Sunday, January 13, 2013
സിഐടിയു സംസ്ഥാനസമ്മേളനത്തിന് പ്രോജ്വല തുടക്കം
തൊഴിലാളികളുടെ നിലനില്‍പ്പുതന്നെ ഇല്ലാതാക്കുന്ന ഭരണാധികാരികളുടെ ദുര്‍നയങ്ങള്‍ക്കെതിരെ സമരകാഹളമുയര്‍ത്തി സിഐടിയു 12-ാം സംസ്ഥാന സമ്മേളനത്തിന് പ്രോജ്വല തുടക്കം. അവകാശ പോരാട്ടത്തിനിടെ രക്തസാക്ഷിത്വം വരിച്ച വരദരാജപൈയുടെ നാമധേയത്തില്‍ പ്രത്യേകം തയ്യാറാക്കിയ നഗറിലാണ് മൂന്നുനാള്‍ നീളുന്ന സമ്മേളനം.
ജാതി-മത-ഭാഷ-രാഷ്ട്രീയ ഭിന്നതകള്‍ മറന്ന് നിലനില്‍പിനായുള്ള പോരാട്ടത്തിന് ഏകമനസ്സോടെ അണിനിരക്കാനുള്ള ആഹ്വാനമായി സപ്തഭാഷാ സംഗമഭൂവില്‍ ആദ്യമായി നടക്കുന്ന സമ്മേളനം. ഭരണകൂടത്തിന്റെ ക്രിമിനല്‍ കാടത്ത നടപടികളെ വര്‍ഗഐക്യത്തിലൂടെ ചെറുക്കണമെന്ന് പ്രതിനിധി സമ്മേളനം ഉദ്ഘാടനംചെയ്ത സിഐടിയു അഖിലേന്ത്യാ ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി ആഹ്വാനം ചെയ്തു. സമ്മേളനത്തെ അഭിവാദ്യംചെയ്ത ഇതര തൊഴിലാളി സംഘടനാ നേതാക്കളും വര്‍ഗഐക്യത്തിന്റെ അനിവാര്യതയും പ്രസക്തിയും ഉയര്‍ത്തിപ്പിടിച്ചു. എഐടിയുസി സംസ്ഥാന ജനറല്‍സെക്രട്ടറി കാനം രാജേന്ദ്രന്‍, യുടിയുസി അഖിലേന്ത്യാ സെക്രട്ടറി എ എ അസീസ് എംഎല്‍എ, എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ്കുട്ടി ഉണ്ണികുളം, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് അഡ്വ. പി ഭാര്‍ഗവന്‍പിള്ള എന്നിവരാണ് കൂട്ടായ പോരാട്ടത്തിന്റെ സന്ദേശം അഭിവാദ്യ പ്രസംഗത്തില്‍ പങ്കുവച്ചത്.
സംസ്ഥാന പ്രസിഡന്റ് കെ എന്‍ രവീന്ദ്രനാഥ് ചെങ്കൊടി ഉയര്‍ത്തിയതോടെയാണ് സമ്മേളനം തുടങ്ങിയത്. തുടര്‍ന്ന്, രക്തസാക്ഷിമണ്ഡപത്തില്‍ പ്രതിനിധികള്‍ പുഷ്പാര്‍ച്ചന നടത്തി. സിഐടിയുവില്‍ അഫിലിയേറ്റ്ചെയ്ത 836 അംഗസംഘടനകളുടെ 14,51,170 അംഗങ്ങളെ പ്രതിനിധീകരിച്ച് 512 പ്രതിനിധികളാണ് സമ്മേളനത്തില്‍ പങ്കെടുക്കുന്നത്. പ്രതിനിധികള്‍ക്ക് സ്വാഗതമോതി മുന്നാട് കലാക്ഷേത്രത്തിലെ കുട്ടികള്‍ ഗാനവും സംഗീത ശില്‍പവും അവതരിപ്പിച്ചു. കെ എന്‍ രവീന്ദ്രനാഥ് അധ്യക്ഷനായി. സ്വാഗതസംഘം ചെയര്‍മാന്‍ പി കരുണാകരന്‍ എംപി സ്വാഗതം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ പ്രസിഡന്റ് എ കെ പത്മനാഭന്‍ സമ്മേളനത്തില്‍ പങ്കെടുക്കുന്നുണ്ട്. ഉദ്ഘാടന സമ്മേളനത്തിനുശേഷം ജനറല്‍ സെക്രട്ടറി എം എം ലോറന്‍സ് പ്രവര്‍ത്തന റിപ്പോര്‍ട്ടും ട്രഷറര്‍ കെ എം സുധാകരന്‍ കണക്കും അവതരിപ്പിച്ചു. പ്രതിനിധികളുടെ ഗ്രൂപ്പ് ചര്‍ച്ചയ്ക്കുശേഷം ആരംഭിച്ച പൊതുചര്‍ച്ച ഞായറാഴ്ചയും തുടരും.
