Monday, June 24, 2013

കേരള റാഡിയയുടെ സ്റ്റേറ്റ് ഹൈവേ

ആന്റണി വെട്ടിയ ഫിറോസ് ഉമ്മന്‍ചാണ്ടിക്ക് സ്വന്തം

നീര റാഡിയ കെനിയയില്‍ വളര്‍ന്ന്, ബ്രിട്ടീഷ് പാസ്പോര്‍ട്ടുമായാണ് ഇന്ത്യയിലെത്തിയത്. ആദ്യ ദൗത്യം സിംഗപ്പുര്‍ എയര്‍ലൈന്‍സിനുവേണ്ടിയായിരുന്നു. ഞൊടിയിടയില്‍ ഒരേസമയം രത്തന്‍ ടാറ്റയുടെയും മുകേഷ് അംബാനിയുടെയും അടുപ്പക്കാരിയായി. ഏതു വകുപ്പ് ആര്‍ക്ക് കൊടുക്കണമെന്നും ആര് മന്ത്രിയാകണമെന്നും തീരുമാനിക്കുന്ന വനിതയായാണ് നീര അറിയപ്പെട്ടത്. മാധ്യമബന്ധമായിരുന്നു അവരുടെ ശക്തി. പബ്ലിക് റിലേഷന്‍ വെറും "റിലേഷനാ"യും ആ റിലേഷന്‍ സ്വാധീനമായും അവര്‍ പരിവര്‍ത്തിപ്പിച്ചു. നീര റാഡിയയുടേത് ഒരു ഹൈവേയാണെങ്കില്‍ ചെങ്ങന്നൂര്‍ വൈഎംസിഎയ്ക്ക് സമീപം വട്ടപ്പാറയില്‍ തെക്കതില്‍ സോമന്റെയും തിരുവനന്തപുരം സ്വദേശിനി ഇന്ദിരയുടെയും മൂത്തമകള്‍ സരിതയുടേത് ഒരു സംസ്ഥാന പാതയെങ്കിലുമാണ്. നീരയ്ക്ക് പിടിപാട് കേന്ദ്ര യുപിഎയിലെങ്കില്‍ സരിത കേരളത്തിലെ യുഡിഎഫ് സര്‍ക്കാരിനെ വിരല്‍ത്തുമ്പുകൊണ്ട് കളിപ്പിച്ചു. നീര ദേശീയ മാധ്യമങ്ങളുടെ പ്രിയങ്കരി; സരിതയ്ക്ക് കേരളത്തിലെ വലതുപക്ഷ മാധ്യമക്കൂട്ട് ആവോളം.

പലവക പഠനവും വിവാഹവും കഴിഞ്ഞ് സരിത എത്തിപ്പെട്ടത് ഒരു പണമിടപാട് കമ്പനിയിലാണ്. ഭര്‍ത്താവ് വിദേശത്ത്. വരുമാനം ആര്‍ഭാടത്തിന് തികയാതെ വന്നപ്പോള്‍ ഭര്‍ത്താവറിയാതെ പണമിടപാടുകള്‍. അതില്‍ ചുവടുപിഴച്ചപ്പോള്‍ തട്ടിപ്പിന്റെ ലോകത്തേക്ക്. സഹായിച്ച വെണ്മണിയിലെ അബ്കാരി കോണ്‍ട്രാക്ടറുമായുള്ള "സൗഹൃദം" വഴിത്തിരിവായി. ഈ സമയത്താണ് കോഴഞ്ചേരിയിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തില്‍ ജോലികിട്ടിയത്. അവിടെ സാമ്പത്തിക ക്രമക്കേടു കാട്ടിയതിന്റെ പേരില്‍ ആറന്മുള പൊലീസില്‍ കേസായി. 2001ല്‍ അമ്മയോടൊപ്പം തിരുവനന്തപുരത്തേക്ക് മുങ്ങി. സംഭവം അറിഞ്ഞ ഭര്‍ത്താവ് സരിതയെ ഉപേക്ഷിച്ചു. അപ്പോഴേക്കും തിരുവനന്തപുരത്തും നിരവധി സാമ്പത്തികത്തട്ടിപ്പുകള്‍. അന്നും സംരക്ഷിച്ചത് യുഡിഎഫിലെ ഉന്നതരുമായുള്ള സൗഹൃദം. അവരുടെ ഒത്താശയോടെ കൊല്ലത്ത് സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലി കിട്ടിയപ്പോള്‍ മാനേജരായിരുന്ന ബിജു രാധാകൃഷ്ണനുമായി അടുപ്പമായി. കേരള റാഡിയയുടെ യഥാര്‍ഥ രാഷ്ട്രീയ കഥ അവിടെ തുടങ്ങുന്നു.

