Monday, June 24, 2013

തെളിവ് നശിപ്പിച്ച് പൊലീസ്

സരിതയും ബിജു രാധാകൃഷ്ണനുമായി മുഖ്യമന്ത്രിയും അദ്ദേഹത്തിന്റെ ഓഫീസും പുലര്‍ത്തിയ അടുത്ത ബന്ധത്തിന്റെ എല്ലാ തെളിവും പൊലീസ് പൂഴ്ത്തുന്നു. സാമ്പത്തികത്തട്ടിപ്പില്‍ അന്വേഷണം ഒതുക്കണമെന്ന കര്‍ശനനിര്‍ദേശത്തിന്റെ ചുവടുപിടിച്ചാണ് പൊലീസ് നീക്കം. സരിതയുടെ വീട്ടിലും സ്ഥാപനങ്ങളിലുംനിന്ന് വെബ്ക്യാമറയടക്കം ചില പ്രധാനരേഖകള്‍ കസ്റ്റഡിയിലെടുത്തിരുന്നു. ഇതിനെപ്പറ്റി ഒരു സൂചനയും ഇപ്പോഴില്ല. മുഖ്യമന്ത്രിയുടെ ഓഫീസിലും വസതിയിലും സരിത വേരുറപ്പിച്ചതിന്റെ നേരിയ തെളിവുപോലും അവശേഷിക്കാതിരിക്കാന്‍ എല്ലാം അരിച്ചുപെറുക്കുകയാണ് പൊലീസ്.

ദുരൂഹത നിറഞ്ഞ ഒട്ടേറെ കാര്യങ്ങള്‍ അന്വേഷണസംഘത്തിനുമുമ്പിലുണ്ട്. സരിതയ്ക്ക് മുഖ്യമന്ത്രിയുടെ ലെറ്റര്‍പാഡില്‍ ലഭിച്ച കത്തുകള്‍, ഡല്‍ഹിയിലെ മുഖ്യമന്ത്രി-സരിത കൂടിക്കാഴ്ച, എറണാകുളം ഗസ്റ്റ്ഹൗസില്‍ മുഖ്യമന്ത്രി-ബിജു രാധാകൃഷ്ണന്‍ രഹസ്യചര്‍ച്ച, സരിതയുടെ കൂട്ടുപ്രതിക്ക് പിആര്‍ഡി ഡയറക്ടറായി സ്ഥാനക്കയറ്റവും സംരക്ഷണവും, സര്‍ക്കാര്‍ വാഹനവും സൗകര്യങ്ങളും സരിത ഉപയോഗിച്ചത്, സെക്രട്ടറിയറ്റില്‍ സരിതയുടെ പതിവ് സന്ദര്‍ശനം, തട്ടിപ്പുസ്ഥാപനങ്ങളുടെ ഉദ്ഘാടനത്തിന് മന്ത്രിമാര്‍, അനര്‍ട്ടിനെ മാറ്റിനിര്‍ത്തി പാരമ്പര്യേതര ഊര്‍ജ്ജവുമായി ഒരുബന്ധവുമില്ലാത്ത സി-ഡിറ്റിനെ 2,500 കോടിയുടെ സൗരോര്‍ജപദ്ധതിയുമായി രംഗത്തിറക്കിയത്, സരിതയും ബിജു രാധാകൃഷ്ണനും നടി ശാലുമേനോനുമായുള്ള ബന്ധം, ശാലുവിന്റെ ഗൃഹപ്രവേശനചടങ്ങില്‍ ആഭ്യന്തരമന്ത്രിയുടെ സജീവസാന്നിധ്യം തുടങ്ങി ചോദ്യങ്ങള്‍ നീളുന്നു. 2500 ചതുരശ്രയടിയില്‍ കൂടുതലുള്ള കെട്ടിടങ്ങള്‍ക്ക് സൗരോര്‍ജപ്ലാന്റ് നിര്‍ബന്ധമാക്കിയ ഉത്തരവ്, എല്ലാ പൊലീസ് സ്റ്റേഷനിലും സൗരോര്‍ജപ്ലാന്റ് വയ്ക്കണമെന്ന സര്‍ക്കുലറും പൊലീസ് അസോസിയേഷന്‍ സമ്മേളനപ്രമേയവും എന്നിവ ഏത് സാഹചര്യത്തിലെന്നും കണ്ടെത്തണം.

