Thursday, January 17, 2013

പ്രതികാരനടപടി അവസാനിപ്പിക്കണം: എന്‍ജിഒ യൂണിയന്‍


പണിമുടക്ക്: നടപടി തുടരുമെന്ന് മുഖ്യമന്ത്രി

തിരു: പണിമുടക്കിയ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കുമെതിരായ നിയമനടപടികള്‍ തുടരാന്‍ മന്ത്രിസഭായോഗം തീരുമാനിച്ചു. പണിമുടക്കി എന്ന ഒറ്റക്കാരണത്താല്‍ ആരുടെയെങ്കിലും പേരില്‍ നടപടി എടുത്തിട്ടുണ്ടെങ്കില്‍ പിന്‍വലിക്കുമെന്ന് ചര്‍ച്ചയില്‍ നല്‍കിയ ഉറപ്പുപാലിക്കും. എന്നാല്‍, ജീവനക്കാരെ തടയുകയും സ്ഥാപനങ്ങള്‍ പൂട്ടിയിടുകയും അക്രമം കാണിക്കുകയും ചെയ്തവര്‍ക്കെതിരെ നടപടി തുടരുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. പണിമുടക്കിയവര്‍ക്കെതിരെ പ്രതികാരനടപടി സ്വീകരിക്കില്ലെന്ന് അവകാശപ്പെട്ട മുഖ്യമന്ത്രി നിലവിലുള്ള കേസുകളില്‍നിന്ന് പിന്നോട്ടുപോകില്ലെന്ന് വ്യക്തമാക്കി. ജോലിക്ക് ഹാജരായപ്പോള്‍ അക്രമത്തില്‍ പരിക്കേറ്റവരുടെ ചികിത്സാചെലവ് സര്‍ക്കാര്‍ വഹിക്കുമെന്നും മുഖമന്ത്രി പറഞ്ഞു. സമരത്തില്‍ പങ്കെടുത്തതിന് തിരുവനന്തപുരം പട്ടം ഗവ. ഗേള്‍സ് ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലിനെ സ്ഥലംമാറ്റിയതിനെതിരെ വിദ്യാര്‍ഥിനികള്‍ ഒന്നടങ്കം നടത്തുന്ന സമരം ശ്രദ്ധയില്‍പ്പെടുത്തിയപ്പോള്‍, സ്ഥാപനം പൂട്ടിയിട്ട് പോയവര്‍ക്കെതിരായ നടപടി തുടരുമെന്നായിരുന്നു പ്രതികരണം. ഡയസ്നോണ്‍ ഏര്‍പ്പെടുത്തിയതില്‍ മാറ്റമില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.

പ്രതികാരനടപടി അവസാനിപ്പിക്കണം: എന്‍ജിഒ യൂണിയന്‍

തിരു: പങ്കാളിത്ത പെന്‍ഷന്‍ അടിച്ചേല്‍പ്പിക്കാനുള്ള യു.ഡി.എഫ് സര്‍ക്കാരിന്റെ തീരുമാനത്തിനെതിരെ പണിമുടക്കിയ ജീവനക്കാര്‍ക്കു നേരെയുള്ള പ്രതികാര നടപടികള്‍ അവസാനിപ്പിക്കണമെന്ന് എന്‍ജിഒ യൂണിയന്‍ ആവശ്യപ്പെട്ടു.

ഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്ത പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്ന. പൊതുസമൂഹത്തിന്റെ വ്യാപകമായ പിന്തുണനേടിയ ഈ പണിമുടക്കിനെ നേരിടാന്‍ എല്ലാ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളും സര്‍ക്കാര്‍ അവലംബിച്ചു. നിരവധി ജീവനക്കാരെ സസ്പെന്‍ഡ് ചെയ്യുകയും കള്ളക്കേസില്‍ കുടുക്കി ജയിലിലടയ്ക്കുകയും ചെയ്തു. പിക്കറ്റിങ് നടത്തിയ ജീവനക്കാരെപ്പോലും ജാമ്യമില്ലാവകുപ്പുകള്‍ ചുമത്തി ജയിലിലടച്ചു. സമരസഹായസമിതിയുടെ പ്രവര്‍ത്തകരേയും നേതാക്കളേയും പൊലീസ് ഭീകരമായി മര്‍ദിക്കുകയും ജയിലിലടയ്ക്കുകയും ചെയ്തു. ഇത്തരം ആക്രമണങ്ങള്‍ക്കൊന്നും ജീവനക്കാരുടെ സമരവീര്യത്തെ തകര്‍ക്കാന്‍ കഴിയില്ലെന്ന് ബോധ്യപ്പെട്ട സാഹചര്യത്തിലാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് തയ്യാറായത്.

