Tuesday, January 1, 2013

ജീവനക്കാരോട് യുദ്ധംവേണ്ട


ഉമ്മന്‍ചാണ്ടി നയിക്കുന്ന യുഡിഎഫ് സര്‍ക്കാരിന്റെ നവലിബറല്‍നയങ്ങളോടുള്ള അമിത വിധേയത്വവും അതിരുകളില്ലാത്ത ധാര്‍ഷ്ട്യവുമാണ് ചൊവ്വാഴ്ച ജീവനക്കാരുടെ പ്രതിനിധികളുമായി നടത്തിയ ചര്‍ച്ചയില്‍ പൊട്ടിയൊഴുകിയത്. ഏറ്റവും മികച്ച സാമൂഹ്യസുരക്ഷാപദ്ധതിയായ സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ അട്ടിമറിച്ച്, കമ്പോളശക്തികളുടെ സൃഷ്ടിയായ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിയേ തീരൂ എന്ന വാശിയാണ് ചര്‍ച്ചയിലുടനീളം മുഖ്യമന്ത്രി പ്രകടിപ്പിച്ചത് എന്ന് വാര്‍ത്തകളില്‍ കാണുന്നു. കേരളത്തിലെ ജീവനക്കാര്‍ ഇന്നനുഭവിക്കുന്ന ആനുകൂല്യങ്ങളും അവകാശങ്ങളും ആരും ഔദാര്യമായി നല്‍കിയതല്ല; ത്യാഗനിര്‍ഭരമായ പോരാട്ടങ്ങളിലൂടെ നേടിയെടുത്തതാണ്. ജീവനക്കാര്‍ സാധാരണ ജനങ്ങളില്‍നിന്ന് വേറിട്ടുനില്‍ക്കുന്നവരല്ല. ജനങ്ങളുടെ പിന്തുണയോടെയും സഹായത്തോടെയുമാണ് ജീവനക്കാരുടെ ഓരോ പോരാട്ടവും വിജയത്തിലെത്തിയത്. എന്നാല്‍, ജീവനക്കാരും ജനങ്ങളും രണ്ടു തട്ടിലാണെന്നുവരുത്തി അതിശയോക്തിപരമായ പ്രചാരണങ്ങള്‍ സംഘടിപ്പിച്ച് ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കാനുള്ള ഗൂഢതന്ത്രം യുഡിഎഫ് ഭരണത്തിലെത്തിയ പല ഘട്ടങ്ങളിലും പ്രയോഗിച്ചിട്ടുണ്ട്. അതിന്റെ പുതിയ രൂപമാണ് മുഖ്യമന്ത്രിയുടെ സമീപനത്തില്‍ ചൊവ്വാഴ്ച തെളിഞ്ഞുനിന്നത്.

പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുന്നതിനെതിരെ സംഘടനകള്‍ ജനുവരി എട്ടുമുതല്‍ അനിശ്ചിതകാല പണിമുടക്ക് പ്രഖ്യാപിച്ചിരിക്കയാണ്. അതിന്റെ പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുന്ന സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വിളിച്ചത്. നേരത്തെ, ആഗസ്ത് 16ന് സംഘടനകളുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. അന്ന്, ജീവനക്കാരുടെ ആവശ്യങ്ങള്‍ അക്കമിട്ട് നിരത്തിയതാണ്. അവിടെ ഉന്നയിക്കപ്പെട്ട കാര്യങ്ങള്‍ സര്‍ക്കാര്‍ പരിശോധിച്ചു എന്ന് യോഗത്തെ അറിയിച്ച മുഖ്യമന്ത്രിക്ക് അതില്‍ ഏതെങ്കിലുമൊരു പ്രശ്നം പരിഹരിച്ചതായി അവകാശപ്പെടാനില്ലായിരുന്നു. ""നിലവിലുള്ള ജീവനക്കാര്‍ക്ക് പുതിയ പെന്‍ഷന്‍പദ്ധതി ബാധകമാക്കുകയില്ല. എന്നാല്‍, 2013 ഏപ്രില്‍ ഒന്നുമുതല്‍ സര്‍വീസില്‍ വരുന്നവര്‍ക്ക് ഇത് ബാധകമാകും"" എന്ന പഴയ പല്ലവി ഏറ്റുപാടിയശേഷം ജീവനക്കാരെ ദ്രോഹിക്കുന്നതിനുള്ള അപഹാസ്യമായ ന്യായീകരണങ്ങള്‍ നിരത്താനാണ് അദ്ദേഹം തയ്യാറായത്.

