Tuesday, January 15, 2013
ഭൂസമരം മൂന്നാം ആഴ്ചയിലേക്ക്
സംസ്ഥാനത്തെ ലക്ഷക്കണക്കിന് ഭൂരഹിതര്‍ക്ക് കിടപ്പാടമൊരുക്കാനുള്ള ഭൂസംരക്ഷണസമരം മൂന്നാം ആഴ്ചയിലേക്ക് പ്രവേശിക്കുന്നു. കര്‍ഷകരും കര്‍ഷകത്തൊഴിലാളികളും ആദിവാസി, പട്ടികജാതി ജനവിഭാഗവും നേതൃത്വം നല്‍കുന്ന സന്ധിയില്ലാപ്പോരാട്ടത്തിന് നാടാകെ പിന്തുണ നല്‍കുകയാണ്. രണ്ടാഴ്ച പിന്നിട്ട പ്രക്ഷോഭത്തിന്റെ രണ്ടാംഘട്ടമായ കുടില്‍കെട്ടല്‍ സമരത്തിന്റെ നാലാംദിവസം തിരുവനന്തപുരം ജില്ലയിലെ കല്ലിയോട്, പോതുപാറ, തുമ്പോട് എന്നീ സമരകേന്ദ്രങ്ങളില്‍ 29 കുടുംബങ്ങള്‍ കുടില്‍കെട്ടി മിച്ചഭൂമികളില്‍ അവകാശം സ്ഥാപിച്ചു. കോട്ടയം ജില്ലയില്‍ മെത്രാന്‍കായലില്‍ പുതുതായി രണ്ടുകുടുംബം കൂടി കുടില്‍കെട്ടി താമസമാക്കി. ഇതോടെ കുടിലുകളുടെ എണ്ണം ഏഴായി. തയ്യില്‍ച്ചിറയിലും ആലങ്കേരിയിലും ചെങ്കൊടി നാട്ടി അവകാശം സ്ഥാപിച്ചു. കുമരകം മെത്രാന്‍കായല്‍, വടയാര്‍ ആലങ്കേരി പാടം, മാന്നാനത്ത് അത്തിമറ്റം തയ്യില്‍ച്ചിറ പഞ്ചായത്ത് പുറമ്പോക്ക് ഭൂമി എന്നിവിടങ്ങളിലായിരുന്നു സമരം. ബ്രഹ്മമംഗലത്തെ മിച്ചഭൂമിയില്‍ ചൊവ്വാഴ്ച മുതല്‍ കുടില്‍കെട്ടി സമരം തുടങ്ങും. ഇടുക്കിയില്‍ തിങ്കളാഴ്ച ഒന്‍പത് കേന്ദ്രങ്ങളിലെ മിച്ചഭൂമിയില്‍ കുടില്‍കെട്ടി. അടിമാലി ഏരിയയില്‍ ചിത്തിരപുരം ഡോബിപ്പാലം, മറയൂര്‍ കോവില്‍ക്കടവ്, ഏലപ്പാറ ഏരിയയില്‍ വാഗമണ്‍ , നെടുങ്കണ്ടം വട്ടപ്പാറ, ഇടുക്കി താന്നിക്കണ്ടം, മൂന്നാര്‍ കുറ്റിയാര്‍വാലി, കട്ടപ്പന കുന്തളംപാറ, ചിന്നക്കനാല്‍ സിങ്കുകണ്ടം, പീരുമേട് എന്നിവിടങ്ങളിലാണ് സമരം.
പത്തനംതിട്ട ജില്ലയില്‍ നാല് സമരകേന്ദ്രങ്ങളില്‍ 787 കുടിലുകള്‍ ഉയര്‍ന്നു. തിങ്കളാഴ്ച 192 ഭൂരഹിതര്‍ കൂടി കുടില്‍കെട്ടി. അരുവാപ്പുലം കല്ലേലിയില്‍ 265ഉം തട്ടാക്കുടി മിച്ചഭൂമിയില്‍ 240 ഉം ആറന്മുള വിമാനത്താവളഭൂമിയില്‍ 140ഉം പെരുനാട് കൂനങ്കരയില്‍ 142ഉം കുടിലുകളാണുള്ളത്. എറണാകുളം ജില്ലയില്‍ ഒന്നരയേക്കര്‍ സ്ഥലത്ത് തിങ്കളാഴ്ച കൃഷിയിറക്കി. നെടുമ്പാശേരി ഏരിയയിലെ പുത്തന്‍വേലിക്കര താഴംചിറഭൂമിയില്‍ എം വി ഗോവിന്ദന്‍ നെല്‍വിത്ത് പാകി സമരം ഉദ്ഘാടനം ചെയ്തു. സന്തോഷ് മാധവനില്‍നിന്ന് സര്‍ക്കാര്‍ ഏറ്റെടുത്ത 125 ഏക്കറോളം ഭൂമിയില്‍ രണ്ടു ഭാഗത്തായി കിടക്കുന്ന തരിശുഭൂമിയിലാണ് തിങ്കളാഴ്ച കൃഷിയിറക്കിയത്. കാലടി ഏരിയയിലെ അയ്യമ്പുഴ പഞ്ചായത്തില്‍ ചത്തംകുളത്ത് അഞ്ചേക്കര്‍ 70 സെന്റ് സമരഭൂമിയില്‍ പുതിയതായി കുടില്‍കെട്ടി. ആലപ്പുഴ ജില്ലയില്‍ മാന്നാര്‍ കോയിക്കല്‍വക പുറമ്പോക്ക് ഭൂമിയില്‍ പൊലീസ് വലയം ഭേദിച്ച് വളന്റിയര്‍മാര്‍ കൈയേറി കുടില്‍ കെട്ടി. കുട്ടനാട്, തകഴി, കായംകുളം, തൈക്കാട്ടുശേരി, അരൂര്‍ എന്നീ കേന്ദ്രങ്ങള്‍ക്ക് പിന്നാലെയാണിത്. മറ്റു 11 സമരകേന്ദ്രങ്ങളില്‍ കൊടിനാട്ടിയാണ് സമരം.
