ചേരി വടക്കേക്കളം എസ്റ്റേറ്റില്‍ ഭൂസമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഭൂപ്രശ്നം വഷളാക്കിയാല്‍ തിരിച്ചടിക്കും: വി എസ്
കൊച്ചി: ഭൂസമരത്തിലൂടെ ഉന്നയിക്കുന്ന ആവശ്യങ്ങള്‍ പരിഹരിക്കാതെ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തെറ്റായ നയം അടിച്ചേല്‍പ്പിക്കാന്‍ ശ്രമിച്ചാല്‍ ഒരടിക്ക് രണ്ടടി തിരിച്ചുനല്‍കുമെന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. ഭൂരഹിതര്‍ക്ക് ഭൂമിനല്‍കാന്‍ അടിയന്തര നടപടിയുണ്ടായില്ലെങ്കില്‍ ചൂണ്ടിക്കാണിച്ച ഭൂമികളില്‍ കൊടിനാട്ടും. കടമക്കുടി ചരിയംതുരുത്തില്‍ ഭൂസംരക്ഷണസമരസമിതി നടത്തിയ മാര്‍ച്ച് ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ സമരം ശക്തമാക്കും : വൈക്കം വിശ്വന്‍
കോട്ടയം: ഭൂസമരത്തിലെ ആവശ്യങ്ങള്‍ അടിയന്തരമായി സര്‍ക്കാര്‍ അംഗീകരിക്കണമെന്ന് സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം വൈക്കംവിശ്വന്‍ പറഞ്ഞു. അല്ലാത്തപക്ഷം സമരം ശക്തമാക്കും. ഭൂസംരക്ഷണ സമരം അനാവശ്യമാണെന്ന തോന്നല്‍ റവന്യു മന്ത്രി അടൂര്‍ പ്രകാശിനും യുഡിഎഫിനും മാത്രമാണുള്ളതെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. കോട്ടയം കുമരകം മെത്രാന്‍ കായലിലെ അവകാശം സ്ഥാപിക്കല്‍ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഭൂപരിഷ്ക്കരണ നടപടികള്‍ രാജ്യത്ത് നടപ്പായിട്ടില്ല. എല്ലായിടത്തും കോര്‍പ്പറേറ്റുകള്‍ ഭൂമി വാങ്ങിക്കൂട്ടുന്നു. കേരളത്തില്‍ മിച്ചഭൂമി നിയമം ലംഘിച്ച് പലരും ഭൂമി കയ്യടക്കുന്നു. ഇത്തരം ഭൂമി മോചിപ്പിച്ച് ഭൂ രഹിതര്‍ക്കും ദുര്‍ബല ജനവിഭാഗങ്ങള്‍ക്കും വിതരണം ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറാകണം. സമൂഹത്തിലും ജനജീവിതത്തിലും മാറ്റങ്ങള്‍ ശക്തിപ്പെടുത്തുന്ന സമരമാണിത് - വൈക്കം വിശ്വന്‍ പറഞ്ഞു.
സര്‍ക്കാര്‍ ഭൂമാഫിയയുടെയുംകള്ളപ്പണക്കാരുടെയും സംരക്ഷകരായി: എളമരം കരീം
പരിയാരം: ഭൂമാഫിയയുടെയും കള്ളപ്പണക്കാരുടെയും സംരക്ഷകരായി യുഡിഎഫ് സര്‍ക്കാര്‍ മാറിയെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറിയറ്റ് അംഗം എളമരം കരീം പറഞ്ഞു. മിച്ചഭൂമിവിതരണം അവസാനിപ്പിച്ച് സാധാരണക്കാരന് തലചായ്ക്കാനുള്ള അവകാശംപോലും നിഷേധിക്കുകയാണ് സര്‍ക്കാര്‍. പാട്ടവ്യവസ്ഥ ലംഘിക്കുന്ന വന്‍കിട തോട്ടം ഉടമകള്‍ക്കും മണ്ണിനെ നിക്ഷേപമായി കാണുന്ന റിയല്‍ എസ്റ്റേറ്റ് മാഫിയക്കും വേണ്ടിയാണ് ഇവരുടെ പ്രവര്‍ത്തനം. അതിനായി നിയമങ്ങളും ചട്ടങ്ങളും മാറ്റിയെഴുതുകയാണ്. കേരളത്തില്‍ അലയടിക്കുന്ന ഭൂസമരം സര്‍ക്കാരിനുള്ള ശക്തമായ മുന്നറിയിപ്പാകുമെന്നും എളമരം കരീം പറഞ്ഞു.
