Thursday, June 27, 2013

പൊളിഞ്ഞത് കപടവിഗ്രഹം

പട്ടേലരുടെ തൊമ്മി ഭരണം 

ചുറ്റുമുള്ളവരെല്ലാം ദുര്‍ഗന്ധം വമിപ്പിച്ച് മാറി. അഡീഷണല്‍ പി എ ജിക്കുജേക്കബ് ബുധനാഴ്ച രാജിവച്ചു. ഗണ്‍മാന്‍ സലിം പി രാജിനെ ചൊവ്വാഴ്ചയാണ് സസ്പെന്‍ഡ് ചെയ്തത്. വിശ്വസ്തനായ ജോപ്പനെ "മാറ്റി" നിര്‍ത്തി. കോള്‍സെന്ററിലെ ഗിരീഷും പുറത്ത്. പക്ഷേ, വന്‍ സ്രാവുകള്‍ അകത്തുതന്നെ. ഉമ്മന്‍ചാണ്ടി കസേരയില്‍ അള്ളിപ്പിടിച്ചുതന്നെയിരിക്കുന്നു. സഹ തട്ടിപ്പുകാരായ സാമ്പത്തിക ഉപദേഷ്ടാവിനും "ആര്‍ കെ"യ്ക്കും ഇളക്കം തട്ടിയിട്ടില്ല. ഡല്‍ഹിയിലെ പാവം പയ്യനുമായി ഇനി ബന്ധമുണ്ടാകില്ലെന്നും പറഞ്ഞിട്ടില്ല. എല്ലാം ഭദ്രമെന്നു തോന്നിക്കാന്‍ പലവഴിക്ക് ശ്രമം പുരോഗമിക്കുന്നു. എല്ലാം തെറ്റാണെന്നു തെളിഞ്ഞില്ലേ എന്നാണ് ഉമ്മന്‍ചാണ്ടി ബുധനാഴ്ച വാര്‍ത്താസമ്മേളനത്തില്‍ ചോദിച്ചത്. ചുറ്റുമുള്ളവരാകെ തെറ്റുകാരെന്നാണ് തെളിഞ്ഞത്. അതില്‍നിന്ന് ഉമ്മന്‍ചാണ്ടിമാത്രം എങ്ങനെ നിരപരാധിയാകുമെന്ന ചോദ്യത്തിനുത്തരമില്ല.

സരിതകേരളം എന്നും സരിതോര്‍ജമെന്നും ആവര്‍ത്തിച്ച് പറയുന്നതുകൊണ്ട്, ഇത് വെറുമൊരു "പെണ്‍വിഷയ"മാക്കി ചുരുക്കാന്‍ പലര്‍ക്കും അമിതാവേശം. പെണ്‍വിഷയത്തില്‍ ഊന്നി അപ്പുറവും ഇപ്പുറവും സമം എന്ന രാഷ്ട്രീയ സമവാക്യത്തിലെത്താനുള്ള ഉമ്മന്‍ചാണ്ടിയുടെ കുടിലതകള്‍ക്കുമപ്പുറം മറനീക്കി പുറത്തുവരുന്നത് സംസ്ഥാനം കണ്ട ഏറ്റവും വലിയ തട്ടിപ്പിന്റെ വിവരങ്ങളാണ്. ദിവസം കഴിയുന്തോറും കുരുക്ക് കഴുത്തില്‍ മുറുകി ശ്വാസം മുട്ടിയിട്ടും ഉമ്മന്‍ചാണ്ടി കൂസലില്ലാതെ മനാമയിലേക്ക് പോവുകയാണ്, ഐക്യരാഷ്ട്ര സഭയുടെ അവാര്‍ഡ് വാങ്ങാന്‍ .

