Thursday, January 17, 2013
ത്രിപുരയില്‍ കോണ്‍ഗ്രസ് പിളര്‍ന്നു; വിമതര്‍ 20 സീറ്റില്‍ മത്സരിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് ആസന്നമായ ത്രിപുരയില്‍ സീറ്റുവിഭജന തര്‍ക്കത്തെ തുടര്‍ന്ന് കോണ്‍ഗ്രസ് പിളര്‍ന്നു. രണ്ട് എഐസിസി അംഗങ്ങളടക്കം 32 നേതാക്കള്‍ പാര്‍ടി വിട്ടു. 20 സീറ്റില്‍ ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുമെന്നും ഇവര്‍ പ്രഖ്യാപിച്ചു. ഫെബ്രുവരി 14നു നടക്കുന്ന തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിക്കെതിരെ ചില മണ്ഡലത്തിലെങ്കിലും പിടിച്ചുനില്‍ക്കാമെന്ന കോണ്‍ഗ്രസ് നേതൃത്വത്തിന്റെ മോഹമാണ് ഇതോടെ പൊലിഞ്ഞത്. കോണ്‍ഗ്രസിന്റെ ആദിവാസി വിഭാഗമായ പ്രദേശ് കോണ്‍ഗ്രസ് ഷെഡ്യൂള്‍ഡ് ട്രൈബ് വകുപ്പില്‍ ഉള്‍പ്പെട്ട നേതാക്കളാണ് എഐസിസി അംഗങ്ങളായ ദേബബ്രത കോലോയ്, നിരുപമ ചക്മ എന്നിവരുടെ നേതൃത്വത്തില്‍ കൂട്ടത്തോടെ രാജിവച്ചത്. രാജിക്കത്ത് കോണ്‍ഗ്രസ് അധ്യക്ഷ സോണിയാഗാന്ധിക്ക് ഫാക്സ് ചെയ്തതായി കോലോയ് മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
സ്ഥാനാര്‍ഥിനിര്‍ണയത്തിലെ തര്‍ക്കവും ഇന്‍ഡിജിനസ് നാഷണലിസ്റ്റ് പാര്‍ടി ഓഫ് ത്രിപുര (ഐഎന്‍പിടി) എന്നപേരില്‍ രൂപീകരിച്ച ആദിവാസി സംഘടനയുമായി ഉണ്ടാക്കിയ തെരഞ്ഞെടുപ്പുസഖ്യവുമാണ് കോണ്‍ഗ്രസില്‍ പൊട്ടിത്തെറിക്ക് വഴിയൊരുക്കിയത്. ഐഎന്‍പിടിക്ക് 11 സീറ്റ് അനുവദിച്ച കോണ്‍ഗ്രസ് നേതൃത്വം പട്ടികവര്‍ഗ സംവരണസീറ്റുകളില്‍ കോണ്‍ഗ്രസിലെ പ്രമുഖ നേതാക്കളെ പാടേ ഒഴിവാക്കി. കോണ്‍ഗ്രസിന്റെ പട്ടികവര്‍ഗ വിഭാഗവുമായി ചര്‍ച്ചചെയ്യാതെയാണ് ഇത്തരത്തില്‍ സീറ്റുകള്‍ വിഭജിച്ചതെന്നും സ്ഥാനാര്‍ഥികളെ നിശ്ചയിച്ചതെന്നും കോലോയ് പറഞ്ഞു. ഇതില്‍ പ്രതിഷേധിച്ചാണ് 17 സംവരണ സീറ്റിലും മൂന്ന് ജനറല്‍ സീറ്റിലും ഔദ്യോഗിക സ്ഥാനാര്‍ഥികള്‍ക്കെതിരെ മത്സരിക്കുന്നത്. പിസിസി സെക്രട്ടറി കൂടിയായ കോലോയിക്ക് പുറമെ മഹിളാ കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി മനിഹര്‍ ദേബ്ബര്‍മ, എസ്ടി വകുപ്പ് ചെയര്‍മാന്‍ ഫനിഭൂഷന്‍ ദേബ്ബര്‍മ തുടങ്ങിയവരും സീറ്റ് നിഷേധിക്കപ്പെട്ടവരില്‍പ്പെടുന്നു.
deshabhimani 170113
Subscribe to:
Post Comments (Atom)
No comments:
Post a Comment