തൃശൂര്‍ ജില്ലയില്‍ 14 കേന്ദ്രങ്ങളിലായി എഴുനൂറോളം ഭൂരഹിതര്‍ സമരത്തില്‍ പങ്കെടുത്തു. പാലക്കാട് ജില്ലയില്‍ 15 കേന്ദ്രങ്ങളിലാണ് സമരം. കൊല്ലം ജില്ലയില്‍ അരിപ്പയില്‍ 54 ഏക്കറില്‍ കുടില്‍ കെട്ടിയവരുടെ എണ്ണം 763 ആയി. ആര്യങ്കാവ് പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം അനധികൃതമായുള്ള നാഗമലയിലെ മിച്ചഭൂമിയില്‍ തിങ്കളാഴ്ച 68 കുടിലുകള്‍ കൂടി കെട്ടി. ഇതോടെ ഇവിടെ 153 കുടിലുകളായി. കോഴിക്കോട്ട് അഞ്ച് കേന്ദ്രങ്ങളിലും കൂടുതല്‍ കുടുംബങ്ങള്‍ കുടില്‍കെട്ടി താമസം തുടങ്ങി. പേരാമ്പ്രയിലെ മുതുകാട,് കുന്നുമ്മലിലെ മരുതോങ്കര വില്യംപാറ, വാണിമേല്‍ വാളാംതോട്, കോടഞ്ചേരി നെല്ലിപ്പൊയില്‍, ബേപ്പൂര്‍ മണ്ണടത്ത് എന്നിവിടങ്ങളിലാണ് സമരം. കണ്ണൂര്‍ ജില്ലയില്‍ 14 കേന്ദ്രങ്ങളിലായി ഇതുവരെ 124 കുടില്‍കെട്ടി മിച്ചഭൂമി പ്രദേശങ്ങളില്‍ അവകാശം സ്ഥാപിച്ചു. തിങ്കളാഴ്ച 16 കുടിലാണ് കെട്ടിയത്. 800 വളന്റിയര്‍മാരാണ് സമരകേന്ദ്രങ്ങളില്‍ പങ്കെടുത്തത്. 900 പേര്‍ വളന്റിയര്‍മാരെ അനുഗമിച്ചു. കാസര്‍കോട് ജില്ലയില്‍ 317 കുടുംബങ്ങളാണ് കുടില്‍കെട്ടിയത്.
നാലാംനാള്‍ 3475 കുടില്‍
പിറന്ന മണ്ണില്‍ ഒരുതുണ്ടു ഭൂമിക്കായി മണ്ണിന്റെ മക്കള്‍ നടത്തുന്ന കുടില്‍കെട്ടല്‍ സമരം ആവേശത്തിന്റെ പുതിയ പാഠംരചിക്കുന്നു. ഗ്രാമകേന്ദ്രങ്ങളില്‍ ജനക്കൂട്ടത്തെ സാക്ഷി നിര്‍ത്തി ഉദ്ഘാടനം. പിന്നെ കൂറ്റന്‍ ചെങ്കൊടിയേന്തി മുദ്രാവാക്യങ്ങളുടെ ഇടിമുഴക്കങ്ങള്‍ക്കിടയിലൂടെ സമരഭൂമിയിലേക്ക്. കുടില്‍കെട്ടി അവകാശം സ്ഥാപിക്കുന്ന രണ്ടാംഘട്ട സമരത്തില്‍ തിങ്കളാഴ്ച മാത്രം സംസ്ഥാനത്ത് കൂരയൊരുങ്ങിയത് 3475 കുടുംബങ്ങള്‍ക്ക്.
കൊല്ലം ജില്ലയിലെ തെന്മലയില്‍ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്‍ കൈവശം വച്ചിരിക്കുന്ന ഭൂമിയില്‍ സമരത്തിന്റെ നാലാംനാള്‍ ഉയര്‍ന്നത് 180 കുടില്‍. കൂത്താട്ടുകുളം ഓണക്കൂറില്‍ ഏഴ് കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍കെട്ടി താമസംതുടങ്ങി. പാലക്കാട് അട്ടപ്പാടിയില്‍ തങ്ങളെ ആട്ടിയോടിച്ച മണ്ണില്‍ ആദിവാസികള്‍ 70 കുടില്‍കെട്ടി.
തിരുവനന്തപുരത്ത് പോതുപാറ, കല്ലിയോട്, തുമ്പോട് എന്നീ സമരകേന്ദ്രങ്ങളിലായി 34 കുടില്‍ കെട്ടി. രണ്ടാംഘട്ട സമരത്തിന്റെ നാലാംദിവസം പിന്നിട്ടതോടെ സംസ്ഥാനത്ത് ആകെ കുടിലുകളുടെ എണ്ണം 7895 ആയി. കിടപ്പാടത്തിനായുള്ള പേരാട്ടത്തില്‍ അനുദിനം വര്‍ധിക്കുന്ന പങ്കാളിത്തം അധികൃതരെ അമ്പരപ്പിക്കുകയാണ്. സന്ധിയില്ലാത്ത പേരാട്ടവീറിന് മുമ്പില്‍ പ്രതിരോധത്തിലാകുന്ന അവസ്ഥ. മുഴുവന്‍ ഭൂരഹിതര്‍ക്കും ഭൂമി നല്‍കുക, പട്ടികവര്‍ഗ കുടുംബങ്ങള്‍ക്ക് കുറഞ്ഞത് ഒരേക്കര്‍ നല്‍കുക, ഭൂപരിഷ്കരണനിയമം അട്ടിമറിക്കുന്ന സര്‍ക്കാര്‍ നടപടികള്‍ ഉപേക്ഷിക്കുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് ഭൂസംരക്ഷണ സമരം.
