കരയാന്‍ മാത്രമറിയാവുന്ന എട്ടുവയസ്സുകാരന്‍ ഉമ്മറിനെ മടിയില്‍ കിടത്തി ലാളിക്കുകയായിരുന്ന അജിതയുടെ വീട്ടിലേക്ക് ആശ്വാസകിരണങ്ങള്‍. രോഗങ്ങള്‍മൂലം തകര്‍ന്ന ആ കുടുംബത്തിന് ആശ്വാസം പകര്‍ന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറി പിണായി വിജയനും പ്രവര്‍ത്തകരും എത്തി. ഇ കെ നായനാര്‍ ട്രസ്റ്റിന്റെ സാന്ത്വന സ്പര്‍ശം പരിപാടി ഉദ്ഘാടനംചെയ്തശേഷമായിരുന്നു നഗരത്തിലെ കരിമഠംകോളനിയില്‍ അജിതയുടെ വീട്ടില്‍ പിണറായിയുടെ സന്ദര്‍ശനം. ചലനശേഷിയില്ലാത്ത ഉമ്മറിനു പുറമെ അജിതയും ഭര്‍ത്താവ് നൗഷാദും അമ്മ ഫാത്തിമയും എല്ലാം ഇവിടെ വിവിധ രോഗങ്ങള്‍ക്ക് ചികിത്സയിലാണ്. മാസം 5000 രൂപ മരുന്നിനുമാത്രം മുടക്കണം. ജീവിതം വഴിമുട്ടിനിന്ന ഘട്ടത്തിലാണ് സിപിഐ എം നേതൃത്വത്തിലുള്ള ട്രസ്റ്റിന്റെ സാന്ത്വന സ്പര്‍ശം അവിടേക്കും എത്തുന്നത്.
എഴുപത്തഞ്ചുകാരി ഐഷാബീവിയുടെ വീട്ടിലാണ് പിണറായി ആദ്യം എത്തിയത്. ആരും ശുശ്രൂഷിക്കാനില്ലാതെ കഴിയുന്ന തനിക്ക് ദൈവം മാത്രമേ തുണയുള്ളൂവെന്ന് ഐഷാബീവി പിണറായിയോട് പറഞ്ഞു. ഇനി മരുന്ന് തരാന്‍ ആളുണ്ടാകുമെന്നും കൃത്യമായി കഴിച്ചാല്‍ മതിയെന്നും പിണറായി ആശ്വസിപ്പിച്ചു. മണ്ണന്തല കുളപ്രക്കോണത്ത് ഇടത്തറവീട്ടില്‍ വര്‍ഷങ്ങളായി കിടപ്പിലായ എണ്‍പത്തഞ്ചുകാരന്‍ സഹദേവന് സാന്ത്വനത്തിന്റെ കിരണം പകര്‍ന്ന് പ്രതിപക്ഷ നേതാവ് വി എസ് അച്യുതാനന്ദനും സിപിഐ എം പ്രവര്‍ത്തകരും എത്തി. തെങ്ങുകയറ്റ തൊഴിലാളിയായിരുന്ന സഹദേവന്‍ ജോലിക്കിടെ വീണതിനെത്തുടര്‍ന്നാണ് കിടപ്പായത്. ദൈനംദിനകാര്യങ്ങള്‍ക്ക് മറ്റുള്ളവരെ ആശ്രയിച്ചാണ് 15 വര്‍ഷമായി വീട്ടിനുള്ളില്‍ കഴിയുന്നത്. സഹായത്തിന് ഭാര്യ കമലമ്മയും മകന്‍ ഓട്ടോ ഡ്രൈവറായ രാജനും ഉണ്ട്. ചികിത്സയും ജീവിതച്ചെലവും കൂട്ടിമുട്ടിക്കാന്‍ ഏറെ പാടുപെടുകയായിരുന്നു ഈ കുടുംബം. ഇതിനിടയിലാണ് ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റ് ആശ്വാസമായി എത്തിയത്. സഹദേവന് എല്ലാ സാന്ത്വനവും നല്‍കാമെന്ന് ഉറപ്പു പറഞ്ഞതോടെ സഹദേവനും ഭാര്യ കമലമ്മയ്ക്കും സന്തോഷമായി.
