Monday, February 18, 2013

ഹെലികോപ്റ്റര്‍ കുംഭകോണം: കരാര്‍ റദ്ദാക്കിയാലും കനത്ത ബാധ്യത


ആഗ്ലോ-ഇറ്റാലിയന്‍ കമ്പനി അഗസ്ത വെസ്റ്റ്ലാന്‍ഡുമായുള്ള കരാര്‍ പാതിവഴിയില്‍ ഉപേക്ഷിച്ച് ഹെലികോപ്റ്റര്‍ കുംഭകോണത്തില്‍നിന്ന് തടിയൂരാനുള്ള പ്രതിരോധമന്ത്രാലയത്തിന്റെ നീക്കം രാജ്യത്തിന് വന്‍ സാമ്പത്തികനഷ്ടമുണ്ടാക്കും. 3546 കോടി രൂപയുടെ കരാര്‍ തുകയുടെ 45 ശതമാനവും ഇതിനകം ഇന്ത്യ കമ്പനിക്ക് കൈമാറിയിട്ടുണ്ട്. കരാര്‍ റദ്ദാക്കുന്നതോടെ ഈ തുക എഴുതിത്തള്ളേണ്ടിവരും. വാങ്ങിയ മൂന്ന് ഹെലികോപ്റ്ററിന്റെ നവീകരണവും മുടങ്ങും. അഴിമതിക്കെതിരെ നടപടി എടുത്തുവെന്ന് വരുത്താന്‍ പ്രതിരോധമന്ത്രി എ കെ ആന്റണി കണ്ട കുറുക്കുവഴിയാണ് കരാര്‍ റദ്ദാക്കല്‍. എന്നാല്‍, ഇതിനകം ഇന്ത്യ നല്‍കിയ 1595.70 കോടി രൂപയുടെ നഷ്ടം എങ്ങനെ നികത്തുമെന്നതിനെപ്പറ്റി പ്രതിരോധമന്ത്രാലയത്തിന് ഒരു രൂപവുമില്ല.

അതിവിശിഷ്ട വ്യക്തികളുടെ ഉപയോഗത്തിനായി 12 ഹെലികോപ്റ്റര്‍ വാങ്ങാനാണ് അഗസ്ത വെസ്റ്റ്ലാന്‍ഡുമായി യുപിഎ സര്‍ക്കാര്‍ കരാര്‍ ഒപ്പിട്ടത്. എന്നാല്‍, കരാര്‍ ലഭിക്കാന്‍ കമ്പനി ഇന്ത്യയിലേക്ക് കോഴപ്പണം ഒഴുക്കിയെന്ന വിവരം പുറത്തായതോടെ സര്‍ക്കാര്‍ പ്രതിരോധത്തിലായി. കരാര്‍ റദ്ദാക്കാതിരിക്കാന്‍ കാരണം കാണിക്കണമെന്ന് ആവശ്യപ്പെട്ട് പ്രതിരോധമന്ത്രാലയം കമ്പനിക്ക് നോട്ടീസ് അയച്ചിരിക്കുകയാണ്. ഇടപാടിന്റെ ഭാഗമായുള്ള ബാക്കി തുക കമ്പനിക്ക് നല്‍കാനുള്ള ഔദ്യോഗിക നടപടികള്‍ നടക്കുമ്പോഴാണ് ഇടപാട് റദ്ദാക്കുമെന്ന പ്രതിരോധമന്ത്രാലയത്തിന്റെ പ്രഖ്യാപനം. എന്നാല്‍, ഇതുകൊണ്ടു മാത്രം ലഭിച്ച പണം തിരിച്ചുനല്‍കാന്‍ കമ്പനി തയ്യാറാകില്ല. കരാറില്‍നിന്ന് പിന്‍വാങ്ങുമെന്നത് ഇന്ത്യയുടെ മാത്രം തീരുമാനമായതിനാല്‍ കമ്പനി നിയമനടപടികളുമായി മുന്നോട്ടുനീങ്ങിയാല്‍ പണം തിരിച്ചുകിട്ടല്‍ എളുപ്പമല്ല. പ്രതിരോധ അഴിമതികളുടെ മുന്‍കാല ചരിത്രം നോക്കിയാലും നഷ്ടം പൊതുഖജനാവ് സഹിക്കേണ്ടിവരുമെന്നാണ് കരുതേണ്ടത്.

