Saturday, June 29, 2013

ഉമ്മന്‍ചാണ്ടിയുടെ അവാര്‍ഡ് മാണിയുടെ പ്രസംഗംപോലെ

മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങിയ ഐക്യരാഷ്ട്രസഭയുടെ "അന്താരാഷ്ട്ര പുരസ്കാരം" ധനമന്ത്രി കെ എം മാണി ബ്രിട്ടീഷ് അസംബ്ലിയില്‍ നടത്തിയ പ്രസംഗംപോലെ പരിഹാസ്യമായി. സോളാര്‍തട്ടിപ്പ് ഉള്‍പ്പെടെയുള്ള അഴിമതിയാരോപണങ്ങളില്‍ നിന്ന് തലയൂരാന്‍ ശ്രമിക്കുന്ന ഉമ്മന്‍ചാണ്ടി ഇന്ത്യയിലെ ഒരു മുഖ്യമന്ത്രിക്ക് ലഭിക്കുന്ന ആദ്യ അവാര്‍ഡ് എന്ന പച്ചക്കള്ളവും തട്ടിവിട്ടു. ഉമ്മന്‍ചാണ്ടി ഏറ്റുവാങ്ങിയ ഇതേ അവാര്‍ഡ് മധ്യപ്രദേശിനും കിട്ടിയിട്ടുണ്ട്. മധ്യപ്രദേശിനുവേണ്ടി അവാര്‍ഡ് വാങ്ങാന്‍ മുഖ്യമന്ത്രിയെന്നല്ല, വകുപ്പുമന്ത്രിപോലും പോയില്ല. വകുപ്പു സെക്രട്ടറി കാഞ്ചന്‍ ജെയിനാണ് അവാര്‍ഡ് വാങ്ങിയത്. കേരളത്തില്‍നിന്നാകട്ടെ, മുഖ്യമന്ത്രിക്കു പുറമെ ഒരു മന്ത്രിയും ഉദ്യോഗസ്ഥരും വ്യവസായപ്രമുഖരും അടക്കമുള്ള സംഘമാണ് അവാര്‍ഡ് വാങ്ങാന്‍ പോയത്. ഇതിന്റെ പേരിലും കോടികള്‍ പൊടിച്ചു. യുഎന്‍ സെക്രട്ടറി ജനറല്‍ ബാന്‍ കി മൂണില്‍നിന്ന് അവാര്‍ഡ് വാങ്ങുമെന്ന നുണയും നടത്തി. മനാമയില്‍ നടന്ന പരിപാടിയില്‍ ബാന്‍ കി മൂണ്‍ പങ്കെടുക്കുമെന്നുപോലും ഒരു അറിയിപ്പും ലഭിച്ചിരുന്നില്ല. എന്നിട്ടും യുഎന്‍ സെക്രട്ടറി ജനറലില്‍നിന്നാണ് അവാര്‍ഡ് വാങ്ങുന്നതെന്ന് പ്രചരിപ്പിച്ചു. ഐക്യരാഷ്ട്രസഭാ അണ്ടര്‍ സെക്രട്ടറിയാണ് അവാര്‍ഡ് നല്‍കിയത്. ഓഫീസ് മേധാവി പ്യൂണില്‍നിന്ന് അവാര്‍ഡ് വാങ്ങുന്നതുപോലെ പരിഹാസ്യം.

അഴിമതിനിര്‍മാര്‍ജന പരിപാടിക്കാണ് കേരളത്തിന് അവാര്‍ഡ്. ഇത് മറച്ചുവച്ച് പൊതുജനസേവനത്തിനാണ് അവാര്‍ഡ് എന്നും കള്ളക്കഥയുണ്ടാക്കി. മുഖ്യമന്ത്രിയുടെ പൊതുജന സമ്പര്‍ക്ക പരിപാടി മികച്ച അഴിമതിനിര്‍മാര്‍ജന നീക്കമാണെന്ന് രേഖയുണ്ടാക്കിയാണ് ഉമ്മന്‍ചാണ്ടിയുടെ ഓഫീസ് ഐക്യരാഷ്ട്രസഭയുടെ പബ്ലിക് സര്‍വീസ് ഫോറത്തിലേക്ക് അവാര്‍ഡിന് അപേക്ഷിച്ചത്. ചില ഇടനിലക്കാരുടെ സഹായത്തോടെ നടത്തിയ നീക്കത്തെത്തുടര്‍ന്ന് "അഴിമതി തടയലി"ല്‍ മുഖ്യമന്ത്രിയുടെ ഓഫീസിനെ ഉള്‍പ്പെടുത്തുകയായിരുന്നു. ആഫ്രിക്ക, ഏഷ്യ-പസിഫിക്, യൂറോപ്പും വടക്കേ അമേരിക്കയും, ലാറ്റിനമേരിക്കയും കരീബിയയും, പടിഞ്ഞാറന്‍ ഏഷ്യ എന്നിങ്ങനെ അഞ്ചാക്കി തിരിച്ചുനല്‍കിയ അവാര്‍ഡുകളില്‍ ഒന്നുമാത്രമാണിത്. ഉത്തര്‍പ്രദേശിലെ ആരോഗ്യം പദ്ധതിക്ക് കഴിഞ്ഞവര്‍ഷവും തൊട്ടുമുന്‍വര്‍ഷം ഡല്‍ഹിയിലെ സാമാജിക്ക് സുവിധസംഘത്തിനും സ്വനചേതന്‍ സൊസൈറ്റി എന്ന എന്‍ജിഒയ്ക്കും അവാര്‍ഡ് കിട്ടിയിരുന്നു. 2009ല്‍ ഗുജറാത്ത് സര്‍ക്കാരിന്റെ ശുദ്ധജലവിതരണ പദ്ധതിക്കായിരുന്നു പുരസ്കാരം. അതിനുമുമ്പ് നാഗാലാന്‍ഡ് സര്‍ക്കാരിനും ആന്ധ്രാപ്രദേശിലെ ഐടിവകുപ്പിനും പുരസ്കാരം കിട്ടിയിട്ടുണ്ട്. അന്നൊന്നും ഏതെങ്കിലും മുഖ്യമന്ത്രി വ്യക്തിപരമായ നേട്ടമായി കൊട്ടിഘോഷിക്കുകയോ അതിശയോക്തി പ്രചരിപ്പിക്കുകയോ ചെയ്തിട്ടില്ല. ബ്രിട്ടീഷ് അസംബ്ലിയില്‍ പ്രസംഗിക്കാന്‍ ക്ഷണിച്ചെന്നു പ്രചരിപ്പിച്ച് നേരത്തെ മന്ത്രി കെ എം മാണിയും ഇതേ മാതൃകയില്‍ വന്‍ പ്രചാരണം നടത്തുകയും സര്‍ക്കാര്‍ ചെലവില്‍ പരസ്യം നല്‍കുകയും ചെയ്തിരുന്നു. ബ്രിട്ടനിലെ ഒരു മലയാളി സംഘടന വാടകയ്ക്കെടുത്ത് നടത്തിയ പരിപാടിയിലേക്കാണ് മാണിയെ പ്രസംഗിക്കാന്‍ ക്ഷണിച്ചത്. സ്വകാര്യമായ ഈ പരിപാടിയെ ബ്രിട്ടീഷ് സര്‍ക്കാരിന്റെ പരിപാടിയായി അവതരിപ്പിച്ചപോലെയായി ഉമ്മന്‍ചാണ്ടിയുടെ അവാര്‍ഡും.

deshabhimani

No comments:

Post a Comment