എന്നാല്‍, മുഖ്യമന്ത്രിയിലേക്ക് നീളുന്ന ഈ തെളിവുകളെല്ലാം നശിപ്പിക്കുകയാണ് അന്വേഷണസംഘത്തിന്റെ ലക്ഷ്യം. പ്രത്യേക അന്വേഷണസംഘത്തലവന്‍ എഡിജിപി എ ഹേമചന്ദ്രനെ 16ന് അര്‍ധരാത്രി രഹസ്യമായി ക്ലിഫ് ഹൗസില്‍ വിളിച്ചുവരുത്തിയിരുന്നു. എഡിജിപി ഇത് സ്ഥിരീകരിച്ചെങ്കിലും മുഖ്യമന്ത്രി നിഷേധിച്ചു. ഒരു മണിക്കൂറോളം എഡിജിപിയുമായി മുഖ്യമന്ത്രി ചര്‍ച്ച നടത്തി. ഇന്റലിജന്‍സ് മേധാവി എഡിജിപി സെന്‍കുമാറുമായി രാത്രി കൂടിക്കാഴ്ച നടത്തിയശേഷമാണ് ഹേമചന്ദ്രനെ വിളിച്ചത്. അന്വേഷണത്തിന്റെ ഗതി നിര്‍ണയിക്കുകയായിരുന്നു രഹസ്യകൂടിക്കാഴ്ചയുടെ അജന്‍ഡ.

മുഖ്യമന്ത്രി സദാ ഉപയോഗിക്കുന്ന ഫോണിലാണ് സരിതയുമായി നിരന്തരം ബന്ധപ്പെട്ടത്. സരിത സമീപകാലത്ത് വിവിധ പേരുകളില്‍ എടുത്ത ആറ് മൊബൈല്‍ കണക്ഷന്‍ ഉപയോഗിച്ചിരുന്നതായി വിവരമുണ്ട്. ഡ്രൈവറും എറണാകുളം സ്വദേശിയുമായ രാജന്‍നായരുടെ പേരിലുള്ള ബിഎസ്എന്‍എല്‍ നമ്പരില്‍ മുഖ്യമന്ത്രിയുടെ പേഴ്സണല്‍ സ്റ്റാഫംഗങ്ങളും ഗണ്‍മാനും ബന്ധപ്പെട്ടത് മാത്രമേ പുറത്തുവന്നിട്ടുള്ളു. മറ്റുള്ള നമ്പരുകളിലെ വിവരങ്ങള്‍ പൊലീസ് ശേഖരിച്ചിട്ടുണ്ടെങ്കിലും ഒളിച്ചുവയ്ക്കുന്നു. അന്വേഷണം വഴിതെറ്റിക്കാനുള്ള മാര്‍ഗമാണ് പൊലീസ് ആലോചിക്കുന്നത്. ചില യുഡിഎഫ് അനുകൂല മാധ്യമങ്ങളും കൂട്ടിനുണ്ട്. അന്വേഷണസംഘത്തിനുമേല്‍ ബാഹ്യസമ്മര്‍ദമുണ്ടെന്ന ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്റെ ആരോപണവും ഈ അജന്‍ഡയുടെ ഭാഗമാണ്. കഴിഞ്ഞ ദിവസം ഒരു അശ്ലീലവാരികക്കാരന്റെ പരാതി വാങ്ങി അതിലെ ആരോപണങ്ങള്‍ അന്വേഷിക്കാന്‍ എഡിജിപിയെ ചുമതലപ്പെടുത്തി മുഖ്യമന്ത്രിയുടെ ഓഫീസ് വാര്‍ത്താക്കുറിപ്പിറക്കിയതിന്റെ പിന്നിലുള്ളതും ശ്രദ്ധതിരിച്ചുവിടാനുള്ള ഗൂഢാലോചനയാണ്. ഗണ്‍മാന്‍ സലിംരാജിനെയും പഴ്സണല്‍ സ്റ്റാഫിലുള്ള ജിക്കുമോന്‍ ജേക്കബ്ബിനെയും വെള്ളിയാഴ്ച പ്രത്യേക അന്വേഷണസംഘം വിളിച്ചുവരുത്തി മൊഴിയെടുക്കല്‍ പ്രഹസനം നടത്തിയിരുന്നു. ചോദ്യം ചെയ്യലായാണ് ചില മാധ്യമങ്ങള്‍ ഇത് വിശേഷിപ്പിച്ചത്. ടെന്നി ജോപ്പനെ വിളിച്ചുമില്ല. മുഖ്യമന്ത്രിയുടെ സംരക്ഷണച്ചിറകിനുള്ളില്‍ സുരക്ഷിതരായി കഴിയുന്ന ഇവരെ തൊടാനുള്ള ധൈര്യം അന്വേഷണസംഘത്തിനില്ല.
(കെ എം മോഹന്‍ദാസ്)

deshabhimani

No comments:

Post a Comment