Sunday, January 13, 2013

വികലാംഗസ്ത്രീകള്‍ക്കായി അതോറിറ്റി വേണം


വികലാംഗരായ സ്ത്രീകള്‍ ലൈംഗികാക്രമണത്തിനും മാനഭംഗത്തിനും ഇരയാകാതിരിക്കാന്‍ നിരീക്ഷണ-നിയന്ത്രണ അതോറിറ്റിക്ക് രൂപം നല്‍കണമെന്ന് വികലാംഗ അവകാശങ്ങള്‍ക്കായുള്ള ദേശീയവേദി (എന്‍പിആര്‍ഡി) ജസ്റ്റിസ് വര്‍മ കമ്മിറ്റിയോട് ആവശ്യപ്പെട്ടു. ജില്ലാതലത്തിലായിരിക്കണം അതോറിറ്റി രൂപീകരിക്കേണ്ടത്. വികലാംഗസ്ത്രീകള്‍ താമസിക്കുന്ന പ്രദേശങ്ങളും അവര്‍ തൊഴിലെടുക്കുന്ന സ്ഥാപനങ്ങളും സന്ദര്‍ശിക്കാനും പരിശോധിക്കാനും അതോറിറ്റി ഉദ്യോഗസ്ഥര്‍ക്ക് അധികാരമുണ്ടാകണം. ഡല്‍ഹി കൂട്ടബലാത്സംഗത്തിന്റെ പശ്ചാത്തലത്തില്‍ ബലാത്സംഗം തടയാനുള്ള നിയമങ്ങളില്‍ വരുത്തേണ്ട ഭേദഗതി നിര്‍ദേശിക്കാനായി നിയമിച്ച വര്‍മ കമീഷന്റെ മുമ്പിലാണ് എന്‍പിആര്‍ഡി ഈ ആവശ്യമുന്നയിച്ചത്.

വികലാംഗരുടെ പ്രശ്നങ്ങള്‍ അറിയാനായി ജസ്റ്റിസ് വര്‍മ സമിതിയിലെ അംഗമായ മുതിര്‍ന്ന അഭിഭാഷകന്‍ ഗോപാല്‍ സുബ്രഹ്മണ്യം എന്‍പിആര്‍ഡി അസിസ്റ്റന്റ് സെക്രട്ടറി മുരളീധരനുമായി പ്രത്യേകം ചര്‍ച്ച നടത്തി. ഈ മാസം 14ന് വീണ്ടും സംഘടനാഭാരവാഹികളെ ഗോപാല്‍ സുബ്രഹ്മണ്യം വിളിപ്പിച്ചിട്ടുണ്ട്. സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ബലാല്‍ക്കാരത്തിനേക്കാളും മൂന്ന് മടങ്ങ് അധികമാണ് വികലാംഗരായ സ്ത്രീകള്‍ക്കെതിരെ നടക്കുന്ന ആക്രമണം. എന്നാല്‍, കൃത്യമായ കണക്ക് ലഭ്യമല്ല. അതിനാല്‍ ലൈംഗികാതിക്രമണക്കേസ് രജിസ്റ്റര്‍ ചെയ്യുമ്പോള്‍ വികലാംഗരുടേത് പ്രത്യേകം രേഖപ്പെടുത്തണം. മാത്രമല്ല പൊലീസ് സ്റ്റേഷന്‍, കോടതികള്‍, നിയമസഹായമേഖലകള്‍, സര്‍ക്കാര്‍ ആശുപത്രികള്‍, ആരോഗ്യകേന്ദ്രങ്ങള്‍ എന്നിവയ്ക്ക് വികലാംഗരുടെ കേസുകള്‍ പ്രത്യേകമായി പരിഗണിക്കാന്‍ നിര്‍ദേശം നല്‍കണം.

ആക്രമണങ്ങള്‍ തടയാനോ അത് അധികാരികള്‍ക്ക് മുമ്പില്‍ കൃത്യമായി വിശദീകരിക്കാന്‍ പോലുമോ വികാലാംഗസ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും കഴിയാറില്ല. അക്രമം നടത്തുന്നവര്‍ക്ക് പെട്ടെന്ന് രക്ഷപ്പെടാനുമാകും. ഇവരുടെ പരാതികള്‍ പലപ്പോഴും പൊലീസും ജുഡീഷ്യറിയും കാര്യമായി എടുക്കാറുമില്ല. അതിനാല്‍ അക്രമികള്‍ക്ക് ശിക്ഷ ഉറപ്പാക്കാന്‍ ആവശ്യമായ നിയമസഹായവും സര്‍ക്കാര്‍തന്നെ നല്‍കണമെന്നും എന്‍പിആര്‍ഡി ആവശ്യപ്പെട്ടു. ആക്രമണത്തിന് ഇരയാകുന്ന വികലാംഗര്‍ക്ക് കൗണ്‍സലിങ് നല്‍കാനും മെഡിക്കല്‍ സഹായം ലഭ്യമാക്കാനും സര്‍ക്കാര്‍ തയ്യാറാകണം. വിദ്യാഭ്യാസം വൈദഗ്ധ്യവികസനം ഉള്‍പ്പെടെ പുനരധിവാസത്തിനും നടപടികളുണ്ടാകണം-എന്‍പിആര്‍ഡി ആവശ്യപ്പെട്ടു.

deshabhimani 130113

No comments:

Post a Comment