അര്‍ബുദരോഗംമൂലം അവശനിലയില്‍ കഴിയുന്ന അമ്പലംമുക്ക് ശ്രീവിലാസ് ലെയ്നിലെ രമയുടെ വീട് എല്‍ഡിഎഫ് കണ്‍വീനര്‍ വൈക്കം വിശ്വന്‍ സന്ദര്‍ശിച്ചു. രമയുടെ ഭര്‍ത്താവ് രാമചന്ദ്രന്‍ ശസ്ത്രക്രിയ കഴിഞ്ഞ് നടക്കാന്‍ വയ്യാത്ത അവസ്ഥയിലാണ്. ചികിത്സയ്ക്ക് പണമില്ലാതെ വിഷമിക്കുന്ന ആ കുടുംബത്തിന് റേഡിയേഷന്‍ നടത്താനുള്ള സൗകര്യം ഏര്‍പ്പാടാക്കി. പക്ഷാഘാതവും മറവിരോഗവും ബാധിച്ച് കഴിയുന്ന വഞ്ചിയൂര്‍ മടവിളാകത്ത് രാധാകുമാരിയുടെ വീട്ടിലെത്തി മുന്‍ ആരോഗ്യമന്ത്രി പി കെ ശ്രീമതി മരുന്നും വസ്ത്രങ്ങളും നല്‍കി. ഗുരുതരമായ പരിക്കിനെത്തുടര്‍ന്ന് നെടുമങ്ങാട് ഇരിഞ്ചയത്ത് അവശതയില്‍ കഴിയുന്ന വൃദ്ധമാതാവ് ലോഹിസിനെ സിപിഐ എം കേന്ദ്രകമ്മിറ്റി അംഗം കെ കെ ശൈലജയും സന്നദ്ധപ്രവര്‍ത്തകരും സന്ദര്‍ശിച്ച് സഹായം വിതരണംചെയ്തു.
ലക്ഷ്യം രോഗവിമുക്ത നാട്: പിണറായി
തിരു: കേരളത്തെ രോഗവിമുക്തനാടാക്കി മാറ്റുകയാണ് സിപിഐ എമ്മിന്റെ ലക്ഷ്യമെന്ന് സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. ഇ കെ നായനാര്‍ ട്രസ്റ്റിന്റെ സാന്ത്വന പരിചരണ പ്രവര്‍ത്തനങ്ങള്‍ ചാല ഏരിയയിലെ കരിമഠം കോളനിയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു പിണറായി.
മരുന്നു വാങ്ങാന്‍ പോലും കഴിയാത്ത സ്ഥിതിയില്‍ വാര്‍ധക്യവും രോഗങ്ങളും മുലം അവശതയനുഭവിക്കുന്ന നിരവധി പേര്‍ നമ്മുടെ നാട്ടിലുണ്ട്. അവര്‍ക്ക് ആശ്വാസമെത്തിക്കുകയാണ് സിപിഐ എമ്മിന്റെ ലക്ഷ്യം. ഏതെങ്കിലും രാഷ്ട്രീയപ്രവര്‍ത്തനത്തിന്റെ ഭാഗമല്ല ഈ പദ്ധതി. പാര്‍ടിക്ക് എന്തെങ്കിലും ലാഭമുണ്ടാക്കല്‍ ഇതിന്റെ ലക്ഷ്യവുമല്ല. പാലിയേറ്റീവ് കെയര്‍ യൂണിറ്റുകള്‍ ചില പ്രദേശങ്ങളിലുണ്ട്. എന്നാല്‍, അവയുടെ പ്രവര്‍ത്തനം വിപുലമായിട്ടില്ല. ഇത്തരം പ്രവര്‍ത്തനങ്ങളില്‍ ആളുകള്‍ക്ക് പരിശീലനം നല്‍കാന്‍ കഴിയും. സേവന തല്‍പ്പരരായുള്ളവര്‍ സമൂഹത്തില്‍ ധാരാളമുണ്ട്. അവരുടെ സേവനം ഉപയോഗപ്പെടുത്തും. സേവനതല്‍പ്പരരായ ഡോക്ടര്‍മാരും നേഴ്സുമാരും സംസ്ഥാന-ജില്ലാ അടിസ്ഥാനത്തിലുള്ള ക്യാമ്പുകളില്‍ പങ്കെടുത്തിരുന്നു. ഏരിയ അടിസ്ഥാനത്തിലും പ്രാദേശികതലത്തിലും ഇത്തരം പരിശീന പരിപാടികള്‍ സംഘടിപ്പിക്കുന്നുണ്ട്. ഈ വളന്റിയര്‍മാരെല്ലാം പാര്‍ടിയില്‍പ്പെട്ടവരായിരിക്കണമെന്നില്ല. പാര്‍ടിയുമായി ബന്ധമില്ലാത്ത നിരവധി സ്ത്രീകളും പുരുഷന്മാരും ഇതുമായി സഹകരിക്കാന്‍ സന്നദ്ധരാകുന്നുണ്ട്. വിവിധ മത വിഭാഗങ്ങളില്‍പ്പെട്ടവരും മുന്നോട്ടുവരുന്നു. ഇവരെയാകെ രംഗത്തിറക്കുകയാണ് ലക്ഷ്യം. നല്ല മനസ്സുള്ള നിരവധിയാളുകള്‍ ജീവിച്ചിരിക്കുന്ന നാടാണിത്. അവരുടെയെല്ലാം കൂട്ടായ്മയുണ്ടായാല്‍ നല്ല ഫലങ്ങള്‍ സൃഷ്ടിക്കാന്‍ കഴിയുമെന്നും പിണറായി പറഞ്ഞു.