സംസ്ഥാന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പണിമുടക്ക് വിജയിപ്പിക്കാന്‍ മുഴുവന്‍ തൊഴിലാളികളും രംഗത്തിറങ്ങണമെന്ന് സമ്മേളനം ആഹ്വാനം ചെയ്തു. കെ കെ ദിവാകരന്‍(കണ്‍വീനര്‍), കെ ചന്ദ്രന്‍പിള്ള, ജെ മേഴ്സിക്കുട്ടിയമ്മ, ടി പി രാമകൃഷ്ണന്‍, വി എന്‍ വാസവന്‍, കെ എന്‍ ഗോപിനാഥന്‍, കെ കെ ജയചന്ദ്രന്‍, ജോര്‍ജ് കെ ആന്റണി എന്നിവര്‍ പ്രമേയ കമ്മിറ്റിയായി പ്രവര്‍ത്തിക്കുന്നു. വി വി ശശീന്ദ്രന്‍(കണ്‍വീനര്‍), എസ് എസ് പോറ്റി, സി കൃഷ്ണന്‍, എ ഡി ജയന്‍ എന്നിവരാണ് ക്രഡന്‍ഷ്യല്‍ കമ്മിറ്റി അംഗങ്ങള്‍. മിനുട്സ് കമ്മിറ്റിയായി എം എം വര്‍ഗീസ്(കണ്‍വീനര്‍), വി പ്രഭാകരന്‍, എസ് ബി രാജു, അഡ്വ. സായികുമാര്‍ എന്നിവരും പ്രവര്‍ത്തിക്കുന്നു. മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍ എന്ന വിഷയത്തില്‍ വൈകിട്ട് നടന്ന സെമിനാര്‍ സിപിഐ എം സംസ്ഥാന സെക്രട്ടറി പിണറായി വിജയന്‍ ഉദ്ഘാടനംചെയ്തു.
സമരം വിജയിപ്പിക്കേണ്ടത് കടമ: തപന്‍സെന്‍
കാസര്‍കോട്: കേരളത്തിലെ സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കേണ്ടത് തൊഴിലാളിവര്‍ഗത്തിന്റെയും പൊതുസമൂഹത്തിന്റെയും അനിവാര്യമായ കടമയാണെന്ന് സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ എംപി പറഞ്ഞു.
ജീവനക്കാര്‍ സമരംചെയ്യുന്നത് പുതിയ ആനുകുല്യങ്ങള്‍ക്കുവേണ്ടിയല്ല. വര്‍ഷങ്ങളായി അനുഭവിക്കുന്ന അവകാശം സംരക്ഷിക്കാനാണ്. ഇത് അതിജീവനത്തിനായുള്ള പോരാട്ടമാണ്. ഈ സമരം പരാജയപ്പെട്ടാല്‍ പ്രത്യാഘാതം ഗുരുതരമായിരിക്കും. ഓരോ അവകാശസമരം വിജയിക്കുമ്പോഴും നേട്ടം പൊതുസമൂഹത്തിനാണ്. ഈ സമരം വിജയിപ്പിക്കാന്‍ തൊഴിലാളിവര്‍ഗം ഒറ്റക്കെട്ടായി രംഗത്തിറങ്ങണമെന്നും തപന്‍സെന്‍ ആഹ്വാനം ചെയ്തു. കാസര്‍കോട് സ. വരദരാജ പൈ നഗറില്‍(നഗരസഭാ സന്ധ്യാരാഗം ഓഡിറ്റോറിയം) സിഐടിയു സംസ്ഥാന സമ്മേളനം ഉദ്ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
വര്‍ഷങ്ങളോളം സര്‍ക്കാര്‍ സര്‍വീസില്‍ സേവനമനുഷ്ഠിക്കുന്നവര്‍ക്ക് ലഭിക്കേണ്ടുന്ന മൗലിക അവകാശമാണ് പെന്‍ഷന്‍. ഈ പെന്‍ഷന്‍ ഫണ്ടാണ് വിദേശ ഏജന്‍സികള്‍ക്ക് ചൂതാട്ടത്തിന് തുറന്നുകൊടുക്കുന്നത്. അമേരിക്ക ഉള്‍പ്പെടെയുള്ള പാശ്ചാത്യ മുതലാളിത്ത രാഷ്ട്രങ്ങള്‍ പരീക്ഷിച്ച് പരാജയപ്പെട്ടതാണ് ഇവിടെ അടിച്ചേല്‍പിക്കുന്നത്. അവിടെ പെന്‍ഷന്‍ തുക നിക്ഷേപിച്ച സ്വകാര്യ ബാങ്കുകള്‍ പാപ്പരായപ്പോള്‍ തകര്‍ന്നത് തൊഴിലാളികളുടെ നിക്ഷേപമാണ്. ഇന്ത്യയില്‍ പെന്‍ഷന്‍ സ്കീമില്‍ നിക്ഷേപിക്കുന്ന തുക തട്ടിയെടുക്കാന്‍ കഴുകന്‍ കണ്ണുമായി ആ ശക്തികള്‍ നോക്കിയിരിപ്പുണ്ട്. പങ്കാളിത്ത പെന്‍ഷന്‍കൊണ്ട് ജീവനക്കാര്‍ക്ക് എന്തെങ്കിലും പ്രയോജനം ഉണ്ടാകുമെന്ന് പറയാന്‍ സര്‍ക്കാറുകള്‍ക്ക് കഴിയുന്നില്ല. നിലവിലുള്ള ആനുകൂല്യങ്ങള്‍ ഇല്ലാതാകില്ലെന്ന് ഉറപ്പ് നല്‍കാനും കഴിയുന്നില്ല. മൂലധന ശക്തികള്‍ ലോകത്തെമ്പാടുമുളള സാമ്പത്തിക മേഖല കൊള്ളയടിക്കുകയാണ്. സാമ്പത്തിക, സാമൂഹ്യ മേഖലകളിലെല്ലാം ക്രിമിനല്‍വല്‍ക്കരണവും കാടത്തവും നടമാടുന്നു. ആഗോള മൂലധന ശക്തികളുടെ സമ്മര്‍ദത്തിന്റെ ഫലമായി നടപ്പാക്കുന്ന നയങ്ങള്‍ക്കെതിരെ ശക്തമായ പ്രതിരോധമാണ് ഉയര്‍ന്നുവരുന്നത്. അതോടൊപ്പം പ്രത്യാക്രമണവും ശക്തമാക്കണം. ആഗോളവല്‍ക്കരണത്തിന്റെയും നവ ഉദാരവല്‍ക്കരണത്തിന്റെയും ഫലമായി ഭീതിദമായ തോതില്‍ അഴിമതി വര്‍ധിച്ചു. വിലക്കയറ്റവും ഗുരുതരമായി. കോര്‍പ്പറേറ്റുകള്‍ക്ക് ഊഹക്കച്ചവടത്തിനും അവധിവ്യാപാരത്തിനും ഉല്‍പാദന മേഖല വിട്ടുകൊടുത്തതിന്റെ ദുരന്തമാണിത്. സ്ത്രീകള്‍ക്കെതിരായ അതിക്രമം ഭീതിദമാംവണ്ണം പെരുകി. സമൂഹത്തില്‍ രൂപപ്പെടുന്ന ക്രിമിനല്‍വല്‍ക്കരണമാണ് ഇതിനുകാരണം. ഇതിനെയെല്ലാം ചെറുത്തുതോല്‍പിക്കാന്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങളാണ് എന്നും മുന്നില്‍ നിന്നത്. പോരാട്ടങ്ങള്‍ക്കിടയിലെ പിറകോട്ടടികള്‍ അതിജീവിച്ച് മുന്നേറാനും പ്രക്ഷോഭങ്ങളുടെ നായകത്വം വഹിക്കാനും ഇടതുപക്ഷത്തിന് കഴിയുമെന്ന് തപന്‍സെന്‍ പറഞ്ഞു.