കൂടുതല്‍ കുടുംബങ്ങള്‍ മിച്ചഭൂമിയില്‍
കാസര്‍കോട്: ഭൂസംരക്ഷണ സമരം കരുത്താര്‍ജിച്ചു. തിങ്കളാഴ്ചയും കുടില്‍കെട്ടല്‍ സമരത്തിലേക്ക് നിരവധിയാളുകള്‍ പുതുതായെത്തി. ജില്ലയില്‍ നാല് കേന്ദ്രങ്ങളില്‍ നടക്കുന്ന സമരത്തില്‍ ഇതിനകം 317 കുടിലുകള്‍ കെട്ടി. തിങ്കളാഴ്ച മാത്രം 133 കുടിലുകളാണ് കെട്ടിയത്. ചാമക്കുഴിയിലെ തരിമ്പയിലും തടിക്കുന്നിലുമായി 114 കുടുംബങ്ങളാണ് സമരത്തിലുള്ളത്. ചീമേനിയില്‍ 147 കുടിലുകളും ബെഡൂര്‍ മൂര്‍ഖന്‍തട്ടില്‍ 40, ബേളൂര്‍ കോട്ടപ്പാറയില്‍ 16 എന്നിങ്ങനെയാണ് കുടില്‍ കെട്ടിയത്. തരിമ്പ ഭൂസമര കേന്ദ്രത്തില്‍ തിങ്കളാഴ്ച 24 കുടിലുകളുയര്‍ന്നു. തരിമ്പയില്‍ 19, തടിക്കുന്നില്‍ 2, ചാമക്കുഴി 3 എന്നിങ്ങനെയാണ് കുടിലുകളുയര്‍ന്നത്. കഴിഞ്ഞദിവസം തരിമ്പയില്‍ 82 കുടിലാണ് കെട്ടിയത്. ഇതോടെ ഇവിടെ 106 കുടിലുകള്‍ കെട്ടി. കയനി മോഹനന്‍, എന്‍ കൃഷ്ണന്‍, എ കെ കുഞ്ഞിക്കണ്ണന്‍, സി ഗംഗാധരന്‍, വി ബാലകൃഷ്ണന്‍ എന്നിവര്‍ നേതൃത്വം നല്‍കി.
കോടോം- ബേളൂര്‍ കാലിച്ചാനടുക്കം കോട്ടപ്പാറ മിച്ചഭൂമിയില്‍ തിങ്കളാഴ്്്ച എട്ട് കുടില്‍ കെട്ടി. കഴിഞ്ഞദിവസം ഏഴ് കുടുംബങ്ങളാണ് ഇവിടെ താമസം തുടങ്ങിയത്. ഇതോടെ 15 കുടില്‍ കോട്ടപ്പാറ മിച്ചഭൂമിയിലുയര്‍ന്നു. എം ഗോപാലന്‍, പി വി ശശിധരന്‍, പി കുഞ്ഞിക്കണ്ണന്‍, എ ഭാസ്കരന്‍, ബാബുരാജ്, രാഘവന്‍ ക്ലായിക്കോട്, പി ഗോപാലന്‍, എന്നിവര്‍ നേതൃത്വം നല്‍കി. ബെഡൂര്‍ മൂര്‍ഖന്‍തട്ടില്‍ തിങ്കളാഴ്ച പുതുതായി ഒരു ആദിവാസി കുടുംബംകൂടി കുടിലുകെട്ടി. 41 കുടുംബങ്ങള്‍ ഇതോടെ മൂര്‍ഖന്‍പറമ്പ് മിച്ചഭൂമിയില്‍ താമസമാക്കി. സമര വളണ്ടിയര്‍മാര്‍ക്ക് ഭീമനടി ഭൂസംരക്ഷണ സമിതി അരിയുള്‍പ്പെടെയുള്ള ഭക്ഷ്യസാധനങ്ങള്‍ വിതരണം ചെയ്തു. യോഗത്തില്‍ പി ഗോവിന്ദന്‍ അധ്യക്ഷനായി. കെ പി നാരായണന്‍, പി രവീന്ദ്രന്‍, കെ ഹരീഷ്, കെ കൃഷ്ണന്‍, ടി പി അനു, ടി വി ഗീത, പി കെ ദാമോദരന്‍, എം വി ജോര്‍ജ്, ഇ ടി ജോസ്, യു കരുണാകരന്‍, സി വി ശശി, ഷാജി പുന്നക്കുന്ന് എന്നിവര്‍ സംസാരിച്ചു. പി ശശി സ്വാഗതം പറഞ്ഞു. ചീമേനി കിഴക്കേക്കരയില്‍ 147 കുടുംബങ്ങള്‍ മിച്ചഭൂമിയില്‍ കുടില്‍ കെട്ടാനാരംഭിച്ചു. തിങ്കളാഴ്ച 54 കുടുംബങ്ങള്‍ കുടില്‍ കെട്ടി അവകാശം സ്ഥാപിച്ചു. പി കെ പവിത്രന്‍, കെ ശ്രീധരന്‍, കെ എം ജോസഫ്, എ ജി അജിത്ത്കുമാര്‍, കെ മുരളി എന്നിവര്‍ നേതൃത്വം നല്‍കി.
124 കുടില്‍കെട്ടി: ഭൂസമരം കരുത്തോടെ മുന്നോട്ട്
കണ്ണൂര്‍: കരുത്തിന്റെയും ഐക്യത്തിന്റെയും പ്രതീകമായി ഭൂസംരക്ഷണ സമരസമിതിയുടെ നേതൃത്വത്തിലുള്ള പ്രക്ഷോഭം കരുത്തോടെ മുന്നോട്ട്. ജില്ലയിലാകെ 14 കേന്ദ്രങ്ങളിലായി ഇതുവരെ 124 കുടില്‍കെട്ടി മിച്ചഭൂമി പ്രദേശങ്ങളില്‍ അവകാശം സ്ഥാപിച്ചു. തിങ്കളാഴ്ച 16കുടിലാണ് കെട്ടിയത്. 800വളണ്ടിയര്‍മാരാണ് സമരകേന്ദ്രങ്ങളില്‍ പങ്കെടുത്തത്. 900പേര്‍ വളണ്ടിയര്‍മാരെ അനുഗമിച്ചു. പെരിങ്ങോം പായം മിച്ചഭൂമിയില്‍ പി ശശിധരന്‍ ഉദ്ഘാടനം ചെയ്തു. പി തമ്പാന്‍ അധ്യക്ഷനായി. പി വി ചന്ദ്രന്റെ നേതൃത്വത്തില്‍ രണ്ട് കുടില്‍കെട്ടി. പയ്യന്നൂര്‍ കാപ്പാട് സി ഗോപാലന്‍ ഉദ്ഘാടനം ചെയ്തു. എ വി സുകുമാരന്‍ അധ്യക്ഷനായി. കെ ഗോവിന്ദന്‍ നേതൃത്വം നല്‍കി. മാടായി ആലംപൊയിലില്‍ ടി സുലജ ഉദ്ഘാടനം ചെയ്തു. ചന്ദന്‍കുട്ടി അധ്യക്ഷനായി. വി രമേശന്‍, എന്‍ എം ഗോപാലകൃഷ്ണന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഒരു കുടില്‍കെട്ടി. തളിപ്പറമ്പ് അവുങ്ങുംപൊയിലില്‍ കെ കുഞ്ഞപ്പ ഉദ്ഘാടനം ചെയ്തു. കെ മനോഹരന്‍ അധ്യക്ഷനായി. കെ കൃഷ്ണന്‍ നേതൃത്വം നല്‍കി. ആലക്കോട് ഒടുവള്ളിത്തട്ടില്‍ കെ കെ കൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വി പി കുഞ്ഞിക്കോരന്‍ അധ്യക്ഷനായി. ഇ സി കുഞ്ഞിരാമന്റെ നേതൃത്വത്തില്‍ ഒരു കുടില്‍ കെട്ടി. ശ്രീകണ്ഠപുരം കല്യാട് അട്ടാംതോട് മിച്ചഭൂമിയില്‍ കുടില്‍കെട്ടല്‍സമരം പി വി ഗോപിനാഥ് ഉദ്ഘാടനം ചെയ്തു. വി പി മോഹനന്‍ അധ്യക്ഷനായി. കെ ടി അനില്‍കുമാറിന്റെ നേതൃത്വത്തില്‍ രണ്ട് കുടില്‍കെട്ടി. മയ്യില്‍ നണിയൂര്‍ നമ്പ്രത്ത് കെ ചന്ദ്രന്‍ ഉദ്ഘാടനം ചെയ്തു. കെ വി ഉമാനന്ദന്‍ അധ്യക്ഷനായി. പി പവിത്രന്റെ നേതൃത്വത്തില്‍ രണ്ട് കുടില്‍കെട്ടി.
