Sunday, June 30, 2013

മഴക്കെടുതി: സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണം- വി എസ്

മഴക്കെടുതിയില്‍നിന്ന് ആശ്വാസമേകാന്‍ സര്‍ക്കാര്‍ അടിയന്തരമായി ഇടപെടണമെന്ന് പ്രതിപക്ഷനേതാവ് വിഎസ്. അച്യുതാനന്ദന്‍ പ്രസ്താവനയില്‍ ആവശ്യപ്പെട്ടു.

ഇടമുറിയാതെ പെയ്യുന്ന മഴമൂലം കേരളത്തലങ്ങോളമിങ്ങോളം കനത്ത നാശനഷ്ടങ്ങളാണ് ഉണ്ടായിക്കൊണ്ടിരിക്കുന്നത്. ഓരോ ജില്ലയില്‍നിന്നും വരുന്ന വാര്‍ത്തകള്‍ കേരള മനസ്സാക്ഷിയെ നടുക്കുന്നതാണ്. ആയിരക്കണക്കിന് വീടുകളാണ് വെള്ളംകയറി നശിച്ചുപോയത്. റോഡുകളും തൂക്കുപാലങ്ങളും തകര്‍ന്ന് നിരവധി പ്രദേശങ്ങള്‍ കുടിവെള്ളംപോലും കിട്ടാതെ ഒറ്റപ്പെട്ടുപോയിരിക്കുന്നു. അപ്പര്‍ കുട്ടനാട്ടിലെ ജലനിരപ്പ് വീണ്ടും ഉയരുകയാണ്. കുട്ടനാട്ടില്‍ പതിനായിരക്കണക്കിനേക്കറിലെ കൃഷിയാണ് പൂര്‍ണമായും നശിച്ചുപോയിട്ടുള്ളത്. കഴിഞ്ഞ ഒരാഴ്ച്ചയായി പ്രളയജലത്തില്‍ മുങ്ങി കുട്ടനാട് പൂര്‍ണമായും ഒറ്റപ്പെട്ടിരിക്കുകയാണ്. ഇവിടെ ക്യാമ്പുകളില്‍ കഴിയുന്നവര്‍ക്ക് ആവശ്യമായ ഭക്ഷണവും മരുന്നും മറ്റ് സൗകര്യങ്ങളും ഏര്‍പ്പെടത്തുന്നതില്‍ ഗുരുതരമായ അനാസ്ഥയുള്ളതായി അവിടം സന്ദര്‍ശിച്ചപ്പോള്‍ ബോദ്ധ്യപ്പെട്ടിട്ടുണ്ട്.

മലയോര മേഖലകളില്‍ ഇപ്പോഴും ഉരുള്‍പൊട്ടല്‍ തുടരുന്നു. മഴക്കെടുതിമൂലമുള്ള മരണസംഖ്യ ഇനിയും ഉയരാതിരിക്കാന്‍ സര്‍ക്കാര്‍ ചെറുവിരലനക്കുന്നില്ല. കണ്ണൂര്‍ ജില്ലയിലെ പൈസക്കരി തൂക്കുപാലം കഴിഞ്ഞ ദിവസം ഒലിച്ചുപോയി. മറ്റ് തൂക്കുപാലങ്ങളും അപകടാവസ്ഥയിലാണ്. എം.സി. റോഡ് ഏതാണ്ട് പൂര്‍ണമായും തകര്‍ന്നുപോയിരിക്കുന്നു. കുന്തിപ്പുഴയും നെല്ലിപ്പുഴയും കരകവിഞ്ഞ് നൂറുകണക്കിന് വീടുകള്‍ തകര്‍ന്നുപോയിരിക്കുന്നു. എന്നാല്‍ സര്‍ക്കാര്‍ ഇതൊന്നും കാണുന്നതുപോലമില്ല.

കേരളം ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്പോള്‍ മുഖ്യമന്ത്രിയുടെ തട്ടിപ്പ് ബന്ധങ്ങളിലും മുന്നണിക്കകത്തെ പടലപ്പിണക്കങ്ങളിലും മാത്രമാണ് സര്‍ക്കാര്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഉമ്മന്‍ചാണ്ടിയെയും മറ്റ് മന്ത്രിമാരെയും സംരക്ഷിക്കുന്നതില്‍ മാത്രമാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ എല്ലാ ശ്രദ്ധയും.

തലസ്ഥാന ജില്ലയില്‍പോലും ദുരിതാശ്വാസ ക്യാമ്പുകള്‍ ആരംഭിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇരുനൂറോളം വീടുകളാണ് തലസ്ഥാന ജില്ലയില്‍ തകര്‍ന്നുപോയിട്ടുള്ളത്. വലിയതുറയില്‍ മാത്രം നൂറോളം വീടുകള്‍ തകര്‍ന്നിരിക്കുന്നു.  ചിറയിന്‍കീഴ് താലൂക്കില്‍ രണ്ട് ദുരിതാശ്വാസ ക്യാമ്പുകള്‍ മാത്രമാണ് ആരംഭിച്ചിട്ടുള്ളത്.

ഇനിയും ഒരു നിമിഷംപോലും ഉപേക്ഷ വരുത്താതെ കൃഷിനാശം സംഭവിച്ചവര്‍ക്ക് ആശ്വാസമേകാന്‍ സര്‍ക്കാര്‍ അടിയന്തര നടപടി സ്വീകരിക്കണം. സംസ്ഥാനത്ത് മഴക്കെടുതിയില്‍ ഒറ്റപ്പെട്ടുപോയവര്‍ക്ക് സുരക്ഷിതമായ താല്‍ക്കാലിക പുനരധിവാസം ഒരുക്കണം. റോഡുകളും പാലങ്ങളും അറ്റകുറ്റപ്പണി നടത്താന്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുകയും ശുദ്ധജല വിതരണത്തിന് അടിയന്തര സംവിധാനമൊരുക്കുകയും വേണം. അതോടൊപ്പം പകര്‍ച്ചവ്യാധികള്‍ പടര്‍ന്നുപിടിക്കാതിരിക്കാനുള്ള മുന്‍കരുതലുകള്‍ കൈക്കൊള്ളുകയും  കേരളത്തിലെ മഴക്കെടുതികള്‍ കേന്ദ്ര ഗവര്‍മെണ്ടിനെ ബോദ്ധ്യപ്പെടുത്തി അടിയന്തര സഹായം ലഭ്യമാക്കാന്‍ സര്‍ക്കാര്‍ തയ്യാറാവണം - വി.എസ്. പ്രസ്താവനയില്‍ പറഞ്ഞു.

deshabhimani

No comments:

Post a Comment