Monday, January 14, 2013

മിനിമം പെന്‍ഷന്‍ ഉറപ്പ്; പണിമുടക്ക് ഒത്തുതീര്‍ന്നു


നവലിബറല്‍ നയങ്ങള്‍ക്ക് ചുവപ്പ് പരവതാനി വിരിക്കുന്ന പങ്കാളിത്ത പെന്‍ഷനെതിരെ ജീവനക്കാരും അധ്യാപകരും നടത്തിവന്ന ഐതിഹാസിക സമരം ഒത്തുതീര്‍പ്പായി. ഞായറാഴ്ച അര്‍ധരാത്രി ധനമന്ത്രി കെ എം മാണിയുമായും തിങ്കളാഴ്ച പുലര്‍ച്ചെ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുമായും സംയുക്തസമരസമിതി നേതാക്കള്‍ നടത്തിയ ചര്‍ച്ചയിലാണ് ഒരാഴ്ചയോളം നീണ്ട സമരം ഒത്തുതീര്‍പ്പായത്. സമരത്തില്‍ ഉന്നയിച്ച സുപ്രധാന ആവശ്യമായ മിനിമം പെന്‍ഷന്റെ കാര്യത്തില്‍ മുഖ്യമന്ത്രിയും ധനമന്ത്രിയും ഉറപ്പുനല്‍കിയതായി സമരസമിതി നേതാക്കള്‍ പറഞ്ഞു. പങ്കാളിത്ത പെന്‍ഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പഠിക്കാനും ജീവനക്കാരുടെ ആശങ്കകള്‍ പരിഹരിക്കാനും പ്രത്യേക സമിതി രൂപീകരിക്കാനും തീരുമാനമായി.

പെന്‍ഷന്‍ വിഹിതം ട്രഷറിയില്‍ നിക്ഷേപിക്കാന്‍ സംസ്ഥാനസര്‍ക്കാര്‍ പെന്‍ഷന്‍ ഫണ്ട് റെഗുലേറ്ററി ഡെവലപ്പ്മെന്റ് അതോറിറ്റിയോട് ആവശ്യപ്പെടും. ഇപിഎഫ് റിട്ടേണില്‍ കുറയാത്ത തുക പെന്‍ഷനായി ലഭിക്കുമെന്നും സര്‍ക്കാര്‍ ഉറപ്പുനല്‍കിയിട്ടുണ്ട്. നിലവിലുള്ള ജീവനക്കാര്‍ക്ക് സ്റ്റാറ്റ്യൂട്ടറി പെന്‍ഷന്‍ തന്നെ തുടരുമെന്നും ഏപ്രില്‍ മുതല്‍ ജോലിയില്‍ പ്രവേശിക്കുന്നവര്‍ക്ക് മാത്രമേ പങ്കാളിത്ത പെന്‍ഷന്‍ നടപ്പാക്കുകയുള്ളൂവെന്ന് ചര്‍ച്ചയ്ക്ക് ശേഷം മുഖ്യമന്ത്രി ആവര്‍ത്തിച്ചു. സമരത്തിന്റെ ഭാഗമായി ശിക്ഷാനടപടികള്‍ ഉണ്ടാകില്ല. എന്നാല്‍ അക്രമം, പൊതുമുതല്‍ നശിപ്പിക്കല്‍ തുടങ്ങിയ കേസുകള്‍ പിന്‍വലിക്കില്ല. ന്യായമായ അവകാശങ്ങള്‍ക്ക് വേണ്ടിയുള്ള ജീവനക്കാരുടെ സമരത്തെ അടിച്ചമര്‍ത്താനുള്ള എല്ലാ നീക്കങ്ങളും പരാജയപ്പെട്ടതോടെയാണ് സര്‍ക്കാര്‍ ചര്‍ച്ചയ്ക്ക് വഴങ്ങിയത്. ചര്‍ച്ചയില്ലെന്ന് പലകുറി ആവര്‍ത്തിക്കുകയും സമരരംഗത്തുള്ളവരെ പരിഹസിക്കുകയും ചെയ്ത മുഖ്യമന്ത്രി, മന്ത്രി മാണി വഴിയാണ് അനുരഞ്ജന ചര്‍ച്ചയ്ക്ക് വഴിതുറന്നത്.

