Thursday, June 27, 2013

അന്താരാഷ്ട്ര അവാര്‍ഡ് കൊണ്ട് കളങ്കം മൂടിവയ്ക്കാനാവില്ല

ബഹുജന സമ്പര്‍ക്കത്തിനുള്ള അന്താരാഷ്ട്ര അവാര്‍ഡിന്റെ പേരില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ പ്രകീര്‍ത്തിക്കുകയാണ് സര്‍ക്കാര്‍ പ്രചാരണ സംവിധാനങ്ങള്‍. ഇതില്‍ ഓരോ മലയാളിക്കും അഭിമാനിക്കാമെന്നാണ് അവര്‍ അറിയിക്കുന്നത്. അധികാരത്തെ ചൂഴ്ന്നു നില്‍ക്കുന്ന ഇരുട്ടിന്റെ നിറം വെളുപ്പാണെന്നു പ്രചരിപ്പിക്കാനുള്ള ദൗത്യം അവര്‍ നിറവേറ്റാന്‍ ശ്രമിക്കുകയാണെന്ന് ജനങ്ങള്‍ക്ക് മനസിലാകും. 'പഞ്ചസാരയുടെ കയ്പ് അടിയന് ഇഷ്ടമാണെ'ന്നു പറഞ്ഞ അടിമ കാലഘട്ടത്തിന്റെ അനുയായികള്‍ക്ക് അഭിമാനിക്കാന്‍ കഴിഞ്ഞേക്കാം. ചുറ്റുപാടുമുള്ള ജീവിതയാഥാര്‍ഥ്യങ്ങള്‍ കാണുന്നവരാരും ഈ അര്‍ഥമില്ലാത്ത ബഹുമതിയുടെ കിരീടം ചൂടിയതിന്റെ പേരില്‍ മുഖ്യമന്ത്രിയെ അഭിനന്ദിക്കുകയില്ല. ഇന്ത്യയിലാദ്യമാണ് ഒരു മുഖ്യമന്ത്രിക്ക് ഈ അംഗീകാരമെന്നാണ് സര്‍ക്കാര്‍ വിലാസം പ്രചാരകന്മാര്‍ പറയുന്നത്. രാഷ്ട്രീയ പ്രചാരവേലകളുടെ കൗശലങ്ങളിലൂടെ രാവിനെ പകലാക്കുന്ന കലയാണിത്. ആ കലയില്‍ ഉമ്മന്‍ചാണ്ടി നരേന്ദ്രമോഡിക്ക് പഠിക്കുകയാണെന്ന് ഈ ശൈലി തെളിയിക്കുന്നു.

'7 $ 24' എന്ന അടയാളത്തോടെയാണ് മുഖ്യമന്ത്രി ബഹുജന സമ്പര്‍ക്കത്തിന്റെ അരങ്ങൊരുക്കാന്‍ ആരംഭിച്ചത്. ആഴ്ചയില്‍ ഏഴ് ദിവസവും 24 മണിക്കൂറും മുഖ്യമന്ത്രിയുടെ ഓഫീസ് ജനങ്ങള്‍ക്കു മുമ്പില്‍ തുറന്നുവച്ചിരിക്കുമത്രെ. ലോകത്തെവിടെയുമുള്ളവര്‍ക്ക് വിവരസാങ്കേതിക വിദ്യയിലൂടെ ഭരണനിര്‍വഹണ സാമര്‍ഥ്യങ്ങളെല്ലാം കാണാന്‍ കഴിയുമത്രെ. 'ആനന്ദലബ്ധിക്കിനിയെന്തുവേണം' എന്ന മട്ടില്‍ അതിനെയും പാടിപുകഴ്ത്താന്‍ പ്രചാരണ നാവുകള്‍ സന്നദ്ധമായി നില്‍പ്പുണ്ടായിരുന്നു. ആ ഓഫീസില്‍ 7 $ 24 മണിക്കൂറും എന്തെല്ലാമാണു നടന്നതെന്ന് ഇപ്പോള്‍ ലോകര്‍ക്കറിയാം. മുഖ്യമന്ത്രി സ്ഥിരമായി ഉപയോഗിക്കുന്ന ഫോണുകളിലൂടെയും അല്ലാതെയും അദ്ദേഹത്തിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാര്‍ അവിടെ അഴിഞ്ഞാടുകയായിരുന്നു. പണമുണ്ടാക്കാന്‍ വേണ്ടി എന്തും ചെയ്യാന്‍ മടിക്കാത്ത വൃത്തികെട്ട സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും മുഖ്യമന്ത്രിയുടെ സുതാര്യ ഓഫീസില്‍ എന്തും ചെയ്യാനുള്ള അധികാരാവകാശങ്ങള്‍ ഉറപ്പാക്കപ്പെട്ടിരുന്നു. അതിന്റെ ബലത്തില്‍ മുഖ്യമന്ത്രിയുടെ മേല്‍വിലാസത്തില്‍ നടന്ന കോടികളുടെ തട്ടിപ്പിന്റെയും മറ്റുകുറ്റകൃത്യങ്ങളുടെയും ചുരുളുകളാണ് നിത്യേന അഴിയുന്നത്. ഇതില്‍ ഓരോ മലയാളിയും അഭിമാനിക്കുന്നതെങ്ങനെ?

സംസ്ഥാനത്തെ ജനങ്ങളെ ബാധിക്കുന്ന അടിസ്ഥാന പ്രശ്‌നങ്ങളിലൊന്നും ഇടപെടാന്‍ കൂട്ടാക്കാതെ വന്‍കിട കോര്‍പ്പറേറ്റുകള്‍ക്കുവേണ്ടി ഭരണം നടത്താനാണ് യു ഡി എഫ് വന്നത്. അതിന്റെ കെടുതികളില്‍പെട്ടു നട്ടം തിരിയുന്ന ജനങ്ങളെ ബഹുജന സമ്പര്‍ക്ക മാമാങ്കങ്ങളിലൂടെ കബളിപ്പിക്കാന്‍ അവര്‍ സാമര്‍ഥ്യപൂര്‍വം കരുക്കള്‍ നീക്കി. വില്ലേജ് ഓഫീസുകള്‍പോലുള്ള താഴെതലത്തില്‍ നിന്ന് കിട്ടേണ്ട ആനുകൂല്യങ്ങള്‍ നേരിട്ട് നല്‍കാന്‍ ആയിരക്കണക്കിന് ജനങ്ങളെ ജില്ലാ ആസ്ഥാനങ്ങളിലേയ്ക്ക് വിളിച്ചുവരുത്തുകയായിരുന്നു. പ്രഭാതം മുതല്‍ രാത്രി വൈകുംവരെ അവരെ കാത്തുനിര്‍ത്തി 1000 രൂപ മുതല്‍ 5000 രൂപ വരെ അനുവദിച്ച് ജനക്കൂട്ടങ്ങളുടെ രാജകുമാരനാകാനായിരുന്നു മുഖ്യമന്ത്രിയുടെ ശ്രമം. സ്വന്തം വീട്ടില്‍ എത്തിച്ചുകൊടുക്കേണ്ട ആനുകൂല്യങ്ങള്‍ വിതരണം ചെയ്യാന്‍ കേന്ദ്രീകൃത കണ്‍കെട്ടുസദസുകള്‍ സൃഷ്ടിച്ചത് തികഞ്ഞ കൗശലം തന്നെ. അതിനുവേണ്ടി 14 ജില്ലകളിലുമായി എത്ര കോടിരൂപയാണ് സര്‍ക്കാര്‍ ഒഴുക്കിയത്? എല്ലാ മാമാങ്കങ്ങളിലൂടെയും എത്രകോടിയുടെ ആനുകൂല്യങ്ങളാണ് ജനങ്ങള്‍ക്കു നല്‍കിയത്? നിവേദനവുമായി കാത്തുനിന്ന ഓരോ ആളിനുംവേണ്ടി മുഖ്യമന്ത്രി ശരാശരി ചെലവഴിച്ചത് എത്ര സെക്കന്റുകളാണെന്ന് കണക്കെടുക്കാന്‍ കഴിയും. അതിന്റെ എത്ര മടങ്ങ് സമയമാണ് ബിജു രാധാകൃഷ്ണന്‍ എന്ന കൊലപാതകിയായ തട്ടിപ്പുകാരനുവേണ്ടി മുഖ്യമന്ത്രി മാറ്റിവച്ചത്? അടച്ചിട്ട മുറിയില്‍ നടന്ന പുറത്തുപറയാനാകാത്ത ആ സംഭാഷണം ഉമ്മന്‍ചാണ്ടി ഭരണത്തിന്റെ തനിസ്വരൂപമെന്താണെന്ന് പറയാതെ പറയുന്നുണ്ട്. ഇതിന്റെപേരിലുള്ള ബഹുമതിയാണ് രാജ്യത്തിനുള്ളതാണെന്നു സ്തുതിപാഠക സംഘം പറയുന്നത്. ഈ നാണംകെട്ട ബഹുമതി ഏറ്റുവാങ്ങേണ്ട ഗതികേട് ഇന്ത്യയ്ക്കുണ്ടായി എന്ന് ആരാണ് അവര്‍ക്കു പറഞ്ഞുകൊടുത്തത്?