തിരിച്ചുവരുമ്പോഴേക്കും കൂടെയുള്ള എത്രപേര്‍ ബാക്കിയുണ്ടാകും എന്നുപോലും പറയാനാവില്ല. മുഖ്യമന്ത്രിക്കസേരതന്നെ ആടിയുലയുകയാണ്. ടീം സോളാര്‍ തട്ടിപ്പു വിവാദം പുറത്തു വന്നപ്പോള്‍മുതല്‍ ഉമ്മന്‍ചാണ്ടി ഇവര്‍ക്കു വേണ്ടി നല്‍കിയ കത്തുകളുടെ കാര്യം പുറത്തുവന്നിരുന്നു. അന്നൊക്കെ ഉമ്മന്‍ചാണ്ടി പറഞ്ഞ ഒരേ ഒരു കാര്യം ""കത്തെവിടെ? ധൈര്യമുണ്ടെങ്കില്‍ കാണിക്കൂ"" എന്നാണ്. സ്ഥിതി മാറി. കത്തുണ്ടെന്ന് തിരുവഞ്ചൂരിന്റെ പൊലീസ് സമ്മതിക്കുന്നു. ലെറ്റര്‍പാഡില്‍ വ്യാജമായി കംപ്യൂട്ടര്‍ സെന്ററില്‍ ടൈപ്പ് ചെയ്തതാണെന്നാണ് ഇപ്പോള്‍ ന്യായീകരണം. അങ്ങനെയെങ്കില്‍ ലെറ്റര്‍പാഡ് ആര് കൊടുത്തു? ലെറ്റര്‍പാഡ് ഏത് പ്രസില്‍ അടിച്ചു?

മുഖ്യമന്ത്രിയുടെ കത്ത് കാണിച്ചാണ് കബളിപ്പിച്ചതെന്ന് പരാതിക്കാരായ സജ്ജാദും ടി സി മാത്യൂസും കുരുവിളയുമെല്ലാം പരാതി നല്‍കിയിട്ടും ഇത്രയും കാലം എന്തുകൊണ്ട് അന്വേഷിച്ചില്ല? ഉത്തരം ഒന്ന് മാത്രം- ലെറ്റര്‍പാഡ് ഒറിജിനല്‍ തന്നെ, കത്തും. ഈ കത്തിലെ ഒപ്പും ഉമ്മന്‍ചാണ്ടിയുടേതുതന്നെ. ബിജു രാധാകൃഷ്ണനും സരിതയുമായി ഒന്നില്‍ക്കൂടുതല്‍ തവണ ഉമ്മന്‍ചാണ്ടി സന്ധിച്ചുവെന്നതിനുള്ള തെളിവും പുറത്തുവന്നു. ഏറ്റവും ഒടുവില്‍ കഴിഞ്ഞ മാര്‍ച്ച് 13നും ഡല്‍ഹിയില്‍ സന്ധിച്ചു. അതും ബിജു രാധാകൃഷ്ണനെ കണ്ടശേഷം. ഗസ്റ്റ് ഹൗസില്‍ ഒരു മണിക്കൂര്‍ "കുടുംബകാര്യം" സംസാരിച്ചശേഷം. പൊളിഞ്ഞ ബിസിനസ് നേരെയാക്കാന്‍ സഹായിക്കാമെന്നു പറഞ്ഞശേഷം. അന്ന് സരിത ജോപ്പന്റെ ഫോണില്‍ വിളിച്ചത് 42 തവണ. സലിംരാജിനെ വിളിച്ചത് 30 തവണ. തിരിച്ചുവിളിച്ചതിന്റെ കോള്‍ലിസ്റ്റ് പുറത്തു വരാനിരിക്കുന്നതേ ഉള്ളൂ.