സംസ്ഥാനത്തെ സിവില്‍ സര്‍വീസ് രംഗവും വിദ്യാലയങ്ങളും പൂര്‍ണമായും സ്തംഭിച്ചതോടെയാണ് സര്‍ക്കാര്‍ മുട്ടുമടക്കിയത്. പങ്കാളിത്ത പെന്‍ഷനെതിരായ പോരാട്ടത്തില്‍ ഉറച്ചുനില്‍ക്കുമെന്ന് സംഘടനാപ്രതിനിധികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. മന്ത്രി കെ എം മാണിയുടെ വസതിയില്‍ നടത്തിയ ചര്‍ച്ചയില്‍ സംയുക്ത സമരസമിതി നേതാക്കളായ എ ശ്രീകുമാര്‍, സി ആര്‍ ജോസ് പ്രകാശ്, പി എച്ച് എം ഇസ്മയില്‍, എം ഷാജഹാന്‍, കെ ശിവകുമാര്‍, എസ് വിജയകുമാരന്‍ നായര്‍, ഇ നിസാറുദ്ദീന്‍, എന്‍ ശ്രീകുമാര്‍, പരശുവയ്ക്കല്‍ രാജേന്ദ്രന്‍ എന്നിവര്‍ പങ്കെടുത്തു. ധനകാര്യ പ്രിന്‍സിപ്പല്‍ വി പി ജോയി ഉള്‍പ്പെടെ ഉന്നതഉദ്യോഗസ്ഥസംഘവും ചര്‍ച്ചയില്‍ പങ്കെടുത്തു. ഒരാഴ്ചയായി സമരം ചെയ്യുന്നവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികളാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ലേബര്‍ കമീഷണറേറ്റിലെ അഡ്മിനിസ്ട്രേറ്റിവ് ഓഫീസര്‍ പി ആര്‍ ആനന്ദന്‍, ലേബര്‍ വകുപ്പില്‍ ഡെപ്യൂട്ടി ലേബര്‍ കമീഷണര്‍ പ്രസന്നന്‍, ജില്ലാ ലേബര്‍ ഓഫീസര്‍മാരായ ബേബി കാസ്ട്രോ എന്നിവരെ സസ്പെന്‍ഡ് ചെയ്തു. 11 അസിസ്റ്റന്റ് ലേബര്‍ ഓഫീസര്‍മാരെയും സസ്പെന്‍ഡ് ചെയ്തു.

എംപ്ലോയ്മെന്റ് വകുപ്പില്‍ ഡെപ്യൂട്ടി ഡയറക്ടര്‍മാരായ പി ആര്‍ റൈനോള്‍ഡ്, എസ് ജയചന്ദ്രന്‍നായര്‍, ശ്രീകാന്തന്‍, വൈക്കം എംപ്ലോയ്മെന്റ് ഓഫീസര്‍ സോമനാഥന്‍ എന്നിവരെയും സസ്പെന്‍ഡ് ചെയ്തു. ട്രെയ്നിങ് വകുപ്പില്‍ കോട്ടയം ആര്‍ഐസിയില്‍ ട്രെയ്നിങ് ഓഫീസര്‍ മൊയ്തീന്‍കുട്ടിയും സസ്പെന്‍ഷനിലാണ്. ധനുവച്ചപുരം ഐടിഐ വൈസ് പ്രിന്‍സിപ്പല്‍ ഷമ്മി ബെക്കറെ നിലമ്പൂരിലേക്ക് സ്ഥലംമാറ്റിയിരുന്നു.

deshabhimani

No comments:

Post a Comment