എടക്കാട് മാളികപ്പറമ്പില്‍ ടി കൃഷ്ണന്‍ അധ്യക്ഷനായി. എം ഹരിദാസന്‍ അധ്യക്ഷനായി. എ പി ശശീന്ദ്രന്റെ നേതൃത്വത്തില്‍ ഒരു കുടില്‍കെട്ടി. പിണറായി വണ്ണാന്റെ മൊട്ടയില്‍ കെ കെ രാജീവന്‍ ഉദ്ഘാടനം ചെയ്തു. എം ശ്രീധരന്‍ അധ്യക്ഷനായി. പി ജനാര്‍ദനന്‍, പി കെ രാജീവന്‍ എന്നിവര്‍ നേതൃത്വം നല്‍കി. കൂത്തുപറമ്പ് കുമ്പളപ്പടിയില്‍ എം കെ സുധീര്‍കുമാര്‍ ഉദ്ഘാടനം ചെയ്തു. കെ എന്‍ ഗോപി അധ്യക്ഷനായി. സി മുകുന്ദന്റെ നേതൃത്വത്തില്‍ ഒരു കുടില്‍കെട്ടി. ഇരിട്ടി പന്നിമൂലയില്‍ സിപിഐ എം മട്ടനൂര്‍ ഏരിയാ സെക്രട്ടറി പി പുരുഷോത്തമന്‍ ഉദ്ഘാടനം ചെയ്തു. പി വി കുഞ്ഞിക്കണ്ണന്‍ അധ്യക്ഷനായി. ഉത്തമന്‍ കല്ലായിയുടെ നേതൃത്വത്തില്‍ നാല് കുടില്‍കെട്ടി. പേരാവൂര്‍ വേക്കളത്ത് എം കണ്ണന്‍ ഉദ്ഘാടനം ചെയ്തു. എം കുഞ്ഞിരാമന്‍ അധ്യക്ഷനായി. എം എസ് വാസുദേവന്‍ നേതൃത്വം നല്‍കി. കണ്ണൂര്‍ കാട്ടാമ്പള്ളിയില്‍ പി രമേഷ്ബാബു ഉദ്ഘാടനം ചെയ്തു. കാടന്‍ ബാലകൃഷ്ണന്‍ അധ്യക്ഷനായി. ടി വി വിജയന്‍, ടി ലക്ഷ്മണന്‍ എന്നിവര്‍ നേതൃത്വം നല്‍കി. പാനൂര്‍ തൃപ്രങ്ങോട്ടൂര്‍ ആനപ്പാറയില്‍ വി പി നാണു ഉദ്ഘാടനം ചെയ്തു. എം സുധാകരന്‍ അധ്യക്ഷനായി. കോടൂര്‍ ബാലന്റെ നേതൃത്വത്തില്‍ രണ്ട് കുടില്‍കെട്ടി. ഭൂമിയില്ലാത്ത ആദിവാസികള്‍, പട്ടികജാതിക്കാര്‍, ഹരിജനങ്ങള്‍, കര്‍ഷകത്തൊഴിലാളികള്‍ തുടങ്ങിയവര്‍ക്ക് സര്‍ക്കാര്‍ ഭൂമി പതിച്ചുനല്‍കും വരെ അനിശ്ചിതമായി സമരം ചെയ്യും. ഭൂസംരക്ഷണനിയമം അട്ടിമറിക്കാതിരിക്കുക, എല്ലാ ആദിവാസികള്‍ക്കും ഒരേക്കര്‍ വീതം ഭൂമി നല്‍കുക, എല്ലാ ഭൂരഹിത പട്ടികജാതിക്കാര്‍ക്കും ഉടന്‍ ഭൂമി നല്‍കുക, നെല്‍വയല്‍- തണ്ണീര്‍ത്തട സംരക്ഷണനിയമം കര്‍ശനമായി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങളുമായി കര്‍ഷകസംഘം, കര്‍ഷകത്തൊഴിലാളി യൂണിയന്‍, ആദിവാസി ക്ഷേമസമിതി, കോളനി അസോസിയേഷന്‍ എന്നീ സംഘടനകളാണ് നേതൃത്വം നല്‍കുന്നത്
മഞ്ഞുവയലിലെ സമരഭൂമിയില്‍ കൃഷിയിറക്കി
മുക്കം: തലചായ്ക്കാന്‍ തുണ്ടുഭൂമിയെങ്കിലും ലഭിക്കാതെ സമരഭൂമിയില്‍നിന്ന് മടങ്ങില്ലെന്ന് പ്രഖ്യാപിച്ച് രണ്ടാംഘട്ട ഭൂസമരത്തിന്റെ നാലാംനാള്‍ തിരുവമ്പാടി മഞ്ഞുവയലിലെ ഭൂമിയില്‍ കുടുംബങ്ങള്‍ കൃഷിയിറക്കി. കുടില്‍കെട്ടി സമരം തുടങ്ങിയ 81 സെന്റ് ഭൂമിയിലാണ് സമരവളണ്ടിയര്‍മാര്‍ കൃഷിയിറക്കിയത്. ഭൂമിയില്‍ ആദ്യം കുടില്‍കെട്ടിയ ഭൂരഹിതരായ സുരേന്ദ്രന്റെയും സിദ്ദിഖിന്റെയും കുടുംബങ്ങളാണ് ആദ്യം വാഴ നട്ട് കൃഷിയിറക്കിയത്. കത്തുന്ന വെയിലിനെ അവഗണിച്ച് സമരവളണ്ടിയര്‍മാര്‍ മുദ്രാവാക്യങ്ങള്‍ മുഴക്കേ ഇവര്‍ ഭൂമിയില്‍ കൃഷിയിറക്കി. ഭൂമിക്കായുള്ള പോരാട്ടത്തിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് നൂറുകണക്കിനാളുകളാണ് തിങ്കളാഴ്ച മഞ്ഞുവയലിലെ സമരഭൂമിയിലെത്തിയത്.
നാലാം ദിവസത്തെ സമരം പട്ടികജാതി ക്ഷേമസമിതി ജില്ലാ സെക്രട്ടറി ഇ രമേശ്ബാബു ഭൂരഹിതനായ പട്ടികവര്‍ഗ വിഭാഗത്തില്‍പ്പെട്ട പനച്ചിക്കല്‍ ബിനുവിന് പതാക കൈമാറിയാണ് ഉദ്ഘാടനംചെയ്തത്. ജീരകപ്പാറ സമരനേതാക്കളില്‍ ഒരാളായ പുന്നക്കൊമ്പന്‍ വര്‍ഗീസ് സമരവളണ്ടിയര്‍മാരെ അഭിവാദ്യംചെയ്തു. ഇ ശ്രീധരന്‍ കുന്നമംഗലം, കെ വസന്ത എന്നിവര്‍ സംസാരിച്ചു. സി പിഐ എം കൂടരഞ്ഞി ലോക്കല്‍ സെക്രട്ടറി എം ടി ദേവസ്യ, മുക്കം സൗത്ത് ലോക്കല്‍ സെക്രട്ടറി കെ ടി ശ്രീധരന്‍ എന്നിവര്‍ തിങ്കളാഴ്ചത്തെ സമരപരിപാടികള്‍ ഏകോപിപ്പിച്ചു. സമരവളണ്ടിയര്‍ എഴുതിയ സ്വന്തം പാട്ടുകള്‍ അവതരിപ്പിച്ചു. ഭൂസംരക്ഷണസമിതി ഏരിയാ നേതാക്കളായ വി കെ പീതാംബരന്‍, കെ കെ ദിവാകരന്‍, കെ പി ചാക്കോച്ചന്‍ എന്നിവര്‍ മഞ്ഞുവയലില്‍ സമരത്തിന് നേതൃത്വം നല്‍കുന്നു. മഞ്ഞുവയലിലെ സമരത്തിന്റെ ആവേശം മലയോരമാകെ അലയടിക്കുകയാണ്.
സമരമുഖത്ത് മണ്ണിന്റെ നേരവകാശികള്‍
വടകര: ആരുടെയും ഭൂമി തട്ടിയെടുക്കാനോ കൊട്ടാരങ്ങള്‍ പണിത് സുഖിക്കാനോ അല്ല ഇവിടെ ഭൂസമര കേന്ദ്രങ്ങളില്‍ ചെങ്കൊടിയുടെ ചങ്കൂറ്റത്തില്‍ ഒരുതുണ്ട് ഭൂമി ചോദിക്കുന്നത് മണ്ണിന്റെ നേരവകാശികള്‍. ആദിവാസികള്‍, പുറമ്പോക്കില്‍ കഴിയുന്നവര്‍ തുടങ്ങി അന്തിയുറങ്ങാന്‍ ഒരിടംതേടി 140ഓളം വരുന്ന കുടുംബങ്ങളാണ് ജില്ലയിലെ അഞ്ച് മിച്ചഭൂമികളില്‍ കുടില്‍കെട്ടി താമസമാരംഭിച്ചത്. "ഇത് എന്റെച്ഛന്‍ വെളുക്കന്റെ ഭൂമിയാ, ഈടെ കിടന്ന് മരിക്ക്വാല്ലാണ്ട് ഞാള് കീയില്ല, മുതുമുത്തച്ഛന്മാരെ അടക്കിയ ചുടലപ്പറമ്പായിത്". വാണിമേല്‍ വാളാംതോട് മിച്ചഭൂമിയില്‍ കുടില്‍കെട്ടിയ ആദിവാസി മൂപ്പന്‍ കയമന്റെ വാക്കുകള്‍ക്ക് ആധാരത്തെക്കാള്‍ വിലയുണ്ട്. വയനാട്ടിലെ നായര്‍ പ്രമാണിമാരുടെ തറവാടുകളില്‍ നിന്നാണ് പണിയരെ വാണിമേലിലെ മുസ്ലിം ജന്മിമാര്‍ അടിമപ്പണം നല്‍കി വാങ്ങിച്ചത്. ഏഴ് പണിയ കുടുംബങ്ങളെയാണ് അന്ന് വാളാംതോട്ടില്‍ കൊണ്ടുവന്ന് താമസിപ്പിച്ചത്. കാട്ടാനകളും കാട്ടുപന്നിയും കരിമ്പാറകളുമുള്ള കൊടുംകാട്ടിലാണ് പണിയ കുടുംബങ്ങളെക്കൊണ്ട് പണിയെടുപ്പിച്ചത്. കാട് കൃഷിയിടമാകുന്നതോടെ ആദിവാസികളെ വീണ്ടും കാടുകയറ്റി കൃഷിഭൂമിയുടെ വിസ്തൃതി കൂട്ടും.