സരിത വിളിച്ചത് ആരെ? സോണിയ ഗാന്ധിയും മന്‍മോഹന്‍സിങ്ങും ആന്റണിയുമെല്ലാം ഉമ്മന്‍ചാണ്ടിയെ വിളിക്കുന്നത് ഈ ഫോണുകളിലാണല്ലോ. സരിത ഉപയോഗിച്ച മറ്റു ഫോണ്‍ നമ്പരുകള്‍ ഏതെല്ലാം? അവയില്‍ നിന്ന് ആര്‍ക്കെല്ലാം കോള്‍ പോയി? ആരുടെ കോളുകള്‍ സ്വീകരിച്ചു-ഒരു ചോദ്യത്തിനും ഉത്തരമില്ല. കിട്ടിയ ഉത്തരം ഭദ്രമായി പൊലീസ് സംഘം ഉമ്മന്‍ചാണ്ടിക്കുതന്നെ കൈമാറും. തെളിവു നശിപ്പിക്കാനായി ഒരു പൊലീസ് സംഘം. സരിത അറസ്റ്റിലായപ്പോള്‍ രക്ഷപ്പെട്ട ബിജു രാധാകൃഷ്ണന്‍ ഉപയോഗിച്ചത് ശാലുമേനോന്റെ ഫോണ്‍. അതിനര്‍ഥം രക്ഷപ്പെടാന്‍ ശാലുമേനോനും സഹായിച്ചുവെന്നാണ്. കൊലക്കേസ് പ്രതിയെ രക്ഷപ്പെടാന്‍ സഹായിച്ചതിന് എന്തുകൊണ്ട് കേസെടുക്കാന്‍ വൈകുന്നു? ശാലുമേനോനാണ് തട്ടിപ്പു സംഘത്തിന്റെ കച്ചവടം ഗള്‍ഫ് നാടുകളിലേക്ക് വ്യാപിപ്പിക്കാന്‍ "അംബാസഡറായി" പ്രവര്‍ത്തിച്ചത്. ഈ അംബാസഡര്‍ ഏറ്റവും ഒടുവില്‍ ദുബായില്‍ പോയപ്പോള്‍ കൂടെയുണ്ടായിരുന്നത് ആരൊക്കെ? കോട്ടയത്തെ നൗഷാദ് മാത്രമാണോ? അന്വേഷണം ശരിയായ ദിശയില്‍ നടന്നാല്‍ അതും മുഖ്യമന്ത്രിയുടെ കുടുംബത്തിലേക്ക് എത്തുമോ? വ്യക്തിപരമായ ആക്രമണമരുതെന്ന് വിലപിക്കുമ്പോള്‍ യഥാര്‍ഥ കുറ്റവാളികള്‍ ചാടിമറയുമോ? ശാലുമേനോനെ ഒരു തവണ പൊലീസ് രാജകീയമായ പരിഗണനയില്‍ ചോദ്യംചെയ്തു. തന്റെ ഫോണ്‍ ബിജു കട്ടുകൊണ്ടുപോയതാണെന്ന ശാലുവിന്റെ ഫലിതം പൊലീസ് വിശ്വസിച്ചോ? തന്നെയും ബിജു പറ്റിച്ചുവെന്ന മൊഴി മുഖവിലക്കെടുത്തോ? അതല്ലെങ്കില്‍ ശാലുവിന്റെ വീട്ടിലെ പാലുകാച്ചലിന് മുഖ്യകാര്‍മികത്വം വഹിച്ച ആഭ്യന്തര മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ഉത്തരം പറയട്ടെ. സെന്‍സര്‍ ബോര്‍ഡില്‍ അംഗമാക്കിയത് താനാണെന്ന് കേന്ദ്രമന്ത്രി കൊടിക്കുന്നില്‍ സുരേഷ് സങ്കോചമേതുമില്ലാതെ സമ്മതിച്ചില്ലേ? ആ മാന്യതയെങ്കിലും തിരുവഞ്ചൂരില്‍നിന്ന് പ്രതീക്ഷിക്കാമോ?

