Tuesday, June 25, 2013

മുഖ്യമന്ത്രിയുടെ രാജിയ്ക്കായി പ്രക്ഷോഭം ശക്തിപ്പെടുത്തും

സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയുടെ രാജിയ്ക്കായി എല്‍ഡിഎഫ് പ്രക്ഷോഭം ശക്തമാക്കുമെന്ന് കണ്‍വീനര്‍ വൈക്കം വിശ്വന്‍. മുഖ്യമന്ത്രി രാജി വച്ചൊഴിഞ്ഞ് ജുഡീഷ്യല്‍ അന്വേഷണം നേരിടണമെന്ന ആവശ്യത്തില്‍ നിന്ന് പിന്നോട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എല്‍ഡിഎഫ് യോഗ തീരുമാനങ്ങള്‍ മാധ്യമങ്ങളോട് വിശദീകരിക്കുകയായിരുന്നു അദ്ദേഹം.

മുഖ്യമന്ത്രിയുടെ രാജിക്കായി ബഹുജനങ്ങളെ അണിനിരത്തി വന്‍ പ്രക്ഷോഭങ്ങള്‍ സംഘടിപ്പിക്കും. ജൂലൈ 1, 2 തിയതികളില്‍ നിയോജക മണ്ഡലങ്ങളില്‍ വാഹനപ്രചരണ ജാഥയും 3ന് ബ്ലോക്ക് തലത്തില്‍ പ്രതിഷേധ പ്രകടനങ്ങളും 4ന് നിയോജക മണ്ഡലങ്ങളിലെ സര്‍ക്കാര്‍ ഓഫീസുകളിലേക്ക് ജനകീയ മാര്‍ച്ചും നടത്തും.

സോളാര്‍ അഴിമതിക്കേസില്‍ മുഖ്യമന്ത്രിക്കുള്ള പങ്കിന്റെ വെളിപ്പെടുത്തലുകളാണ് ഓരോ ദിവസവും പുറത്ത് വന്നുകൊണ്ടിരിക്കുന്നത്. കോടികള്‍ വെട്ടിച്ച തട്ടിപ്പുകേസിലുള്‍പ്പെട്ടവരുമായി മുഖ്യമന്ത്രിക്കുള്ള ബന്ധമെന്താണ്. ആരും കുറ്റം ചെയ്തിട്ടില്ലെങ്കില്‍ പേഴ്സണല്‍ സ്റ്റാഫില്‍നിന്ന് രണ്ട്പേരെയും പിആര്‍ഡി ഡയറക്ടറേയും സസ്പെന്‍ഡ് ചെയ്തത് എന്തിനാണ്. ഇതിനെല്ലാം മറുപടി ലഭിക്കണമെങ്കില്‍ ജുഡീഷ്യല്‍ അന്വേഷണം തന്നെ വേണം. ഇത്തരം ആരോപണങ്ങളില്‍ നിന്ന് ഒളിച്ചോടാനാണ് നിയമസഭ സമ്മേളനം തന്നെ വെട്ടിച്ചുരുക്കിയത്. ഈ നടപടി അത്യന്തം ജനാധിപത്യ വിരുദ്ധവും പ്രതിഷേധാര്‍ഹവുമാണ്. പ്രതിപക്ഷത്തോട് ആലോചിക്കുകപോലും ചെയ്യാതെയാണ് സ്പീക്കര്‍ സഭാ സമ്മേളനം അവസാനിപ്പിച്ചത്. ഇതിലൂടെ പ്രതിപക്ഷ അവകാശങ്ങളാണ് ഇല്ലാതാക്കുന്നത്. ഈ കാര്യങ്ങള്‍ അടിയന്തിരാവസ്ഥയുടെ കറുത്ത നാളുകളെയാണ് ഓര്‍മ്മിപ്പിക്കുന്നത്.

കേരളം ഇതേവരെ കൈവരിച്ച നേട്ടങ്ങളെയെല്ലാം ഇല്ലാതാക്കുന്നതാണ് 2 വര്‍ഷത്തെ യുഡിഎഫ് ഭരണം. പ്രകൃതിക്ഷോഭം നേരിടാനോ ആദിവാസി പ്രശ്നം പരിഹരിക്കാനോ ഈ ഭരണത്തിനാകുന്നില്ല. ജോസ് തെറ്റയില്‍ എംഎല്‍എക്കെതിരായ ലൈംഗീകാരോപണം എല്‍ഡിഎഫ് യോഗം ചര്‍ച്ചചെയ്തിട്ടില്ലെന്നും വൈക്കം വിശ്വന്‍ പറഞ്ഞു. ആരോപണവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ അന്വേഷണം നടത്തുന്നുണ്ട്. അതിന്റെ വിവരം കൂടി അറിഞ്ഞ ശേഷം എല്‍ഡിഎഫ് ആവശ്യമായ നിലപാടെടുക്കുമെന്നും വൈക്കം വിശ്വന്‍ കൂട്ടിച്ചേര്‍ത്തു.

deshabhimani

No comments:

Post a Comment