Thursday, January 17, 2013
ഡീസല്‍ വിലയും കൈവിട്ടു
പെട്രോള്‍ വിലനിയന്ത്രണം നീക്കിയതിനു പിന്നാലെ ഡീസല്‍ വിലയും സര്‍ക്കാര്‍ കൈവിട്ടു. എണ്ണക്കമ്പനികള്‍ക്ക് ഇനി യഥേഷ്ടം ഡീസല്‍ വില വര്‍ധിപ്പിക്കാം. നിലവില്‍ ഡീസല്‍ വില്‍പ്പനയില്‍ ലിറ്ററിന് 9.60 രൂപ നഷ്ടമെന്നാണ് (അണ്ടര്‍ റിക്കവറി) എണ്ണക്കമ്പനികള്‍ അവകാശപ്പെടുന്നത്. ഇതു നികത്താനെന്ന പേരില്‍ മാസംതോറും 50പൈസ വീതം വര്‍ധിപ്പിക്കാന്‍ എണ്ണക്കമ്പനികള്‍ക്ക് സര്‍ക്കാര്‍ അനുമതി നല്‍കി. ആദ്യവര്‍ധന ഉടന്‍ നിലവില്‍വരും. ഇങ്ങിനെ വില ഘട്ടംഘട്ടമായി 10 രൂപവരെ കൂട്ടാനാണ് അനുമതി. വന്‍കിട ഉപഭോക്താക്കള്‍ വിപണിവില നല്‍കണം. പിന്നീട് അന്താരാഷ്ട്ര വിലയ്ക്കനുസൃതമായി ആഭ്യന്തര വിലയും മാറ്റാം.
വ്യാഴാഴ്ച ചേര്‍ന്ന കേന്ദ്ര മന്ത്രിസഭായോഗമാണ് ഡീസല്‍ വില കുത്തനെ കൂട്ടാന്‍ തീരുമാനിച്ചത്. സബ്സിഡി എല്‍പിജി സിലിന്‍ഡറുകളുടെ പരിധി ആറില്‍നിന്ന് ഒമ്പതാക്കി വര്‍ധിപ്പിക്കാനും മന്ത്രിസഭ തീരുമാനിച്ചിട്ടുണ്ട്. 2012 സെപ്തംബര്‍ മുതല്‍ 2013 മാര്‍ച്ച് വരെയുള്ള കാലയളവില്‍ അഞ്ച് സബ്സിഡി സിലിന്‍ഡര്‍ ഉപഭോക്താക്കള്‍ക്ക് ലഭിക്കും. നേരത്തെ ഈ കാലയളവില്‍ മൂന്നു സിലിന്‍ഡറായിരുന്നു നിശ്ചയിച്ചിരുന്നത്. 2013 ഏപ്രില്‍ മുതല്‍ 2014 മാര്‍ച്ച് വരെ ഒമ്പത് സബ്സിഡി സിലിന്‍ഡര്‍ ലഭിക്കും.
ഡീസല്‍ വില കൂട്ടാന്‍ എണ്ണക്കമ്പനികള്‍ക്ക് അനുമതി നല്‍കിയിട്ടുണ്ടെന്ന് മന്ത്രി വീരപ്പ മൊയ്ലി പറഞ്ഞു. നിലവിലുള്ള വരുമാനക്കുറവ് നികത്താന്‍ ഒറ്റയടിക്ക് ഒമ്പതുരൂപ കൂട്ടില്ല. ഘട്ടംഘട്ടമായാവും വര്‍ധന. വരുമാനക്കുറവ് പൂര്‍ണമായും നികത്തിയശേഷം തുടര്‍ന്ന് അന്താരാഷ്ട്ര വിലയ്ക്ക് അനുസൃതമായി ആഭ്യന്തര വിലയും കമ്പനികള്‍ക്ക് മാറ്റാം. സര്‍ക്കാര്‍ ഇടപെടില്ല- മൊയ്ലി പറഞ്ഞു. ഡീസല്‍ വിലവര്‍ധനാ തീരുമാനത്തോടുള്ള ജനരോഷം തണുപ്പിക്കുകയെന്ന തന്ത്രത്തിന്റെ ഭാഗമായാണ് സബ്സിഡി സിലിന്‍ഡറുകളുടെ എണ്ണത്തില്‍ സര്‍ക്കാര്‍ വര്‍ധന വരുത്തിയത്. എന്നാല്‍, ഇതിന്റെ ഭാഗമായി വരുന്ന സാമ്പത്തികബാധ്യത നികത്താന്‍ സബ്ഡിസി സിലിന്‍ഡര്‍ വില 130 രൂപ കൂട്ടുകയെന്ന നിര്‍ദേശം സര്‍ക്കാരിന്റെ സജീവ പരിഗണനയിലാണ്.
മൂന്ന് വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പിന് തൊട്ടുപിന്നാലെ ഇക്കാര്യത്തില്‍ തീരുമാനമുണ്ടാകും. സബ്സിഡി സിലിന്‍ഡറുകളുടെ എണ്ണം കൂട്ടാനുള്ള തീരുമാനത്തിന് തെരഞ്ഞെടുപ്പ് കമീഷന്റെ അനുമതി കേന്ദ്രസര്‍ക്കാര്‍ കഴിഞ്ഞ ദിവസം തേടിയിരുന്നു. തീരുമാനം പെരുമാറ്റച്ചട്ടത്തിന്റെ ലംഘനമല്ലെന്ന നിലപാടാണ് കമീഷന്റേത്.
2010 ജൂണിലാണ് പെട്രോള്‍ വിലനിയന്ത്രണം നീക്കിയത്. ഇതിനുശേഷം 15 വട്ടം വില ഗണ്യമായ കൂട്ടി. ലിറ്ററിന് 47.93 രൂപയായിരുന്ന (ഡല്‍ഹിയില്‍) വില ഇപ്പോള്‍ 68.48 രൂപയാണ്. ഒരു ഘട്ടത്തില്‍ 73.18 രൂപവരെ എത്തിയിരുന്നു. ഇനിയിപ്പോള്‍ ഡീസലിനും ഇതേ രൂപത്തിലുള്ള വിലവര്‍ധന പ്രതീക്ഷിക്കാം. രാജ്യത്ത് അവശ്യവസ്തുക്കളുടെ വില നിശ്ചയിക്കുന്നതില്‍ ഡീസലിന് നിര്‍ണായക സ്ഥാനമാണ്. ഏതാണ്ടെല്ലാ ചരക്കുനീക്കങ്ങള്‍ക്കും ഊര്‍ജം ഡീസലാണ്. ഡീസല്‍ വിലയില്‍ വരുന്ന നേരിയ മാറ്റംപോലും അവശ്യവസ്തുവിലയില്‍ വലിയ പ്രതിഫലനം സൃഷ്ടിക്കും.
രാജ്യത്ത് യാത്രാനിരക്കുകള്‍ നിശ്ചയിക്കുന്നതും ഡീസല്‍ വിലയാണ്. ഓട്ടോ-ടാക്സി-ബസ്-ട്രെയിന്‍ നിരക്കും വന്‍തോതില്‍ വര്‍ധിക്കുമെന്നത് തീര്‍ച്ച. ഡീസല്‍ ഊര്‍ജ നിലയങ്ങളെ വില ബാധിക്കുമെന്നതിനാല്‍ വൈദ്യുതിനിരക്കും ഉയരും. പമ്പുകളുടെയും ട്രാക്ടറുകളുടെയും പ്രവര്‍ത്തനത്തിന് രാജ്യത്തെ കര്‍ഷകര്‍ ആശ്രയിക്കുന്നത് ഡീസലിനെയാണ്. കാര്‍ഷികച്ചെലവ് ഗണ്യമായി കൂടുന്നതോടൊപ്പം ഉല്‍പ്പന്നങ്ങളുടെ വിലയിലും മാറ്റംവരും. സാധാരണക്കാരെ വലിയ ദുരിതത്തിലേക്ക് തീരുമാനം തള്ളിവിടും.
(എം പ്രശാന്ത്) deshabhimani 180113
Labels:
വിലക്കയറ്റം
Subscribe to:
Post Comments (Atom)
No comments:
Post a Comment