Sunday, September 6, 2020

ഹഖിനെ ആദ്യം വെട്ടിയത് ഐഎൻടിയുസി നേതാവ്‌

 തിരുവനന്തപുരം > ഡിവൈഎഫ്‌ഐ നേതാക്കളായ ഹഖ്‌ മുഹമ്മദിന്റെയും മിഥിലാജിന്റെയും  നെഞ്ചിലേക്ക്‌ കത്തി കുത്തിയിറക്കിയത് മുഖ്യപ്രതി സജീവ്‌‌. പ്രതികളിൽ ഒരാളായ സനലിന്റെ കൈയിൽനിന്ന്‌ കത്തിവാങ്ങിയാണ് ഇരുവരെയും‌ കുത്തിയത്‌. ഹൃദയം പിളർത്തിയ ഈ കുത്താണ്‌ ഇവരെ മരണത്തിലേക്ക്‌ നയിച്ചത്‌. മൂർച്ചയുള്ള കത്തികൊണ്ട്‌ കുത്തിയശേഷം കറക്കിയാണ്‌ തിരികെ എടുത്തത്‌. കുത്തിയത്‌ താൻ തന്നെയാണെന്ന്‌ സജീവ്‌ പൊലീസിനോട്‌ സമ്മതിച്ചിട്ടുണ്ട്‌.

ഹഖിനെ ആദ്യം വെട്ടിയത് കഴിഞ്ഞദിവസം പിടിയിലായ ഐഎൻടിയുസി നേതാവ്‌ മദപുരം‌ ഉണ്ണിയാണ്‌. പിന്നീട് എല്ലാവരും ചേർന്ന്‌‌ തുരുതുരാ വെട്ടി.  ബൈക്കിലും സ്‌കൂട്ടിയിലുമാണ് പ്രതികൾ തേമ്പാമൂട്‌ ജങ്‌‌ഷനിൽ എത്തിയത്‌.  കൊലയ്‌ക്കുശേഷം സ്‌കൂട്ടിയിലാണ്‌ ഉണ്ണിയും സജീവും സനലും രക്ഷപ്പെട്ടത്‌‌. കത്തിക്ക്‌ പുറമെ വടിവാളുകളും കൈവശമുണ്ടായിരുന്നു. ഇതിന്റെയെല്ലാം സിസിടിവി ദൃശ്യങ്ങൾ  പൊലീസ്‌ ശേഖരിച്ചു.

ഹഖിനെയും മിഥിലാജിനെയും കൊല്ലുക എന്ന ഉദ്ദേശ്യത്തോടെയാണ്‌ ഇവർ ആക്രമിച്ചത്‌.  നല്ല പരിശീലനം ലഭിച്ചതിന്‌ തെളിവാണ്‌ കുത്തിന്റെ രീതി. സജീവ്‌ ഡിവൈഎഫ്‌ഐ പ്രവർത്തകൻ ഫൈസലിനെ വധിക്കാൻ ശ്രമിച്ച കേസിലും പ്രതിയാണ്‌.

അതിനിടെ, കോന്നിക്കടുത്ത ഒരു ക്വാറിയിലാണ്‌ സജീവിനും സനലിനും ഒളിത്താവളം തയ്യാറാക്കിയതെന്ന സൂചന പൊലീസിന്‌ ലഭിച്ചു. ഉണ്ണിക്കും സനലിനും ഈ ക്വാറിയുമായി നല്ല ബന്ധമാണ്‌. മുമ്പും ചില ആക്രമണങ്ങൾ നടത്തി ഇവർ ഇവിടേക്ക്‌ മുങ്ങാറുണ്ടെന്ന വിവരത്തെ തുടർന്ന്‌ ക്വാറി പൊലീസ്‌ നിരീക്ഷണത്തിലായിരുന്നു. അതിനിടെയാണ്‌ അവിടേക്കുള്ള യാത്രയ്‌ക്കിടെ മഹിളാ കോൺഗ്രസ്‌ പ്രവർത്തക പ്രീജയ്‌ക്കൊപ്പം സജീവും സനലും പിടിയിലായത്‌.

റഷീദ‌് ആനപ്പുറം

നിയമനം നിരോധിച്ച് കേന്ദ്രം; നിരാശരായി ഉദ്യോഗാർഥികൾ

 ന്യൂഡൽഹി > ചെലവുചുരുക്കലിന്റെ പേരിൽ  പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന്‌ പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട്‌ ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ് നിയമനനിരോധമേര്‍പ്പെടുത്തി ധനമന്ത്രാലയം വെള്ളിയാഴ്ച  ഉത്തരവിറക്കിയത്.  മന്ത്രാലയങ്ങള്‍, വകുപ്പുകള്‍,  സ്വയംഭരണ, സ്‌റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, അനുബന്ധ ഓഫീസ് എന്നിവിടങ്ങളില്‍ തസ്‌തിക സൃഷ്‌ടി‌ക്കുന്നത് പൂര്‍ണമായി വിലക്കി. എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെ അംഗീകാരമില്ലാതെ ജൂലൈ ഒന്നിനുശേഷം തസ്‌തിക സൃഷ്‌ടിച്ചെങ്കില്‍ നിയമനം നടത്തരുതെന്നും ചെലവ് നിയന്ത്രിക്കല്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.