വര്‍ഗീയതക്ക് കോണ്‍ഗ്രസ് സഹായം ആപല്‍ക്കരം: പിണറായി
കാസര്‍കോട്: മതനിരപേക്ഷമെന്ന് അവകാശപ്പെടുന്ന കോണ്‍ഗ്രസ് വര്‍ഗീയതയെ പ്രോത്സാഹിപ്പിക്കുന്നത് ഗൗരവമായി കാണണമെന്ന് സിപിഐ എം സംസ്ഥാനസെക്രട്ടറി പിണറായി വിജയന്‍ പറഞ്ഞു. മതനിരപേക്ഷത ശക്തിപ്പെടുത്തിയേ ന്യൂനപക്ഷ സംരക്ഷണം ഉറപ്പാക്കാനാകൂ. ന്യൂനപക്ഷങ്ങള്‍ സ്വയം സംഘടിച്ച് പ്രതിരോധിക്കുന്നത് ഭൂരിപക്ഷ വര്‍ഗീയതക്ക് വളമാകും. ഇടതുപക്ഷത്തിനേ ന്യൂനപക്ഷത്തെ സംരക്ഷിക്കാനാകൂ. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച "മതനിരപേക്ഷത നേരിടുന്ന വെല്ലുവിളികള്‍" എന്ന സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു പിണറായി.
കേരളത്തില്‍ എല്ലാ ജാതിമത ശക്തികളെയും കൂട്ടുപിടിച്ചാണ് യുഡിഎഫ് അധികാരത്തില്‍ വന്നത്. മന്ത്രിമാര്‍ ആരായിരിക്കണമെന്നുപോലും തീരുമാനിക്കുന്നത് ജാതിസംഘടനാ നേതാക്കളാണ്. തന്നെ ശാസിക്കാന്‍ സമുദായ നേതാക്കള്‍ക്ക് അവകാശം ഉണ്ടെന്ന് ആഭ്യന്തരമന്ത്രി പറയുന്നിടത്തുവരെയെത്തി. കോണ്‍ഗ്രസ് നേതാവിനെ ഭള്ള് പറയാന്‍ ജാതി സംഘടനകള്‍ക്ക് അവകാശമുണ്ടെന്ന് പറയുന്നത് എന്തിന്റെ അടിസ്ഥാനത്തിലാണ്. ആഭ്യന്തര മന്ത്രിയെ ശാസിക്കാന്‍ എന്‍എസ്എസിന് എന്തധികാരമാണുള്ളത്. ബാബറിമസ്ജിദ് സംരക്ഷിക്കണമെന്ന് എല്ലാ പാര്‍ടിക്കാരും ആവശ്യപ്പെട്ടിട്ടും കോണ്‍ഗ്രസ് കാണിച്ച അനാസ്ഥയാണ് തകര്‍ച്ചയിലേക്ക് നയിച്ചത്. ഇത് ന്യൂനപക്ഷങ്ങള്‍ക്കിടയില്‍ വലിയ അരക്ഷിതാവസ്ഥ ഉണ്ടാക്കി. തുടര്‍ച്ചയായി വേട്ടയാടപ്പെട്ടു. ആര്‍എസ്എസ് അതിക്രമങ്ങള്‍ക്കിരയായവര്‍ പൊലീസ് അക്രമങ്ങള്‍ക്കും ഇരയായി. ഇതാണ് മതതീവ്രവാദികള്‍ മുതലെടുക്കുന്നത്. മനുഷ്യത്വരഹിത പ്രവര്‍ത്തനമാണ് മതതീവ്രവാദികള്‍ നടത്തുന്നത്. അന്യമതത്തില്‍പെട്ടവരോട് ചങ്ങാത്തം കൂടരുതെന്നുപോലും ഇവര്‍ അനുശാസിക്കുന്നു. കാസര്‍കോട് കലാപത്തില്‍ തീവ്രവാദബന്ധം അന്വേഷിച്ച ജുഡീഷ്യല്‍ കമീഷനെ ഈ സര്‍ക്കാര്‍ പിരിച്ചുവിട്ടു. നാദാപുരത്ത് സ്ഫോടനത്തില്‍ അഞ്ചുപേര്‍ മരിച്ച സംഭവത്തിലും അന്വേഷണം വേണ്ടെന്നുവച്ചു. മാറാട് സംഭവത്തിലെ തീവ്രവാദബന്ധം അന്വേഷിക്കാന്‍ നിയോഗിച്ച സംഘത്തെയും പിരിച്ചുവിട്ടു. മത വിശ്വാസിക്ക് അതിനുസരിച്ചും അല്ലാത്തവര്‍ക്ക് അവരുടെ രീതിക്കും ജീവിക്കാന്‍ കഴിയണം-പിണറായി പറഞ്ഞു.