ഇത് ഒളിക്യാമറയുടെയും സിഡിയുടെയും കാലമാണ്. സരിതയുടെ ലാപ്ടോപ്പും ഫോണും ക്യാമറയുമെല്ലാം പൊലീസിന്റെ കസ്റ്റഡിയിലാണ്. അതുകൊണ്ട് പല ഉന്നതരും രക്ഷപ്പെട്ടു. പക്ഷേ, ശാലു പുറത്താണ്. കൈയില്‍ വെബ്ക്യാമറയും ലാപ്ടോപ്പും സിഡിയുമെല്ലാമുണ്ട്. ഇതില്‍ പതിഞ്ഞ ദൃശ്യങ്ങള്‍ ആരുടേതൊക്കെ? ആരുടെ ദൃശ്യങ്ങള്‍ പതിഞ്ഞാലും അത് സംസ്ഥാനത്തിന്റെ പൊതുതാല്‍പ്പര്യത്തെ ബാധിക്കരുത്. ശാലുവും സരിതയും ബിജുവുമടങ്ങുന്ന സംഘം തട്ടിയെടുത്തത് കോടികളാണ്. സംസ്ഥാനത്തിന്റെ ശതകോടികളുടെ പൊതുമുതല്‍ തട്ടിയെടുക്കാനുള്ള ഉന്നതതല ഗൂഢാലോചനയാണ് സംഘം നടത്തിയത്. അതില്‍ പ്രതിസ്ഥാനത്ത് നില്‍ക്കുന്ന മുഖ്യമന്ത്രിയുടെ കീഴിലെ ഒരുസംഘം ഉദ്യോഗസ്ഥര്‍ അന്വേഷിച്ചാല്‍ എവിടംവരെയെത്തുമെന്ന് മുന്‍കാല കേസുകളുടെ ചരിത്രംതന്നെ തെളിവ്. പ്രതിസ്ഥാനത്ത് നില്‍ക്കുന്നവര്‍ തന്നെ അന്വേഷിക്കുമ്പോള്‍ കള്ളനെ താക്കോല്‍ ഏല്‍പ്പിക്കുന്നതിനും അപ്പുറമാകില്ല.

മുമ്പൊരിക്കല്‍ ഉമ്മന്‍ചാണ്ടി ദാവോസിലേക്ക് പോയി. കൂടെ ഇപ്പോഴത്തെ സാമ്പത്തിക ഉപദേഷ്ടാവ് ഷാഫി മേത്തരുമുണ്ടായിരുന്നു. അന്ന് വീണ് കാല് പൊട്ടി. യാത്ര ഔദ്യോഗികമായിരുന്നില്ല. ആ യാത്രയുടെ ദുരൂഹതകള്‍ ഇപ്പോഴും നീങ്ങിയിട്ടില്ല. ഉമ്മന്‍ചാണ്ടിയുടെ "സുതാര്യമായ" പൊതുപ്രവര്‍ത്തനംപോലെ. മനോരമയും മാതൃഭൂമിയും ഉമ്മന്‍ചാണ്ടിയെ സംരക്ഷിക്കാന്‍ രംഗത്തിറങ്ങിയിരിക്കുന്നു. മാതൃഭൂമി നീലച്ചിത്ര ചികിത്സ നടത്തി. മനോരമയ്ക്ക് എം ജി എസ് നാരായണനെക്കൊണ്ട് അബദ്ധപഞ്ചാംഗം എഴുതിക്കേണ്ടിവന്നു. ഇനിയും അങ്ങനെ പലതുമുണ്ടാകും-പക്ഷേ, ഇതിനിടെ ഒന്ന് സംഭവിച്ചു. ഉമ്മന്‍ചാണ്ടി ഒരു വലിയ രാഷ്ട്രീയ കാപട്യമാണെന്ന സത്യം മലയാളികളുടെയാകെ മനസ്സില്‍ പതിഞ്ഞു. ഇനി ഉമ്മന്‍ചാണ്ടി തുടരുന്ന ഓരോ നിമിഷവും കോണ്‍ഗ്രസിന്റെ ഗ്രാഫ് താഴേക്കാണ്. രാജി എത്ര വൈകുന്നുവോ അത്രയും യുഡിഎഫ് ശോഷിക്കുമെന്നര്‍ഥം. (അവസാനിച്ചു)

എം രഘുനാഥ് deshabhimani

No comments:

Post a Comment