റെയിൽവേയില്‍  മൂന്ന്‌ലക്ഷത്തോളം ഒഴിവ് നികത്താനുണ്ടെന്നാണ്‌ കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ ലോക്‌സഭയെ അറിയിച്ചത്. എന്നാല്‍, റെയിൽവേയിൽ പുതിയ തസ്‌തിക വേണ്ടെന്നും ഒഴിവ് നികത്തേണ്ടെന്നും ജൂലൈയിൽ ഉത്തരവിട്ടു. നിയമനിരോധന ഉത്തരവിന്‌ പിന്നാലെ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച തസ്‌തികകളിലേക്കുള്ള നിയമനങ്ങൾ അനിശ്‌ചിതത്വത്തിലായി. 2019 ഡിസംബറിൽ ഫലം പ്രഖ്യാപിച്ച എഎൽപി, ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് ഒമ്പതുമാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ല. ‌ ഗ്രൂപ്പ്‌ ഡി തസ്‌തികകളിലേക്ക്‌ 2019 ഫെബ്രുവരിയിൽ വിജ്ഞാപനമിറക്കി.  18 മാസം പിന്നിട്ടിട്ടും പരീക്ഷ നടത്തിയില്ല. ഒരു ലക്ഷത്തിലേറെ ഒഴിവാണുള്ളത്. എൻടിപിസി വിഭാഗങ്ങളിലെ ഒഴിവുള്ള 35,227 തസ്‌തികയില്‍‌ ഫെബ്രുവരിയിൽ‌ വിജ്ഞാപനമിറക്കിയെങ്കിലും ഇനിയും പരീക്ഷ നടത്തിയിട്ടില്ല.

നിരാശരായി ഉദ്യോഗാർഥികൾ

വിജ്ഞാപനമിറക്കി വർഷം പിന്നിട്ടിട്ടും പരീക്ഷ നടത്താത്തതില്‍ രാജ്യത്തുടനീളമുള്ള ഉദ്യോഗാർഥികൾ കടുത്ത രോഷത്തിലാണ്‌.  ജെഇഇയും നീറ്റും നടത്താൻ ഉത്സാഹം കാട്ടുന്ന സർക്കാർ നിയമനപരീക്ഷകൾ നടത്താത്തത്‌ പ്രതിഷേധാർഹമാണെന്ന്‌ ഉദ്യോഗാർഥികൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു. അതേസമയം, പുതിയ ഉത്തരവ്‌ വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തി. ഒഴിവുള്ള തസ്‌തികകളിൽ നിയമനം നടത്തുന്നതിന്‌ വിലക്കേർപ്പെടുത്തിയിട്ടില്ല. സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷൻ, യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വഴിക്കുള്ള സാധാരണ നിയമനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു.

ദേശാഭിമാനി 060920

ഐആർസിടിസി വിൽപ്പന നടപടി അടുത്തയാഴ്‌ചമുതൽ; വേഗത്തിലാക്കി കേന്ദ്ര സർക്കാർ

 കൊച്ചി > ട്രെയിനുകളിലെ ഓൺലൈൻ ടിക്കറ്റ്‌ ബുക്കിങ്ങിനും കാറ്ററിങ്ങിനും ടൂറിസത്തിനും ചുമതലയുള്ള, ഇന്ത്യൻ റെയിൽവേയുടെ കമ്പനിയായ, ഇന്ത്യൻ റെയിൽവേ കാറ്ററിങ് ആൻഡ്‌ ടൂറിസം കോർപറേഷന്റെ (ഐആർസിടിസി) വിൽപ്പന വേഗത്തിലാക്കി കേന്ദ്ര സർക്കാർ. ഐആർസിടിസിയിൽ കേന്ദ്ര സർക്കാരിനുള്ള ഓഹരിയാണ്‌ വിറ്റഴിക്കുന്നത്‌. ടെൻഡർ നടപടികൾ 11ന്‌ ആരംഭിക്കുമെന്നും അതിനുമുമ്പുള്ള പ്രത്യേക യോഗം (പ്രീ ബിഡ്‌ മീറ്റിങ്‌) ‌മൂന്നിന്‌ നടക്കുമെന്നുമാണ്‌‌ റെയിൽവേ  ആദ്യം അറിയിച്ചിരുന്നത്‌. എന്നാൽ, പ്രത്യേക യോഗം അടുത്തയാഴ്‌ചത്തേ‌ക്ക് മാറ്റി‌. ടെൻഡർ നടപടികൾ തുടർന്ന്‌ നടക്കും.

ലേല മാതൃകയിലുള്ള ഓഫർ ഫോർ സെയിൽ (ഒഎഫ്‌എസ്‌) മാർഗമാണ്‌ ഇതിന്‌ ഉപയോഗിക്കുക‌. കുറഞ്ഞത്‌ 25 ശതമാനം ഓഹരി മ്യൂചൽ ഫണ്ടുകൾ, ഇൻഷുറൻസ്‌ കമ്പനികൾപോലെയുള്ള സ്ഥാപന നിക്ഷേപകർക്കായി മാറ്റിവയ്‌ക്കും‌. ഇത്‌ വിജയകരമായി പൂർത്തീകരിച്ചാൽ മറ്റ്‌ 26 ശതമാനം ഓഹരി വിറ്റഴിക്കാനുള്ള അണിയറനീക്കങ്ങളും ആരംഭിച്ചിട്ടുണ്ട്‌. 5000 കോടി രൂപ മതിപ്പുവിലയുള്ള ഐആർസിടിസിയിൽ കേന്ദ്രസർക്കാരിനുള്ള 12.6 ശതമാനം ഓഹരി 2019 ഒക്‌ടോബറിൽ വിറ്റഴിച്ച്‌ 645 കോടി രൂപ സമാഹരിച്ചിരുന്നു.

അടുത്ത സാമ്പത്തികവർഷം വിൽപ്പന പൂർത്തിയാകുന്നതോടെ ഓൺലൈൻ ടിക്കറ്റ്‌ ബുക്കിങ്‌ നിരക്കുകൾ കൂടിയേക്കാം. റെയിൽവേ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും ഭക്ഷണ നിരക്കുകളും ടൂറിസം പാക്കേജ്‌ നിരക്കുകളും ഉയരാൻ സാധ്യതയുണ്ട്‌. ഐആർസിടിസിയിലെ അഞ്ഞൂറോളം സ്ഥിരം ജീവനക്കാരുടെ ജോലിയും അരക്ഷിതാവസ്ഥയിലാകും. കരാർ ജീവനക്കാരെ കൂടുതൽ നിയമിക്കാനാകും സ്വകാര്യ ഏജൻസികൾ താൽപ്പര്യപ്പെടുക. കോവിഡിനുമുമ്പ്‌ ആറു ലക്ഷത്തോളം ഓൺലൈൻ ടിക്കറ്റ്‌ ബുക്കിങ്ങുകളാണ്‌ ദിവസവും  ഐആർസിടിസി വഴി നടത്തിയിരുന്നത്‌.

അടുത്തിടെ റെയിൽവേ സ്‌റ്റേഷനുകളുടെ നടത്തിപ്പ്‌ ചുമതലയുള്ള ഇന്ത്യൻ റെയിൽവേ സ്‌റ്റേഷൻ ഡെവലപ്‌മെന്റ്‌ കോർപറേഷൻ (ഐആർഎസ്‌ഡിസി) രാജ്യത്തെ 20 സ്‌റ്റേഷനുകളുടെ ചുമതല സ്വകാര്യ ഏജൻസികൾക്ക്‌ കൈമാറാൻ തീരുമാനിച്ചിരുന്നു. പുണെ റെയിൽവേ സ്‌റ്റേഷൻ ചുമതല ലഭിച്ച സ്വകാര്യ ഏജൻസി ബിവിജി, പ്ലാറ്റ്‌ഫോം ടിക്കറ്റ്‌ നിരക്കുകൾ 10 രൂപയിൽനിന്ന്‌ 50 ആക്കി. സംഭവം വിവാദമായതോടെ, കോവിഡ്‌ കാലത്ത്‌ പ്ലാറ്റ്‌ഫോമിൽ ആൾക്കൂട്ടം തടയുന്നതിനാണ്‌ നിരക്ക്‌ ഉയർത്തിയതെന്നും ഭാവിയിൽ പിൻവലിക്കുമെന്നും വിശദീകരണം നൽകി റെയിൽവേ തടിയൂരി.

ശ്രീരാജ‌് ഓണക്കൂർ

ദേശാഭിമാനി 06092020

"വിവരം ചോർത്തിത്തരൂ' ; സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ച്‌ മുല്ലപ്പള്ളി

 സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട്‌  കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ്‌ ഫയലുകൾ ചോർത്താൻ ആവശ്യപ്പെട്ടത്‌. സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്‌ട്രീയ പാർടി നേരിട്ട്‌ വിളിച്ച്‌ സർക്കാരിനെതിരെ രംഗത്ത്‌ വരാൻ നിർദേശിക്കുന്നത്‌ ആദ്യമാണ്‌. സർവീസ്‌ ചട്ടങ്ങൾക്ക്‌ വിരുദ്ധമായി നടത്തിയ യോഗത്തിൽ 40 ഉദ്യോഗസ്ഥർ പങ്കെടുത്തു. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖ്‌, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട്‌ രവി തുടങ്ങിയവരും പങ്കെടുത്തു.