സാന്ത്വനചികിത്സയ്ക്ക് യുവാക്കള്‍ മുന്നോട്ടുവരണം: വി എസ്
തിരു: അവശതയും രോഗപീഡയും അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകാന്‍ യുവജനങ്ങള്‍ മുന്നോട്ടുവരണമെന്ന് പ്രതിപക്ഷനേതാവ് വി എസ് അച്യുതാനന്ദന്‍ പറഞ്ഞു. സിപിഐ എം തിരുവനന്തപുരം ജില്ലാകമ്മിറ്റി നേതൃത്വത്തില്‍ ആരംഭിച്ച ഇ കെ നായനാര്‍ ചാരിറ്റബിള്‍ ട്രസ്റ്റിന്റെ പാലിയേറ്റീവ് കെയറിന്റെ വഞ്ചിയൂര്‍ ഏരിയയിലെ പ്രവര്‍ത്തനങ്ങള്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു വി എസ്. ജാതി-മത അതിര്‍വരമ്പില്ലാതെ സാന്ത്വനചികിത്സ ഉറപ്പാക്കണം. വര്‍ധക്യകാലത്ത് ആരോരുമില്ലെന്ന തോന്നലില്ലാതെ ആത്മവിശ്വാസത്തോടെ ജീവിക്കാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ കൊണ്ട് സാധിക്കും. ഇക്കാര്യത്തില്‍ യുവജനങ്ങള്‍ക്കും സമൂഹത്തിനും മികച്ച പ്രവര്‍ത്തനങ്ങള്‍ കാഴ്ചവയ്ക്കാനാകും. ആരോഗ്യരംഗത്തുനിന്ന് വിരമിച്ചവരെ കൂടി ഉള്‍പ്പെടുത്തി പ്രവര്‍ത്തനം വിപുലീകരിക്കണമെന്നും വി എസ് പറഞ്ഞു.
ആഗോളവല്‍ക്കരണം മനസിനെയും രോഗാതുരമാക്കുന്നു: മാര്‍ കൂറിലോസ്
പാമ്പാടി: ആഗോളവല്‍ക്കരിക്കപ്പെടുന്ന സമൂഹത്തില്‍ ശരീരത്തോടൊപ്പം മനസും രോഗാതുരമാവുകയാണെന്ന് യാക്കോബായ സഭ നിരണം ഭദ്രാസനാധിപന്‍ ഡോ. ഗീവര്‍ഗീസ് മാര്‍ കൂറിലോസ് മെത്രാപോലീത്താ പറഞ്ഞു. ആഗോളവല്‍ക്കരണ ഫലമായി മാറിമാറി വരുന്ന ജീവിത ശൈലികള്‍ ശരീരത്തില്‍ രോഗങ്ങള്‍ വര്‍ധിപ്പിക്കുന്നതുപോലെ മനസുകളെയും രോഗതുരമാക്കുകയാണ്. സിപിഐ എം നേതൃത്വത്തില്‍ പാമ്പാടിയില്‍ സാന്ത്വനപരിചരണ പരിപാടിയുടെ ഭാഗമായി രൂപീകരിച്ച ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ സൊസൈറ്റിയുടെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. സമൂഹം ആഗ്രഹിക്കുന്ന മേഖലയില്‍ ജനങ്ങള്‍ക്കിടയില്‍ ഏറെ വേരോട്ടമുള്ള പ്രസ്ഥാനമായ സിപിഐ എം ഇത്തരമൊരു വെല്ലുവിളി ഏറ്റെടുക്കാന്‍ തയ്യാറായതിന് എല്ലാ ആശംസകളും നേരുന്നതായും മെത്രാപോലീത്താ അറിയിച്ചു. പാമ്പാടി ആശ്വാസഭവന്‍ ഓഡിറ്റോറിയത്തില്‍ ചേര്‍ന്ന യോഗത്തില്‍ ക്യാപ്റ്റന്‍ ലക്ഷ്മി ചാരിറ്റബിള്‍ ക്ലബ് പ്രസിഡന്റ് വി എന്‍ വാസവന്‍ അധ്യക്ഷനായി.