വെള്ളപ്പൊക്ക ദുരിതങ്ങളില്‍ സംസ്ഥാനം മുങ്ങിത്താണപ്പോള്‍ ഒന്നും ചെയ്യാതെ നോക്കിനിന്ന ഗവണ്‍മെന്റിന്റെ തലവനാണ് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. വെള്ളപ്പൊക്കത്തില്‍ നൂറില്‍പ്പരം ആളുകള്‍ മരിച്ചവിവരം അറിയാത്തയാളെപ്പോലെയാണ് അദ്ദേഹം പുഞ്ചിരിപൊഴിച്ച് ബഹറൈനിലേയ്ക്കു യാത്രയായത്. പകര്‍ച്ചപ്പനി ബാധിച്ച് നാന്നൂറ് പേര്‍ മരണപ്പെട്ടതും ഈ 'കരുതലും വികസന'വുമുള്ള ഗവണ്‍മെന്റ് അറിഞ്ഞില്ല. വന്‍കിടക്കാര്‍ക്കുവേണ്ടി വികസനവും സ്വന്തക്കാര്‍ക്കുവേണ്ടി കരുതലും കരുതിവച്ചു യു ഡി എഫ് ഗവണ്‍മെന്റ്. ഉത്തരഖണ്ഡില്‍ കാണാതായവരില്‍ എത്രപേര്‍ സ്വന്തം സംസ്ഥാനക്കാരുണ്ടെന്നു കൃത്യമായി കണ്ടെത്താന്‍ കഴിയാത്ത ഒരൊറ്റ സംസ്ഥാനമേ ഇന്ത്യയില്‍ കാണു. അതുകേരളമാണ്. അവിടെ കുടുങ്ങിയ കേരളത്തിലെ സന്യാസിമാര്‍ക്കുപോലും ജീവരക്ഷയ്ക്കുവേണ്ടി സമരമാര്‍ഗം അവലംബിക്കേണ്ടിവന്നു. ഗള്‍ഫ് മലയാളികളുടെ ഉള്ളില്‍ 'നിതാഖത്ത്' തീകോരിയിട്ടതും മംഗലാപുരത്ത് മലയാളി പെണ്‍കുട്ടി ബലാത്സംഗം ചെയ്യപ്പെട്ടതും കേരളത്തിന്റെ ഉത്ക്കണ്ഠ വളര്‍ത്തുകയാണ്. വിലക്കയറ്റത്തിന്റെ കൊടുംചൂടില്‍ ഈ മഴക്കാലത്തും കേരളത്തിന്റെ മനസ് ചുട്ടുപൊള്ളുകയാണ്. ഇതൊന്നും അറിയാതെ പൊള്ളച്ചിരിയുമായി കാലം കഴിക്കുന്ന ഒരു ഗവണ്‍മെന്റിനെ ഓര്‍ത്ത് ഏതു മലയാളിക്കാണ് അഭിമാനിക്കാന്‍ കഴിയുക? കേരളത്തിന്റെ മണ്ണും പ്രകൃതിയും കൊള്ളയടിച്ച് ഭാവിദുരന്തങ്ങള്‍ക്കു വഴിമരുന്നിടുന്ന തട്ടിപ്പു വികസനത്തിന്റെ അപ്പോസ്തലന്മാര്‍ക്കുവേണ്ടിയാണ് ഇവിടെ ഭരണം നടക്കുന്നത്. അതിന്റെമേല്‍ വീണുകിടക്കുന്ന കളങ്കപ്പാടുകള്‍ ഏത് അന്താരാഷ്ട്ര ബഹുമതിയുടെ പട്ടുതൂവാലകൊണ്ടു മൂടിവയ്ക്കാന്‍ കഴിയുമെന്നാണ് മുഖ്യമന്ത്രി ചിന്തിക്കുന്നത്?

janayugom editorial

No comments:

Post a Comment