ട്രേഡ് യൂണിയന്‍ ഐക്യസന്ദേശവുമായി ഉദ്ഘാടന സമ്മേളനം
കാസര്‍കോട്: തൊഴിലാളി ഐക്യ സന്ദേശവുമായി സിഐടിയു സംസ്ഥാന സമ്മേളന വേദി. ഉദ്ഘാടന സമ്മേളനമാണ് വിവിധ ട്രേഡ് യൂണിയന്‍ നേതാക്കളുടെ സാന്നിധ്യംകൊണ്ട് ശ്രദ്ധേയമായത്. തൊഴിലാളിവര്‍ഗത്തിന്റെ അവകാശങ്ങള്‍ കവര്‍ന്നെടുക്കുന്ന നവ ഉദാരവല്‍ക്കരണ നയങ്ങള്‍ക്കെതിരായ പോരാട്ടത്തില്‍ ഇന്ത്യയിലെ മുഴുവന്‍ തൊഴിലാളി യൂണിയനുകളും ഒന്നിച്ചു നീങ്ങേണ്ടതിന്റെ പ്രസക്തി ചൂണ്ടിക്കാണിച്ചാണ് ഉദ്ഘാടകന്‍ സിഐടിയു ജനറല്‍ സെക്രട്ടറി തപന്‍സെന്‍ മുതല്‍ എസ്ടിയു സംസ്ഥാന ജനറല്‍ സെക്രട്ടറി അഹമ്മദ് ഉണ്ണിക്കുളംവരെ സംസാരിച്ചത്. എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍, ബിഎംഎസ് സംസ്ഥാന പ്രസിഡന്റ് പി ഭാര്‍ഗവന്‍, യുടിയുസി അഖിലേന്ത്യ സെക്രട്ടറി എ എ അസീസ് എംഎല്‍എ തുടങ്ങി കേരളത്തിലെ ട്രേഡ് യൂണിയന്‍ രംഗത്തെ സമുന്നതരാണ് സമ്മേളനത്തിന് എത്തിയത്.