സരിതാ ബന്ധം തളിര്‍ത്ത് പൂവിടുമ്പോഴാണ് ബിജുവിന്റെ ആദ്യ ഭാര്യ രശ്മി കൊല്ലപ്പെട്ടത്. രശ്മിയുടെ അച്ഛന്റെ സമ്പത്ത് തട്ടിയെടുക്കാനായിരുന്നു പ്രണയവും വിവാഹവും. കെണിയില്‍ വീഴ്ത്തി രജിസ്റ്റര്‍ വിവാഹം നടത്തിയെന്ന് രശ്മിയുടെ സഹപാഠികള്‍ ഇപ്പോഴും പറയുന്നു.

സരിത ബന്ധം തുടങ്ങിയതോടെ ബിജു തിരുവനന്തപുരത്തേക്ക് താമസം മാറ്റി. തട്ടിപ്പ് കേന്ദ്രം തലസ്ഥാനമായി. സരിത ഈ വീട്ടിലെ നിത്യസന്ദര്‍ശക. അധികപ്പറ്റായി മാറിയ രശ്മിക്ക് കൊടുംപീഡനം. 2005ല്‍ തന്നെ രശ്മി നാട്ടുകാരുടെ സഹായത്തോടെ കരമന പൊലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് നാട്ടിലേക്ക് പോയി സ്വന്തം വീട്ടില്‍ താമസം തുടങ്ങി. ബിജുവും സരിതയും ഒന്നിച്ച് ബിജുവിന്റെ കുളക്കടയിലെ വീട്ടില്‍ എത്തിയതറിഞ്ഞപ്പോള്‍ സഹിക്കാതെ രശ്മി അങ്ങോട്ടു ചെന്നു. അവിടെ പീഡനം രൂക്ഷമായി തുടര്‍ന്നു. 2006 ഫെബ്രുവരി നാലിനാണ് രശ്മി കൊല്ലപ്പെടുന്നത്.

അന്ന് ഉമ്മന്‍ചാണ്ടി മുഖ്യമന്ത്രിയും ആഭ്യന്തര മന്ത്രിയും. കൊലപാതകം ആത്മഹത്യയായി ഒതുക്കാന്‍ പൊലീസ് വഴിവിട്ടു ശ്രമിച്ചു. എല്‍ഡിഎഫ് സര്‍ക്കാര്‍ വന്നപ്പോള്‍ ലോക്കല്‍ പൊലീസ് കേസ് ഒതുക്കിവച്ച നിലയിലായിരുന്നു. 2008ല്‍ രശ്മിയുടെ അച്ഛന്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണന് പരാതി നല്‍കി. അതോടെയാണ് കൊലപാതകത്തിന്റെ ചുരുളഴിഞ്ഞത്. അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ക്രൈംബ്രാഞ്ച് ഫോറന്‍സിക് റിപ്പോര്‍ട്ട് തേടി, ബിജുവിനെ നുണപരിശോധനയ്ക്ക് വിധേയമാക്കി. ആ സര്‍ക്കാരിന്റെ കാലാവധി തീരാന്‍ ദിവസങ്ങള്‍മാത്രം ബാക്കിനില്‍ക്കെയാണ് ഫോറന്‍സിക് റിപ്പോര്‍ട്ട് കിട്ടിയത്. യുഡിഎഫ് വന്നപ്പോള്‍ സ്ഥിതി മാറി. കഴിഞ്ഞ രണ്ടു വര്‍ഷം ഈ കേസില്‍ പൊലീസിനെ ഒന്നും ചെയ്യാന്‍ അനുവദിച്ചില്ല. സോളാര്‍ തട്ടിപ്പ് വിവാദമായപ്പോള്‍ രശ്മിയുടെ കൊലപാതകക്കേസ് മുക്കിയ വാര്‍ത്ത "ദേശാഭിമാനി"യാണ് പുറത്തു വിട്ടത്. ഇതോടെയാണ് ബിജുവിനെ പിടികൂടാന്‍ നിര്‍ബന്ധിതമായത്. ഈ കേസില്‍ സരിതയ്ക്കും പങ്കുണ്ട്. പക്ഷേ, അന്വേഷണം ആ വഴിക്ക് നീങ്ങുന്നില്ല.

