Tuesday, January 1, 2013
സബ്സിഡി, ആനുകൂല്യം അക്കൗണ്ടിലേക്ക് ഇന്നുമുതല്‍
സബ്സിഡികളും വിവിധ ക്ഷേമ ധനസഹായങ്ങളും ഗുണഭോക്താക്കളുടെ അക്കൗണ്ടിലേക്ക് നേരിട്ടു നല്‍കുന്ന പദ്ധതി 20 ജില്ലയില്‍ പരീക്ഷണാര്‍ഥം ചൊവ്വാഴ്ച ആരംഭിക്കും. കൂടുതല്‍ പദ്ധതികളെ ഇതില്‍പെടുത്തുമെന്നും കൂടുതല്‍ ജില്ലകളിലേക്ക് ഇക്കൊല്ലംതന്നെ പദ്ധതി വ്യാപിപ്പിക്കുമെന്നും കേന്ദ്ര ധനമന്ത്രി പി ചിദംബരം വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. കരുതലോടെയാണ് പദ്ധതി ആരംഭിക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ഭക്ഷ്യ, ഇന്ധന, രാസവളം സബ്സിഡികള്‍ നേരിട്ട് അക്കൗണ്ടിലേക്ക് നല്‍കുന്ന പദ്ധതി ആദ്യഘട്ടത്തിലില്ല. കൂടുതല്‍ സങ്കീര്‍ണമായ പ്രക്രിയയായതുകൊണ്ട് നിലവിലുള്ള സംവിധാനം തന്നെയാകും പാചകവാതക, മണ്ണെണ്ണ, ഡീസല്‍, ഭക്ഷ്യ, രാസവളം സബ്സിഡികള്‍ക്ക് തുടരുക. ആധാര്‍ കാര്‍ഡ് കിട്ടിയിട്ടില്ലാത്തവര്‍ക്ക് ബാങ്ക് അക്കൗണ്ടുണ്ടെങ്കില്‍ അതുവഴി ആനുകൂല്യം നല്‍കും-മന്ത്രി പറഞ്ഞു.
ജനുവരി ഒന്നു മുതല്‍ 26 പദ്ധതിയുടെ ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കിത്തുടങ്ങുമെന്നാണ് പ്രഖ്യാപനം. ഫെബ്രുവരി ഒന്നിന് 11 ജില്ലയെയും മാര്‍ച്ച് ഒന്നിന് 12 ജില്ലയെയും ഉള്‍പ്പെടുത്തും. ഈ സാമ്പത്തികവര്‍ഷം ഒടുവില്‍ 43 ജില്ലയിലേക്ക് പദ്ധതി വ്യാപിപ്പിക്കാനാവും. എല്ലാ ജില്ലയിലും 26 പദ്ധതിയുടെയും ആനുകൂല്യങ്ങള്‍ ഒരുമിച്ച് നല്‍കിത്തുടങ്ങാനാവില്ല. ചില പദ്ധതികളിലെ ആനുകൂല്യങ്ങള്‍മാത്രം നല്‍കിക്കൊണ്ടാണ് ജില്ലകളില്‍ പദ്ധതി തുടങ്ങുക. ജനുവരി ഒന്നുമുതല്‍ പോസ്റ്റ് മെട്രിക് സ്കോളര്‍ഷിപ് നല്‍കിത്തുടങ്ങുന്ന ജില്ലകളില്‍ കേരളത്തിലെ വയനാടുമുണ്ട്. 26 പദ്ധതികളിലെയും ആനുകൂല്യം ജനുവരി ഒന്നിനുതന്നെ വയനാട് ജില്ലയില്‍ കിട്ടിത്തുടങ്ങില്ല. വിവിധ ക്ഷേമപദ്ധതികളുടെ ഗുണഭോക്താക്കള്‍, അവയില്‍ ബാങ്ക് അക്കൗണ്ടുകളുള്ളവരുടെ എണ്ണം തുടങ്ങിയ കാര്യങ്ങള്‍ ഇപ്പോഴും തിട്ടപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്. എല്ലാ ഒരുക്കങ്ങളും പൂര്‍ത്തിയാക്കുംമുമ്പ് പ്രചാരണത്തിനുവേണ്ടി യുപിഎ സര്‍ക്കാര്‍ പദ്ധതി ആരംഭിക്കുകയാണ്. അടുത്ത വര്‍ഷത്തെ തെരഞ്ഞെടുപ്പാണ് പ്രധാന ലക്ഷ്യം. ആധാര്‍ കാര്‍ഡിനെ അടിസ്ഥാനമാക്കിയാണ് ആനുകൂല്യങ്ങള്‍ നല്‍കുക. ആനുകൂല്യം ഗുണഭോക്താക്കളുടെ കൈയില്‍ത്തന്നെ എത്തിക്കാനാണ് പുതിയ പദ്ധതിയെന്ന്് സര്‍ക്കാര്‍ അവകാശപ്പെടുന്നു. സ്കോളര്‍ഷിപ്പുകള്‍, വിവിധ ക്ഷേമപെന്‍ഷനുകള്‍, ദേശീയ തൊഴിലുറപ്പു പദ്ധതിയുടെ വേതനം തുടങ്ങിയവയാണ് ഗുണഭോക്താക്കളുടെ ബാങ്ക് അക്കൗണ്ടിലേക്കോ പോസ്റ്റ് ഓഫീസ് സേവിങ്സ് അക്കൗണ്ടിലേക്കോ നല്‍കുക. ആധാര്‍ കാര്‍ഡ് കിട്ടിയിട്ടില്ലാത്തവര്‍ക്ക് അത് കിട്ടാനും രജിസ്റ്റര്‍ചെയ്തിട്ടില്ലാത്തവര്‍ക്ക് രജിസ്റ്റര്‍ചെയ്യാനുമുള്ള ഒരുക്കങ്ങള്‍ ഇപ്പോഴും പാതിവഴിയിലാണ്.
deshabhimani 010113
Subscribe to:
Post Comments (Atom)
No comments:
Post a Comment