അടുത്ത ഘട്ടമായി മാര്‍ച്ചില്‍ മൂന്ന് ഹെലികോപ്റ്റര്‍ കൂടി വാങ്ങാനായിരുന്നു സര്‍ക്കാരിന്റെ പദ്ധതി. മെയ്, ജൂലൈ മാസങ്ങളിലായി മുഴുവന്‍ ഹെലികോപ്റ്ററിന്റെയും ഇറക്കുമതി പൂര്‍ത്തിയാക്കേണ്ടതാണ്. ഇതു കണക്കിലെടുത്താണ് 45 ശതമാനം തുകയും കമ്പനിക്ക് കൈമാറിയത്. ഇതിനകം ഇന്ത്യ വാങ്ങിയ മൂന്ന് ഹെലികോപ്റ്റര്‍ ഉടന്‍ നവീകരിക്കേണ്ടതുണ്ടെന്ന് വ്യോമസേനാ അധികൃതര്‍ പറയുന്നു. ഇല്ലെങ്കില്‍ ഇവ ഉപയോഗിക്കാന്‍ കഴിയാതെ വരും. കരാര്‍ അനുസരിച്ച് പുതിയ സ്പെയര്‍ പാര്‍ട്സുകളും മറ്റും ലഭ്യമാക്കേണ്ടത് കമ്പനിയുടെ ബാധ്യതയാണ്. കരാര്‍ റദ്ദാക്കുന്നതോടെ ഈ ബാധ്യതയില്‍നിന്ന് കമ്പനിക്ക് ഒഴിഞ്ഞുമാറാം. കരാര്‍ റദ്ദാക്കിയാല്‍ കമ്പനിയെ കരിമ്പട്ടികയില്‍ പെടുത്തേണ്ടി വരും. കരിമ്പട്ടികയിലുള്ള കമ്പനിയുമായി സര്‍ക്കാരിന് ഇടപാടുകള്‍ നടത്താനാകില്ല. ഇതിനകം ഇന്ത്യ വാങ്ങിയ ഹെലികോപ്റ്ററുകള്‍ക്ക് ഭാവിയില്‍ സ്പെയര്‍ പാര്‍ട്സുകള്‍ ആവശ്യമായി വന്നാല്‍ അഗസ്ത വെസ്റ്റ്ലാന്‍ഡിനെ ആശ്രയിക്കാനാകില്ലെന്ന് ചുരുക്കം. പകരം കരിഞ്ചന്തയില്‍ നിന്ന് പലമടങ്ങ് തുകയ്ക്ക് വാങ്ങണം. ജര്‍മന്‍ കമ്പനിയുമായുള്ള അന്തര്‍വാഹിനി കരാര്‍ 1980കളില്‍ റദ്ദാക്കിയതോടെ ആവശ്യമായ സ്പെയര്‍ പാര്‍ട്സുകള്‍ ലഭിക്കാതായി. ഇത് കനത്ത നഷ്ടമാണുണ്ടാക്കിയത്. വെറും20 രൂപ വിലവരുന്ന നട്ടും ബോള്‍ട്ടും വരെ 25,000 രൂപ വീതം കൊടുത്ത് കരിഞ്ചന്തയില്‍ നിന്നു വാങ്ങിയ വിവരം പിന്നീട് അന്വേഷണത്തില്‍ പുറത്തുവന്നിരുന്നു.

