Tuesday, January 15, 2013

ചെങ്കടലിരമ്പി

കാസര്‍കോട് നഗരത്തെ ചെങ്കടലാക്കി സിഐടിയു സംസ്ഥാന സമ്മേളനം സമാപിച്ചു. ജില്ലയുടെ വിവിധ ഭാഗത്തുനിന്നെത്തിയ പതിനായിരങ്ങള്‍ ചെങ്കൊടിയുമേന്തി നഗരവീഥിയില്‍ അണിനിരന്നത് കാസര്‍കോടിന് പുത്തന്‍ അനുഭവമായി. സംഘര്‍ഷങ്ങളാല്‍ കലുഷിതമായ നഗരത്തിലേക്ക് കാല്‍ലക്ഷത്തിലധികം ആളുകള്‍ ഒഴുകിയെത്തിയിട്ടും എവിടെയും ചെറിയൊരു അപസ്വരവുമുയരാതെ ചിട്ടയോടെ നടന്ന പ്രകടനം മാതൃകാപരമായി. സംഘാടകരുടെ പ്രതീക്ഷകളെയും തെറ്റിച്ച് ഉച്ചമുതല്‍ ആയിരങ്ങളാണ് കാസര്‍കോട്ടേക്ക് ഒഴുകിയെത്തിയത്.

മൂന്നുവരിയായി നീങ്ങിയ പ്രകടനത്തിന്റെ മുന്‍നിര കറന്തക്കാട് വഴി പൊതുസമ്മേളന നഗരിയിലെത്തിയിട്ടും പിന്‍നിര പുലിക്കുന്നില്‍നിന്ന് പുറപ്പെട്ടിരുന്നില്ല. വൈകിട്ട് നാലിന് തുടങ്ങിയ പ്രകടനം പൊതുസമ്മേളന നഗരിയില്‍ സമാപിക്കുമ്പോള്‍ ആറായി. അപ്പോഴേക്കും ഉദ്ഘാടന പ്രസംഗം അവസാനിച്ചിരുന്നു. പ്രകടനം പൊതുസമ്മേളന നഗരിയില്‍ എത്തുന്നതിനുമുമ്പേ മിലന്‍ ഗ്രൗണ്ട് ജനിബിഡമായി. പ്രകടനത്തെ നഗരിയിലേക്ക് കടത്തിവിടാന്‍ വളണ്ടിയര്‍മാര്‍ നന്നേ പാടുപെട്ടു. എന്നിട്ടും പകുതിയിലധികം പേര്‍ക്കും സമ്മേളന നഗരിയിലേക്ക് പ്രവേശിക്കാനായില്ല. ജില്ല ഇന്നേവരെ കാണാത്ത ജനകീയ മുന്നേറ്റമാണ് തിങ്കളാഴ്ച കാസര്‍കോട്ടുണ്ടായത്. പ്രകടനത്തില്‍ പങ്കെടുത്തതില്‍ പകുതിയിലധികവും സ്ത്രീകളായിരുന്നു. മറ്റൊരു സംഘടനക്കും സാധിക്കാത്ത സംഘാടക മികവിന് തെളിവായി പ്രകടനവും പൊതുസമ്മേളനവും.

നഗരത്തിന്റെ രണ്ടുഭാഗത്ത് കേന്ദ്രീകരിച്ചാണ് പ്രകടനം തുടങ്ങിയത്. പുതിയ ബസ്സ്റ്റാന്‍ഡ് പരിസരത്തെ പിബീസ് ഗ്രൗണ്ടില്‍ നിര്‍മാണം, കാര്‍പെന്ററി, കരിങ്കല്ല്, ആര്‍ടിസാന്‍സ് യൂണിയനുകള്‍ കേന്ദ്രീകരിച്ച് പ്രകടനം തുടങ്ങി. പുലിക്കുന്ന് ടൗണ്‍ഹാള്‍ പരിസരത്തുനിന്ന് തുടങ്ങിയ പ്രകടനത്തിന്റെ മുന്‍നിരയില്‍ സംസ്ഥാന നേതാക്കളും പ്രതിനിധികളും നീങ്ങി. അതിനുപിന്നിലായി അങ്കണവാടി, ആശ, സ്കൂള്‍ പാചകത്തൊഴിലാളി, ഖാദി, കൈത്തറി യൂണിയനുകള്‍ അണിനിരന്നു. ഇവര്‍ക്ക് പിന്നില്‍ പിബീസ് ഗ്രൗണ്ടില്‍നിന്ന് തുടങ്ങിയ പ്രകടനം അണിചേര്‍ന്നു. അവര്‍ക്ക് പിന്നിലായി ബീഡി ഫെഡറേഷന്‍, മത്സ്യത്തൊഴിലാളി, മോട്ടോര്‍ ഫെഡറേഷന്‍, തോട്ടം, ചെത്ത്, ചുമട്ട് യൂണിയനുകളും അതിനുപിന്നിലായി ചെറിയ യൂണിയനുകളായ സതേണ്‍ ക്ലേ, എല്‍ബിഎസ്, വഴിയോരം, ലോട്ടറി, ഹോട്ടല്‍ ആന്‍ഡ് പീടിക, ഫ്യുവല്‍, സോമില്‍, മുനിസിപ്പല്‍, പ്രൈവറ്റ് ഹോസ്പിറ്റല്‍, മെഡിക്കല്‍, ചികിരി, കൊപ്ര, മള്‍ട്ടിലെവല്‍ മാര്‍ക്കറ്റിങ് എന്നിവരും അതിനുപിന്നിലായി സഹകരണം, ഇലക്ട്രിസിറ്റി, വാട്ടര്‍, കെഎംഎസ്ആര്‍എ, ഗവ. ഫാം, മലബാര്‍ ദേവസ്വം, എല്‍ഐസി ഏജന്റ്സ് തുടങ്ങിയ യൂണിയനുകളും അണിനിരന്നു. വഴിയോരങ്ങളില്‍ അഭിവാദ്യമര്‍പ്പിക്കാന്‍ അണിനിരന്ന വര്‍ഗ ബഹുജന സംഘടനാ നേതാക്കളും പ്രവര്‍ത്തകരും റാലിയുടെ പിന്നില്‍ അണിനിരന്നതോടെ അത് മറ്റൊരു ജനപ്രവാഹമായി.

