Friday, January 4, 2013
ദൃശ്യ-ശബ്ദ വിസ്മയവുമായി ഡിലന്‍ തെരുവിലേക്കിറങ്ങി
ഫോര്‍ട്ട്‌കൊച്ചിയില്‍ വിദേശികള്‍ ഒരു പുതിയ കാഴ്ചയല്ല. പക്ഷെ, ബുധനാഴ്ച അവിടെയെത്തിയ ഒരു വിദേശി വാസ്‌കോ ഡ ഗാമ സ്‌ക്വയറില്‍ തടിച്ചുകൂടിയ ആളുകള്‍ക്ക് സമ്മാനിച്ചത് ദൃശ്യത്തിന്റെയും ശബ്ദത്തിന്റെയും വിസ്മയമാണ്. ഒരു സൈക്കിളും ഉന്തുവണ്ടിയും പിന്നെ വേറേകുറേ ഉപയോഗശൂന്യങ്ങളായ വസ്തുക്കളും ഉപയോഗിച്ച് സ്വയം പ്രവര്‍ത്തിക്കുന്ന ഒരു താളവിസ്മയം. ഡിലന്‍ മാര്‍ട്ടൊറല്‍ എന്ന സ്‌കോട്ടിഷ് കലാകാരനായിരുന്നു അത്. ഏതാനും ആഴ്ചകളായി കൊച്ചി-മുസ്സിരിസ് ബിനാലെയുടെ ഭാഗമായി ഡിലന്‍ ഫോര്‍ട്ട് കൊച്ചിയിലുണ്ട്. ബിനാലെയില്‍ ‘കൊച്ചിയുടെ ശബ്ദങ്ങള്‍’ എന്ന പേരില്‍ മൂന്നു ചെറിയ മുറികളിലായി ഡിലന്‍ തയ്യാറാക്കിയിരിക്കുന്ന സൗണ്ട് ഇന്‍സ്റ്റലേഷനു മുന്നിലാണ് ഏറ്റവുമധികം തിരക്ക് അനുഭവപ്പെടുന്നത്. ആ ഇന്‍സ്റ്റലേഷന്റെ, ബിനാലെ വേദിക്കു പുറത്തുള്ള, സഞ്ചരിക്കുന്ന പകര്‍പ്പാണ് ഡിലന്‍ ഫോര്‍ട്ട്‌കൊച്ചിയിലും പരിസരങ്ങളിലുമായി ഒരുക്കിയത്.
ഉപയോഗശേഷം ഉപേക്ഷിക്കപ്പെട്ട വസ്തുക്കളും പാഴ്‌വസ്തുക്കളും ചേര്‍ത്ത് ശബ്ദത്തിന്റെ ഒരത്ഭുതലോകമാണ് മെല്‍ബോണില്‍ താമസമാക്കിയ ഡിലന്‍ ബിനാലെയില്‍ ഒരുക്കിയിരിക്കുന്നത്. ആദ്യമുറിയിലാണ് പാഴ്‌വസ്തുക്കളുടെ ഉല്‍സവം. പൊട്ടിയ ചില്ലു കഷണം, മാര്‍ബിളിന്റെ കഷണം, ചവര്‍ ബക്കറ്റ്, കലം, മിനറല്‍വാട്ടറിന്റെ ചെറിയ ടാങ്ക് തുടങ്ങിയവയില്‍ സാധാരണ കോലുകൊണ്ടു സൃഷ്ടിക്കുന്ന താളം. അതിന് കൃത്യമായ ഒരു ക്രമമുണ്ടാകുമ്പോഴാണ് ഡിലന്റെ കലാചാതുരി വെളിപ്പെടുന്നത്. രണ്ടാമത്തെ മുറിയില്‍ മണ്‍കലങ്ങളില്‍ സ്ഥാപിച്ച സ്പീക്കറുകളില്‍ മസാലപ്പൊടി വിതറാന്‍ കാഴ്ചക്കാരോട് ഡിലന്‍ ആവശ്യപ്പെടുന്നു. മൂന്നാമത്തെ മുറിയിലാകട്ടെ തൂക്കിയിട്ടിരിക്കുന്ന വസ്തുക്കളില്‍- പ്ലാസ്റ്റിക് കുപ്പി, ഒഴിഞ്ഞ കൊക്കോ കോള ക്യാന്‍, ചെറിയപാത്രം തുടങ്ങിയവ- ചെരിപ്പിടാതെ സ്പര്‍ശിക്കുക. അങ്ങിനെ ചെയ്യുമ്പോള്‍ നമുക്ക് കേള്‍ക്കാന്‍ സാധിക്കുന്നത് കൊച്ചിയുടെ ശബ്ദമാണ്. കൊച്ചിയുടെ വിവിധഭാഗങ്ങളില്‍നിന്നു റെക്കോഡ്‌ചെയ്ത സൈക്കിള്‍ ബെല്ലും, കപ്പലിന്റെ സൈറനും, ബസിന്റെ ഹോണുംപോലുള്ള പലവിധ ശബ്ദങ്ങള്‍.
കുട്ടികളെയും മുതിര്‍ന്നവരെയും ഒരുപോലെ ആകര്‍ഷിക്കുന്നവയാണ് ഡിലന്റെ ഈ ഇന്‍സ്റ്റലേഷനുകള്‍. കൊച്ചി-മുസ്സിരിസ് ബിനാലെയില്‍ അവ ഏറെ ജനപ്രിയമായപ്പോഴാണ് ഇതുമായി തെരുവിലേക്കിറങ്ങാന്‍ ഡിലന്‍ തീരുമാനിച്ചത്. അതിന്റെ ഭാഗമായി ബുധന്‍, വ്യാഴം ദിവസങ്ങളില്‍ വെളി മുതല്‍ ഫോര്‍ട്ട്‌കൊച്ചിവരെയുള്ള മേഖലയില്‍ വിവിധ ഭാഗങ്ങളില്‍ തന്റെ റോബോട്ടിക് സൗണ്ട് ഇന്‍സ്റ്റലേഷനുമായി ഡിലന്‍ സംഘാടകര്‍ക്കൊപ്പം സഞ്ചരിക്കാന്‍ തീരുമാനിക്കുകയായിരുന്നു. കൊച്ചിന്‍ കാര്‍ണിവലിനുശേഷം ഫോര്‍ട്ടുകൊച്ചിയിലും മറ്റും ഉപേക്ഷിക്കപ്പെട്ട വസ്തുക്കള്‍ ശേഖരിച്ചാണ് ഡിലന്‍ ഇതുണ്ടാക്കിയത്. സൈക്കിളും ഉന്തുവണ്ടിയും മിനറല്‍വാട്ടറിന്റെ കുപ്പിയും റോഡരികില്‍ ഉപേക്ഷിക്കപ്പെട്ട മറ്റ്പല പാഴ്‌വസ്തുക്കളുമുപയോഗിച്ചുള്ള സൗണ്ട് ഇന്‍സ്റ്റലേഷന്‍ ബിനാലെ വേദിയിലേക്കെത്താത്തവരെ തേടി ഡിലന്‍ പുറത്തേക്കിറക്കിയിരിക്കുകയാണ്. ഇവയെല്ലാം ആരും പ്രവര്‍ത്തിപ്പിക്കുന്നതല്ല, മറിച്ച് യാന്ത്രികമായി പ്രവര്‍ത്തിച്ച് താളവിസ്മയം തീര്‍ക്കുന്നതാണെന്നതാണ് ഏറ്റവും ആകര്‍ഷകമാകുന്നത്.
janayugom 020113
Subscribe to:
Post Comments (Atom)
No comments:
Post a Comment