Wednesday, June 26, 2013

വിവാദ സര്‍ക്കുലര്‍; ആശങ്ക പരിഹരിക്കുമെന്ന് മുഖ്യമന്ത്രി

മുസ്ലീം പെണ്‍കുട്ടികളുടെ വിവാഹപ്രായം സംബന്ധിച്ച സര്‍ക്കുലറിലെ ആശങ്ക സര്‍ക്കാര്‍ ഉടന്‍ പരിഹരിക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. മന്ത്രിസഭായോഗ തീരുമാനം വിശദീകരിച്ച് വാര്‍ത്താസമ്മേളനം നടത്തുകയായിരുന്നു അദ്ദേഹം. വിവാദവുമായി ബന്ധപ്പെട്ട് നിയമസെക്രട്ടറി രാമരാജ പ്രേമ പ്രസാദിനെ മന്ത്രിസഭ വിളിച്ചുവരുത്തി വിശദീകരണം തേടി. നിലവില്‍ വിവാഹം കഴിഞ്ഞവര്‍ക്ക് പരിരക്ഷ നല്‍കുന്നതിന് വേണ്ടിയാണ് സര്‍ക്കുലര്‍ ഇറക്കിയതെന്നാണ് വിശദീകരണം.

ഉത്തരാഖണ്ഡില്‍ പ്രളയക്കെടുതിയില്‍ അകപ്പെട്ട ശിവഗിരിയിലെ സന്യാസിമാര്‍ ഉള്‍പ്പെടുന്ന 12 അംഗസംഘത്തെ ഹെലികോപ്ടറില്‍ ജ്യോതിമഠില്‍ എത്തിച്ചതായും ഇവരെ റോഡുമാര്‍ഗം ഋഷികേശിലെത്തിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ഉത്തരാഖണ്ഡ് ദുരിതാശ്വാസ നിധിയിലേക്ക് സര്‍ക്കാര്‍ രണ്ട് കോടി രൂപ നല്‍കും. മന്ത്രിമാരുടെ ഒരു മാസത്തെ ശമ്പളം ദുരിതാശ്വാസനിധിയിലേക്ക് സംഭാവന നല്‍കുമെന്നും മുഖ്യമന്ത്രി പറഞ്ഞു.

ടീം സോളാര്‍ കമ്പനിയെ താന്‍ വഴിവിട്ട് സഹായിച്ചെന്ന് ആരോപിക്കുന്ന പ്രതിപക്ഷത്തിന് അത് തെളിയിക്കാനായിട്ടില്ലെന്ന് മുഖ്യമന്ത്രി അവകാശപ്പെട്ടു. കമ്പനിയ്ക്ക് താന്‍ നല്‍കിയ കത്ത് വ്യാജമാണെന്ന് തെളിഞ്ഞതായും മുഖ്യമന്ത്രി പറഞ്ഞു. എല്ലാ ആരോപണവും അന്വേഷണപരിധിയില്‍ കൊണ്ടുവരുമെന്ന് പറഞ്ഞ മുഖ്യമന്ത്രി ജുഡീഷ്യല്‍ അന്വേഷണത്തിന് നടപടിയെടുക്കുമോ എന്ന ചോദ്യത്തിന് കൃത്യമായ മറുപടിപറയാതെ ഒഴിഞ്ഞുമാറി.

എന്തും പറയാമെന്ന നിലയിലേക്ക് പ്രതിപക്ഷ നേതാവ് എത്തിയിരിക്കുന്നെന്ന് മുഖ്യമന്ത്രി പറഞ്ഞു. ആത്മവിശ്വാസം നഷ്ടപ്പെടുന്നത് കൊണ്ടാണ് പ്രതിപക്ഷം സഭ തടസപ്പെടുത്തുന്നതെന്നും ഒരേ വിഷയമാണ് ഏഴ് തവണയായി അടിയന്തര പ്രമേയമായി പ്രതിപക്ഷം ഉന്നയിച്ചതെന്നും മുഖ്യമന്ത്രി പറഞ്ഞു. സര്‍ക്കാരിന് ഒന്നും ഒളിച്ചുവെക്കാനില്ലെന്ന് പറഞ്ഞ മുഖ്യമന്ത്രി പേഴ്സണല്‍ സ്റ്റാഫിനെതിരെ ഉയര്‍ന്ന ആരോപണങ്ങളെക്കുറിച്ചുള്ള ചോദ്യങ്ങളില്‍ നിന്ന് ഒഴിഞ്ഞുമാറി.

deshabhimani

No comments:

Post a Comment