ജീവിതകാലം മുഴുവന്‍ അധ്വാനിച്ചിട്ടും ഒരു തരി മണ്ണിന്റെ ഉടമകളാകാത്ത ആദിവാസി കുടുംബങ്ങള്‍ക്കാണ് ഇപ്പോള്‍ ചെങ്കൊടി പ്രസ്ഥാനം പ്രത്യാശ പകര്‍ന്നിട്ടുള്ളത്. മണ്ണില്‍ മൃഗതുല്യരായി ജോലിചെയ്ത ആദിവാസികളെ അവകാശബോധമുള്ളവരാക്കാന്‍ പഠിപ്പിച്ചത് പുരോഗമന കര്‍ഷക-കര്‍ഷകത്തൊഴിലാളി പ്രസ്ഥാനങ്ങളാണ്. ആദിവാസികളുടെ റേഷന്‍ കാര്‍ഡ് കൈക്കലാക്കി അരി തട്ടിയെടുക്കുന്ന പ്രമാണിമാര്‍ക്കെതിരെ വിലങ്ങാട്ട് എ കണാരന്റെ നേതൃത്വത്തില്‍ നടന്ന ഐതിഹാസിക സമരത്തെ കെട്ടില്‍ അടുപ്പില്‍ കോളനിയിലെ ആദിവാസി കുടുംബങ്ങള്‍ നന്ദിപൂര്‍വം സ്മരിക്കുന്നു.
"കണാരേട്ടനും ഇ വി കുമാരേട്ടനുമാ ഞങ്ങളെ സമരം ചെയ്യാന്‍ പഠിപ്പിച്ചത്. ഗോപാലന്‍മാഷെ നേതൃത്വത്തിലാണ് ഞാള് കോഴിക്കോട്ടേക്ക് സമരത്തിന് പോയത്". അടുപ്പില്‍ കോളനിയിലെ പഴയകാല സമരം ഓര്‍ത്തു.
വാളാംതോട് മിച്ചഭൂമിയില്‍ മാത്രം അഞ്ച് ആദിവാസി കുടുംബങ്ങള്‍ കുടില്‍കെട്ടി അവകാശം സ്ഥാപിച്ചിട്ടുണ്ട്. തിരുവമ്പാടി നെല്ലിപ്പൊയിലിനു സമീപം മഞ്ഞുവയലിലെ റവന്യൂ ഭൂമിയില്‍ കൂടരഞ്ഞി പൂവാരംതോട്, പനച്ചിക്കല്‍ ബിനുവും രണ്ട് വികലാംഗരായ മക്കള്‍ ഉള്‍പ്പെടെ അഞ്ചു പേരടങ്ങുന്ന ആദിവാസി കുടുംബമാണ് കുടില്‍കെട്ടിയിട്ടുള്ളത്. മരുതോങ്കര വില്ല്യംപാറ കോളനിയില്‍ പതിമൂന്ന് ആദിവാസി കുടുംബങ്ങളാണ് കുടില്‍കെട്ടി അവകാശം പ്രഖ്യാപിച്ചത്. ഭൂ സമരത്തിെന്‍റ രണ്ടാംഘട്ടമായി കുടില്‍കെട്ടി സമരം നാലുനാള്‍ പിന്നിട്ടപ്പോള്‍ ആവേശകരമായ അനുഭവമാണ്.
തലചായ്ക്കാനിടംതേടി മണ്ണിന്റെ നേരവകാശികള്‍
നാഗമല (ആര്യങ്കാവ്): പിറന്ന മണ്ണില്‍ തലചായ്ക്കാനിടം അവകാശമാണെന്ന പ്രഖ്യാപനവുമായി നാഗമലയിലെ ഭൂസമരം കൂടുതല്‍ കരുത്തോടെ മൂന്നാംദിവസത്തിലേക്ക്. രണ്ടാംദിവസമായ തിങ്കളാഴ്ച ആര്യങ്കാവ് പഞ്ചായത്തിലെ ഹാരിസണ്‍ മലയാളം പ്ലാന്റേഷന്റെ കൈവശം അനധികൃതമായുള്ള നാഗമലയിലെ മിച്ചഭൂമിയില്‍ 153 കുടിലുകള്‍ കെട്ടിയുയര്‍ത്തി. രണ്ടാംദിനം മാത്രം 68 കുടിലുകള്‍ കെട്ടി. മിച്ചഭൂമിയില്‍ കൂടുതല്‍ കുടില്‍ കെട്ടി അവകാശം സ്ഥാപിച്ച് ശക്തമായ പ്രക്ഷോഭത്തിലേക്ക് വരുംദിവസങ്ങളില്‍ നൂറുകണക്കിന് കുടുംബങ്ങള്‍ എത്തിച്ചേരും. കേരള കര്‍ഷകസംഘം, കെഎസ്കെടിയു, എകെഎസ്, പികെഎസ് എന്നിവയുടെ നേതൃത്വത്തില്‍ രൂപീകരിച്ച സംയുക്ത സമരസമിതിയുടെ ആഭിമുഖ്യത്തിലാണ് കുടില്‍കെട്ടി സമരം തുടരുന്നത്. കൈക്കുഞ്ഞുങ്ങളുമായാണ് നിരവധി അമ്മമാര്‍ സമരഭൂവിലെ കൊച്ചുകുടിലുകളില്‍ കഴിയുന്നത്. കുടിലിനു മുന്നിലൊരുക്കിയ അടുപ്പുകളില്‍ സമരക്കാര്‍ ഭക്ഷണംപാകംചെയ്യുന്നുണ്ട്. സമരകേന്ദ്രം ഒരു ചെറുഗ്രാമമായി മാറിക്കഴിഞ്ഞു. സമരഭൂമി സന്ദര്‍ശിക്കാന്‍ നിരവധി പേരാണ് എത്തിക്കൊണ്ടിരിക്കുന്നത്. തോട്ടംതൊഴിലാളികള്‍ മാത്രം അധിവസിച്ചിരുന്ന നാഗമലയിലേക്ക് പിന്തുണയുമായി ദൂരെനിന്നുപോലും ആളുകള്‍ എത്തി.
കെഎസ്കെടിയു സംസ്ഥാനകമ്മിറ്റിഅംഗം എം എ മുഹമ്മദ്, ജില്ലാ വൈസ്പ്രസിഡന്റ് പി എ എബ്രഹാം എന്നിവരാണ് സമരം നയിക്കുന്നത്. സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവര്‍ക്കും സമരസഹായ സമിതിയുടെയും സിപിഐ എം കഴുതുരുട്ടി ലോക്കല്‍കമ്മിറ്റിയുടെയും നേതൃത്വത്തില്‍ ഭക്ഷണം തയ്യാറാക്കി നല്‍കി. ഡിവൈഎഫ്ഐ പ്രവര്‍ത്തകരും സജീവമായി രംഗത്തുണ്ട്. ഭൂപരിഷ്കരണം അട്ടിമറിച്ച് ഭൂരഹിതരെ വഴിയാധാരമാക്കാനുള്ള യുഡിഎഫ് സര്‍ക്കാരിന്റെ ഗൂഢനീക്കത്തിനെതിരെ ശക്തമായ താക്കീതായി മാറുകയാണ് ആര്യങ്കാവ് ഹാരിസണ്‍ മലയാളം പ്ലാന്റേഷനിലെ നാഗമല മിച്ചഭൂമിയിലെ കുടില്‍കെട്ടിയുള്ള സമരം.