പഞ്ചായത്ത്‌ തെരഞ്ഞെടുപ്പ്‌ ‌അടുത്ത സാഹചര്യത്തിലാണ്‌ മുല്ലപ്പള്ളി നേരിട്ട്‌ ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്‌. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന്‌ സഹായകരമായ പ്രവർത്തനം നടത്താൻ നിർദേശിച്ചു. ഓഫീസേഴ്‌സ്‌ ആൻഡ്‌ സർവീസ്‌ ഓർഗനൈസേഷൻസ്‌ സെല്ലിന്റെ പേരിൽ ഓൺലൈനായാണ്‌ യോഗം ചേർന്നത്‌. ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ്‌ സെക്രട്ടറി പി എസ്‌ ശ്രീകുമാറാണ്‌ സെൽ കൺവീനർ.

സർക്കാർ വിവരങ്ങൾ ചോർത്തി കെപിസിസിക്ക്‌ നൽകണമെന്നാണ്‌ പ്രധാന നിർദേശം‌. വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക, വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക്‌ നൽകി വിവാദമാക്കുക, ഓഫീസുകൾ കേന്ദ്രീകരിച്ച്‌ ജനങ്ങളെ പരമാവധി സർക്കാരിനെതിരാക്കുക, വികസന ക്ഷേമ പ്രവർത്തനങ്ങൾ താമസിപ്പിക്കുകയും അർഹരായവർക്ക്‌ ആനുകൂല്യം നൽകാതിരിക്കാനും ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ സമയത്ത്‌ നൽകിയ സഹായത്തിന്‌ കെപിസിസിയുടെ നന്ദിയും അദ്ദേഹം അറിയിച്ചു. 

കെപിസിസിയുടെ ലെറ്റർ ഹെഡിൽ യോഗതീരുമാനങ്ങൾ സംഘടനാ നേതാക്കൾക്ക്‌ നൽകിയിട്ടുണ്ട്‌. ചില കേന്ദ്ര ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.

മുല്ലപ്പള്ളിയുടെ യോഗം; ഉദ്യോഗസ്ഥരുടേത്‌ ഗുരുതര ചട്ടലംഘനം

തിരുവനന്തപുരം > സർക്കാർവിരുദ്ധ പ്രവർത്തനങ്ങൾക്ക്‌ രൂപം നൽകാൻ കെപിസിസി പ്രസിഡന്റ്‌ വിളിച്ച യോഗത്തിൽ സർവീസ്‌ സംഘടനാ നേതാക്കൾ പങ്കെടുത്തത്‌ ഗുരുതര സർവീസ്‌ ചട്ടലംഘനം. 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 60 എ, 61- ചട്ടങ്ങളുടെ കടുത്ത ലംഘനമാണ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പങ്കെടുത്തവർ നടത്തിയത്‌.  പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടികൾക്ക്‌ വിധേയരാകാവുന്ന കുറ്റമാണിത്‌.

കോൺഗ്രസ്‌ നേതാക്കൾ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ സർക്കാരിനെതിരായ ഗൂഢാലോചനയിൽ മുഖ്യപങ്കാളികളായി. സർക്കാർ രഹസ്യങ്ങൾ ചോർത്തി, കെപിസിസിക്കും മാധ്യമങ്ങൾക്കും കൊടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക്‌ പിന്തുണ പ്രഖ്യാപിച്ചു. ഇത്‌ നടപ്പാക്കുമെന്ന്‌ ഉറപ്പുനൽകി. സർക്കാരിന്റ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന്‌ തടസ്സം നിൽക്കാമെന്നും സമ്മതിച്ചു.

നാൽപ്പതിൽപ്പരം പേർ യോഗത്തിൽ പങ്കെടുത്തുവെന്ന്‌ കെപിസിസി ലെറ്റർ പാഡിൽ തയ്യാറാക്കിയ യോഗ മിനിട്‌സിലുണ്ട്‌. ഇതിൽ ചുരുക്കം ചിലർ മാത്രമാണ്‌ സർവീസിൽനിന്ന്‌ വിരമിച്ചവർ. ബാക്കിയെല്ലാവരും സർവീസിലുള്ളവരാണ്‌.  15 പേർ ഗൂഢപദ്ധതി തയ്യാറാക്കുന്ന ചർച്ചയ്‌ക്ക്‌ നേതൃത്വം നൽകി.

സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തണമെന്ന കടുത്ത ജനവിരുദ്ധ തീരുമാനവും യോഗത്തിലുണ്ടായി. അർഹരായവർക്ക്‌ ആനുകൂല്യം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ജനങ്ങളെ പരമാവധി സർക്കാരിനെതിരാക്കുന്ന നിലയിലേക്ക്‌ ഓഫീസുകളുടെ പ്രവർത്തനം എത്തിക്കുക, വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങൾ കെപിസിസിയെ അറിയിക്കുക, വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക്‌ നൽകി വിവാദമാക്കുക തുടങ്ങിയ തീരുമാനങ്ങളെല്ലാം ഫലത്തിൽ സാധരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ്‌.  

ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉദ്യോഗസ്ഥർ കളിച്ചു.

കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ കാലത്തും ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരെ കെപിസിസി സർക്കാരിനെതിരായി ഉപയോഗിച്ചു. കെപിസിസി വൈസ്‌ പ്രസിഡന്റ്‌ ടി സിദ്ദിഖാണ്‌ യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്‌. കെപിസിസിയെ സഹായിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും സിദ്ദിഖ്‌ നന്ദിയും അറിയിച്ചു. പാർലമെന്റ്‌ തെരഞ്ഞെടുപ്പുകാലത്ത്‌ കോൺഗ്രസിനും യുഡിഎഫിനും വിലപ്പെട്ട സഹായങ്ങൾ സെൽ നൽകിയെന്നാണ്‌ സിദ്ദിഖ്‌ വിവരിച്ചത്‌. വട്ടിയൂർക്കാവ്‌ ഉപതെരഞ്ഞെടുപ്പുകാലത്തും ഇതേ സഹായം നിലനിർത്താൻ ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടായത്‌ കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയും വ്യക്തമാക്കി.

മുല്ലപ്പള്ളിയുടെ യോഗത്തിൽ പിഎസ്‌സി ഉദ്യോഗസ്ഥരും; അന്വേഷണം ഉണ്ടായേക്കും

തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള കൂടിയാലോചനയ്‌ക്ക്‌ കെപിസിസി പ്രസിഡന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച യോഗത്തിൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ ഉദ്യോഗസ്ഥരും. പിഎസ്‌സി ജോയിന്റ്‌ സെക്രട്ടറി രമേശ്‌‌ തമ്പിയും സെക്‌ഷൻ ഓഫീസർ മുഹമ്മദ്‌ ജാസിയുമാണ്‌ പങ്കെടുത്തത്‌.

ബാഹ്യ ഇടപെടൽകൊണ്ട്‌ പിഎസ്‌സിയെ തകർക്കുന്നുവെന്ന്‌ കുപ്രചാരണം നടത്തുന്നവരാണ്‌ അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച്‌ കുത്തിത്തിരിപ്പ്‌ ആസൂത്രണം ചെയ്‌തത്‌. സർക്കാർ ജീവനക്കാർ എന്നതിനൊപ്പം ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ സ്വന്തം ഉത്തരവാദിത്തത്തെയും സ്ഥാപനത്തെയും വഞ്ചിക്കുന്ന നടപടിക്ക്‌ കൂട്ടുനിന്നതായി വ്യക്തമായ സാഹചര്യത്തിൽ ഇവർക്കെതിരെ അന്വേഷണം ഉണ്ടായേക്കും.

ഉദ്യോഗാർഥികളുടെ പേരിൽ മുതലക്കണ്ണീരും കപടസമരവും നടത്തുന്ന പ്രതിപക്ഷത്തിന്റേത്‌ വെറും രാഷ്‌ട്രീയ മുതലെടുപ്പ്‌ തന്ത്രം മാത്രമാണെന്ന്‌ വ്യക്തമാക്കുന്നതാണ്‌ സംഭവം. പിഎസ്‌സിയിൽ നിയമനത്തിനുള്ള നടപടികൾ ഉൾപ്പെടെ തടഞ്ഞുവയ്‌ക്കാനും ഫയലുകളുടെ ചലനവേഗം കുറയ്‌ക്കാനും അനുയായികൾക്ക്‌ ഈ നേതാക്കൾ സ്വാഭാവികമായും നിർദേശം നൽകുമെന്ന്‌ വ്യക്തമാണ്‌. സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലിലെ വിവരങ്ങൾ ചോർത്തി നൽകാനുമാണ്‌ കെപിസിസി പ്രസിഡന്റ്‌ സർക്കാർ ഉദ്യോഗസ്ഥർക്ക്‌ നിർദേശം നൽകിയത്‌.

ഒരു വർഷം കഴിഞ്ഞിട്ടും ടൈറ്റാനിയം തൊടാതെ സിബിഐ; കോൺഗ്രസ്‌ – ബിജെപി ഒത്തുകളി

 തിരുവനന്തപുരം > കോടികളുടെ അഴിമതി നടത്തിയ ടൈറ്റാനിയം കേസ്‌ ഏറ്റെടുക്കണമെന്ന സംസ്ഥാനസർക്കാർ ശുപാർശയിൽ ഒരു വർഷം കഴിഞ്ഞിട്ടും സിബിഐ തീരുമാനം എടുക്കുന്നില്ല. മുൻമുഖ്യമന്ത്രി ഉമ്മൻചാണ്ടി, പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, മുൻവ്യവസായമന്ത്രി വി കെ ഇബ്രാഹിം കുഞ്ഞ്‌ എന്നിവർ പ്രതികളായ കേസിലാണ്‌ സിബിഐ തീരുമാനം ദുരൂഹമായി നീളുന്നത്‌.

