Saturday, March 16, 2013

എന്‍ഡോള്‍ഫാന്‍ ദുരന്തബാധിതരെ മറന്നു


എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരെ വഞ്ചിച്ച് വീണ്ടും യുഡിഎഫ് സംസ്ഥാന സര്‍ക്കാര്‍ ബജറ്റ്. കേന്ദ്ര മനുഷ്യാവകാശ കമീഷന് നല്‍കിയ സത്യവാങ്മൂലം നടപ്പാക്കാന്‍പോലും ബജറ്റില്‍ തുക വകയിരുത്തിയിട്ടില്ല. സര്‍ക്കാര്‍ അംഗീകരിച്ച ദുരന്തബാധിതരുടെ ലിസ്റ്റിലുള്ള 4182 രോഗികള്‍ക്ക് ധനസഹായം നല്‍കണമെങ്കില്‍ 200 കോടിയോളം രൂപ കണ്ടെത്തണം. 1613 പേര്‍ക്ക് മാത്രമാണ് ഇതുവരെ ഒന്നാംഗഡു സഹായം നല്‍കിയത്. അവര്‍ക്ക് ബാക്കി തുക നല്‍കാനും ഫണ്ട് നീക്കിവച്ചിട്ടില്ല. പ്ലാന്റേഷന്‍ കോര്‍പറേഷന്‍ നല്‍കിയ 27 കോടി രൂപ ഉപയോഗിച്ചാണ് പരിമിതമായ തോതില്‍ സഹായം നല്‍കിയത്. ദുരന്തബാധിതരെ വഞ്ചിക്കുന്ന നിലപാടാണ് സംസ്ഥാന സര്‍ക്കാര്‍ സ്വീകരിക്കുന്നതെന്ന് ബജറ്റ് വന്നതോടെ വ്യക്തമായി. ഭൂരിപക്ഷം വരുന്ന ദുരന്തബാധിതരെ സഹായത്തില്‍നിന്ന് പുറത്താക്കിയതിനു പുറമെ ആദ്യഗഡു നല്‍കിയവര്‍ക്കും ഇനി സര്‍ക്കാര്‍ പറഞ്ഞ സഹായം കിട്ടാന്‍ സാധ്യതയില്ല. ബജറ്റിലില്ലാത്ത കോടിക്കണക്കിന് രൂപ പുറമെനിന്ന് കണ്ടെത്തിയാല്‍ മാത്രമെ സഹായം നല്‍കാനാവു.

തിരുവനന്തപുരം ജനറല്‍ ആശുപത്രിയേയും മാതൃ- ശിശു സംരക്ഷണ ആശുപത്രിയേയും യോജിപ്പിച്ച് പുതിയ മെഡിക്കല്‍ കോളേജ് തുടങ്ങുമെന്ന് പ്രഖ്യാപിച്ച സര്‍ക്കാര്‍ കാസര്‍കോട് ജില്ലയില്‍ ആധുനിക സൗകര്യങ്ങളുള്ള മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി തുടങ്ങണമെന്ന മനുഷ്യവകാശ കമീഷന്റെ നിര്‍ദേശത്തിനുനേരെ കണ്ണടച്ചു. ജില്ലാ ആശുപത്രിയോ ജനറല്‍ ആശുപത്രിയോ ആധുനിക സൗകര്യമുള്ള മെഡിക്കല്‍ കോളേജാക്കാന്‍ സര്‍ക്കാരിന് കഴിയുമെന്നാണ് ബജറ്റ് പ്രഖ്യാപനം തെളിയിക്കുന്നത്. എന്നിട്ടും കാസര്‍കോടിനെ തഴഞ്ഞു. ദുരന്തബാധിതരുടെ പുനരധിവാസത്തിനോ ചികിത്സക്കോ പെന്‍ഷന്‍ പോലുള്ള മറ്റാനുകൂല്യങ്ങള്‍ക്കോ ബജറ്റില്‍ ചില്ലിക്കാശ് നീക്കിവച്ചിട്ടില്ല. ബജറ്റില്‍ പറയുന്ന 15 കോടി ജില്ലയുടെ വികസനത്തിനാണെന്ന് പ്രത്യേകം പറയുന്നുണ്ട്. അത് ദുരന്തബാധിതരുടെ പുനരധിവാസത്തിനല്ലെന്ന് വ്യക്തം. നിരവധി സംഘടനകളും പാര്‍ടികളും നിരന്തരം സമരം നടത്തിയിട്ടും ദുരന്തബാധിതരോട് സര്‍ക്കാര്‍ ക്രൂരത തുടരുകയാണ്.

എന്‍ഡോസള്‍ഫാന്‍ എല്‍ഡിഎഫ് സത്യഗ്രഹവും റോഡ് ഉപരോധവും ഇന്ന്

കാസര്‍കോട്: എന്‍ഡോസള്‍ഫാന്‍ ദുരന്തബാധിതരോട് സര്‍ക്കാര്‍ കാണിക്കുന്ന വഞ്ചന അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ട് എല്‍ഡിഎഫ് നേതൃത്വത്തില്‍ ജനപ്രതിനിധികള്‍ ശനിയാഴ്ച കലക്ടറേറ്റിനു മുന്നില്‍ സത്യഗ്രഹമിരിക്കും. പി കരുണാകരന്‍ എംപിയുടെ നേതൃത്വത്തിലായിരിക്കും സത്യഗ്രഹം. സമരത്തിന്റെ ഭാഗമായി പകല്‍ 12 മുതല്‍ 12.10 വരെ എല്‍ഡിഎഫ് പ്രവര്‍ത്തകര്‍നാല് കേന്ദ്രങ്ങളില്‍ റോഡ് ഉപരോധിക്കും. ബോവിക്കാനം, പെരിയ, കാഞ്ഞങ്ങാട് സൗത്ത്, ചെറുവത്തൂര്‍ എന്നിവിടങ്ങളിലാണ് റോഡ് ഉപരോധം. കേന്ദ്ര മനുഷ്യാവകാശ കമീഷന് നല്‍കിയ ഉറപ്പുപാലിക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്നും സമഗ്ര പുനരധിവാസ പദ്ധതി നടപ്പാക്കണമെന്നും ആവശ്യപ്പെട്ടാണ് എല്‍ഡിഎഫ് സമരം.

