Wednesday, January 2, 2013

പെണ്‍കുട്ടിയുടെ പേരിനെച്ചൊല്ലി വിവാദം


ഡല്‍ഹിയില്‍ കൂട്ടബലാത്സംഗത്തിന് ഇരയായി കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേരും വിശദാംശങ്ങളും മറച്ചുവയ്ക്കുന്നതിനെച്ചൊല്ലി പുതിയ വിവാദമുയരുന്നു. പെണ്‍കുട്ടിയുടെ വീട്ടുകാര്‍ക്ക് താല്‍പ്പര്യമില്ലാത്തതുകൊണ്ട് പേരുവിവരങ്ങള്‍ മറച്ചുവയ്ക്കുന്നുവെന്നാണ് സര്‍ക്കാരും പൊലീസും നല്‍കുന്ന വിശദീകരണം. എന്നാല്‍, കുട്ടിയുടെ പേര് മറച്ചുവയ്ക്കുന്നതു വഴി സ്ത്രീപീഡന സംഭവങ്ങള്‍ പൊതുവില്‍ മറച്ചുവയ്ക്കേണ്ടതാണെന്ന പൊതുധാരണ ജനങ്ങളില്‍ സൃഷ്ടിക്കുമെന്ന അഭിപ്രായവും ഉയര്‍ന്നു. മാതാപിതാക്കള്‍ക്ക് എതിര്‍പ്പില്ലെങ്കില്‍ പെണ്‍കുട്ടിയുടെ പേരുവിവരം വെളിപ്പെടുത്തണമെന്ന് കേന്ദ്രസഹമന്ത്രി ശശി തരൂര്‍ ട്വിറ്ററില്‍ അഭിപ്രായപ്പെട്ടു. കുട്ടിയെ രാജ്യമാകെ ആദരിക്കുന്നതിന് ഇത് വഴിയൊരുക്കും. പുതിയ ബലാത്സംഗ വിരുദ്ധ നിയമം കുട്ടിയുടെ പേരില്‍ അറിയപ്പെടണം. കുട്ടിയുടെ പേര് ഇപ്പോഴും മറച്ചുവയ്ക്കുകവഴി എന്ത് താല്‍പ്പര്യമാണ് സംരക്ഷിക്കപ്പെടുന്നതെന്ന് മനസ്സിലാകുന്നില്ല. എന്തുകൊണ്ട് സ്വന്തമായി സ്വത്വമുള്ള ഒരു യഥാര്‍ഥ വ്യക്തിയായി കണ്ട് കുട്ടിയെ ആദരിച്ചുകൂടായെന്നും തരൂര്‍ ട്വിറ്ററില്‍ പറഞ്ഞു.

കുട്ടിയുടെ മരണശേഷം എല്ലാ നടപടികളും രഹസ്യസ്വഭാവത്തില്‍ പൂര്‍ത്തീകരിക്കുന്നതിന് സര്‍ക്കാര്‍ അതീവശ്രദ്ധ പുലര്‍ത്തിയിരുന്നു. ഡല്‍ഹിയില്‍ കുട്ടിയുടെ സംസ്കാരം പുലര്‍ച്ചെ അതീവസുരക്ഷാ സന്നാഹങ്ങളോടെയാണ് നടത്തിയത്. ഏതാനും രാഷ്ട്രീയ നേതാക്കള്‍ക്കു പുറമെ കുട്ടിയുടെ മാതാപിതാക്കളും അടുത്ത സുഹൃത്തുക്കളും മാത്രമാണ് സംസ്കാരചടങ്ങുകളില്‍ പങ്കെടുത്തത്. കുട്ടിയുടെ മാതാപിതാക്കളുടെ താല്‍പ്പര്യപ്രകാരമാണ് രഹസ്യസ്വഭാവമെന്നായിരുന്നു സര്‍ക്കാരിന്റെ വിശദീകരണം. സ്ത്രീപീഡനകേസുകളില്‍ കര്‍ക്കശ ശിക്ഷ ഉറപ്പാക്കുന്നതിനുള്ള നിയമഭേദഗതി ചര്‍ച്ചചെയ്യുന്നതിന് സര്‍വകക്ഷിയോഗം വിളിച്ചുചേര്‍ക്കാന്‍ സര്‍ക്കാര്‍ മടിക്കുകയാണ്. പാര്‍ലമെന്റിന്റെ പ്രത്യേക സമ്മേളനമെന്ന നിര്‍ദേശം കേന്ദ്രം നേരത്തെതന്നെ നിരാകരിച്ചിരുന്നു. തുടര്‍ന്നാണ് സര്‍വകക്ഷി യോഗമെന്ന നിര്‍ദേശം ഉയര്‍ന്നത്. എന്നാല്‍, ഇതിനോടും അനുകൂല പ്രതികരണമില്ല. നിയമഭേദഗതിയുടെ കാര്യത്തില്‍ നിര്‍ദേശമുണ്ടെങ്കില്‍ ജസ്റ്റിസ് ജെ എസ് വര്‍മ സമിതിക്ക് അയച്ചുകൊടുക്കാന്‍ ആവശ്യപ്പെട്ട് രാഷ്ട്രീയപാര്‍ടികള്‍ക്ക് കത്തയച്ചിട്ടുണ്ടെന്ന് ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ പറഞ്ഞു. എന്നാല്‍, സര്‍വകക്ഷി യോഗത്തിന്റെ കാര്യത്തില്‍ പ്രതികരണത്തിന്&ാറമവെ;മന്ത്രി തയ്യാറായില്ല. അതിനിടെ, ഫെയ്സ്ബുക്ക് അടക്കമുള്ള സാമൂഹിക വെബ്സൈറ്റുകളില്‍ പെണ്‍കുട്ടിയുടേതെന്ന പേരില്‍ വ്യാജ ചിത്രങ്ങള്‍ വ്യാപമായി പ്രചരിക്കാന്‍ തുടങ്ങി. മലയാളിപെണ്‍കുട്ടികളുടേതടക്കമുള്ള ചിത്രങ്ങളാണ് പ്രചരിക്കുന്നത്.

deshabhimani 020113

1 comment: