Wednesday, January 16, 2013

മാധ്യമ-ഭരണകൂട ഗൂഢാലോചനക്കെതിരെ ജനകീയ കൂട്ടായ്മ


കോഴിക്കോട്: മാധ്യമ-ഭരണകൂട ഗൂഢാലോചനക്കെതിരെ അണിനിരക്കാന്‍ ആഹ്വാനവുമായി കോഴിക്കോട്ട് ജനകീയ കൂട്ടായ്മ. സിപിഐ എം നേതൃത്വത്തിലാണ് ഗൂഢാലോചന തുറന്നുകാട്ടി ജനകീയ ഒത്തുചേരല്‍ സംഘടിപ്പിച്ചത്. ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി വലതുപക്ഷ മാധ്യമങ്ങള്‍ പാര്‍ടിക്കെതിരെ നിരന്തരം കള്ളവാര്‍ത്ത പടച്ചുവിടുകയാണ്. വിചാരണയാരംഭിക്കുന്ന ഘട്ടത്തില്‍ പ്രവര്‍ത്തകരിലും അനുഭാവികളിലും ആശയക്കുഴപ്പമുണ്ടാക്കുകയും പാര്‍ടിക്ക് കളങ്കമുണ്ടാക്കുകയും ചെയ്യുക എന്ന ലക്ഷ്യമാണ് ഇതിനു പിന്നില്‍. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ അനുഗ്രഹാശിസുകളോടെ അരങ്ങേറുന്ന ഈ ഗൂഢസഖ്യത്തിനെതിരെ പ്രതികരിക്കാനും പ്രതിഷേധിക്കാനും ജനകീയ കൂട്ടായ്മ ആവശ്യപ്പെട്ടു. സ്ത്രീകളും യുവാക്കളും തൊഴിലാളികളുമടക്കം നൂറുകണക്കിന് ബഹുജനങ്ങള്‍ അണിനിരന്നു. മാനാഞ്ചിറ പബ്ലിക് ലൈബ്രറി പരിസരത്ത് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ ഉദ്ഘാടനം ചെയ്തു. ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍ അധ്യക്ഷനായി. സംസ്ഥാനകമ്മിറ്റി അംഗം എ പ്രദീപ്കുമാര്‍ എംഎല്‍എ സംസാരിച്ചു. ജില്ലാ സെക്രട്ടറി ടി പി രാമകൃഷ്ണന്‍ സ്വാഗതം പറഞ്ഞു. സംസ്ഥാനകമ്മിറ്റി അംഗം പി സതീദേവി, മുതിര്‍ന്ന നേതാവ് എം കേളപ്പന്‍, ജില്ലാ സെക്രട്ടറിയറ്റംഗങ്ങളായ ടി പി ബാലകൃഷ്ണന്‍ നായര്‍, കെ പി കുഞ്ഞമ്മദ്കുട്ടി, കെ ചന്ദ്രന്‍, ജില്ലാപഞ്ചായത്ത് പ്രസിഡന്റ് കെ ജമീല, പുരുഷന്‍ കടലുണ്ടി എംഎല്‍എ, പി ലക്ഷ്മണന്‍, എം മോഹനന്‍, കെ ടി കുഞ്ഞിക്കണ്ണന്‍, കാനങ്ങോട്ട് ഹരിദാസ്, മാമ്പറ്റ ശ്രീധരന്‍ എന്നിവര്‍ നേതൃത്വം നല്‍കി.

ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ചോര്‍ന്നത് വ്യക്തമാക്കണം: എളമരം കരീം

കോഴിക്കോട്: ചന്ദ്രശേഖരന്‍ വധവുമായി ബന്ധപ്പെടുത്തി നിയമസഭയില്‍ വെളിപ്പെടുത്താന്‍ തയ്യാറാകാത്ത ഇന്റലിജന്‍സ് റിപ്പോര്‍ട്ട് എങ്ങനെ മാധ്യമങ്ങള്‍ക്ക് ലഭ്യമായെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണമെന്ന് സിപിഐ എം സംസ്ഥാന സെക്രട്ടറിയറ്റംഗം എളമരം കരീം എംഎല്‍എ ആവശ്യപ്പെട്ടു. മാധ്യമങ്ങള്‍ക്ക് സര്‍ക്കാര്‍ പിന്തുണയോടെയാണോ ഇത് ചോര്‍ത്തി നല്‍കിയത്. എംഎല്‍എമാരോട് നിയമസഭയില്‍ വെളിപ്പെടുത്താനാകില്ലെന്നു പറഞ്ഞ ഇന്റലിജന്‍സ് റിപ്പോര്‍ട്ട് ഇപ്പോള്‍ എവിടെനിന്നു വന്നു. ഇത് പാര്‍ടിയെ തകര്‍ക്കാനുള്ള പുതിയ ഗൂഢാലോചനയാണ്. സിപിഐ എമ്മിന് പോറലേല്‍പിക്കാന്‍ ഇത്തരം നുണപ്രചാരണങ്ങളാലാവില്ല. ഭരണകൂട-മാധ്യമ ഭീകരവേട്ടക്കെതിരായ ജനകീയകൂട്ടായ്മ ഉദ്ഘാടനം ചെയ്ത് കരീം പറഞ്ഞു.

രഹസ്യ സ്വഭാവമുള്ളതിനാല്‍ ഇന്റലിജന്‍സ് റിപ്പോര്‍ട്ടുണ്ടോയെന്ന് വെളിപ്പെടുത്താനാകില്ലെന്നാണ് താനടക്കമുള്ള എംഎല്‍എമാരോട് ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ നിയമസഭയില്‍ പറഞ്ഞത്. എന്നാല്‍ പാര്‍ടി ജില്ലാകമ്മിറ്റി ഓഫീസില്‍ ഗൂഢാലോചന നടന്നെന്ന രൂപത്തില്‍ ഇത്തരമൊരു റിപ്പോര്‍ട്ട് മലയാളമനോരമ പ്രസിദ്ധീകരിച്ചിരിക്കുന്നു. തിയ്യതിയില്ലാതെ, ആര് എപ്പോള്‍ നല്‍കിയെന്നു പറയാതെയാണ് വ്യാജ റിപ്പോര്‍ട്ട് പുറത്തു വിട്ടിരിക്കുന്നത്. ഇത് സര്‍ക്കാരിന്റെ പൂര്‍ണ അറിവോടെയാണ്. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ പിന്തുണയും പ്രലോഭനവും വഴി പൊലീസും ഒരുപറ്റം മാധ്യമങ്ങളും നുണകള്‍ പടയ്ക്കുകയാണ്. പാര്‍ടിയുടെ ജനപിന്തുണ ദുര്‍ബലമാക്കലായിരുന്നു ലക്ഷ്യം. എന്നാല്‍ ചന്ദ്രശേഖരന്‍ പഠിച്ച മടപ്പള്ളി കോളേജിലും ഓര്‍ക്കാട്ടേരി സ്കൂളിലുമടക്കമുണ്ടായ തെരഞ്ഞെടുപ്പ് വിജയങ്ങള്‍ ഇത്തരം കള്ളങ്ങള്‍ നാട് വിശ്വസിക്കുന്നില്ലെന്നതിന്റെ തെളിവാണ്. ജില്ലയില്‍ ഉപതെരഞ്ഞെടുപ്പുകളിലും എല്‍ഡിഎഫിന് ജനപിന്തുണയേറിയതായാണ് അനുഭവം. കൊലക്കേസ് വിചാരണ ആരംഭിച്ച ഘട്ടത്തിലാണ് പുതിയ നുണകളുമായി രംഗത്തുവന്നിട്ടുള്ളത്. നേരത്തെ കേസില്‍ പലര്‍ക്കും ജാമ്യംകിട്ടാതായതിന് പിന്നില്‍ ഇത്തരംവാര്‍ത്തകളുടെ സ്വാധീനമുണ്ടൊയെന്ന സംശയം പാര്‍ടി പ്രകടിപ്പിച്ചതാണ്. മര്‍ദനം, കള്ളക്കേസ്, കള്ളത്തെളിവുകള്‍, കള്ളസാക്ഷി ഇങ്ങനെ രാഷ്ട്രീയവിരോധത്തിന്റെ മറവില്‍ സൃഷ്ടിച്ച കേസിനായി വീണ്ടും മനോരമയടക്കം വാര്‍ത്ത ചമയ്ക്കുകയാണ് -കരീം പറഞ്ഞു. മാനാഞ്ചിറ പബ്ലിക് ലൈബ്രറിക്കു സമീപം ചേര്‍ന്ന കൂട്ടായ്മയില്‍ ജില്ലാ സെക്രട്ടറിയറ്റംഗം എം ഭാസ്കരന്‍ അധ്യക്ഷനായി.

deshabhimani 160113

No comments:

Post a Comment