Monday, January 7, 2013

സാമ്പത്തികപ്രതിസന്ധി: റിസര്‍വ് ബാങ്കും ചിദംബരവും ഇടയുന്നു


രാജ്യം നേരിടുന്ന സാമ്പത്തികപ്രതിസന്ധി പരിഹരിക്കാന്‍ ധനമന്ത്രാലയം സ്വീകരിക്കുന്ന നടപടികള്‍ പൂര്‍ണമായി അംഗീകരിക്കാതെ റിസര്‍വ് ബാങ്ക് ഇടഞ്ഞുനില്‍ക്കുന്നു. ധനമന്ത്രാലയം, പ്രത്യേകിച്ച് ധനമന്ത്രി പി ചിദംബരം പറയുന്ന കാര്യങ്ങള്‍ അപ്പടി അംഗീകരിക്കാനാകില്ലെന്ന് റിസര്‍വ്് ബാങ്ക് ഗവര്‍ണര്‍ ഡി സുബ്ബറാവു സ്വന്തം നടപടികളിലൂടെ തെളിയിക്കുകയാണ്. ചിദംബരം സാമ്പത്തികവളര്‍ച്ചയ്ക്ക് ഊന്നല്‍ നല്‍കുമ്പോള്‍ വിലക്കയറ്റം നിയന്ത്രിക്കുന്ന നടപടികള്‍ക്കാണ് റിസര്‍വ് ബാങ്ക് പ്രാധാന്യം നല്‍കുന്നത്. സാമ്പത്തികവളര്‍ച്ച 5.8 എന്ന താഴ്ന്ന നിലവാരത്തിലേക്ക് പോകുന്ന ഘട്ടത്തില്‍ പലിശനിരക്ക് കുറയ്ക്കണമെന്നാണ് ചിദംബരത്തിന്റെ ആവശ്യം. എന്നാല്‍, അത് ചെവിക്കൊള്ളാന്‍ സുബ്ബറാവു തയ്യാറായില്ല.

ജനുവരി 29ന് ഈ വര്‍ഷത്തെ ആദ്യപാതിയിലെ നാണ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് പലിശനിരക്ക് കുറയ്ക്കണമെന്ന വാദം ചിദംബരം ഉയര്‍ത്തിയത്. ഒക്ടോബര്‍ 30ന് റിസര്‍വ് ബാങ്ക് അര്‍ധവാര്‍ഷിക നാണ്യനയം പുറത്തിറക്കുന്നതിന് 24 മണിക്കൂര്‍മുമ്പ് വിളിച്ച വാര്‍ത്താസമ്മേളനത്തിലും ഇതേ ആവശ്യം ചിദംബരം ഉന്നയിച്ചിരുന്നു. ധനകമ്മി കുറയ്ക്കാന്‍ സര്‍ക്കാര്‍ സ്വീകരിക്കുന്ന നടപടികള്‍ കാണാന്‍ എല്ലാവരും തയ്യാറാകണമെന്ന് റിസര്‍വ് ബാങ്കിനെ ലക്ഷ്യമാക്കി ചിദംബരം അന്നു പറഞ്ഞു. സാമ്പത്തിക വിഭാഗം സെക്രട്ടറി അരവിന്ദ് മായാറാമാകട്ടെ പന്ത് ഇപ്പോള്‍ ആര്‍ബിഐയുടെ കോര്‍ട്ടിലാണെന്ന് പറഞ്ഞ് അവരാണ് തുടര്‍നടപടി സ്വീകരിക്കേണ്ടതെന്ന് പ്രതികരിച്ചു. എന്നാല്‍, അടുത്തദിവസം നാണ്യനയം പ്രഖ്യാപിച്ച സുബ്ബറാവു പലിശനിരക്ക് കുറയ്ക്കാന്‍ തയ്യാറായില്ല. സുബ്ബറാവുവിന്റെ നടപടി ചിദംബരത്തെ ചൊടിപ്പിച്ചു. പണപ്പെരുപ്പംപോലെതന്നെ രാജ്യത്തിന്റെ മുമ്പിലുള്ള പ്രധാന വെല്ലുവിളിയാണ് വളര്‍ച്ചനിരക്കെന്ന് പറഞ്ഞ ചിദംബരം, അത് നേരിടാന്‍ സര്‍ക്കാര്‍ ഒറ്റയ്ക്കാണെങ്കിലും മുന്നോട്ടുപോകുകതന്നെ ചെയ്യുമെന്ന് പറഞ്ഞു. സാമ്പത്തികവളര്‍ച്ചയിലെ ഇടിവും സാമ്പത്തികമാന്ദ്യവും തങ്ങളെ അലോസരപ്പെടുത്തുന്നില്ലെന്ന നിഗമനം തെറ്റാണെന്ന് ചിദംബരത്തിന്റെ വിമര്‍ശത്തിന് സുബ്ബറാവു മറുപടി നല്‍കി.