കാമറണിന്റെ സന്ദര്‍ശനവേളയിലും കുംഭകോണം ചര്‍ച്ചയാകും

ന്യൂഡല്‍ഹി: ബ്രിട്ടീഷ് പ്രധാനമന്ത്രി ഡേവിഡ് കാമറണിന്റെ തിങ്കളാഴ്ച ആരംഭിക്കുന്ന മൂന്നുദിവസത്തെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ ഹെലികോപ്റ്റര്‍ കുംഭകോണവും ചര്‍ച്ചയാകും. ഹെലികോപ്റ്റര്‍ കുംഭകോണത്തില്‍ നിലവില്‍ നിയമനടപടികള്‍ തുടങ്ങിയിരിക്കുന്നത് ഇറ്റലിയാണെങ്കിലും ഇന്ത്യയുമായി കരാറില്‍ ഒപ്പുവച്ച അഗസ്ത വെസ്റ്റ്ലാന്‍ഡ് ബ്രിട്ടന്‍ കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്ന കമ്പനിയാണ്. ഇറ്റാലിയന്‍ കമ്പനിയായ ഫിന്‍മെക്കാനിക്കയുടെ ഉപ കമ്പനിയാണ് അഗസ്ത വെസ്റ്റ് ലാന്‍ഡ്. ഇടപാടു സംബന്ധിച്ച കൂടുതല്‍ വിവരം കാമറണിന്റെ സന്ദര്‍ശനവേളയില്‍ ചര്‍ച്ചയാകുമെന്ന് ഔദ്യോഗികവൃത്തങ്ങള്‍ അറിയിച്ചു. അഗസ്ത ഹെലികോപ്റ്ററുകള്‍ നിര്‍മിക്കുന്നത് ഇംഗ്ലണ്ടിലാണ്. ഇതിനകം മൂന്നു ഹെലികോപ്റ്റര്‍ ഇന്ത്യക്ക് കൈമാറി. ശേഷിക്കുന്ന 9 ഹെലികോപ്റ്റര്‍ വാങ്ങേണ്ടതില്ലെന്ന നിലപാടിലാണ് ഇന്ത്യ ഇപ്പോള്‍. കരാര്‍ റദ്ദാക്കാനും തീരുമാനിച്ചു. സ്വാഭാവികമായും ബ്രിട്ടനും ഈ വിഷയം ഗൗരവമായെടുക്കും. ഇടപാടിന്റെ വിവരങ്ങള്‍ തേടി ഇന്ത്യ നേരത്തെ ബ്രിട്ടന് കത്തയച്ചിരുന്നെങ്കിലും പ്രതികരണമുണ്ടായില്ല. വ്യക്തമായ പ്രതികരണം കാമറണിന്റെ സന്ദര്‍ശനവേളയില്‍ ആരായുമെന്ന് വിദേശമന്ത്രാലയ വക്താവ് പറഞ്ഞു.

തിങ്കളാഴ്ച മുംബൈയില്‍ എത്തുന്ന ബ്രിട്ടീഷ് പ്രധാനമന്ത്രി ചൊവ്വാഴ്ച മാത്രമേ ഡല്‍ഹിയിലെത്തൂ. പ്രധാനമന്ത്രി മന്‍മോഹന്‍സിങ് ഉള്‍പ്പെടെയുള്ളവരുമായി ഔദ്യോഗിക കൂടിക്കാഴ്ച അതിനു ശേഷമാണ്. ഹെലികോപ്റ്റര്‍ വിവാദത്തിനു പുറമെ 12,000 കോടിയുടെ വൊഡഫോണ്‍ നികുതി പ്രശ്നവും ചര്‍ച്ച ചെയ്യപ്പെടും. പ്രണബ് ധനമന്ത്രിയായിരിക്കെ വൊഡഫോണില്‍ നിന്ന് നികുതി പിടിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ചിദംബരം ഇത് റദ്ദാക്കാനുള്ള ശ്രമത്തിലാണ്.

deshabhimani 180213

No comments:

Post a Comment