സ്ത്രീകള്‍ വീട്ടുജോലി ചെയ്ത് ഒതുങ്ങിക്കഴിഞ്ഞാല്‍ മതിയെന്ന് ആര്‍എസ്എസ് തലവന്‍ മോഹന്‍ ഭഗവത്. ബലാത്സംഗങ്ങള്‍ നടക്കുന്നത് "ഇന്ത്യ"യിലാണ്, "ഭാരത"ത്തിലല്ലെന്ന വിവാദ പ്രസ്താവനയ്ക്ക് പിന്നാലെയാണ് ഭഗവതിന്റെ പുതിയ സ്ത്രീവിരുദ്ധപരാമര്‍ശം. ഭാര്യാഭര്‍തൃബന്ധമെന്ന സാമൂഹ്യകരാര്‍ പ്രകാരം സ്ത്രീകള്‍ വീട്ടുജോലിയെടുക്കുകയും പുരുഷനെ തൃപ്തിപ്പെടുത്തുകയുമാണ് വേണ്ടത്. പുരുഷന്‍ സ്ത്രീകളുടെ ആവശ്യങ്ങള്‍ നിറവേറ്റുകയും അവളെ സംരക്ഷിക്കുകയും ചെയ്യും. ഭാര്യ തന്റെ ഉത്തരവാദിത്തങ്ങള്‍ (വീട്ടുജോലി, പുരുഷനെ തൃപ്തിപ്പെടുത്തല്‍) നിറവേറ്റുന്നതില്‍ വീഴ്ച വരുത്താത്തിടത്തോളം ഈ കരാറില്‍ സ്ത്രീയെ പുരുഷന്‍ നിലനിര്‍ത്തും. കരാര്‍ മാനിക്കുന്നതില്‍ സ്ത്രീ പരാജയപ്പെട്ടാല്‍ പുരുഷന് സ്ത്രീയെ തള്ളിപ്പറഞ്ഞ് പുതിയ ബന്ധം തേടാം-മധ്യപ്രദേശിലെ ഇന്‍ഡോറില്‍ ആര്‍എസ്എസ് പ്രവര്‍ത്തകരുടെ യോഗത്തില്‍ സംസാരിക്കവെ ഭഗവത് പറഞ്ഞു. ആര്‍എസ്എസിന്റെ പൊതുസ്വഭാവം കണക്കിലെടുക്കുമ്പോള്‍ ഭഗവതിന്റെ പരാമര്‍ശത്തില്‍ അത്ഭുതമില്ലെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം വൃന്ദ കാരാട്ട് പറഞ്ഞു. സ്ത്രീവിരുദ്ധതയാണ് ആര്‍എസ്എസിന്റെ സ്വഭാവം. ബിജെപി അധികാരത്തിലിരുന്നപ്പോള്‍ മനുസ്മൃതിയുടെ അടിസ്ഥാനത്തില്‍ പുതിയ ഭരണഘടന വേണമെന്ന് വാദിച്ചവരാണ് അവര്‍. ഭഗവത് സ്ത്രീവിരുദ്ധത പറയുമ്പോള്‍ അദ്ദേഹം തന്റെ പിന്തിരിപ്പന്‍ ആശയം പ്രചരിപ്പിക്കുന്നെന്ന് മാത്രം കരുതിയാല്‍ മതി- വൃന്ദ പറഞ്ഞു.
ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കേണ്ടെന്ന് ജമാ അത്തെ ഇസ്ലാമി
ന്യൂഡല്‍ഹി: സ്ത്രീപീഡനം തടയാന്‍ ആണ്‍കുട്ടികളും പെണ്‍കുട്ടികളും ഒന്നിച്ച് പഠിക്കുന്നത് നിറത്തലാക്കണമെന്ന നിര്‍ംദേശവുമായി ജമാ അത്തെ ഇസ്ലാമി ഹിന്ദ് രംഗത്ത്.
പെണ്‍കുട്ടികള്‍ക്ക് വിദ്യാഭ്യാസ സൗകര്യവും യാത്രാസൗകര്യവും പ്രത്യേകമാക്കണം, വിവാഹിതരല്ലാത്ത സ്ത്രീയും പുരുഷനും ഒന്നിച്ച് താമസിക്കാന്‍ അനുവദിക്കരുത്, വിവാഹം വേഗത്തിലാക്കാന്‍ നടപടി വേണം തുടങ്ങിയ ആവശ്യങ്ങളും സംഘടന ഉന്നയിക്കുന്നു. സ്ത്രീപീഡനങ്ങള്‍ തടയാന്‍ നിയമം തയ്യാറാക്കാനായി നിയോഗിക്കപ്പെട്ട ജ. ജെ എസ് വര്‍മ്മ കമ്മീഷനിലാണ് ജമാ അത്തെ ഇസ്ലാമി ഹിന്ദ് ഈ നിര്‍ദേശങ്ങള്‍ നല്‍കിയത്. ബലാല്‍സംഗ കേസില്‍ വധശിക്ഷ നല്‍കണമെന്നും അത് പരസ്യമായി നടപ്പാക്കണമെന്നുമുള്ള ആവശ്യവും നിര്‍ദേശത്തിലുണ്ട്.
ഡല്‍ഹി ബലാത്സംഗത്തിനു കാരണം "ബിഹാറി"കളെന്ന് രാജ് താക്കറേ
മുംബൈ: ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിനിരയായി പെണ്‍കുട്ടി മരിച്ച സംഭവവും മഹാരാഷ്ട്ര നവനിര്‍മാണ്‍ സേന നേതാവ് രാജ് താക്കറേ വിഘടനവാദവിഷം ചീറ്റാനുള്ള അവസരമാക്കി. പ്രതികള്‍ എല്ലാം ബിഹാറി കുടിയേറ്റക്കാരാണെന്നും ബിഹാറികള്‍ കുഴപ്പക്കാരാണെന്ന തന്റെ നിലപാട് ഇപ്പോള്‍ സ്ഥിരീകരിക്കപ്പെട്ടില്ലേ എന്നും രാജ്താക്കറേ പൊതുവേദിയില്‍ പ്രസംഗിച്ചു. "എല്ലാവരും ഡല്‍ഹിബലാത്സംഗത്തെക്കുറിച്ച് മാത്രമാണ് സംസാരിക്കുന്നത്. എന്നാല്‍, ആ ക്രൂരകൃത്യംചെയ്ത മനുഷ്യര്‍ എവിടത്തുകാരാണെന്ന് ആരും അന്വേഷിക്കുന്നില്ല. ബിഹാറികള്‍ക്കെതിരെ ചിലത് പറഞ്ഞതിന് പലരും എനിക്കെതിരെ തിരിഞ്ഞിട്ടുണ്ട്. എന്നാല്‍, എല്ലാ ബലാത്സംഗത്തിന് പിന്നിലും ബിഹാറികളാണെന്ന കാര്യം വ്യക്തമാണ്"- ഗുഡ്ഗാവില്‍ നടന്ന പൊതുസമ്മേളനത്തില്‍ രാജ്താക്കറേ പറഞ്ഞു. "നുഴഞ്ഞുകയറ്റക്കാരായ" ബിഹാറി കുടിയേറ്റക്കാരെ മഹാരാഷ്ട്രയില്‍നിന്ന് ചവിട്ടി പുറത്താക്കുമെന്ന് രാജ്താക്കറേ നേരത്തെ പറഞ്ഞത് വിവാദമായിരുന്നു.
deshabhimani 070113
No comments:
Post a Comment