സരിത നായരുടെ തട്ടിപ്പുകഥകള്‍ നിരത്തിവച്ചാല്‍ എണ്ണിത്തീര്‍ക്കാന്‍ വിഷമമാകും. രശ്മി വധത്തിനുശേഷം സരിതയ്ക്കും ബിജുവിനും പരിപൂര്‍ണ സ്വാതന്ത്ര്യമായി. 2007ല്‍ ചാരുംമൂട്ടിലെത്തി കണ്ണനാകുഴി പാലയ്ക്കല്‍മുക്കിന് സമീപമുള്ള തപോവന്‍ യോഗാശ്രമത്തെ മറയാക്കി വെട്ടിപ്പ് തുടര്‍ന്നു. ഇന്ത്യന്‍ എയര്‍ഫോഴ്സില്‍നിന്ന്പെന്‍ഷനായ കണ്ണനാകുഴി ചിറ്റയ്ക്കാട്ടേത്ത് കെ ദേവരാജനാണ് പ്രശാന്തി നിലയത്തില്‍ നിര്‍മലാനന്ദഗിരിയെന്ന പേരില്‍ ആശ്രമം നടത്തുന്നത്. ആശ്രമത്തിന്റെ പേരില്‍ തപോവന്‍ ഗ്ലോബല്‍ ട്രസ്റ്റ് രൂപീകരിച്ചു. ട്രസ്റ്റിന്റെ പേരില്‍ രസീത് അടിപ്പിച്ച് പണപ്പിരിവ്. അവിടെ നടന്ന ഒരു പരിപാടിയില്‍ അന്നത്തെ ആഭ്യന്തര മന്ത്രി കോടിയേരി ബാലകൃഷ്ണനെ പങ്കെടുപ്പിക്കാന്‍ ശ്രമിച്ചു. മന്ത്രിയുടെ ഓഫീസിലെത്തിയെങ്കിലും തട്ടിപ്പ് തിരിച്ചറിഞ്ഞതിനാല്‍ പറഞ്ഞുവിട്ടു. ഇതിനിടയില്‍ പണാപഹരണത്തിന്റെ പേരില്‍ തപോവന്‍ സ്വാമിയുമായി തെറ്റിപ്പിരിഞ്ഞു.

തുടര്‍ന്ന് ചാരുംമൂട് ജങ്ഷനിലെ മത്സ്യമാര്‍ക്കറ്റിന് സമീപമുള്ള വീട്ടില്‍ സാഫ്രോണ്‍ ഈവന്റ് മാനേജ്മെന്റ് എന്ന പേരില്‍ ഓഫീസ് ആരംഭിച്ചു. പലരില്‍നിന്നും പണം വായ്പ വാങ്ങി. ചാരുംമൂട് കേന്ദ്രമാക്കി പ്രവര്‍ത്തിക്കുന്നതിനിടയില്‍ വിദ്യാര്‍ഥികള്‍ക്ക് പഠനച്ചെലവിനായി പ്രതിമാസം 2500 രൂപ നല്‍കുന്ന പദ്ധതിയെന്ന പേരില്‍ 800 വിദ്യാര്‍ഥികളില്‍നിന്ന് പണം അപഹരിച്ചു. തപോവനെ ഉപയോഗിച്ച് തട്ടിപ്പ് നടത്തുന്നുവെന്ന് കാണിച്ച് ദേവരാജന്‍ അന്നത്തെ ആഭ്യന്തരമന്ത്രി കോടിയേരി ബാലകൃഷ്ണനും ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ക്കും പരാതി നല്‍കി. അന്വേഷണത്തിനായി ആ പരാതി കോടിയേരി ജില്ലാ പൊലീസ് സൂപ്രണ്ടിന് അയച്ചു. വള്ളികുന്നം പൊലീസ് കേസ് എടുത്തു. ഇതോടെ അവിടെനിന്ന് മുങ്ങിയ സംഘം 2009ല്‍ ചെങ്ങന്നൂരിലാണ് പൊങ്ങിയത്. പാണ്ടനാട്ടില്‍ വീട് വാടകയ്ക്കെടുത്ത് താമസിച്ച് സോളാര്‍ പാനലിന്റെ പേരില്‍ തട്ടിപ്പ് ആരംഭിച്ചു. ഭര്‍ത്താവ് ഐഎഎസ് ഓഫീസറാണെന്നും താന്‍ ലോകബാങ്ക് പ്രോജക്ട് ഓഫീസറാണ് എന്നും പരിചയപ്പെടുത്തിയാണ് പ്രമുഖരെ വലയിലാക്കിയത്. പൊലീസിന് കിട്ടിയ രഹസ്യവിവരത്തെതുടര്‍ന്ന് തിരുവനന്തപുരം ക്രൈംബ്രാഞ്ച് 2009ല്‍ ഇരുവരെയും വീട്ടില്‍നിന്ന് അറസ്റ്റ് ചെയ്തു. അറസ്റ്റ് സമയത്ത് സരിത പൂര്‍ണഗര്‍ഭിണി. തിരുവനന്തപുരത്തുള്ള പല കേസുകളുടെയും അന്വേഷണത്തിലേക്ക് സരിതയെ ക്രൈബ്രാഞ്ചിന് കൈമാറി. തിരുവനന്തപുരം വനിതാ ജയിലിലാണ് സരിത രണ്ടാമത്തെ കുട്ടിയെ പ്രസവിച്ചത്.

