Tuesday, January 15, 2013
മുഖ്യമന്ത്രിയുടെ പൊള്ള വാഗ്ദാനങ്ങള്‍ തുറന്നുകാട്ടി എം ബി രാജേഷ്
പാലക്കാട് മെഡിക്കല്‍ കോളേജിന്റെ തറക്കല്ലിടാനെത്തിയ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ജനങ്ങള്‍ക്ക് വാഗ്ദാനങ്ങള്‍ ചൊരിയുകയായിരുന്നു. എന്നാല്‍ വാഗ്ദാനങ്ങള്‍ അടുത്തെങ്ങും നടക്കാന്‍ സാധ്യതയില്ലാത്തവയാണെന്ന് വേദിയില്‍ എം ബി രാജേഷ് എംപി തുറന്നുകാട്ടി. പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ ഉള്‍പ്പെടുത്തി പാലക്കാടിന് ഐഐടി ലഭിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ശരിയല്ലെന്ന് എം ബി രാജേഷ് പറഞ്ഞു. ദേശീയ വികസനസമിതി അംഗീകരിച്ച പന്ത്രണ്ടാം പഞ്ചവത്സര പദ്ധതിയില്‍ കേരളത്തിന് ഐഐടി ഇല്ല. ഇത്തവണ ഐഐടി ലഭിക്കില്ലെന്നുള്ള കാര്യം കേന്ദ്രമന്ത്രി പള്ളം രാജുവും കേരളത്തില്‍ നിന്നുള്ള കേന്ദ്ര സഹമന്ത്രി ശശി തരൂരും സ്ഥിരീകരിക്കുകയും ചെയ്തു. ഈ സാഹചര്യത്തില്‍ ഐഐടിക്ക് വേണ്ടി പാലക്കാട്ടുകാര്‍ ഇനി തുനിഞ്ഞിറങ്ങുകയേ നിവൃത്തിയുള്ളൂവെന്ന് രാജേഷ് പറഞ്ഞു. ആറു മാസത്തിനകം കമ്പനി രൂപീകരിച്ച് കോച്ച് ഫാക്ടറി നിര്‍മാണം തുടങ്ങുമെന്ന് അറിയിച്ചെങ്കിലും ഒരു വര്‍ഷമായിട്ടും പാര്‍ട്ണറെ കണ്ടെത്താനോ ഗ്ലോബല്‍ ടെന്‍ഡര്‍ വിളിക്കാനോ സാധിച്ചില്ല. കോച്ച് ഫാക്ടറിയുടെ ശിലാസ്ഥാപനം നടന്നിട്ട് ഫെബ്രുവരി 22ന് ഒരു വര്‍ഷമാകും. ആ തറക്കല്ലിന്റെ അവസ്ഥ മെഡിക്കല്‍ കോളേജ് തറക്കല്ലിന് ഉണ്ടാവാതിരിക്കട്ടെയെന്ന് എം ബി രാജേഷ് പറഞ്ഞു.
മെഡിക്കല്‍ കോളേജിന് ചെലവ് 250 കോടി
പാലക്കാട്: ജില്ലയില്‍ ആരംഭിക്കുന്ന സര്‍ക്കാര്‍ മെഡിക്കല്‍ കോളേജിന് 250 കോടി രൂപ ചെലവാകുമെന്നും 2014 മെയില്‍ നിര്‍മാണം പൂര്‍ത്തിയാകുമെന്നും സ്പെഷ്യല്‍ ഓഫീസര്‍ എസ് സുബ്ബയ്യ അവതരിപ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നു. പട്ടികജാതിക്കാര്‍ കൂടുതലുള്ള ജില്ലയെന്നതും ഇവിടെ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്ലെന്നതും പാലക്കാടിനെ തെരഞ്ഞെടുക്കാന്‍ പ്രേരകമായി. ആരോഗ്യവിദ്യാഭ്യാസ മേഖലയില്‍ പട്ടിക വിഭാഗക്കാര്‍ തുടര്‍ച്ചയായി അവഗണിക്കപ്പെടുന്നുണ്ട്. 2011ല്‍ മെഡിക്കല്‍ കോളേജുകളില്‍ പ്രവേശനത്തിന് യോഗ്യതയുള്ള 484 പട്ടികജാതിക്കാരുണ്ടായിരുന്നു. സംസ്ഥാനത്താകെ 285 സീറ്റ് ഇവര്‍ക്കായി മാറ്റിവച്ചിട്ടുമുണ്ട്. എന്നാല്‍ 125 പേര്‍ക്ക് മാത്രമാണ് പ്രവേശനം ലഭിച്ചത്. അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ് പോലുള്ള ചില സ്ഥാപനങ്ങള്‍ സര്‍ക്കാര്‍ നിയമങ്ങള്‍ ലംഘിക്കുന്നതാണ് ഇതിന് കാരണം. ഷെഡ്യൂള്‍ഡ് കാസ്റ്റസ് കംപോണന്റ് പ്ലാന്‍ ഫണ്ടില്‍നിന്ന് മെഡിക്കല്‍ കോളേജിനാവശ്യമായ ഫണ്ട് ലഭ്യമാക്കും. മെഡിക്കല്‍ കോളേജിനായുള്ള അപേക്ഷയില്‍ 282.68 കോടി രൂപയാണ് പറഞ്ഞിരുന്നതെങ്കിലും 250 കോടി രൂപയില്‍ യാഥാര്‍ഥ്യമാകും. സൗരോര്‍ജം, കാറ്റ് തുടങ്ങി പാരമ്പര്യ ഊര്‍ജമാര്‍ഗങ്ങളെ ആശ്രയിച്ച് പൂര്‍ണമായും ഹരിതസൗഹൃദമായ കെട്ടിടം പണിയും. റസിഡന്‍ഷ്യല്‍ സൗകര്യവും മെഡിക്കല്‍ കോളേജില്‍ താമസിക്കുന്നവരുടെ ആവശ്യങ്ങള്‍ നിറവേറ്റാനാവശ്യമായ മറ്റ് സജ്ജീകരണങ്ങളുമുള്ള സംരംഭമാണ് വിഭാവനം ചെയ്യുന്നത്. മെഡിക്കല്‍ കോളേജിനായി ഏറ്റെടുത്ത ഭൂമി പട്ടികജാതി വികസനവകുപ്പിന് കൈമാറുന്ന നടപടി പൂര്‍ത്തിയായി വരുന്നു. മെഡിക്കല്‍ കോളേജിന്റെ പ്രോജക്ട് മാനേജ്മെന്റ് കണ്‍സള്‍ട്ടന്റായി കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള ഹോസ്പിറ്റല്‍ സര്‍വീസസ് ആന്‍ഡ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷനെ (എച്ച്എസ്എസ്സി) തെരഞ്ഞെടുത്തിട്ടുണ്ട്. കരാറൊപ്പിട്ട ശേഷം മറ്റു പ്രവര്‍ത്തനങ്ങള്‍ അതിവേഗം പുരോഗമിക്കും. ഗവേഷണ, വികസന പ്രവര്‍ത്തനങ്ങളില്‍ രാജ്യാന്തരപങ്കാളിത്തവും സര്‍ക്കാര്‍ പ്രതീക്ഷിക്കുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു.
deshabhimani 150113
Labels:
ആരോഗ്യരംഗം,
വലതു സര്‍ക്കാര്‍,
വാര്‍ത്ത
Subscribe to:
Post Comments (Atom)
No comments:
Post a Comment