""കഴിഞ്ഞ പത്തുവര്‍ഷത്തിനുള്ളില്‍ പെന്‍ഷന്‍ ചെലവ് നാലര ഇരട്ടി വര്‍ധിച്ചു. പെന്‍ഷന്‍ ചെലവ് ക്രമാതീതമായി വര്‍ധിക്കുന്ന സാഹചര്യത്തില്‍ പങ്കാളിത്ത പെന്‍ഷന്‍പദ്ധതി നടപ്പാക്കിമാത്രമേ ഗവണ്‍മെന്റിന് മുന്നോട്ടുപോകാന്‍ കഴിയുകയുള്ളൂ"" എന്നും അതുകൊണ്ട് പണിമുടക്കില്‍നിന്ന് സംഘടനകള്‍ പിന്മാറണമെന്നുമായിരുന്നു ഉമ്മന്‍ചാണ്ടിയുടെ ആവശ്യം. യഥാര്‍ഥത്തില്‍ ജീവനക്കാരും അധ്യാപകരും നേരിടുന്ന കൊടിയ വിപത്താണ് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി. നവലിബറല്‍ സാമ്പത്തികനയങ്ങളുടെ പ്രധാന ഇരകളാണ് സര്‍ക്കാര്‍ ജീവനക്കാര്‍. സേവനമേഖലകളെ തകര്‍ക്കുന്നതും തൊഴില്‍ സുരക്ഷിതത്വം ഇല്ലാതാക്കുന്നതും ആനുകൂല്യങ്ങള്‍ കവര്‍ന്നെടുക്കുന്നതുമാണ് ഈ നയങ്ങള്‍. സംസ്ഥാനസര്‍ക്കാരുകളും ഈ നയങ്ങള്‍ കര്‍ശനമായി പിന്തുടരണമെന്ന കേന്ദ്രത്തിന്റെ നിര്‍ബന്ധത്തിന് വഴങ്ങാതെയാണ് മുന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ മുന്നോട്ടുപോയത്. എന്നാല്‍, യുഡിഎഫ് കേന്ദ്രനയത്തിനുമുന്നില്‍ തലകുമ്പിട്ടുനില്‍ക്കുന്നു.

പങ്കാളിത്ത പെന്‍ഷന്‍പദ്ധതി ഏര്‍പ്പെടുത്തിയ ആഗസ്ത് എട്ടിന്റെ ഉത്തരവ് പിന്‍വലിക്കണമെന്നാണ് ജീവനക്കാരുടെ ആവശ്യം. ആക്ഷന്‍ കൗണ്‍സില്‍ അക്കാര്യം ചര്‍ച്ച തുടങ്ങുമ്പോള്‍ത്തന്നെ ഉന്നയിച്ചതാണ്. സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ സേവനത്തിന്റെയും വേതനഘടനയുടെയും അവിഭാജ്യഘടകമാണ്. പങ്കാളിത്ത പെന്‍ഷന്‍പദ്ധതി അതിന് പകരംവയ്ക്കാന്‍ കഴിയുന്നതല്ല. ഇത് കേവലം ഓഹരിവിപണി അധിഷ്ഠിത നിക്ഷേപ പദ്ധതി മാത്രമാണ്. മിനിമം ആനുകൂല്യംപോലും ഉറപ്പാക്കപ്പെടുന്നില്ല. ഈ പദ്ധതി നടപ്പാക്കുന്നതിലൂടെ വേതനത്തിന്റെ നിശ്ചിതശതമാനം നിര്‍ബന്ധപൂര്‍വം പിടിച്ചെടുത്ത് ഫലത്തില്‍ വെട്ടിക്കുറവ് വരുത്തുകയാണ്. ഇങ്ങനെ നിക്ഷേപിക്കപ്പെടുന്ന തുക സര്‍ക്കാരിനോ പൊതുസമൂഹത്തിനോ ഗുണകരമായി ഉപയോഗിക്കാന്‍ കഴിയില്ല. വന്‍കിട കോര്‍പറേറ്റുകളാണ് ഫണ്ട് മാനേജര്‍മാരായി പ്രവര്‍ത്തിക്കുക. മുതലാളിത്ത സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണാനുള്ള സാമ്രാജ്യത്വ ധനസ്ഥാപനങ്ങളുടെ ഉപായമാണ് പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയെന്നര്‍ഥം. ഓഹരിക്കമ്പോളത്തിന്റെ തകര്‍ച്ച ഒഴിവാക്കി, സ്ഥിരത നിലനിര്‍ത്തുക എന്ന ഗൂഢോദ്ദേശ്യമാണ് ഇതിന്റെ പിന്നില്‍.

