Saturday, January 12, 2013

സിഐടിയു സംസ്ഥാന സമ്മേളനത്തിന് ഇന്നു തുടക്കം


കാസര്‍കോട്: അധ്വാനവര്‍ഗത്തിന്റെ പോര്‍വീര്യവും പ്രതീക്ഷയുമായ സിഐടിയുവിന്റെ പന്ത്രണ്ടാം സംസ്ഥാന സമ്മേളനം കാസര്‍കോട്ട് ശനിയാഴ്ച ആരംഭിക്കും. പ്രതിനിധി സമ്മേളനം നടക്കുന്ന കാസര്‍കോട് വരദരാജ പൈ നഗറില്‍(സന്ധ്യാരാഗം ഓഡിറ്റോറിയം) രാവിലെ പത്തിന് സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് പതാക ഉയര്‍ത്തും. ജനറല്‍ സെക്രട്ടറി തപന്‍ സെന്‍ എംപി മൂന്നുദിവസത്തെ സമ്മേളനം ഉദ്ഘാടനം ചെയ്യും.

ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരന്‍, എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ പ്രസിഡന്റ് എ എ അസീസ് എംഎല്‍എ, ബിഎംഎസ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ കെ വിജയകുമാര്‍, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണിക്കുളം എന്നിവര്‍ സംസാരിക്കും. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിക്കും. വൈകിട്ട് പൊതുചര്‍ച്ച ആരംഭിക്കും. 14ന് വൈകിട്ട് കാല്‍ലക്ഷം തൊഴിലാളികളുടെ റാലിയോടെ സമാപിക്കും.

പൊതുസമ്മേളനം അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ ഉദ്ഘാടനം ചെയ്യും ശനിയാഴ്ച പകല്‍ മൂന്നിന് "മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍" എന്ന വിഷയത്തിലുള്ള സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഇ ടി മുഹമ്മദ് ബഷീര്‍ എംപി, കാനം രാജേന്ദ്രന്‍, രാമചന്ദ്രന്‍ കടന്നപ്പള്ളി, പ്രൊഫ. എ പി അബ്ദുള്‍ വഹാബ്, എളമരം കരീം എംഎല്‍എ എന്നിവര്‍ സംസാരിക്കും. സമ്മേളനത്തിന് തുടക്കംകുറിച്ച് പൊതുസമ്മേളനം നടക്കുന്ന കെ പത്മനാഭന്‍ നഗറില്‍ വെള്ളിയാഴ്ച വൈകിട്ട് സംഘാടക സമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി പതാക ഉയര്‍ത്തി.

പതാക ഉയര്‍ന്നു; ആവേശം അലതല്ലി

കാസര്‍കോട്: സിഐടിയു 12-ാം സംസ്ഥാന സമ്മേളനത്തിന് തുടക്കം കുറിച്ച് പൊതുസമ്മേളനം ചേരുന്ന കെ പത്മനാഭന്‍ നഗറില്‍ (മിലന്‍ ഗ്രൗണ്ട്) ചെമ്പതാക ഉയര്‍ന്നു. ആവേശം അലയടിച്ച അന്തരീക്ഷത്തില്‍ സംഘാടകസമിതി ചെയര്‍മാന്‍ പി കരുണാകരന്‍ എംപി പതാക ഉയര്‍ത്തി. പൊതുസമ്മേളന നഗരിയിലും പ്രതിനിധി സമ്മേളന നഗരിയിലും ഉയര്‍ത്താനുള്ള കൊടി-കൊടിമരങ്ങള്‍ വഹിച്ചുള്ള ജാഥകള്‍ എത്തിയതോടെ നഗരം ആവേശത്താല്‍ പ്രകമ്പനം കൊണ്ടു. നാലു ജാഥകളും സംഗമിച്ച് സമ്മേളന നഗരിയിലേക്ക് നീങ്ങി. ബാന്‍ഡ്വാദ്യവും ചെണ്ടമേളവും വെടിക്കെട്ടും ജാഥാപ്രയാണത്തിന് കൊഴുപ്പേകി. കാസര്‍കോട്ട് ആദ്യമായാണ് സംസ്ഥാന സമ്മേളനംനടക്കുന്നത്.
 
പൊതുസമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കണ്ണൂര്‍ പയ്യാമ്പലത്തെ സി കണ്ണന്‍ സ്മൃതിമണ്ഡപത്തില്‍നിന്നാണ് കൊണ്ടുവന്നത്. രാവിലെ സിഐടിയു സംസ്ഥാന പ്രസിഡന്റ് കെ എന്‍ രാവീന്ദ്രനാഥ് ജാഥാലീഡര്‍ കെ പി സഹദേവന് പതാക കൈമാറി. ടി രാമകൃഷ്ണന്‍ അധ്യക്ഷനായി. സിഐടിയു ജില്ലാ ജനറല്‍ സെക്രട്ടറി സി കൃഷ്ണന്‍ എംഎല്‍എ സ്വാഗതം പറഞ്ഞു. സിപിഐ എം കണ്ണൂര്‍ ജില്ലാ സെക്രട്ടറി പി ജയരാജന്‍, സിഐടിയു ജില്ലാ പ്രസിഡന്റ് പുഞ്ചയില്‍ നാണു എന്നിവരും സംബന്ധിച്ചു. ബാന്‍ഡ് വാദ്യത്തിന്റെയും രക്തപതാകകളേന്തി ഇരുചക്രവാഹനങ്ങളില്‍ അണിനിരന്ന നൂറുകണക്കിന് വളണ്ടിയര്‍മാരുടെയും അകമ്പടിയോടെയാണ് പതാക ജാഥ പ്രയാണമാരംഭിച്ചത്. കൊടിമരം പൈവളിഗെ രക്തസാക്ഷി നഗറില്‍നിന്നാണ് കൊണ്ടുവന്നത്. സംസ്ഥാന ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് ജാഥാ ലീഡര്‍ എ കെ നാരായണന് കൈമാറി. കെ ആര്‍ ജയാനന്ദ അധ്യക്ഷനായി. ബി ചന്ദപ്പ സ്വാഗതം പറഞ്ഞു. പ്രതിനിധി സമ്മേളന നഗരിയില്‍ ഉയര്‍ത്താനുള്ള പതാക കാഞ്ഞങ്ങാട്ടെ അനശ്വര രക്തസാക്ഷികളായ പ്രഭാകരന്റെയും സുരേന്ദ്രന്റെയും സ്മൃതിമണ്ഡപത്തില്‍വച്ച് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ കെ ദിവാകരന്‍ ജാഥാ ലീഡര്‍ പി അപ്പുക്കുട്ടനു കൈമാറി.

മാന്തോപ്പ് മൈതാനിയില്‍ നടന്ന ചടങ്ങില്‍ എം പൊക്ലന്‍ അധ്യക്ഷനായി. ഡി വി അമ്പാടി സ്വാഗതം പറഞ്ഞു. കൊടിമരം ബന്തടുക്ക ബാലകൃഷ്ണ നായ്കിന്റെ സ്മൃതിമണ്ഡപത്തില്‍നിന്ന് സിപിഐ എം കാസര്‍കോട് ജില്ലാസെക്രട്ടറി കെ പി സതീഷ്ചന്ദ്രന്‍ ജാഥാലീഡര്‍ യു തമ്പാന്‍നായര്‍ക്ക് കൈമാറി. എം മുഹമ്മദ് അധ്യക്ഷനായി. എം രാജഗോപാലന്‍ സംസാരിച്ചു. കെ എന്‍ രാജന്‍ സ്വാഗതം പറഞ്ഞു. പൊതുസമ്മേളനഗരിയിലേക്കുള്ള പതാക കെ പി സഹദേവനില്‍നിന്ന് ടി കെ രാജനും കൊടിമരം എ കെ നാരായണനില്‍നിന്ന് രമാനാഥറൈയും പ്രതിനിധിസമ്മേളന നഗരിയിലേക്കുള്ള പതാക പി അപ്പുക്കുട്ടനില്‍നിന്ന് എം അമ്പൂഞ്ഞിയും കൊടിമരം യു തമ്പാന്‍നായരില്‍നിന്ന് കാറ്റാടി കുമാരനും ഏറ്റുവാങ്ങി. പതാക ഉയര്‍ത്തല്‍ ചടങ്ങിന് സംഘാടകസമിതി കണ്‍വീനര്‍ പി രാഘവന്‍ സ്വാഗതം പറഞ്ഞു.

deshabhimani 120113

No comments:

Post a Comment