Thursday, January 17, 2013

കലോത്സവത്തിനിടയിലും "യഥാര്‍ഥപത്ര"ത്തിന്റെ ഒളിവെട്ട്


മലപ്പുറം: സംസ്ഥാന സ്കൂള്‍ കലോത്സവത്തിന്റെ മറവിലും "ഒളിവെട്ടി"നുമുതിര്‍ന്ന "യഥാര്‍ഥ പത്രം" സഹൃദയരുടെയും മത്സരാര്‍ഥികളുടെയും മുന്നില്‍ നാണംകെട്ടു. കോഴിക്കോട് മണിയൂര്‍ പഞ്ചായത്ത് ഹൈസ്കൂളിലെ എ എസ് ആദിഷ് വെള്ളിയാഴ്ച അവതരിപ്പിക്കുന്ന ഏകാഭിനയത്തിന്റെ ഉള്ളടക്കം രാഷ്ട്രീയകാലുഷ്യത്തിന്റെ ചേരുവ ചേര്‍ത്ത് മുന്‍കൂട്ടി സൂപ്പര്‍ വാര്‍ത്തയാക്കിയതാണ് പരക്കെ പരിഹാസത്തിനും വിമര്‍ശനത്തിനും ഇടയാക്കിയത്. വിധിനിര്‍ണയത്തെ സ്വാധീനിച്ചേക്കാവുന്ന പ്രചാരവേലയില്‍ പ്രതിഷേധവുമായി രക്ഷിതാക്കളും പരിശീലകരും രംഗത്തുവന്നു. കുട്ടികളുടെ സര്‍ഗവൈഭവം മാറ്റുരയ്ക്കുന്ന കലോത്സവ മത്സരയിനങ്ങളില്‍ രാഷ്ട്രീയ വിരോധം തീര്‍ക്കാന്‍ പഴുത് കണ്ടെത്തി ഇത്തരത്തില്‍ ദുര്‍വ്യാഖ്യാനം ചെയ്തതിന് മാധ്യമ ഉദാഹരണങ്ങള്‍ വേറെയില്ല.
സോഫോക്ലിസിന്റെ വിശ്വവിഖ്യാതമായ "ആന്റിഗണി"യെ ആസ്പദമാക്കിയുള്ള ഇതിവൃത്തമാണ് ആദിഷ് ഏകാഭിനയത്തില്‍ അവതരിപ്പിക്കുന്നത്. ഇതിനെ ഒഞ്ചിയത്തെ ടി പി ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി ദുര്‍വ്യാഖ്യാനിക്കുകയായിരുന്നു മാതൃഭൂമി. നേരത്തെ വടകര ഉപജില്ലാ കലോത്സവത്തിലും കോഴിക്കോട് ജില്ലാ കലോത്സവത്തിലും മാതൃഭൂമിയും മനോരമയും ഈ കള്ളക്കഥ പ്രചരിപ്പിച്ചിരുന്നു. സംസ്ഥാന കലോത്സവത്തിന്റെ മറവില്‍ ഇത് മാതൃഭൂമി പൊടിതട്ടിയെടുക്കുകയായിരുന്നു.

സിപിഐ എം പ്രവര്‍ത്തകനായിപ്പോയതുകൊണ്ട് തന്നെയും കുടുംബത്തെതയും മാതൃഭൂമി ബോധപൂര്‍വം കരിവാരിത്തേയ്ക്കുകയാണെന്ന് ആദിഷിന്റെ ബാപ്പ ടി കെ അഷറഫ് പറഞ്ഞു. നാലാംക്ലാസ് മുതല്‍ ആദിഷ് മോണോആക്ട് അവതരിപ്പിക്കുന്നു. ഇപ്പോള്‍ പത്തിലാണ്. ജില്ലാ- സംസ്ഥാനതലത്തില്‍ പലതവണ പങ്കെടുത്തിട്ടുണ്ട്. ഇത്തവണ ഉപജില്ലാ മത്സരം നടന്നപ്പോള്‍ മനോരമയാണ് ഇത് ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെട്ടതാണെന്ന കള്ളക്കഥ മെനഞ്ഞത്. ജില്ലാകലോത്സവമായപ്പോള്‍ മാതൃഭൂമിയും ഒപ്പംകൂടി. അതു തന്നെ സംസ്ഥാനകലോത്സവത്തിലും എടുത്തുപയോഗിച്ചു. ഇന്നലെ മാതൃഭൂമിയില്‍നിന്ന് വിളിച്ച റിപ്പോര്‍ട്ടറോട് പരിപാടി കണ്ടിട്ട് അങ്ങനെയെന്തെങ്കിലും ഉണ്ടെങ്കില്‍ എഴുതിക്കോ എന്നു വ്യക്തമായി പറഞ്ഞതാണ്. അതിനുള്ള മര്യാദ പോലും കാണിച്ചില്ലെന്ന് അഷറഫ് രോഷത്തോടെ കൂട്ടിച്ചേര്‍ത്തു. ചെട്ട്യാത്ത് യുപി സ്കൂള്‍ അധ്യാപകനായ അഷറഫ് സിപിഐ എം മണിയൂര്‍ ലോക്കല്‍ സെക്രട്ടറിയും വടകര ഏരിയാ കമ്മിറ്റി അംഗവുമാണ്. ഭാര്യ ഷഹനാസ് മന്തരത്തൂര്‍ എംഎല്‍പി സ്കൂള്‍ അധ്യാപിക. ഇളയ മകന്‍ നിഹാര്‍ മൂന്നാംക്ലാസ് വിദ്യാര്‍ഥി.
(കെ ടി ശശി)

മോണോ ആക്ടിന് ചന്ദ്രശേഖരന്‍ വധവുമായി ബന്ധമില്ല: ആദിഷ്

മലപ്പുറം: തന്റെ മോണോ ആക്ട് സ്ക്രിപ്റ്റ് ചന്ദ്രശേഖരന്‍ വധവുമായി ചേര്‍ത്തുവയ്ക്കുന്നത് ശരിയല്ലെന്ന് ആദിഷ് "ദേശാഭിമാനി"യോടു പറഞ്ഞു. മാതൃഭൂമി വാര്‍ത്തയില്‍ പറയുന്നതുപോലെ 51 വെട്ട് എന്ന പരാമര്‍ശംപോലും അതിലില്ല. ചന്ദ്രശേഖരന്റെ മകന്‍ നന്ദു മുഖ്യകഥാപാത്രവുമല്ല. സോഫോക്ലിസിന്റെ ആന്റിഗണി നാടകത്തെ അവലംബിച്ചുള്ള സ്ക്രിപ്റ്റാണ്. അതിലെ കുട്ടി മനുഷ്യരെ കൊല്ലുന്നതിനെ എതിര്‍ക്കുന്നുണ്ട്. കൊലപാതകങ്ങളെ ആര്‍ക്കും ന്യായീകരിക്കാനാവില്ലല്ലോ. ജാതിയുടെയും മതത്തിന്റയും രാഷ്ട്രീയത്തിന്റെയും പേരില്‍ നമ്മള്‍ എടുത്തുയര്‍ത്തുന്ന നിറമുള്ള കൊടികളില്‍ ഉള്‍ത്തുടിക്കേണ്ടത് മനുഷ്യനന്മയായിരിക്കണമെന്നാണ് മോണോആക്ട് നല്‍കുന്ന സന്ദേശം- ആദിഷ് പറഞ്ഞു.

deshabhimani 180113

No comments:

Post a Comment