Wednesday, January 16, 2013

സാന്ത്വന പരിപാലന യത്‌നങ്ങള്‍ക്ക് വിജയം നേരുന്നു


വികസനത്തെക്കുറിച്ചുള്ള തോരാത്ത അവകാശവാദങ്ങള്‍ക്കു നടുവിലാണ് നാം ജീവിക്കുന്നത്. അതിന്റെ വക്താക്കള്‍ അക്കങ്ങളും ശതമാനങ്ങളും പറഞ്ഞ് തങ്ങളുടെ വാദങ്ങള്‍ സമര്‍ഥിക്കാന്‍ മിടുക്കുള്ളവരാണ്. അംബരചുംബികളായ മഹാസൗധങ്ങളും അതിവേഗപ്പാതകളും വയല്‍ നികത്തിയും മല ഇടിച്ചുമുണ്ടാക്കുന്ന വിമാനത്താവളങ്ങളും വികസനത്തിന്റെ അളവുകോലാണെന്ന് അവര്‍ വാദിക്കുന്നു. ആഗോളവല്‍ക്കരണം ലോകത്തെ പഠിപ്പിച്ച വികസന സങ്കല്‍പങ്ങളില്‍ പണവും ലാഭവും തന്നെയാണ് കേന്ദ്രസ്ഥാനം കൈയടക്കിയത്. പാവപ്പെട്ട മനുഷ്യരും അവരുടെ ദൈന്യതനിറഞ്ഞ ജീവിതവും പണത്തിന്റെ പളപളപ്പുകളില്‍ ആരുടെയും കണ്ണില്‍പ്പെടാതെ ഞെരിഞ്ഞമരുകയാണ്. ഭക്ഷണവും വസ്ത്രവും പാര്‍പ്പിടവുമില്ലാത്തവര്‍, ഭൂമിയും വിദ്യാഭ്യാസവും ലഭിക്കാത്തവര്‍, രോഗപീഡകളാല്‍ വലയുന്നവര്‍- അവരെ കാണുവാനും കേള്‍ക്കുവാനും അധികാര കേന്ദ്രങ്ങള്‍ക്ക് മടിയാണ്. അവരുടെ കണ്ണീരിനും കാത്തിരിപ്പിനും മുമ്പില്‍ കരിമ്പാറയെ തോല്‍പിക്കുന്ന നിസംഗതയാണ് ചൂഷകവര്‍ഗ ഭരണക്കാര്‍ പുലര്‍ത്തുന്നത്. 'മനുഷ്യന്‍! എത്ര മനോഹരമായ പദം!' എന്നു പറഞ്ഞ മാക്‌സിം ഗോര്‍ക്കിയുടെ വാക്കുകള്‍ക്ക് ഇവിടെ അര്‍ഥമില്ലാതാവുകയാണ്. ആ മഹാസങ്കല്‍പത്തിന്റെ അര്‍ഥവും മഹത്വവും വീണ്ടെടുക്കാനുള്ള പരിശ്രമങ്ങളാണ് സാമൂഹികമാറ്റത്തിന്റെ ശക്തികള്‍ക്ക് ഇന്ന് ഏറ്റെടുക്കാനുള്ളത്. സാന്ത്വന പരിപാലനത്തിന്റെ രംഗത്തേക്ക് കടന്നുവരാനുള്ള സി പി ഐ (എം) തീരുമാനത്തെ ഈ പശ്ചാത്തലത്തിലാണ് ഞങ്ങള്‍ അഭിവാദ്യം ചെയ്യുന്നത്.

രാഷ്ട്രീയ പ്രവര്‍ത്തനത്തിന്റെ ശൈലികളെക്കുറിച്ചും സമീപനങ്ങളെക്കുറിച്ചും ജനങ്ങള്‍ ഇന്ന് നിരവധി ചോദ്യങ്ങള്‍ ചോദിക്കുന്നുണ്ട്. സമൂഹത്തിനും ജനങ്ങള്‍ക്കും സാമൂഹിക പുരോഗതിക്കും വേണ്ടിയുള്ള ബോധപൂര്‍വമായ ഇടപെടല്‍ എന്നതില്‍ നിന്ന് രാഷ്ട്രീയ പ്രവര്‍ത്തനം വഴിതെറ്റിപ്പോകുന്നുവെന്ന വിമര്‍ശനം വ്യാപകമാണ്. ''ത്യാഗമെന്നതേ നേട്ടം, താഴ്മ താന്‍ അഭ്യുന്നതി'' എന്ന ദേശീയ പ്രസ്ഥാനത്തിന്റെ പൈതൃകം രാഷ്ട്രീയ പ്രവര്‍ത്തകര്‍ മറന്നുപോയതായി പലരും പരിതപിക്കുന്നു. പണത്തിനു പരമപ്രാധാന്യം കല്‍പിക്കുന്ന ചൂഷകവര്‍ഗം സമൂഹത്തിനുമേല്‍ അടിച്ചേല്‍പിച്ച മൂല്യബോധമാണ് നമ്മുടെ രാഷ്ട്രീയ വ്യവസ്ഥയെ ഈ പതനത്തിലെത്തിച്ചത്. നിരന്തരവും വിട്ടുവീഴ്ച ഇല്ലാത്തതുമായ ജാഗ്രത പുലര്‍ത്തിയില്ലെങ്കില്‍ ഇടതുപക്ഷത്തെയും ഇത്തരം വലതുപക്ഷ ദുഷിപ്പുകള്‍ പിടികൂടും. മാര്‍ക്‌സിന്റെയും ഏംഗല്‍സിന്റെയും കാലം മുതല്‍ ഉണ്ടായിട്ടുള്ളതാണ് ഈ ജാഗ്രതപ്പെടുത്തല്‍. ഇന്ത്യയിലെ പ്രധാന ഇടതുപക്ഷ പാര്‍ട്ടികളായ സി പി ഐയും സി പി ഐ (എം) ഉം തങ്ങളുടെ ആശയസംഘടനാ രേഖകളില്‍ ഈ വസ്തുത എന്നും ഊന്നിപ്പറഞ്ഞിട്ടുണ്ട്. സമൂഹത്തിലെ കഷ്ടപ്പെടുന്നവരുമായുള്ള ഐക്യപ്പെടല്‍ ഈ പ്രത്യയശാസ്ത്ര ജാഗ്രതയുടെ ഭാഗം തന്നെയാണ്. സി പി ഐ (എം) തുടങ്ങിവയ്ക്കുന്ന മനുഷ്യകാരുണ്യ പ്രസ്ഥാനത്തിന് ഇത്തരത്തില്‍ വിപുലമായ ആശയതലമുണ്ടെന്ന് ഞങ്ങള്‍ വിശ്വസിക്കുന്നു.

മാറാവ്യാധികള്‍ക്കടിപ്പെട്ട് ദുരിതങ്ങളുടെ കണ്ണുനീര്‍ കുടിക്കുന്നവരുടെ എണ്ണം വര്‍ധിച്ചുവരികയാണ്. ജീവിതശൈലീരോഗങ്ങള്‍ എന്ന തലക്കെട്ടിനു താഴെ പുതിയ പുതിയ രോഗങ്ങള്‍ മനുഷ്യനെ വേട്ടയാടുന്നു. ചികിത്സാരംഗവും അതിന്റെ ഫലമായി അതിവേഗം കമ്പോളവല്‍ക്കരിക്കപ്പെട്ടു. സര്‍ക്കാര്‍ നയങ്ങള്‍ പൊതുജന ആരോഗ്യ സംവിധാനത്തെ കൈയൊഴിയുമ്പോള്‍ പഞ്ചനക്ഷത്ര ആശുപത്രികള്‍ കൂണുപോലെ മുളച്ചുവരുന്നു. കൈനിറയെ പണമില്ലാത്തവരുടെ കുടുംബങ്ങള്‍ ഈ അവസ്ഥയില്‍ പകച്ചുനില്‍ക്കുകയാണ്. സാന്ത്വനപരിപാലനത്തിന്റെ സ്‌നേഹസ്പര്‍ശത്തിനു വേണ്ടി കാത്തിരിക്കുന്നവരില്‍ 82 ശതമാനത്തിനും ഇന്ന് അത് ലഭ്യമല്ലെന്ന് പാലിയേറ്റീവ് രംഗത്തെ വിദഗ്ധര്‍ പറയുന്നു. ആ ചുറ്റുപാടിലാണ് സി പി ഐ (എം) അതിന്റെ എല്ലാ ലോക്കല്‍ കമ്മിറ്റികളുടെയും ആഭിമുഖ്യത്തില്‍ സാന്ത്വന പരിപാലനത്തിനുവേണ്ടിയുള്ള വളന്റിയര്‍നിരയെ അണിനിരത്തുന്നത്. ഇരുപത് പേര്‍ വീതമെങ്കിലുമുള്ള ഈ സന്നദ്ധസംഘം കഷ്ടതപേറുന്ന മനുഷ്യര്‍ക്ക് കൈത്താങ്ങായി പ്രവര്‍ത്തിക്കും. സി പി ഐ (എം) തുടങ്ങിവയ്ക്കുന്ന ഈ മാതൃക നമ്മുടെ രാഷ്ട്രീയ പ്രവര്‍ത്തനശൈലിയില്‍ പാവങ്ങള്‍ക്കനുകൂലമായ ഗുണപരമായ മാറ്റത്തിനുവേണ്ടിയുള്ള ബോധപൂര്‍വമായ തുടക്കമാകട്ടെ എന്നു ഞങ്ങള്‍ ആശംസിക്കുന്നു.

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ ചരിത്രത്തില്‍ ഇത്തരം പ്രവര്‍ത്തനങ്ങളുടെ നീണ്ട അധ്യായങ്ങള്‍ പതിഞ്ഞുകിടപ്പുണ്ട്. വസൂരിയും കോളറയും പടര്‍ന്നുപിടിച്ച ഗ്രാമങ്ങളില്‍ കമ്യൂണിസ്റ്റ് സഖാക്കള്‍ കാരുണ്യത്തിന്റെ ജീവല്‍സ്പര്‍ശവുമായെത്തിയ എത്രയെത്ര അനുഭവങ്ങളാണ് മുന്‍തലമുറകള്‍ നമുക്കു പറഞ്ഞുതന്നിട്ടുള്ളത്. വിപ്ലവത്തിന്റെ ലക്ഷ്യങ്ങള്‍ക്ക് മനുഷ്യസ്‌നേഹത്തിന്റെ മുഖവും മൂല്യവുമുണ്ടെന്നാണ് ത്യാഗധനരായ ആദ്യപഥികര്‍ നമ്മെ പഠിപ്പിച്ചത്. അതു കൈമോശം വന്നാല്‍ ഇടതുപക്ഷവും വലതുപക്ഷവും തമ്മിലുള്ള വേര്‍തിരിവിന്റെ വരകള്‍ നേര്‍ത്തുനേര്‍ത്ത് ഇല്ലാതായിപ്പോകും. സാമൂഹിക യാഥാര്‍ഥ്യങ്ങളുടെ എല്ലാ ഉള്‍തുടിപ്പുകളും ഉള്‍ക്കൊള്ളുമ്പോഴാണ് വിപ്ലവപ്രസ്ഥാനം അതിന്റെ ദൗത്യനിര്‍വഹണത്തിന് പ്രാപ്തമാകുന്നത്. ആ യാഥാര്‍ഥ്യങ്ങളില്‍ വിശപ്പും ദാരിദ്ര്യവും കണ്ണുനീരും രോഗവ്യഥകളും ഉള്‍ചേര്‍ന്നിട്ടുണ്ട്. ബൂര്‍ഷ്വാ വികസനത്തിന്റെ കാര്യപരിപാടികളില്‍ പലപ്പോഴും അവഗണിക്കപ്പെടുന്ന ഈ സത്യം തിരിച്ചറിഞ്ഞുകൊണ്ടേ ഇടതുപക്ഷത്തിന് അതിന്റെ വ്യത്യസ്തമായ വികസനപരിപ്രേക്ഷ്യം ഉയര്‍ത്തിപ്പിടിക്കാന്‍ കഴിയു. കേരളത്തില്‍ അങ്ങോളമിങ്ങോളം അനിഷേധ്യമായ ബഹുജനപിന്തുണയുള്ള സി പി ഐ (എം) തുടക്കംകുറിക്കുന്ന സാന്ത്വന പരിപാലന പ്രസ്ഥാനം ഈ സത്യത്തിന്റെമേലുള്ള കയ്യൊപ്പാണെന്ന് ഞങ്ങള്‍ കരുതുന്നു. ഇത്തരം പ്രവര്‍ത്തനങ്ങള്‍ക്ക് സജ്ജരാകാന്‍ ഈ മാതൃക എല്ലാ രാഷ്ട്രീയ പാര്‍ട്ടികള്‍ക്കും പ്രചോദനമാകട്ടെ.

janayugom editorial

No comments:

Post a Comment