പണിമുടക്കിനുശേഷവും സര്‍ക്കാര്‍ പ്രതികാരനടപടികള്‍ തുടരുകയാണ്. ചര്‍ച്ചയില്‍ സര്‍ക്കാര്‍ നല്‍കിയ ഉറപ്പുകള്‍ ലംഘിച്ച് പണിമുടക്ക് പിന്‍വലിച്ചതിനുശേഷവും നിരവധിപേരെ സസ്പെന്‍ഡ് ചെയ്തു. പണിമുടക്കില്‍ പങ്കെടുത്ത ജീവനക്കാര്‍ക്കെതിരെ സ്വീകരിക്കുന്ന നടപടികള്‍ അടിയന്തിരമായി അവസാനിപ്പിക്കണം. പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരിലുള്ള സസ്പെന്‍ഷന്‍ നടപടികള്‍ പിന്‍വലിക്കണം. പണിമുടക്ക് അവസാനിച്ചതിനുശേഷം കള്ളക്കേസുകള്‍ ചമച്ച് സംഘടനാപ്രവര്‍ത്തകരെ അറസ്റ്റ് ചെയ്യാനുള്ള നീക്കം ഉപേക്ഷിച്ചില്ലെങ്കില്‍ കേരളത്തിലെ പൊതുസമൂഹത്തിന്റെ പിന്തുണയോടെ അതിശക്തമായ പ്രക്ഷോഭം ഉയര്‍ത്തിക്കൊണ്ടുവരും. പ്രക്ഷോഭത്തില്‍ പങ്കെടുത്ത് ശിക്ഷണനടപടികള്‍ക്കും പൊലീസ് നടപടികള്‍ക്കും വിധേയരായ എല്ലാ ജീവനക്കാരുടേയും സമരസഹായസമിതി പ്രവര്‍ത്തകരുടേയും നിയമപരിരക്ഷ അടക്കമുള്ള എല്ലാ സംരക്ഷണവും യൂണിയന്‍ ഏറ്റെടുക്കുമെന്ന് ജനറല്‍ സെക്രട്ടറി എ ശ്രീകുമാര്‍ പ്രസ്താവനയില്‍ അറിയിച്ചു.

എഫ്എസ്ഇടിഒ നേതാക്കള്‍ക്കെതിരെ കള്ളക്കേസ്

കൊല്ലം: സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ ഐതിഹാസിക പണിമുടക്ക് വിജയിച്ചതില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍ പൊലീസിനെ ഉപയോഗിച്ചു ജില്ലയില്‍ ജീവനക്കാര്‍ക്കെതിരെ വ്യാപകമായി കള്ളക്കേസ് എടുക്കുകയാണെന്ന് എഫ്എസ്ഇടിഒ ജില്ലാ കമ്മിറ്റി പ്രസ്താവനയില്‍ പറഞ്ഞു. ജീവനക്കാര്‍ക്കിടയില്‍ ഒറ്റപ്പെട്ട എന്‍ജിഒ അസോസിയേഷന്‍ നേതാക്കളുടെ സമ്മര്‍ദത്തിനു വഴങ്ങിയാണ് ഈ നടപടി. എന്‍ജിഒ യൂണിയന്‍ സംസ്ഥാന സെക്രട്ടറിയറ്റ്അംഗം വി പി ജയപ്രകാശ് മേനോന്‍, ജില്ലാ സെക്രട്ടറി ബി അനില്‍കുമാര്‍, എഫ്എസ്ഇടിഒ ജില്ലാ സെക്രട്ടറി എസ് ഓമനക്കുട്ടന്‍, യൂണിയന്‍ സെക്രട്ടറിയറ്റ്അംഗങ്ങളായ എ എന്‍ രാജേന്ദ്രന്‍, എസ് ശ്രീകുമാര്‍, ബ്രാഞ്ച് പ്രസിഡന്റുമാരായ ആര്‍ ബിജു, ടി സഫീര്‍, ബ്രാഞ്ച് സെക്രട്ടറിമാരായ എം എസ് ബിജു, വൈ എ സലാം, വിവിധ കമ്മിറ്റിഅംഗങ്ങളായ രതീഷ്കുമാര്‍, രാധാകൃഷ്ണന്‍, സെന്‍കുമാര്‍, ഷിജു എന്നിവര്‍ക്കെതിരെയും കെഎസ്ടിഎ, കെജിഒഎ നേതാക്കള്‍ക്കെതിരെയും ഒരു തത്വദീക്ഷയുമില്ലാതെയാണ് കേസ് എടുത്തിരിക്കുന്നത്. മുഖ്യമന്ത്രിയുമായി നടത്തിയ പണിമുടക്ക് ഒത്തുതീര്‍പ്പിന്റെ നഗ്നമായ ലംഘനമാണ് നടക്കുന്നത്. പൊലീസിന്റെ ഇത്തരം നടപടിക്കെതിരെ വരുംദിവസങ്ങളില്‍ ശക്തമായ പ്രതിഷേധം സംഘടിപ്പിക്കുമെന്ന് എഫ്എസ്ഇടിഒ ജില്ലാ പ്രസിഡന്റ് ആര്‍ രാധാകൃഷ്ണനും സെക്രട്ടറി എസ് ഓമനക്കുട്ടനും പറഞ്ഞു.