അരിപ്പയില്‍ കുടിലുകള്‍ 763 ആയി
അഞ്ചല്‍: ഭൂസമരത്തിന്റെ ജില്ലാ സമരകേന്ദ്രമായിരുന്ന അരിപ്പയില്‍ കുടില്‍ കെട്ടിയുള്ള സമരം അഞ്ചാംദിവസത്തിലേക്ക് കടക്കുന്നു. നാലാംദിവസം സമരം പിന്നിടുമ്പോള്‍ അരിപ്പയിലെ സമരഭൂമിയില്‍ കുടില്‍കെട്ടി താമസമാക്കിയവരുടെ എണ്ണം 763 ആയി. അരിപ്പയിലെ 54 ഏക്കറില്‍ ഇപ്പോള്‍ കുടിലുകള്‍ നിറഞ്ഞു. താമസിച്ചിരുന്നിടത്തുനിന്ന് ഭക്ഷണപാചകപാത്രങ്ങളും ഭക്ഷ്യസാധനങ്ങളുമായാണ് കുടില്‍കെട്ടാന്‍ എത്തിയത്. പലരും വാടകവീടുകളിലും സ്വന്തക്കാരുടെ വീടുകളിലുമായിരുന്നു ഇതുവരെയും താമസം. സമരഭൂമിയില്‍ കുടില്‍കെട്ടി താമസിക്കുന്നവരെയും ഇവരെ സന്ദര്‍ശിക്കാനെത്തുന്ന നാട്ടുകാരെയും ബന്ധുക്കളെയും കൊണ്ട് അരിപ്പ ജങ്ഷനില്‍ രാവും പകലും വന്‍തിരക്കായി. കര്‍ഷകസംഘം, കെഎസ്കെടിയു, എകെഎസ്, പികെഎസ് എന്നിവയുടെ നേതൃത്വത്തിലാണ് പ്രക്ഷോഭം മുന്നേറുന്നത്. കുടില്‍കെട്ടി താമസിക്കുന്നവര്‍ക്ക് സഹായത്തിനായി ഭൂസമരത്തിന്റെ പ്രാദേശിക സംഘാടകസമിതി നേതാക്കളും അതിന്റെ പ്രവര്‍ത്തകരും കുളത്തൂപ്പുഴ തിങ്കള്‍ക്കരിക്കം മടത്തറ വില്ലേജ്കമ്മിറ്റികളിലെ ഡിവൈഎഫ്ഐ പ്രവര്‍ത്തകരും രാപകലന്യെ സമരഭൂമിയിലുണ്ട്.
കിടപ്പാടത്തിലേക്കുള്ള വഴിയ്ക്കായി സമരം ശക്തമാക്കും
തേഞ്ഞിപ്പലം: നാലുസെന്റിലെ കിടപ്പാടത്തിലേക്കുള്ള വഴി പുനഃസ്ഥാപിച്ചുനല്‍കണമെന്ന ആവശ്യവുമായി ചേലേമ്പ്ര പഞ്ചായത്തിന് മുന്നില്‍ ആഴ്ചകളായി സമരംചെയ്യുന്ന അമ്മയ്ക്കും മകള്‍ക്കും നീതി ലഭ്യമാക്കാന്‍ ആര്‍ഡിഒക്കും കഴിഞ്ഞില്ല. തിരൂര്‍ ആര്‍ഡിഒ കെ ഗോപാലന്‍ തിങ്കളാഴ്ച പകല്‍ 3.30þഓടെ ചേലേമ്പ്ര പഞ്ചായത്ത് ഓഫീസിലും ചേലേമ്പ്ര പുല്ലിപ്പറമ്പ് കൊടുമൂളിപ്പുറായി ബേബിയുടെ വീട്ടിലും സന്ദര്‍ശനം നടത്തി. സമരസഹായ സമിതിക്കാര്‍ പഞ്ചായത്ത് പ്രസിഡന്റ്, സെക്രട്ടറി, വില്ലേജ് ഓഫീസര്‍, ബേബിയുടെ വഴി കൈയേറിയ മുഹമ്മദ് എന്നിവരുമായി ചര്‍ച്ച നടത്തിയെങ്കിലും നടപടിയായില്ല.
ആവേശം കുടില്‍ കെട്ടുന്നു; ഭൂരഹിതര്‍ കാലുറപ്പിക്കുന്നു
കിളിമാനുര്‍/ നെടുമങ്ങാട്: പിറന്ന മണ്ണില്‍ കിടപ്പാടത്തിനായുള്ള ഭൂരഹിതരുടെ പ്രക്ഷോഭം രണ്ടാഴ്ച പിന്നിടുമ്പോള്‍ ജില്ലയിലാകെ സമരാവേശം. കുടില്‍കെട്ടിയുള്ള സമരത്തിന്റെ നാലാം ദിവസവും മൂന്ന് സമരകേന്ദ്രങ്ങളിലും ആവേശം അലതല്ലി. പോതുപാറ, കല്ലിയോട്, തുമ്പോട് എന്നിവിടങ്ങളിലെ മിച്ചഭൂമികളില്‍ തിങ്കളാഴ്ച 42 ഭൂരഹിതര്‍കൂടി പ്രവേശിച്ച് കുടില്‍കെട്ടി. ഇതോടെ കുടിലുകളുടെ എണ്ണം 157 ആയി. മടവൂര്‍ തുമ്പോട് മിച്ചഭൂമിയില്‍ കിളിമാനൂര്‍ ഏരിയയില്‍നിന്നുള്ള 12 ഭൂരഹിതര്‍കൂടി കുടില്‍കെട്ടി അവകാശം സ്ഥാപിച്ചപ്പോള്‍ ആകെ കുടിലുകള്‍ 46 ആയി. സമരം കെഎസ്കെടിയു ജില്ലാ പ്രസിഡന്റ് ബി പി മുരളി ഉദ്ഘാടനംചെയ്തു. കര്‍ഷകസംഘം ഏരിയാ സെക്രട്ടറി എസ് ജയചന്ദ്രന്‍ അധ്യക്ഷനായി. പോതുപാറ മിച്ചഭൂമിയില്‍ നേമം ഏരിയയില്‍നിന്നുള്ള 17 കുടുംബങ്ങള്‍കൂടി അവകാശം സ്ഥാപിച്ചു. സിപിഐ എം സംസ്ഥാന കമ്മിറ്റി അംഗം എം വിജയകുമാര്‍ ഉദ്ഘാടനംചെയ്തു. ക്യാപ്റ്റന്‍ നേമം പ്രദീപിന് പതാക കൈമാറി. ഡി കെ മുരളി അധ്യക്ഷനായി. പോതുപാറയില്‍ 68 കുടുംബം അവകാശം സ്ഥാപിച്ച് മിച്ചഭൂമിയില്‍ കാലുറപ്പിച്ചു. കല്ലിയോട് കര്‍ഷക സംഘം ജില്ലാ സെക്രട്ടറി കെ സി വിക്രമന്‍ ഉദ്ഘാടനംചെയ്തു. എം രാമചന്ദ്രന്‍നായര്‍ അധ്യക്ഷനായി. പാളയം ഏരിയയിലെ 13 കുടുംബങ്ങളാണ് തിങ്കളാഴ്ച കുടില്‍കെട്ടിയത്. 30 കുടുംബങ്ങള്‍ നേരത്തെ അവകാശം സ്ഥാപിച്ചിരുന്നു.
