Tuesday, February 12, 2013

ഇന്ത്യക്ക് ശിക്ഷിക്കാം; തടവ് ഇറ്റലിയില്‍ അനുഭവിക്കാം


മത്സ്യത്തൊഴിലാളികളെ കടലില്‍ വെടിവച്ചുകൊന്ന കേസില്‍ വിചാരണ നേരിടുന്ന ഇറ്റാലിയന്‍ സൈനികരെ കോടതി ശിക്ഷിച്ചാലും ജന്മനാട്ടിലേക്ക്&ാറമവെ;പോകാം. ഇതിന് സഹായകമാകുന്ന തരത്തില്‍ ഇന്ത്യയും ഇറ്റലിയും തമ്മില്‍ ഒപ്പിട്ട തടവുകാരെ കൈമാറല്‍ കരാര്‍ നിലവില്‍ വന്നു. ഇതനുസരിച്ച് ഇന്ത്യന്‍ കോടതി ശിക്ഷിച്ചാലും നാവികര്‍ ഇറ്റലിയിലെ ജയിലില്‍ കഴിഞ്ഞാല്‍ മതി. ഇറ്റാലിയന്‍ സൈനികര്‍ മത്സ്യത്തൊഴിലാളികളെ വെടിവച്ചുകൊന്നതിനുമുമ്പ്, കഴിഞ്ഞ വര്‍ഷം ജനുവരിയിലാണ് ഇന്ത്യയും ഇറ്റലിയും തമ്മില്‍ കരാര്‍ ഒപ്പിട്ടത്. ഫെബ്രുവരിയിലാണ് നാവികരുടെ വെടിയേറ്റ് മത്സ്യത്തൊഴിലാളികളായ കൊല്ലം മുതക്കരയിലെ ജെലസ്റ്റിന്‍, എരമത്തുറ സ്വദേശി അജീഷ് പിങ്കു എന്നിവര്‍ കൊല്ലപ്പെട്ടത്. സംഭവത്തിനുശേഷം തങ്ങളുടെ സൈനികരെ തിരിച്ചുകൊണ്ടുവരാന്‍ ഇറ്റാലിയന്‍ സര്‍ക്കാര്‍ ഊര്‍ജിതമായ നീക്കം നടത്തി. കരാറിന്റെ ആനുകൂല്യം സൈനികര്‍ക്ക് ലഭ്യമാക്കുകയായിരുന്നു ലക്ഷ്യം. ഇതിന്റെ ഭാഗമായി ഇറ്റാലിയന്‍ പാര്‍ലമെന്റ് കരാറിന് അംഗീകാരം നല്‍കുകയും കഴിഞ്ഞ ഡിസംബര്‍ 17ന് പ്രാബല്യത്തില്‍ വരികയുംചെയ്തു.

സൈനികര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കാന്‍ കേരള സര്‍ക്കാരിന് അവകാശമില്ലെന്ന് കഴിഞ്ഞമാസം ഉത്തരവിട്ട സുപ്രീംകോടതി വിചാരണയ്ക്ക് പ്രത്യേക കോടതി രൂപീകരിക്കാന്‍ കേന്ദ്രത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പ്രത്യേകകോടതി ഇനിയും നിലവില്‍ വന്നിട്ടില്ല. കോടതി തടവുശിക്ഷ വിധിച്ചാല്‍ സൈനികര്‍ക്ക് ജന്മനാട്ടിലേക്ക് പോകണമെന്ന ആവശ്യമുന്നയിക്കാം. എന്നാല്‍,വധശിക്ഷയ്ക്ക് കരാര്‍ ബാധകമല്ല. സൈനികര്‍ ഇപ്പോള്‍ ഡല്‍ഹിയില്‍ ഇറ്റാലിയന്‍ എംബസി സമുച്ചയത്തിലാണ് കഴിയുന്നത്. 2003ല്‍ പാസാക്കിയ റിപാട്രിയേഷന്‍ ഓഫ് പ്രിസണേഴ്സ് നിയമം അനുസരിച്ചാണ് ഇറ്റലിയുമായുള്ള ഇന്ത്യ കരാര്‍ ഒപ്പിട്ടത്. ഇറ്റലിയില്‍ തടവില്‍ കഴിയുന്ന ഇന്ത്യന്‍ തടവുകാര്‍ക്കും ജന്മനാട്ടിലെ ജയിലുകളിലേക്ക് വരാന്‍ കരാര്‍ അവസരമൊരുക്കും.

deshabhimani 120213

No comments:

Post a Comment