ജാമ്യത്തിലിറങ്ങി തട്ടിപ്പ് തുടര്‍ന്നു. അതിലും കേസുകള്‍ വന്നപ്പോള്‍ തലസ്ഥാനം വിട്ട് കോയമ്പത്തൂരിലേക്ക്. അവിടെ തട്ടിപ്പ് വിപുലമാക്കി. ഇതിനിടയിലാണ് ഭരണമാറ്റമുണ്ടാകുന്നത്. പഴയ കേസില്‍ കൂട്ടുപ്രതിയായ ഫിറോസ് പിആര്‍ഡിയുടെ തലവനായി. ഈ ബന്ധം വളര്‍ന്ന് മുഖ്യമന്ത്രിവരെയുള്ള ഉന്നതരിലേക്കെത്തിയത് വളരെ പെട്ടെന്നാണ്.

മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചെന്ന് പെരുമ്പാവൂര്‍ സ്വദേശിയായ സജാദ് മാത്രമല്ല വെളിപ്പെടുത്തിയത്. കവടിയാര്‍ സ്വദേശി ടി സി മാത്യൂസ് തിരുവനന്തപുരം അഡീഷണല്‍ ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേട്ട് കോടതിയില്‍ നല്‍കിയ ഹര്‍ജി മുഖ്യമന്ത്രിക്കെതിരായ അനേകം സാക്ഷ്യപത്രങ്ങളില്‍ ഒന്നുകൂടിയാണ്. ഒരു കോടിയിലേറെ രൂപയാണ് മാത്യൂസില്‍നിന്ന് തട്ടിയെടുത്തത്. ഹര്‍ജിയില്‍ ഇങ്ങനെ പറയുന്നു, "മുഖ്യമന്ത്രിയുമായുള്ള അടുപ്പം കാണിച്ച് തന്നെ വിരട്ടി നിര്‍ത്തി." തമിഴ്നാട്ടില്‍ പവര്‍ ജനറേറ്റിങ് മിഷന്‍ നടത്താനെന്ന പേരില്‍ മാത്യൂസുമായി കരാറില്‍ ഒപ്പിട്ട ദിവസത്തിനും പ്രത്യേകതയുണ്ട്. 2012 സിസംബര്‍ 28. ഡിസംബര്‍ 27നാണ് വിജ്ഞാന്‍ ഭവനില്‍ ഉമ്മന്‍ചാണ്ടിയെ കാണുന്നത്. ഉമ്മന്‍ചാണ്ടിയും സരിതയും തിരുവനന്തപുരത്ത് എത്തിയതും 27ന് വൈകിട്ട്. 28ന് രാവിലെ പുതിയ കരാര്‍. തലേ ദിവസം മുഖ്യമന്ത്രിയെ കണ്ട കാര്യവും ചര്‍ച്ചയ്ക്കിടെ സരിത സൂചിപ്പിച്ചു.

തട്ടിപ്പുകളിലെ സ്ത്രീസാന്നിധ്യത്തിന്റെ "വില" മനസിലാക്കിയ ബിജു രാധാകൃഷ്ണന്‍, സരിതയ്ക്കു പുറമെ ഒരാളെയും കൂടെക്കൂട്ടി. ശാലു മേനോനെ. സരിത അകത്തും ശാലു പുറത്തുമാണിന്ന്. ബിജു രാധാകൃഷ്ണന്റെ ജീവിതത്തിലെ പ്രധാന കഥാപാത്രങ്ങളായ ഇരുവരുടെയും ഉന്നത ബന്ധങ്ങളും തട്ടിപ്പുകളും സംശയരഹിതം. എന്നിട്ടും സരിതയ്ക്ക് ജയിലില്‍ വിവിഐപി പരിഗണന; ശാലു മേനോനെ തൊടാന്‍ പേടി. രണ്ടു യുവതികളുടെ വെളിപ്പെടുത്തലുകളെ ഭയന്ന് വിറങ്ങലിച്ചുനില്‍ക്കുന്ന ഭരണാധികാരികള്‍

(ആ ഭീതി എന്തിനെന്ന് നാളെ)

എം രഘുനാഥ് deshabhimani

No comments:

Post a Comment