"കനിവിന്" തുടക്കമായി
കൊച്ചി: സിപിഐ എം നേതൃത്വത്തില്‍ തുടക്കംകുറിച്ച സാന്ത്വനപരിചരണ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി വൈറ്റില കോരു ആശാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റിയുടെ നേതൃത്വത്തില്‍ ആരംഭിച്ച "കനിവ്" പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ഉദ്ഘാടനം നടന്‍ ക്യാപ്റ്റന്‍ രാജു നിര്‍വഹിച്ചു. സമൂഹത്തില്‍ കഷ്ടതയില്‍ കഴിയുന്ന ജനങ്ങള്‍ക്ക് കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റ് ഒരു കൈതാങ്ങാവട്ടെയെന്ന് അദ്ദേഹം പറഞ്ഞു. ഏറ്റവും മികച്ച ഒരു സേവനപ്രവര്‍ത്തനമാണിത്. ഈ സംരംഭം കേരളത്തിന് ഒരു മാതൃകയാവട്ടെയെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന്‍ മുഖ്യപ്രഭാഷണം നടത്തി. ത്യാഗപൂര്‍ണമായ മനസ്സും സന്നദ്ധതയും ഈ മേഖലയിലെ പ്രവര്‍ത്തനത്തിന് അത്യാവശ്യമാണെന്ന് അദ്ദേഹം പറഞ്ഞു. അതിന് പാര്‍ടി-കക്ഷിഭേദമന്യേ എല്ലാ ജനവിഭാഗവും ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് മുന്നോട്ടുവരേണ്ടത് അത്യാവശ്യമാണ്. ഇത് നമ്മുടെ സംസ്കാരത്തിന്റെ ഭാഗമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
കനിവ് പാലിയേറ്റീവ് കെയര്‍ യൂണിറ്റിന്റെ ലോഗോ ക്യാപ്റ്റന്‍ രാജു സിപിഐ എം ജില്ലാ സെക്രട്ടറി എം വി ഗോവിന്ദന് നല്‍കി പ്രകാശനംചെയ്തു. ലോഗോ രൂപകല്‍പ്പനചെയ്തത് സിപിഐ എം വൈറ്റില ഏരിയ കമ്മിറ്റി അംഗം എന്‍ എ മണിയാണ്. വൈറ്റില ജങ്ഷനില്‍ നടന്ന യോഗത്തില്‍ കോരു ആശാന്‍ സ്മാരക ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കെ കെ ശിവന്‍ അധ്യക്ഷനായി. സിപിഐ എം ജില്ലാ സെക്രട്ടറിയറ്റ് അംഗം സി കെ മണിശങ്കര്‍, ഡോ. സച്ചിദാനന്ദ കമ്മത്ത്(വെല്‍കെയര്‍ ആശുപത്രി), അഡ്വ. ബെന്നി ജോസഫ് എന്നിവര്‍ സംസാരിച്ചു. സൊസൈറ്റി രക്ഷാധികാരി അഡ്വ. എന്‍ സതീഷ് സ്വാഗതവും കെ എന്‍ ദാസന്‍ നന്ദിയും പറഞ്ഞു. ഐഡിയ സ്റ്റാര്‍ സിങ്ങര്‍ സീസണ്‍ ആറില്‍ മൂന്നാം സ്ഥാനത്തെത്തിയ മേഘ, ജില്ലാ സ്കൂള്‍ കലോത്സവത്തില്‍ പെന്‍സില്‍ ഡ്രോയിങ്ങില്‍ ഒന്നാം