കേരളം ഭൂരഹിതരുടെ നാടാകുന്നത് അപമാനകരമാണ്. ഇ എംഎസ് സര്‍ക്കാര്‍ ആവിഷ്കരിച്ച ഭൂപരിഷ്കരണനിയമം അട്ടിമറിക്കുകയാണ് സര്‍ക്കാര്‍. മിച്ചഭൂമിവിതരണം നിര്‍ത്തി. തോട്ടങ്ങളെ ഭൂപരിധിനിയമത്തില്‍നിന്ന് ഒഴിവാക്കാന്‍ ഹെക്ടറില്‍ 150 കശുമാവ് തൈ നട്ടാല്‍ തോട്ടമായി പരിഗണിക്കും. മിച്ചഭൂമിയായി ഏറ്റെടുത്ത് വിതരണം ചെയ്യുന്നത് തടയാനാണിത്. സര്‍ക്കാരില്‍നിന്ന് പാട്ടത്തിനെടുത്ത വന്‍കിട തോട്ടങ്ങള്‍ കരാര്‍വ്യവസ്ഥ ലംഘിച്ച് റബര്‍തോട്ടങ്ങളാക്കുകയാണ്. നെല്ലിയാമ്പതിയില്‍ ചീഫ്വിപ്പ് പി സി ജോര്‍ജും സംഘവും ചെയ്യുന്നത് ഇതാണ്. പാട്ടക്കാലാവധി കഴിഞ്ഞ തോട്ടങ്ങള്‍ സര്‍ക്കാര്‍ തിരിച്ചുപിടിക്കുന്നില്ല. ഹാരിസണ്‍ മലയാളം ഇത്തരത്തില്‍ വന്‍തോതില്‍ ഭൂമി കൈയടക്കിയിട്ടുണ്ട്. തോട്ടഭൂമിയുടെ അഞ്ച് ശതമാനം ടൂറിസം ആവശ്യങ്ങള്‍ക്ക് മാറ്റിവയ്ക്കണമെന്നും സര്‍ക്കാര്‍ താല്‍പര്യപ്പെടുന്നു. മലകളിലും മറ്റുമായി വന്‍ പാരിസ്ഥിതികപ്രാധാന്യമുള്ള സ്ഥലങ്ങളാണ് ഇത്തരത്തില്‍ മാഫിയക്ക് കൈമാറുന്നത്. എല്‍ഡിഎഫ് സര്‍ക്കാര്‍ കൊണ്ടുവന്ന നെല്‍വയല്‍- നീര്‍ത്തട സംരക്ഷണനിയമം സര്‍ക്കാര്‍ അട്ടിമറിച്ചത് വന്‍ പാരിസ്ഥിതികാഘാതത്തിന് ഇടയാക്കും. വരള്‍ച്ചഭീഷണി നേരിടുന്ന സംസ്ഥാനത്തിന് ഭാവിയില്‍ കടുത്ത പ്രത്യാഘാതമുണ്ടാക്കും. -അദ്ദേഹം പറഞ്ഞു.
ഭൂസമരം കണ്ടില്ലെന്ന് നടിക്കാനാവില്ല: വി വി ദക്ഷിണാമൂര്‍ത്തി
ഉള്ളിയേരി: ഭൂസമരം കണ്ടില്ലെന്ന് നടിക്കാനാണ് ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ തയ്യാറാകുന്നതെങ്കില്‍ അതാപത്തായിത്തീരുമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റ് അംഗം വി വി ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സമരത്തെ അപഹസിക്കുന്ന സര്‍ക്കാര്‍ ദുഃഖിക്കേണ്ടിവരും. ഭൂമാഫിയയെ സംരക്ഷിക്കുന്ന സര്‍ക്കാരിനെതിരെ ഭൂമിയില്ലാത്ത പാവങ്ങളുടെ ജനകീയരോഷമാണ് ഉയരാന്‍പോകുന്നത്. അതിനെ അതിജീവിക്കാനാവില്ല- അഞ്ജനോര്‍മലയില്‍ ഭൂസംരക്ഷണസമരം ഉദ്ഘാടനംചെയ്ത് ദക്ഷിണാമൂര്‍ത്തി പറഞ്ഞു. സമരത്തെ തള്ളിപ്പറയുന്നവര്‍ക്ക് പിന്നീട് തിരുത്തേണ്ടിവരും. അതിന്റെ സൂചന ഇപ്പോഴേ പ്രകടമാണ്. ആഗസ്ത് 15ന് മുമ്പ് ഒരുലക്ഷം ഭൂരഹിതര്‍ക്ക് ഭൂമി വിതരണംചെയ്യുമെന്ന സര്‍ക്കാര്‍ പ്രഖ്യാപനം ഈ സമരംകൊണ്ടുണ്ടായതാണ്. അതിനാല്‍ തന്നെ സമരം തുടങ്ങുംമുമ്പ് വിജയിച്ചുകഴിഞ്ഞു. സമരത്തിന്റെ ഭാഗമായല്ലാതെ കേരളത്തിലാര്‍ക്കും ഭൂമി കിട്ടിയിട്ടില്ല. സര്‍ക്കാരിന്റെ സൗജന്യമായല്ല പാവങ്ങള്‍ക്ക് ഭൂമി ലഭിച്ചതെന്ന് കോണ്‍ഗ്രസുകാരും ഭരണാധികാരികളും മറക്കണ്ട. കര്‍ഷക-ജനകീയപ്രക്ഷോഭത്തിലൂടെ രൂപംകൊണ്ട ഇ എം എസ് സര്‍ക്കാരാണ് കുടികിടപ്പൊഴിവാക്കിയത്. ഭൂപരിഷ്കരണവും കമ്യൂണിസ്റ്റ് ഭരണത്തിന്റെ നേട്ടമായിരുന്നു. അതട്ടിമറിച്ചവരാണ് കോണ്‍ഗ്രസ്. ഇന്നും അത് തുടരുന്നു. ഇപ്പോള്‍ ഭൂപ്രമാണിമാര്‍ക്കായി വീണ്ടും അട്ടിമറിനടത്താനാണ് നീക്കം. തോട്ടവിളയെന്ന് പറഞ്ഞ് ഭൂപരിധി ഒഴിവാക്കി കൊടുക്കാനുള്ള നീക്കം ഇതിന്റെ ഭാഗമാണ-അദ്ദേഹം പറഞ്ഞു.
ഭൂസമരത്തെ നേരിടുമെന്ന്: റവന്യൂ മന്ത്രി
തിരു: സിപിഐ എം നടത്തുന്ന ഭൂസംരക്ഷണസമരത്തെ സര്‍ക്കാര്‍ നേരിടുക തന്നെ ചെയ്യുമെന്ന് റവന്യു മന്ത്രി അടൂര്‍ പ്രകാശ്. ഭൂപരിഷ്കരണനിയമത്തില്‍ മാറ്റംവരുത്തി തോട്ടം ഭൂമിയിലൊരുഭാഗം ടൂറിസത്തിന് വിട്ടുകൊടുക്കുന്നത് തോട്ടങ്ങളെ സംരക്ഷിക്കാനുദ്ദേശിച്ചാണെന്നും അദ്ദേഹം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. എല്ലാ ഭൂരഹിതര്‍ക്കും 2015ഓടെ ഭൂമി നല്‍കുമെന്നും മന്ത്രി അവകാശപ്പെട്ടു. സിപിഐ എം നടത്താന്‍ പോകുന്ന സമരത്തില്‍ വീണുപോകരുത്. അവരെ കേസില്‍പ്പെടുത്താനാണ് ശ്രമിക്കുന്നത്. സമരത്തെ സര്‍ക്കാര്‍ താലോലിക്കില്ല. സംസ്ഥാനത്ത് 2,33,232 ഭൂരഹിതരുണ്ടെന്നാണ് സര്‍ക്കാര്‍ കണക്ക്. ഇവര്‍ക്കെല്ലാവര്‍ക്കും മൂന്ന് സെന്റു വീതം നല്‍കുമെന്നും മന്ത്രി പറഞ്ഞു
deshabhimani 020113
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment