Tuesday, January 15, 2013

മാറ്റമില്ലാതെ കര്‍ഷക ആത്മഹത്യ; ഭീതിയായി വരള്‍ച്ച


കല്‍പ്പറ്റ: കര്‍ഷക ആത്മഹത്യയുടെ വാര്‍ത്തയാണ് പുതുവര്‍ഷത്തിലും ജില്ലയില്‍നിന്നും ഉയരുന്നത്. വര്‍ഷത്തിന്റെ തുടക്കത്തില്‍തന്നെ ഒരുകര്‍ഷകന്‍കൂടി ജീവനൊടുക്കിയതോടെ 14മാസത്തിനുള്ളില്‍ ജില്ലയില്‍ ആത്ഹത്യചെയ്ത കര്‍ഷകരുടെ എണ്ണം 38ആയി. കൂളിവയല്‍ മതിശേരയില്‍ പുതിയവീട്ടില്‍ സുരേഷ് ബാബുവാണ് ഏറ്റവും ഒടുവില്‍ ജീവനൊടക്കിയത്. കൃഷി ചെയ്തും കൂലിപ്പണിയെടുത്തും കുടുംബം പുലര്‍ത്തിയിരുന്ന സുരേഷ് കഴിഞ്ഞ ഒന്‍പതിനാണ് വിഷം കഴിച്ചുമരിച്ചത്. രണ്ടരലക്ഷം രൂപയുടെ ബാധ്യതയാണ് സുരേഷിന്റെ പേരിലുള്ളത്. കാലാവസ്ഥ വ്യതിയാനത്തില്‍ ജില്ല വരള്‍ച്ചയിലേക്ക് നീങ്ങുന്നത് ഭീതി വര്‍ധിപ്പിക്കുകയാണ്. പുഴകളിലും തോടുകളിലും നീരൊഴുക്ക് കുറഞ്ഞു. പലസ്ഥലങ്ങളിലും കുടിവെള്ളക്ഷാമം തുടങ്ങി. വരള്‍ച്ച കടുത്തതാകുമെന്നാണ് കാലാവസ്ഥ കേന്ദ്രങ്ങള്‍ പറയുന്നത്. കാര്‍ഷിക പ്രതിസന്ധിയും വരള്‍ച്ചയും നേരിടാന്‍ സര്‍ക്കാര്‍ഭാഗത്തുനിന്നും നടപടികളുമില്ല.

കര്‍ഷകര്‍ നിത്യേന കയര്‍തുമ്പിലും വിഷക്കുപ്പിയിലും ജീവനൊടുക്കിയ വാര്‍ത്തകള്‍ കേട്ടുണര്‍ന്ന നാളുകള്‍തന്നെയായായിരുന്നു 2012. കാര്‍ഷികജില്ല ശവപറമ്പായ 2002 മുതല്‍ 2006 വരെയുള്ള വര്‍ഷങ്ങളിലെ നടുക്കുന്ന അനുഭവങ്ങളിലേക്കാണ് വീണ്ടും സഞ്ചാരം. കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ ജീവിതം അവസാനിപ്പിച്ച കര്‍ഷകരുടെ കണക്കുകള്‍ സൂചിപ്പിക്കുന്നത് ഇതാണ്. 2011 നവംബര്‍ രണ്ടിനും 2012 ഡിസംബര്‍ 20നും ഇടയില്‍ 37 കര്‍ഷകരാണ് കടബാധ്യതയില്‍ ജീവിതം വഴിമുട്ടി ആത്മഹത്യചെയ്തത്. കഴിഞ്ഞ എല്‍ഡിഎഫ് ഭരണത്തില്‍ പിടിച്ചുകെട്ടിയതുപോലെ നിലച്ച കര്‍ഷക ആത്മഹത്യകള്‍ മുന്‍ യുഡിഎഫ് ഭരണത്തിലേതുപോലെ ഇത്തവണയും ആവര്‍ത്തിക്കുന്നു.