എന്‍ഡോസള്‍ഫാന്‍ ലിസ്റ്റില്‍പ്പെട്ട 4182 പേര്‍ക്ക് അഞ്ച്, മൂന്ന് ലക്ഷംരൂപ വീതം ധനസഹായം നല്‍കുമെന്നാണ് സര്‍ക്കാര്‍ നല്‍കിയ സത്യവാങ്മൂലം. എന്നാല്‍ 1613 പേര്‍ക്ക് മാത്രം നല്‍കാനാണ് സര്‍ക്കാര്‍ ഉത്തരവിറക്കിയത്. ക്യാന്‍സറുള്‍പ്പെടെ മാരകരോഗം ബാധിച്ചവര്‍ സഹായത്തിന് പുറത്താണ്. ഇവര്‍ക്കും സഹായം നല്‍കുമെന്ന് ജനപ്രതിനിധികള്‍ക്ക് നല്‍കിയ ഉറപ്പും സര്‍ക്കാര്‍ പാലിച്ചില്ല. അഞ്ചുവര്‍ഷംകൊണ്ട് ദുരന്തബാധിതര്‍ക്ക് നല്‍കുന്ന എല്ലാ ആനുകൂല്യവും നിര്‍ത്തലാക്കുമെന്ന സര്‍ക്കാര്‍ ഉത്തരവ് പിന്‍വലിക്കണം. ദുരന്തബാധിതരുടെ കടങ്ങള്‍ ഒഴിവാക്കുന്നതിന് കലക്ടറുടെ നേതൃത്വത്തില്‍ പരിശോധിച്ച് നടപടി സ്വീകരിക്കുമെന്ന സര്‍ക്കാര്‍ ഉത്തരവും പാലിച്ചിട്ടില്ല. വെള്ളിയാഴ്ച അവതരിപ്പിച്ച ബജറ്റില്‍ ദുരന്തബാധിതരെ പൂര്‍ണമായും അവഗണിച്ച സര്‍ക്കാര്‍ നടപടി തിരുത്തിക്കുന്നതിനായി നടത്തുന്ന സമരത്തില്‍ മുഴുവനാളുകളും അണിനിരക്കണമെന്ന് എല്‍ഡിഎഫ് ജില്ലാ കണ്‍വീനര്‍ പി രാഘവന്‍ അഭ്യര്‍ഥിച്ചു.

പ്രതിഷേധാര്‍ഹം: എല്‍ഡിഎഫ്

കാസര്‍കോട്: സംസ്ഥാന ബജറ്റില്‍ ജില്ലയെ പൂര്‍ണമായും തഴഞ്ഞ നടപടിയില്‍ എല്‍ഡിഎഫ് ജില്ലാകമ്മിറ്റി പ്രതിഷേധിച്ചു. എന്‍ഡോസള്‍ഫാന്‍ ദുരന്തം വേട്ടയാടുന്ന ജില്ലയെ തികച്ചും അവഗണിക്കുന്ന നയമാണ് സര്‍ക്കാര്‍ സ്വീകരിക്കുന്നത്. വികസന രംഗത്ത് നിലനില്‍ക്കുന്ന പിന്നോക്കാവസ്ഥക്ക് പരിഹാരം കാണാന്‍ യുഡിഎഫ് സര്‍ക്കാര്‍തന്നെ നിയമിച്ച പ്രഭാകരന്‍ കമീഷന്‍ റിപ്പോര്‍ട്ട് എവിടെപ്പോയെന്ന് വ്യക്തമാക്കണം. കമീഷന്‍ ശുപാര്‍ശ ചെയ്ത ഒരു പദ്ധതിപോലും ബജറ്റില്‍ സ്ഥാനം പിടിച്ചില്ല. റിപ്പോര്‍ട്ട് ഉണ്ടെന്നതിന് പോലും തെളിവില്ല. പതിനൊന്നായിരത്തിലധികം കോടി രൂപയുടെ പദ്ധതികള്‍ ശുപാര്‍ശ ചെയ്തിട്ടും എല്ലാം അവഗണിച്ചത് കാസര്‍കോടിനോട് യുഡിഎഫ് സ്വീകരിക്കുന്ന ശത്രുതാപരമായ നിലപാട് കാരണമാണ്. ജില്ലയോട് കാണിക്കുന്ന അവഗണന തിരുത്താന്‍ തയ്യാറായില്ലെങ്കില്‍ ബഹുജന പ്രതിരോധം ഉയര്‍ത്തിക്കൊണ്ടുവരുമെന്ന് ജില്ലാകണ്‍വീനര്‍ പി രാഘവന്‍ പറഞ്ഞു.

deshabhimani 160313

No comments:

Post a Comment