വിദേശ കമ്പനികൾക്കുകൂടി പങ്കുള്ള ഇടപാടിൽ രാജ്യാന്തരതലത്തിൽ അന്വേഷണം വേണമെന്ന ശുപാർശയെ തുടർന്നാണ്‌ 2019 സെപ്‌തംബർ മൂന്നിന്‌ സംസ്ഥാന സർക്കാർ കേസ്‌ സിബിഐയ്‌ക്ക്‌ വിട്ടത്‌. 13 വർഷം വിജിലൻസ്‌ നടത്തിയ അന്വേഷണ റിപ്പോർട്ടും സാക്ഷി മൊഴിയും അനുബന്ധ ഫയലുകളും വിജിലൻസ്‌ ഉദ്യോഗസ്ഥർ സിബിഐ ആസ്ഥാനത്ത്‌ എത്തി കൈമാറിയിരുന്നു. എന്നിട്ടും ഇതുവരെ നടപടി വിവരം സിബിഐ സംസ്ഥാനസർക്കാരിനെ അറിയിച്ചിട്ടില്ല. കേരളത്തിലെ ചില ഒറ്റപ്പെട്ട കൊലപാതക കേസുകളിൽവരെ തിടുക്കത്തിൽ നടപടി എടുക്കുമ്പോഴാണ്‌ ഏറെ പ്രാധാന്യമുള്ള ഈ കേസിൽ സിബിഐയുടെ സംശയകരമായ മൗനം.

ഇടപെട്ടത്‌ ബിജെപി നേതാവ്‌

ഈ അഴിമതിക്കേസിൽ സിബിഐ തീരുമാനം അനിശ്ചിതത്വത്തിലായതിനു പിന്നിൽ കോൺഗ്രസ്‌, ബിജെപി രഹസ്യധാരണയാണ്.  കേരളത്തിൽ നിന്നുള്ള ഉന്നത ബിജെപി നേതാവ്‌  ആഭ്യന്തരമന്ത്രാലയത്തിൽ നേരിട്ട്‌ ഇടപെട്ട്‌ നടപടി മരവിപ്പിച്ചതായാണ്‌ സൂചന.ഇദ്ദേഹവും കേസിൽ പ്രതിസ്ഥാനത്തുള്ള യുഡിഎഫ്‌ നേതാവും തമ്മിലാണ്‌ ധാരണ. കേസ്‌ സിബിഐയെക്കൊണ്ട്‌ ഏറ്റെടുപ്പിക്കാതിരിക്കാനാണ്‌ നീക്കം. സിബിഐ മറിച്ചൊരു നിലപാടിലേക്ക്‌ വന്നാൽ നിയമസഭാ തെരഞ്ഞെടുപ്പ്‌ വരെ നീട്ടിക്കൊണ്ടുപോവുകയാണ്‌ ലക്ഷ്യം. സംസ്ഥാന ബിജെപി നേതൃത്വവും ഇതിന്‌ സഹായം നൽകുന്നു‌.

നിയമസഭാ തെരഞ്ഞെടുപ്പിലടക്കം രഹസ്യകൂട്ടുക്കെട്ട്‌ ഉണ്ടാക്കാനും ടൈറ്റാനിയം കേസ്‌ ഉപയോഗിക്കുകയാണ്‌. സ്വർണക്കടത്ത്‌ അടക്കം പലതിലും നിരന്തരം സിബിഐ അന്വേഷണം ആവശ്യപ്പെടുന്ന പ്രതിപക്ഷ നേതാവ്‌ രമേശ്‌ ചെന്നിത്തല, കെപിസിസി പ്രസിഡ്ന്റ്‌ മുല്ലപ്പള്ളി രാമചന്ദ്രൻ, ബിജെപി സംസ്ഥാന പ്രസിഡന്റ്‌ കെ സുരേന്ദ്രൻ എന്നിവർ കഴിഞ്ഞ ഒരു വർഷമായി മടക്കിക്കെട്ടി വച്ചിരിക്കുന്ന ടൈറ്റാനിയം അഴിമതി കേസിനെ കുറിച്ച്‌ മിണ്ടാത്തതും ശ്രദ്ധേയമാണ്‌.

68 കോടിയുടെ അഴിമതി

പൊതുമേഖലാ സ്ഥാപനമായ ട്രാവൻകൂർ ടൈറ്റാനിയത്തിൽ 256 കോടി രൂപ ചെലവിൽ മാലിന്യനിർമാർജന പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തതിൽ 68 കോടി രൂപയുടെ അഴിമതി നടത്തിയെന്നാണ്‌ വിജിലൻസ്‌ കേസ്‌. 2005–-06 കാലഘട്ടത്തിൽ ഉമ്മൻചാണ്ടി മുഖ്യമന്ത്രി ആയിരിക്കെയാണ്‌‌ പ്ലാന്റ്‌ സ്ഥാപിക്കുന്നതിന്‌ യന്ത്രങ്ങൾ ഇറക്കുമതി ചെയ്‌തത്‌.