വിളനാശവും വിലയിടിവിനുമൊപ്പം കാലാസ്ഥ വ്യതിയാനംകൂടിയായതോടെ വയനാടന്‍ കര്‍ഷകരുടെ പ്രതിസന്ധി ഇരട്ടിച്ചു. സമയത്തിന് മഴ ലഭിക്കാതിരുന്നതിനാല്‍ കൃഷിയിറക്കാനായില്ല. ഏക്കര്‍കണക്കിന് പാടങ്ങള്‍ കരിഞ്ഞുണങ്ങി. എരിതീയില്‍ എണ്ണപോലെ കുരുമുളകിന് ദ്രുതവാട്ടം പടരുകയാണ്. ഇതിനൊപ്പം വിലക്കയറ്റത്തിന്റെ രൂക്ഷതകൂടിയായതോടെ കര്‍ഷക കുടുംബങ്ങളില്‍ വീണ്ടും കരിന്തിരി കത്തുന്നു. കാര്‍ഷിക മേഖലയിലെ പ്രതിസന്ധിയെയും കര്‍ഷക ആത്മഹത്യകളെയും തുടര്‍ന്ന് സര്‍ക്കാര്‍ പ്രഖ്യാപിച്ച മൊറോട്ടോറിയത്തിന്റെ ആനുകൂല്യം ഭൂരിപക്ഷം കര്‍ഷകര്‍ക്കും ലഭിച്ചില്ല. 2011 നവംബര്‍ 30ന് പ്രഖ്യാപിച്ച മെറോട്ടോറിയത്തിന്റെ കാലാവധി ഇക്കഴിഞ്ഞ ഡിസംബര്‍ 29ന് അവസാനിച്ചു. കാര്‍ഷിക കടങ്ങള്‍ക്ക് മാത്രമായിരുന്നു മൊറോട്ടോറിയം. എന്നാല്‍ 80 ശതമാനം കര്‍ഷകരും എടുത്തത് കാര്‍ഷികേതര വായ്പകളായിരുന്നു. കുറഞ്ഞ ഭൂമി മാത്രമുള്ള ഇത്തരക്കാര്‍ക്ക് ദേശസാല്‍കൃത ബാങ്കുകള്‍ കാര്‍ഷിക വായ്പ നല്‍കാത്ത ഘട്ടത്തിലാണ് കൃഷിചെയ്യാന്‍ കാര്‍ഷികേതര വായ്പ എടുക്കാന്‍ നിര്‍ബന്ധിതരായത്. ഇത്തരം വായ്പ തിരിച്ചടവിന് ഇളവുകള്‍ ഇല്ലാത്തതിനാല്‍ പതിനായിരക്കണക്കിന് കര്‍ഷകരാണ് പ്രതിസന്ധിയിലായത്.

കാര്‍ഷികാനുബന്ധ മേഖലയായ മൃഗപരിപാലനം, കോഴിവളര്‍ത്തല്‍, മത്സ്യം വളര്‍ത്തല്‍, ഇതിനുപുറമേ വിദ്യാഭ്യാസ വായ്പയെടുത്തവരെയും മൊറോട്ടോറിയത്തില്‍ പരിഗണിച്ചില്ല. പല ബാങ്കുകളും മൊറോട്ടോറിയം അവഗണിച്ച് ജപ്തി നടപടികള്‍ സ്വീകരിച്ചു. ഇതിനിടെ ദുരിതബാധിത ജില്ലയായി വയനാടിനെ പ്രഖ്യാപിച്ചിരുന്നെങ്കിലും അതിന്റെ ഗുണവും ജില്ലയില്‍ എത്തിയില്ല. ആത്മഹത്യചെയ്ത കര്‍ഷകരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരുലക്ഷംരൂപ നാമമാത്ര കര്‍ഷകര്‍ക്കാണ് ലഭിച്ചത്. ആനുകൂല്യങ്ങളും സഹായങ്ങളും നല്‍കാതിരുന്ന സംസ്ഥാന സര്‍ക്കാര്‍ കര്‍ഷക ആത്മഹത്യയുടെ കണക്ക് കേന്ദ്രത്തില്‍നിന്നും മറച്ചുവെച്ചും ക്രൂരതകാട്ടി.

deshabhimani 150113

No comments:

Post a Comment