2001 സെപ്തംബറില്‍ ഇന്ത്യയിലെ പെന്‍ഷന്‍പരിഷ്കരണ നിര്‍ദേശങ്ങള്‍ എന്ന പേരില്‍ ഐഎംഎഫ് തയ്യാറാക്കിയ രേഖയാണ് ഇതിന്റെ അടിസ്ഥാനം. നിക്ഷേപ തുകയ്ക്കോ മിനിമം ആനുകൂല്യങ്ങള്‍ ഉറപ്പുവരുത്തുന്നതിനോ സര്‍ക്കാര്‍ ഗ്യാരണ്ടി നല്‍കാന്‍ പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയില്ല. മിനിമം പെന്‍ഷന്‍ പോലും നിഷേധിക്കപ്പെടും. പുതിയ പെന്‍ഷന്‍പദ്ധതി പുതുതായി സര്‍വീസില്‍ പ്രവേശിച്ചവര്‍ക്കുമാത്രമാണ് എന്ന വാദം വിശ്വസനീയമല്ല. ഒരു നോട്ടിഫിക്കേഷനിലൂടെ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഏതുവിഭാഗം ജീവനക്കാരെയും പങ്കാളിത്ത പെന്‍ഷന്‍പദ്ധതിയുടെ കീഴിലാക്കാമെന്ന് പിഎഫ്ആര്‍ഡിഎ ബില്ലില്‍ വ്യവസ്ഥയുണ്ട്. ജീവനക്കാരുടെ താല്‍പ്പര്യങ്ങള്‍ ഒരുതരത്തിലും സംരക്ഷിക്കപ്പെടില്ല എന്ന അവസ്ഥയാണ് വരുന്നത്. കര്‍ഷകരുടെ പ്രശ്നങ്ങള്‍ പറഞ്ഞാണ്, ജീവനക്കാര്‍ക്കെതിരായ വികാരം സൃഷ്ടിച്ച് അവകാശങ്ങള്‍ കവരാന്‍ 2002ല്‍ യുഡിഎഫ് സര്‍ക്കാര്‍ തയ്യാറായത്. ഇപ്പോള്‍ ഖജനാവിന്റെ അമിതഭാരത്തെക്കുറിച്ച് ആവര്‍ത്തിക്കുന്നു. കോര്‍പറേറ്റുകള്‍ക്ക് ശതകോടികളുടെ ആനുകൂല്യങ്ങള്‍ വാരിക്കൊടുക്കുന്ന കേന്ദ്രവും വന്‍കിട മാഫിയകളുടെ സംരക്ഷകരായ സംസ്ഥാന യുഡിഎഫ് ഭരണവും ആ പരിപാടി നേര്‍പാതിയാക്കി ചുരുക്കിയാല്‍ത്തന്നെ സമൃദ്ധമാകാനേയുള്ളൂ ഖജനാവ്. അതിന് ജീവനക്കാരുടെ ജീവിക്കാനുള്ള അവകാശത്തിന്റെ കഴുത്തിന് പിടിക്കേണ്ടതില്ല. അങ്ങനെ കഴുത്തിന് പിടിച്ചാല്‍ തിരിച്ചടി ജീവനക്കാരില്‍നിന്ന് മാത്രമാകില്ല, ഇന്നാട്ടിലെ അവകാശബോധമുള്ള ജനങ്ങളില്‍നിന്നാകെയാവും. പിടിവാശിക്കും ധാര്‍ഷ്ട്യത്തിനും അവധികൊടുത്ത് പങ്കാളിത്ത പെന്‍ഷന്‍ പദ്ധതിയില്‍നിന്ന് പിന്മാറുന്നതാണ് സര്‍ക്കാരിനെ സംബന്ധിച്ച് വിവേകപൂര്‍ണമായ നടപടി എന്ന് ഞങ്ങള്‍ ഓര്‍മിപ്പിക്കട്ടെ.

deshabhimani editorial 020113

No comments:

Post a Comment