കോര്‍പറേറ്റുകളുടെ സംരക്ഷകരായി ഇന്ത്യന്‍ ജനതയെ കൊള്ളയടിക്കുന്ന ഭരണകൂട നയങ്ങള്‍ക്കെതിരെ യോജിച്ച പോരാട്ടമല്ലാതെ മാര്‍ഗമില്ലെന്ന് എല്ലാ നേതാക്കളും ഒരേസ്വരത്തില്‍ പറഞ്ഞു. രാഷ്ട്രീയ വിശ്വാസങ്ങള്‍ തൊഴിലാളി ഐക്യത്തിന് തടസ്സമാകരുതെന്നും തൊഴിലാളി സംഘടനകള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തണമെന്ന ചില രാഷ്ട്രീയ നേതൃത്വത്തിന്റെ അഭിപ്രായം അവജ്ഞയോടെ തള്ളണമെന്നും നേതാക്കള്‍ പറഞ്ഞപ്പോള്‍ സദസ് കരഘോഷത്തോടെയാണ് ശ്രവിച്ചത്. ധനശക്തികള്‍ക്ക് ലക്ഷക്കണക്കിന് കോടി രൂപ ഇളവ് നല്‍കുന്ന സര്‍ക്കാര്‍ തൊഴിലാളികളുടെയും മറ്റു ജീവനക്കാരുടെയും തുച്ഛ വരുമാനത്തില്‍പോലും കൈയിട്ട് വാരുകയാണ്. മഹാഭൂരിപക്ഷം വരുന്ന സാധാരണക്കാരന്റെ സാമൂഹ്യ സുരക്ഷ അപകടത്തിലാണ്. ജീവനക്കാര്‍ക്ക് വാര്‍ധക്യത്തില്‍ ലഭിക്കുന്ന പെന്‍ഷനും ക്ഷേമപെന്‍ഷനും അനാവശ്യമാണെന്ന് പ്രചരിപ്പിക്കുന്ന സര്‍ക്കാര്‍ നയത്തിനെതിരെ ശക്തമായ പ്രക്ഷോഭം ഉയര്‍ന്നു വരുമ്പോള്‍ അതില്‍നിന്ന് ട്രേഡ് യൂണിയനുകള്‍ക്ക് അഭിപ്രായവ്യത്യാസത്തിന്റെ പേരില്‍ മാറിനില്‍ക്കാനാവില്ല. ഫെബ്രുവരിയില്‍ നടക്കുന്ന രണ്ടു ദിവസത്തെ ദേശീയ പണിമുടക്ക് തൊഴിലാളി യൂണിയന്‍ ഐക്യത്തിലെ നാഴികക്കല്ലായിരിക്കുമെന്നും നേതാക്കള്‍ പറഞ്ഞു.
ഉമ്മന്‍ചാണ്ടിയുടേത് തൊഴിലാളി പ്രസ്ഥാനങ്ങളോടുള്ള വെല്ലുവിളി: കാനം രാജേന്ദ്രന്‍
കാസര്‍കോട്: പങ്കാളിത്ത പെന്‍ഷനെതിരെ അനിശ്ചിതകാല പണിമുടക്ക് നടത്തുന്ന സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരുമായി ചര്‍ച്ചക്കില്ലെന്ന മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ പ്രഖ്യാപനം തൊഴിലാളി പ്രസ്ഥാനങ്ങള്‍ക്കെതിരായ ധിക്കാര സമീപനമാണെന്ന് എഐടിയുസി സംസ്ഥാന ജനറല്‍ സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു. സിഐടിയു സംസ്ഥാന സമ്മേളനത്തിന്റെ ഉദ്ഘാടന ച്ചടങ്ങില്‍ അഭിവാദ്യ പ്രസംഗം നടത്തുകയായിരുന്നു അദ്ദേഹം. മൂന്നുമണിക്കുശേഷം താന്‍ ഫ്രീയാണെന്നും ആര്‍ക്കും വന്ന് കാണാമെന്നുമാണ് മുഖ്യമന്ത്രി പറയുന്നത്. മുഖ്യമന്ത്രിയുടെ നിലപാട് ജനാധിപത്യ മര്യാദയല്ല. ജനാധിപത്യത്തില്‍ ഒരു ഭരണാധികാരിക്കും ഇത് ഭൂഷണമല്ല. പാര്‍ലമെന്റും നിയമസഭകളും പാസാക്കിയ നിയമങ്ങള്‍ തൊഴിലാളികളുടെ താല്‍പര്യം സംരക്ഷിക്കുന്നതാണ്. പുത്തന്‍ സാമ്പത്തികനയങ്ങള്‍ നടപ്പാക്കിയതോടെ നിയമനിര്‍മാണം കോര്‍പറേറ്റുകളുടെ താല്‍പര്യത്തിനായി. ഇതിനെതിരെ പോരാടാന്‍ തൊഴിലാളികള്‍ കക്ഷിരാഷ്ട്രീയത്തിനപ്പുറം വര്‍ഗരാഷ്ട്രീയത്തിനായി മുന്നേറണം- കാനം രാജേന്ദ്രന്‍ പറഞ്ഞു.