വീണ്ടും നാണ്യനയം പ്രഖ്യാപിക്കാനിരിക്കെയാണ് പലിശനിരക്ക് കുറയ്ക്കണമെന്ന വാദം ധനമന്ത്രാലയം വീണ്ടും ഉന്നയിക്കുന്നത്. ബാങ്കിങ് ഭേദഗതി നിയമത്തിലൂടെ സ്വകാര്യബാങ്കുകള്‍ തുറക്കാന്‍ വീണ്ടും അനുവാദം നല്‍കുന്നതിനെയും റിസര്‍വ് ബാങ്ക് ചെറുത്തിരുന്നു. എന്‍ഡിഎ സര്‍ക്കാര്‍ 74 ശതമാനം വിദേശനിക്ഷേപം ബാങ്കിങ് മേഖലയില്‍ അനുവദിച്ചപ്പോഴും പൊതുധനം കൈകാര്യംചെയ്യുന്ന ബാങ്കുകളുടെ ഓഹരി ഉടമസ്ഥത കേന്ദ്രീകരണത്തിലേയ്ക്ക് നീങ്ങുന്നതില്‍ ആര്‍ബിഐ എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ഇതിന്റെ ഫലമായാണ് ബാങ്കിങ് ഭേദഗതി നിയമം പാസാക്കിയപ്പോള്‍ ആര്‍ബിഐക്ക് നിയന്ത്രണാധികാരം നല്‍കാന്‍ ധനമന്ത്രാലയം നിര്‍ബന്ധിതമായത്. പലതരത്തിലും കേന്ദ്ര ബാങ്കില്‍ സര്‍ക്കാര്‍ തുടരുന്ന സമ്മര്‍ദത്തില്‍ സഹികെട്ടാണ് കഴിഞ്ഞദിവസം മുംബൈയില്‍ സിഡി ദേശ്മുഖ് സ്മാരക പ്രഭാഷണം നടക്കുന്ന വേളയില്‍ സംസാരിച്ച സുബ്ബറാവു റിസര്‍വ് ബാങ്കിന് കൂടുതല്‍ സ്വയംഭരണം വേണമെന്ന് ആവശ്യപ്പെട്ടത്. സാമ്പത്തികപ്രതിസന്ധിക്ക് പരിഹാരം കാണേണ്ടത് റിസര്‍വ് ബാങ്കല്ലെന്ന് പറഞ്ഞ സുബ്ബറാവു, ധനപരമായും നാണയപരമായുമുള്ള നടപടികള്‍ സര്‍ക്കാരാണ് സ്വീകരിക്കേണ്ടതെന്നും തുടര്‍ന്നു. മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ വൈ വി റെഡ്ഡിയും ചിദംബരവുമായി പല ഘട്ടങ്ങളിലും ഇടഞ്ഞിരുന്നു. പതിനാലാമത് ധനകമീഷന്റെ അധ്യക്ഷനായി വൈ വി റെഡ്ഡിയുടെ നിയമനം തടയാന്‍ ചിദംബരം ശ്രമിച്ചെങ്കിലും വിജയിച്ചില്ല.

deshabhimani 070113

No comments:

Post a Comment