Saturday, January 12, 2013
കെടുകാര്യസ്ഥത തകര്‍ത്താടി ശിക്ഷ യാത്രികര്‍ക്ക്
കെടുകാര്യസ്ഥതയും സ്വാര്‍ഥതാല്‍പ്പര്യങ്ങളും റെയില്‍വേയെ സാമ്പത്തികമായി തകര്‍ത്തപ്പോള്‍ നിരക്കുവര്‍ധനയുടെ ശിക്ഷ പേറേണ്ടിവരുന്നത് യാത്രക്കാര്‍. പശ്ചാത്തലസൗകര്യങ്ങളും ജീവനക്കാരുടെ എണ്ണവും പരിഗണിക്കാതെ പ്രഖ്യാപിച്ച പുതിയ ട്രെയിനുകള്‍, സങ്കുചിത രാഷ്ട്രീയലാഭം ലക്ഷ്യമിട്ട് പ്രഖ്യാപിക്കുന്ന പദ്ധതികള്‍ എന്നിവയും വിഭവസമാഹരണത്തിന് ഫലപ്രദമാര്‍ഗങ്ങള്‍ ഉപയോഗിക്കാത്തതും ധൂര്‍ത്തുമാണ് റെയില്‍വേയെ തകര്‍ത്തത്. റെയില്‍വേയെ വന്‍ ലാഭത്തിലെത്തിച്ച ഒന്നാം യുപിഎ ഭരണത്തിലെ പ്രകടനത്തിന് ആഗോള അംഗീകാരം കിട്ടിയിരുന്നു. ഒന്നാം യുപിഎ ഭരണത്തില്‍ 2005ല്‍ 9000 കോടി മിച്ചധനമുണ്ടായിരുന്ന റെയില്‍വേ 2006ല്‍ അത് 16,000 കോടി രൂപയായും 2007ല്‍ 20,000 കോടി രൂപയായും വര്‍ധിപ്പിച്ചു. അടുത്ത വര്‍ഷം ശമ്പളപരിഷ്കരണം വഴിയുള്ള അധികച്ചെലവ് കാരണം മിച്ചധനം 14,000 കോടി രൂപയായി കുറഞ്ഞെങ്കിലും സാമ്പത്തികമായി മികച്ച നില തുടര്‍ന്നു. 2007-08ല്‍ ഓപ്പറേറ്റിങ് റേഷ്യോ (100 രൂപ വരുമാനമുണ്ടാക്കിയാല്‍ റെയില്‍വേയുടെ നടത്തിപ്പിന് വേണ്ടിവരുന്ന ചെലവ്) 76 ശതമാനമായിരുന്നു. ഇപ്പോള്‍ അത് 96 ശതമാനമായി. ഇനി 12-ാം പദ്ധതിയുടെ അവസാനത്തോടെ 74 ശതമാനമാക്കാനാണ് ലക്ഷ്യമിടുന്നത്.
2010-11ലെ റെയില്‍ ബജറ്റില്‍ മമത ബാനര്‍ജി വാഗ്ദാനം ചെയ്ത പദ്ധതികളെപ്പറ്റി 2011-12ലെ ബജറ്റില്‍ മിണ്ടിയില്ല. 50 ലോകനിലവാരത്തിലുള്ള റെയില്‍വേ സ്റ്റേഷന്‍, അഞ്ച് സ്പോര്‍ട്സ് അക്കാദമി, 522 ആശുപത്രി, 40 മള്‍ട്ടി സ്പെഷ്യാലിറ്റി ആശുപത്രി, 50 കേന്ദ്രീയവിദ്യാലയം, ഏഴ് കോച്ച് ഫാക്ടറി, അഞ്ച് വാഗണ്‍ ഫാക്ടറി എന്നീ വാഗ്ദാനങ്ങള്‍ക്ക് പിന്നീട് എന്തുപറ്റിയെന്ന് ആര്‍ക്കുമറിയില്ല. തുടര്‍ന്നുള്ള ബജറ്റില്‍ ഇവയ്ക്കുള്ള വകയിരുത്തലുണ്ടായില്ല. ലക്ഷം പേരെ പുതുതായി നിയമിക്കുമെന്ന് പ്രഖ്യാപിച്ചു. എന്നാല്‍, വിരമിച്ചവര്‍ക്കു പകരം നിയമനമുണ്ടായില്ല. സുരക്ഷയെ ഇത് ബാധിച്ചു. വരുമാനത്തിന്റെ നല്ലപങ്കും ചരക്കുകടത്തു വഴിയാണ്. ലക്ഷ്യമിട്ടതില്‍നിന്ന് വളരെ താഴെയാണ് ചരക്കുകടത്ത്. 2011-12ല്‍ ലക്ഷ്യമിട്ടതില്‍നിന്ന് 2.3 കോടി ടണ്‍ കുറവ് ചരക്ക് മാത്രമേ കടത്താനായുള്ളൂ. നടപ്പുസാമ്പത്തികവര്‍ഷവും ചരക്കുകടത്ത് കുറയും. 2011-12ല്‍ റെയില്‍വേയുടെ ആകെ വരുമാനം 1,04,278.79 കോടി രൂപയാണ്. ചരക്കുകടത്തില്‍നിന്ന് 69,675.97 കോടിയും യാത്രക്കൂലിയില്‍നിന്ന് 28,645.52 കോടി രൂപയും ലഭിച്ചു. ചരക്കുകടത്ത് കൂടുതല്‍ മെച്ചപ്പെടുത്താതെ റെയില്‍വേക്ക് ലാഭകരമായി തുടരാനാകില്ല. ലാലുപ്രസാദ് യാദവ് റെയില്‍മന്ത്രിയായിരിക്കെ ചരക്കുകടത്ത് കഴിഞ്ഞ് കാലിയായി വരുന്ന വാഗണുകളില്‍ കുറഞ്ഞ നിരക്കില്‍ ചരക്ക് കൊണ്ടുവരുന്ന സംവിധാനമുണ്ടായിരുന്നു. ഉയര്‍ന്ന ക്ലാസുകളില്‍ വേണ്ടത്ര യാത്രക്കാരില്ലെങ്കില്‍ താഴ്ന്ന ക്ലാസുകളില്‍നിന്ന് ഉയര്‍ന്ന ക്ലാസുകളിലേക്ക് റിസര്‍വേഷന്‍ സ്വയമേവ മാറുന്ന സംവിധാനം ഏര്‍പ്പെടുത്തി. ഇതുമൂലം താഴ്ന്ന ക്ലാസുകളിലെ വെയിറ്റിങ് ലിസ്റ്റിലുള്ളവര്‍ക്ക് റിസര്‍വേഷന്‍ ലഭ്യമാക്കാനും ട്രെയിനുകള്‍ കാലിയായി ഓടുന്നത് ഒഴിവാക്കാനും കഴിഞ്ഞു. ഇങ്ങനെ വരുമാനം വര്‍ധിപ്പിക്കാനുതകുന്ന നടപടികളെടുക്കാന്‍ രണ്ടാം യുപിഎ സര്‍ക്കാരിലെ മന്ത്രിമാര്‍ക്ക് കഴിഞ്ഞില്ല.
(വി ജയിന്‍)
deshabhimani 120113
Labels:
റെയില്‍വേ
Subscribe to:
Post Comments (Atom)
No comments:
Post a Comment