സ്ഥാനത്തിന് അര്‍ഹനായ പി വി വിവേക്, മോണോ ആക്ടില്‍ ഒന്നാം സ്ഥാനം ലഭിച്ച രേഷ്മ, ജില്ലാ കായികമേളയില്‍ ഷോട്ട്പുട്ടില്‍ ഒന്നാം സ്ഥാനത്തെത്തിയ അലന്‍ ആന്റണി എന്നിവര്‍ക്ക് സിപിഐ എം വൈറ്റില ഏരിയ കമ്മറ്റിയുടെ ഉപഹാരം എം വി ഗോവിന്ദന്‍ വിതരണംചെയ്തു. ലോക്കല്‍ കമ്മിറ്റിയുടെ ഉപഹാരം ലോക്കല്‍ സെക്രട്ടറി കെ എന്‍ ദാസന്‍, ലോക്കല്‍ കമ്മിറ്റി അംഗം വി ടി ഭാസ്കരന്‍, ജനാധിപത്യ മഹിളാ അസോസിയേഷന്‍ നേതാവ് ശ്രീകലാ മഹേഷ് എന്നിവര്‍ നല്‍കി. മേഘയുടെ നേതൃത്വത്തില്‍ ഗാനമേളയും അരങ്ങേറി
മറ്റൊരു വാര്‍ത്ത
ദുരിതം അനുഭവിക്കുന്നവര്‍ക്ക് സാന്ത്വനമേകി "ഹൃദയപൂര്‍വം"
കൊല്ലം: ജില്ലാ പഞ്ചായത്തും നാഷണല്‍ റൂറല്‍ ഹെല്‍ത്ത് മിഷനും സംയുക്തമായി സംഘടിപ്പിച്ച "ഹൃദയപൂര്‍വം" രോഗികളുടെ കൂട്ടായ്മ ജനങ്ങളുടെയും ജനസേവകരുടെയും സജീവ പങ്കാളിത്തത്താല്‍ ശ്രദ്ധേയമായി. അഡ്വഞ്ചര്‍ പാര്‍ക്കില്‍ നടന്ന കൂട്ടായ്മയില്‍ ജില്ലയുടെ വിവിധ ഭാഗങ്ങളില്‍നിന്ന് എത്തിയ രോഗികളും അവരുടെ കുടുംബാംഗങ്ങളും ആതുരസേവകരും പഞ്ചായത്തു പ്രതിനിധികളും പങ്കെടുത്തു. കെ എന്‍ ബാലഗോപാല്‍ എംപി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ എന്നിവര്‍ കൂട്ടായി ദീപം തെളിച്ച് പദ്ധതിക്കു തുടക്കമിട്ടു. നൂറ്റമ്പതു രോഗികളും അനുഗമിക്കുന്ന 150 പേരും പരിചാരകരായ 150 നേഴ്സുമാരും പാരാമെഡിക്കല്‍ വിഭാഗത്തില്‍നിന്നും ഉള്‍പ്പെടെ 1000 പേരാണ് കൂട്ടായ്മയില്‍ പങ്കെടുത്തത്. ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ വിവിധ രോഗങ്ങളാല്‍ ദുരിതമനുഭവിക്കുന്നവര്‍ക്ക് ആശ്വാസമേകുന്ന വിപുലമായ പദ്ധതിക്ക് രൂപംനല്‍കുമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എസ് ജയമോഹന്‍ ചടങ്ങില്‍ പറഞ്ഞു. രോഗപരിചരണം കച്ചവടമായിരിക്കുന്ന ഇക്കാലത്ത് പ്രത്യേകം തെരഞ്ഞെടുത്ത നേഴ്സുമാര്‍ക്കു പരിശീലനം നല്‍കി പരിചരണം ആവശ്യപ്പെടുന്ന വീട്ടുകാര്‍ക്ക് ജില്ലാ പഞ്ചായത്തിന്റെ നേതൃത്വത്തില്‍ സഹായമെത്തിക്കുമെന്ന് ജയമോഹന്‍ പറഞ്ഞു.
deshabhimani 160113
No comments:
Post a Comment