അഖിലേന്ത്യ പ്രസിഡന്റ് എ കെ പത്മനാഭന്‍, ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി, സംസ്ഥാന ജനറല്‍ സെക്രട്ടറി എളമരം കരീം, പ്രസിഡന്റ് ആനത്തലവട്ടം ആനന്ദന്‍, സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി, സംസ്ഥാന ട്രഷറര്‍ കെ എം സുധാകരന്‍, സംസ്ഥാന നേതാക്കളായ ടി പി രാമകൃഷ്ണന്‍, നെടുവത്തൂര്‍ സുന്ദരേശന്‍, എ കെ നാരായണന്‍, എം ചന്ദ്രന്‍, കെ പി സഹദേവന്‍, എസ് ശര്‍മ, പി രാഘവന്‍, ടി കെ രാജന്‍ തുടങ്ങിയ നേതാക്കള്‍ പ്രകടനത്തിന്റെ മുന്‍നിരയില്‍ നീങ്ങി. ഇവര്‍ക്ക് മുന്നിലായി പന്ത്രണ്ടാം സമ്മേളനത്തെ സൂചിപ്പിച്ച് 12 ചെങ്കൊടിയേന്തിയ വനിതകളും ബാന്‍ഡ് വാദ്യവുമുണ്ടായി. പൊതുസമ്മേളന നഗരിയില്‍ കെ പി സുരേഷും സംഘവും അവതരിപ്പിച്ച വിപ്ലവ ഗാനമേള ആയിരങ്ങള്‍ക്ക് ആവേശമായി. പൊതുമ്മേളന വേദിയില്‍ സമ്മേളനത്തിന്റെ ഭാഗമായി നടത്തിയ വിവിധ സാഹിത്യ, കായികമത്സര വിജയികള്‍ക്കുള്ള സമ്മാനവും വിതരണം ചെയ്തു.

ഭെല്‍- ഇഎംഎല്‍ സംരംഭം സംരക്ഷിക്കണം

കാസര്‍കോട്: കാസര്‍കോട്ടെ ഭെല്‍- ഇഎംഎല്‍ സംയുക്ത സംരംഭം സംരക്ഷിക്കാന്‍ കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ നടപടി സ്വീകരിക്കണമെന്ന് സിഐടിയു സംസ്ഥാന സമ്മേളനം അംഗീകരിച്ച പ്രമേയത്തില്‍ ആവശ്യപ്പെട്ടു.

പൊതുമേഖല വ്യവസായ രംഗത്ത് കേരളത്തില്‍ കൂടുതല്‍ കേന്ദ്രനിക്ഷേപം കൊണ്ടുവരാന്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ തീരുമാനപ്രകാരമാണ് കേന്ദ്ര- സംസ്ഥാന പൊതുമേഖലകളുടെ സംയുക്ത സംരംഭം തുടങ്ങിയത്. ഇതിന്റെ ഭാഗമായി ഒന്നാം യുപിഎ സര്‍ക്കാരിന്റെ കാലത്ത് നവരത്ന കമ്പനിയായ ഭെല്ലും സംസ്ഥാന പൊതുമേഖലാ സ്ഥാപനമായ കെല്ലിന്റെ കാസര്‍കോട് യൂണിറ്റും സംയുക്ത സംരംഭ നടപടിയാരംഭിച്ചു. 2011 ജനുവരി ഒന്നിന് സംയുക്ത സംരംഭത്തിന്റെ ഭാഗമായി ഭെല്ലിന്റെ സബ്സിഡിയറിയായി ഭെല്‍- ഇഎംഎല്‍ കമ്പനി രൂപീകൃതമായി. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തിയതോടെ തുടര്‍പ്രവര്‍ത്തനങ്ങള്‍ മന്ദീഭവിച്ചു. 20 മാസമായി പുതുതായി ഒരു വികസനമോ നിക്ഷേപമോ സ്ഥാപനത്തില്‍ വന്നിട്ടില്ല. ജീവനക്കാര്‍ക്ക് മുമ്പ് കിട്ടിക്കൊണ്ടിരിക്കുന്ന വേതനവ്യവസ്ഥ തുടരുന്നുവെന്നല്ലാതെ കരാര്‍ കാലാവധി കഴിഞ്ഞിട്ടും പുതുതായി ഒരാനുകൂല്യങ്ങളും അനുവദിക്കുന്നില്ല. വൈവിധ്യവല്‍ക്കരണത്തിന്റെ ഭാഗമായി പുതിയ ഉല്‍പന്നങ്ങള്‍ കൊണ്ടുവരാനും ഇതുവഴി ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ മെച്ചപ്പെടുത്താനും കമ്പനി പൂര്‍ണമായും ഭെല്‍ ഏറ്റെടുക്കാന്‍ ആവശ്യമായ നടപടി ഉടന്‍ സ്വീകരിക്കണമെന്ന് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകളോട് സിഐടിയു സംസ്ഥാന സമ്മേളനം ആവശ്യപ്പെട്ടു.

deshabhimani 150113

No comments:

Post a Comment