സംഘടന കരുത്താര്‍ജിച്ചു
കാസര്‍കോട്: തൃശൂരില്‍ ചേര്‍ന്ന പതിനൊന്നാം സംസ്ഥാന സമ്മേളനത്തിനുശേഷം സിഐടിയു സംഘടനാപരമായി കൂടുതല്‍ കരുത്താര്‍ജിച്ചതായി പ്രതിനിധി സമ്മേളനത്തില്‍ അവതരിപ്പിച്ച പ്രവര്‍ത്തന റിപ്പോര്‍ട്ട്. 1,14,589 പേര്‍ പുതുതായി സംഘടനയില്‍ അംഗങ്ങളായതായി സമ്മേളന നടപടിക്രമങ്ങള്‍ വിശദീകരിച്ചുകൊണ്ട് സംസ്ഥാന സെക്രട്ടറി എളമരം കരിം വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. 2009ല്‍ 13,36,581 ആയിരുന്ന അംഗസംഖ്യ 14,51,170 ആയി വര്‍ധിച്ചു. അഫിലിയേറ്റ്ചെയ്ത അംഗസംഘടനകളുടെ എണ്ണം 833ല്‍ നിന്ന് 836 ആയി ഉയര്‍ന്നു. ഓഡിറ്റിങ്ങിന് വിധേയമാക്കിയ 2011 ഡിസംബര്‍ 31വരെയുള്ള കണക്കാണിത്. 2012 ജനുവരി മുതലുള്ള കണക്കുകൂടി ഉള്‍പ്പെടുത്തിയാല്‍ അംഗങ്ങളുടെ എണ്ണം 15 ലക്ഷത്തിലെത്തും.
വനിതാ അംഗങ്ങളുടെ എണ്ണത്തിലും വന്‍ വര്‍ധനയുണ്ടായി. 2009ല്‍ 4,31,858 ആയിരുന്നത് 5,53,026 ആയി ഉയര്‍ന്നു. വനിതകള്‍ക്ക് സംഘടനയില്‍ കൂടുതല്‍ പദവികള്‍ നല്‍കും. ഇതര തൊഴിലാളി സംഘടനകളുമായി യോജിച്ച് ശക്തമായ പ്രക്ഷോഭ പരിപാടികള്‍ സമ്മേളനം ആസൂത്രണംചെയ്യും. ഫെബ്രുവരി 20, 21 തിയതികളില്‍ നടക്കുന്ന ദേശീയ പണിമുടക്കില്‍ ഐഎന്‍ടിയുസിയിലെ തൊഴിലാളികള്‍ ഉള്‍പ്പെടെ പങ്കെടുക്കുന്നുണ്ട്. ഭരണകര്‍ത്താക്കള്‍ അനുവര്‍ത്തിക്കുന്ന ദ്രോഹനയങ്ങള്‍ക്കെതിരെ പ്രക്ഷോഭം ശക്തിപ്പെടുന്ന കാലഘട്ടമെന്ന നിലയില്‍ സമ്മേളനത്തിന്റെ പ്രാധാന്യം വര്‍ധിക്കുകയാണ്.
സര്‍ക്കാര്‍ ജീവനക്കാരും അധ്യാപകരും നടത്തുന്ന പ്രക്ഷോഭം വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവര്‍ത്തനങ്ങള്‍ക്കും സമ്മേളനം രൂപം നല്‍കും. ഏപ്രില്‍ നാലുമുതല്‍ എട്ടുവരെ കണ്ണൂരില്‍ നടക്കുന്ന സമ്മേളനത്തിന്റെ ഒരുക്കങ്ങളും സംസ്ഥാന സമ്മേളനം ചര്‍ച്ച ചെയ്യുമെന്ന് എളമരം കരിം പറഞ്ഞു. സംസ്ഥാന സെക്രട്ടറി ടി പി രാമകൃഷ്ണനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
deshabhimani 130113
Subscribe to:
Post Comments (Atom)
No comments:
Post a Comment