പ്രതികാര നടപടിയില്‍ ജീവനക്കാരുടെ പ്രതിഷേധം

കല്‍പ്പറ്റ: പണിമുടക്കില്‍ പങ്കെടുത്തതിന്റെ പേരില്‍ കള്ളക്കേസില്‍ പെടുത്തി റവന്യുവകുപ്പിലെ ജീവനക്കാരെ സസ്പെന്റ് ചെയ്തതില്‍ പ്രതിഷേധിച്ച് ജീവനക്കാര്‍ സിവില്‍സ്റ്റേഷനു മുന്നില്‍ പ്രകടനം നടത്തി. പി സി രവീന്ദ്രന്‍, പി വി ഏലിയാമ്മ, എം ദേവകുമാര്‍, വി ജെ ഷാജി, എ പി മധുസൂദനന്‍, കെ എം നവാസ്, സി എസ് ശ്രീജിത്ത് എന്നിവര്‍ നേതൃത്വം നല്‍കി. സസ്പെന്‍ഷന്‍ പിന്‍വലിച്ച് പ്രതികാര നടപടി അവസാനിപ്പിക്കണമെന്ന് ആക്ഷന്‍കൗണ്‍സിലും സമരസമിതിയും ആവശ്യപ്പെട്ടു. സിവില്‍ സ്റ്റേഷനു മുന്നില്‍ പ്രതിഷേധയോഗം ആക്ഷന്‍കൗണ്‍സില്‍ ജില്ലാ കണ്‍വീനര്‍ ഇ കെ ബിജൂജന്‍ ഉദ്ഘാടനം ചെയ്തു. സമരസമിതി ജില്ലാ ചെയര്‍മാന്‍ ബേബി കാസ്ട്രോ, വേണു മുള്ളോട്ട്, പി പ്രദീപ് എന്നിവര്‍ സംസാരിച്ചു.

deshabhimani 170113

1 comment:

  1. എന്തോരം തമാശ ... എങ്ങനെ ചിരിക്കാതിരിക്കും..

    "ഭൂരിപക്ഷം ജീവനക്കാരും പങ്കെടുത്ത പണിമുടക്ക് ഒത്തുതീര്‍ക്കുന്നതിന് സര്‍ക്കാര്‍ നിര്‍ബ്ബന്ധിതമാകുകയായിരുന്ന. പൊതുസമൂഹത്തിന്റെ വ്യാപകമായ പിന്തുണനേടിയ ഈ പണിമുടക്കിനെ നേരിടാന്‍ എല്ലാ ജനാധിപത്യവിരുദ്ധ മാര്‍ഗങ്ങളും സര്‍ക്കാര്‍ അവലംബിച്ചു."

    "സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തിയ ഐതിഹാസിക പണിമുടക്ക് വിജയിച്ചതില്‍ മുഖം നഷ്ടപ്പെട്ട സര്‍ക്കാര്‍"

    ഹ ഹ ഹാ

    ReplyDelete