തുമ്പോടിന് പുതു പ്രൗഢി
തുമ്പോട്: ജില്ലയിലെ ഭൂസമരത്തിന് തുടക്കംകുറിച്ച തുമ്പോട് മിച്ചഭൂമി രണ്ടാഴ്ച പിന്നിടുമ്പോള്‍ പുതുഗ്രാമമായി. സമരം ആരംഭിക്കുന്നതിനു മുമ്പ് നാമമാത്ര കശുമാവുകള്‍ മാത്രമായിരുന്ന ഈകുന്നിന്‍പുറം ഇപ്പോള്‍ ജനപഥമായി മാറിക്കഴിഞ്ഞു. 46 കുടുംബമാണ് ഇവിടെ കൂര കെട്ടിക്കഴിയുന്നത്. അവരെ അഭിവാദ്യം ചെയ്യാന്‍ ദിവസവുമെത്തുന്ന നൂറുകണക്കിന് വളന്റിയര്‍മാരും സമരകേന്ദ്രം കാണാന്‍ നാടിന്റെ നാനാഭാഗങ്ങളില്‍നിന്നും എത്തുന്നവരും കൂടിയാകുമ്പോള്‍ സമരഭൂമി ജനങ്ങളാല്‍ ഓരോ ദിവസവും നിറയുകയാണ്. ചെറു ഗ്രാമകേന്ദ്രമായിരുന്ന തുമ്പോടാകട്ടെ സമരം തുടങ്ങിയതു മുതല്‍ ടൗണിന്റെ പ്രൗഢി കൈവരിച്ചിരിക്കുകയാണ്.
വാര്‍ധക്യത്തിന്റെ അവശതകള്‍ മറന്ന് 6 പേരക്കുട്ടികള്‍ക്കൊപ്പം
തുമ്പോട്: മണ്ണിന്റെ അവകാശികളാകാനുള്ള പോരാട്ടത്തില്‍ ആവേശഭരിതരായി ദമ്പതികള്‍ പേരക്കുട്ടികള്‍ക്കൊപ്പം സമരഭൂവില്‍. 18 വര്‍ഷമായി വാടകവീടുകളില്‍ മാറിമാറി കഴിയുന്ന വീട്ടുപേരുപോലും പറയാന്‍ കഴിയാത്ത ആലംകോട്ടെ മുഹമ്മദ് യൂസഫ്- താഹിറ ദമ്പതികള്‍ ആറ് ചെറുമക്കളോടൊപ്പമാണ് സമരത്തിന് എത്തിയത്. രണ്ട് പെണ്ണ് ഉള്‍പ്പെടെ നാലു മക്കളുള്ള ഈ ദമ്പതികള്‍ക്ക് ഒരുതുണ്ട് മണ്ണുപോലും സ്വന്തമായില്ല. മക്കളും വാടകവീടുകളിലാണ് താമസം. മൂന്നു മുതല്‍ 14 വയസ്സുവരെയുള്ള ആറു പേരമക്കളാണ് ഉപ്പൂപ്പായ്ക്കും ഉമ്മുമ്മായ്ക്കുമൊപ്പം സമരകേന്ദ്രത്തിലേക്ക് പോന്നത്. ഈ കുരുന്നുകളുടെ അഹ്ലാദാരവങ്ങള്‍ തുമ്പോട്ടെ സമരകേന്ദ്രത്തില്‍ നിറയുകയായിരുന്നു.
ജീവിതദുരിതം പങ്കുവച്ച് ദമ്പതികളും
നെടുമങ്ങാട്: പോതുപാറയിലെ സമരകേന്ദ്രത്തില്‍ മണ്ണിന്റെ അവകാശികളാകാനെത്തിയവരില്‍ വീട്ടുകാര്‍ കൈയൊഴിഞ്ഞ പ്രണയദമ്പതികളും. നേമം ഏരിയയില്‍ നിന്നെത്തിയ ജിതിന്‍രാജും വിനീതയുമാണ് സമരഭൂവില്‍ ജീവിതദുരിതം പങ്കുവയ്ക്കാനെത്തിയത്. ഒന്നരവയസ്സുള്ള കൈക്കുഞ്ഞുമായാണ് ഇവര്‍ കുടില്‍കെട്ടാനെത്തിയത്. വ്യത്യസ്ത മതത്തില്‍പെട്ട ഇരുവരും പ്രണയിച്ച് വിവാഹിതരായപ്പോള്‍ വീട്ടുകാര്‍ കൈയൊഴിയുകയായിരുന്നു.കുടുംബത്തില്‍ ഉണ്ടായിരുന്ന തരിമണ്ണിനുപോലും മറ്റ് അവകാശികളായി. ഒന്നുമില്ലാതെ ജീവിതം ആരംഭിച്ച ഇവര്‍ക്ക് സ്നേഹം മാത്രമാണ് ഇന്നും സമ്പാദ്യം.
deshabhimani 150113
Labels:
പോരാട്ടം,
രാഷ്ട്രീയം
Subscribe to:
Post Comments (Atom)
No comments:
Post a Comment