കെ ശ്രീകണ‌്ഠൻ

Saturday, September 5, 2020

എതിർക്കുന്നവരെ അവസാനിപ്പിക്കുന്ന ക്രൂരത

 പ്രസംഗിക്കുമ്പോൾ കോൺഗ്രസുകാർ ജനാധിപത്യത്തിന്റെ മാലാഖകളാണ്‌. എന്നാൽ, ചെറിയൊരു എതിർശബ്ദമോ തെരഞ്ഞെടുപ്പ്‌ പരാജയമോ ഒരിക്കലും അംഗീകരിക്കില്ല. നേതൃത്വം അടിയന്തരാവസ്ഥയും അർഥഫാസിസ്‌റ്റ്‌ ഭരണകൂട നയങ്ങളും അടിച്ചേൽപ്പിക്കുമ്പോൾ അണികൾ കൊടുവാളും കുറുവടിയും എടുക്കും. അതിൽ തിരുവോണനാളെന്നോ പെരുനാളെന്നോ നോക്കില്ല. സ്‌കൂൾമുറ്റമെന്നോ അന്നം കഴിക്കുന്ന ഹോട്ടലെന്നോ പരിഗണിക്കില്ല. കോൺഗ്രസിന്റെ ചരിത്രം എഴുതിയ മൊയാരത്തെന്നോ ഓഫീസ്‌ വൃത്തിയാക്കുന്ന രാധയെന്നോ വ്യത്യാസം കാണിക്കില്ല. കൊന്നുതള്ളും. അത്രതന്നെ.

മൊയാരത്ത്‌ ശങ്കരൻ

സോഷ്യലിസ്‌റ്റ്‌ ആശയങ്ങളിലേക്ക്‌ ചായ്‌വ്‌ പ്രകടിപ്പിച്ചതാണ്‌ മൊയാരത്ത്‌ ശങ്കരൻ ചെയ്‌ത ഏകകുറ്റം. കോൺഗ്രസിന്റെ ചരിത്രം എഴുതിയ ആ മഹാ ഗാന്ധിയനെ മർദിച്ചു കൊന്നുകളഞ്ഞു. ക്വട്ടേഷനല്ല. കോൺഗ്രസിന്റെ ഗുണ്ടാസംഘംതന്നെ. ചരിത്രകാരൻ, വാഗ്മി, എഴുത്തുകാരൻ, സാമൂഹ്യപരിഷ്‌കർത്താവ് എന്നീ നിലകളിലും ജനമനസ്സുകൾ കീഴടക്കിയ ധിഷണാശാലി. അദ്ദേഹത്തെപ്പോലൊരു യുഗപുരുഷനെ വകവരുത്താൻ കോൺഗ്രസിന്‌ തെല്ലും മനഃസാക്ഷിക്കുത്തുണ്ടായില്ല.

1948 മെയ് 11ന് കണ്ണൂർ  എടക്കാട് റെയിൽവേ സ്റ്റേഷനുസമീപം വച്ചായിരുന്നു മൊയാരത്തിനുനേരെ കോൺഗ്രസ്‌ ഗുണ്ടാപ്പടയുടെ കിരാതമായ ആക്രമണം. ഗാന്ധിജിയെ ഗോഡ്‌സെ വെടിവച്ചുവീഴ്‌ത്തിയതിന്റെ മുറിവുണങ്ങുന്നതിന്‌ മുമ്പ്‌ ഗാന്ധിയനായ മൊയാരത്തിനെ ഖദർധാരികൾ വധിച്ചു. ട്രെയിനിറങ്ങി കോയ്യോട്ടെ ഭാര്യാവീട്ടിലേക്ക്‌ നടന്നുപോകുകയായിരുന്ന അദ്ദേഹത്തെ ‘കുറുവടിപ്പട’ എന്നറിയപ്പെട്ട ഗുണ്ടാസംഘം വളഞ്ഞാക്രമിച്ചു. മൃതദേഹംപോലും ബന്ധുക്കൾക്ക്‌ വിട്ടുനൽകിയില്ല. സെൻട്രൽ ജയിൽ വളപ്പിലെ ഏതോ മൂലയിൽ മറവുചെയ്‌തു.

തൃക്കരിപ്പൂർ മണ്ഡലത്തിൽ ഇ കെ നായനാർ വിജയമുറപ്പിച്ചതാണ്‌ ചീമേനി കൂട്ടക്കൊലയ്‌ക്കുള്ള ഏകകാരണം. 1987 മാർച്ച്‌ 23ന്‌. കേരളത്തിലെ ജാലിയൻ വാലാബാഗായിരുന്നു ചീമേനി. തെരഞ്ഞെടുപ്പ് കഴിഞ്ഞ് ബൂത്ത് ഏജന്റുമാരും പ്രവർത്തകരും ചീമേനിയിലെ പാർടി ഓഫീസിൽ വോട്ടുകളുടെ കണക്ക് പരിശോധിക്കുകയായിരുന്നു. ഇരുനൂറിലധികം കോൺഗ്രസുകാർ ആയുധങ്ങളുമായി ഓഫീസ്‌ വളഞ്ഞു. ജനലിനുള്ളിലൂടെ വൈക്കോൽ കുത്തിനിറച്ച് പെട്രോളും മണ്ണെണ്ണയും ഒഴിച്ചു തീയിട്ടു. മേൽക്കൂരയിലും തീവച്ചു. ശ്വാസംമുട്ടി പുറത്തുചാടിയവരെ വളഞ്ഞിട്ടുവെട്ടി. ആദ്യം ആലവളപ്പിൽ അമ്പുവിനെ വെട്ടിയിട്ടു. പിന്നാലെ സി കോരൻ, പി കുഞ്ഞപ്പൻ, എം കോരൻ എന്നിവരെയും കൊന്നുതള്ളി. കോരന്റെ വലതുകൈ വെട്ടിമാറ്റിയശേഷമാണ് കൊന്നത്. കുഞ്ഞപ്പനെ തല തല്ലിപ്പൊളിച്ച് പുല്ലിൽ പൊതിഞ്ഞ് ചുട്ടുകൊല്ലുകയായിരുന്നു. കയ്യൂരിലേക്കുപോകാൻ ബസ് കാത്തുനിൽക്കവെയാണ് കെ വി കുഞ്ഞിക്കണ്ണനെ കല്ലുകൊണ്ട് ഇടിച്ചുകൊന്നത്. കൈകാലുകൾ കൊത്തിക്കീറിയശേഷം മരിച്ചെന്ന് കരുതി കൊലയാളികൾ ഉപേക്ഷിച്ചുപോയ എം ബാലകൃഷ്ണൻ ഇന്നും ജീവിക്കുന്ന രക്തസാക്ഷിയാണ്‌.

കെ സുധാകരൻ ഡിസിസി പ്രസിഡന്റായതിനു പിന്നാലെയാണ്‌ 1992 ജൂൺ 13 ന്‌ കണ്ണൂർ നഗരത്തിലെ സേവറി ഹോട്ടലിലേക്ക്‌ കോൺഗ്രസ്‌ ഗുണ്ടാസംഘം ജീപ്പിലെത്തി തുരുതുരാ ബോംബെറിഞ്ഞത്‌. എന്താണ്‌ സംഭവിക്കുന്നതെന്ന്‌ തിരിച്ചറിയുന്നതിനുമുമ്പേ രക്തവും മാംസവും ഭക്ഷണം കഴിച്ചുകൊണ്ടിരുന്നവരുടെ ഇലകളിൽ ചിതറിത്തെറിച്ചു. ഭക്ഷണം വിളമ്പുകയായിരുന്ന  കെ നാണു തൽക്ഷണം മരിച്ചു. ഹോട്ടലുടമയെ തേടിയാണ്‌ അക്രമികൾ വന്നത്‌. ഇരയായത്‌ പാവം നാണുവും. കോൺഗ്രസ്‌ പ്രവർത്തകൻ ജയകൃഷ്‌ണൻ, പ്രമുഖ മുസ്ലിംലീഗ്‌ നേതാവിന്റെ ബന്ധു റസാഖ്‌ എന്നിവരുൾപ്പെടെ പതിനെട്ടുപേർക്ക്‌ ഗുരുതരമായി പരിക്കേറ്റു. ‘‘ഒരു അക്രമത്തിനും നാണുവേട്ടൻ പോകാറില്ല. ഒരു കേസിലും പ്രതിയുമല്ല. എനിക്ക്‌ ഒന്നേ ചോദിക്കാനുള്ളൂ. ഇനിയും നിങ്ങളുടെ കണ്ണുതുറക്കാൻ എത്ര അമ്മമാർ വിധവകളാകണം? നാണുവിന്റെ ഭാര്യ- ഭാർഗവി ചോദിക്കുന്നു.

കോൺഗ്രസ്‌ ഓഫീസും കൊലക്കളം

കോൺഗ്രസ് നിലമ്പൂർ ബ്ലോക്ക് കമ്മിറ്റി ഓഫീസിലെ ജീവനക്കാരിയായിരുന്ന ചിറക്കൽ രാധയെയാണ്‌ ബലാത്സംഗം ചെയ്‌തശേഷം മൃഗീയമായി കൊലപ്പെടുത്തിയത്‌. 2014 ഫെബ്രുവരി അഞ്ചിനായിരുന്നു സംഭവം. കോൺഗ്രസ്‌ നേതാവ്‌  ആര്യാടൻ മുഹമ്മദിന്റെ  പേഴ്‌സണൽ സ്റ്റാഫ് മുൻ അംഗം ബിജുനായർ, കൂട്ടാളി ഷംസുദ്ദീൻ എന്നിവരായിരുന്നു കേസിലെ പ്രതികൾ. കോൺഗ്രസ്‌ ഓഫീസിലെ വഴിവിട്ട പോക്ക്‌ നേതാക്കളെ അറിയിക്കുമെന്ന് രാധ പറഞ്ഞതാണ്‌ കാരണം. യുഡിഎഫ്‌ ഭരണസ്വാധീനം ഉപയോഗപ്പെടുത്തി കേസ്‌ അന്വേഷണം രണ്ട്‌ പേരിൽ ഒതുക്കി. ഉന്നതനേതാക്കൾക്ക്‌ പങ്കുണ്ടെന്ന രാധയുടെ സഹോദരൻ ഭാസ്‌കരന്റെ പരാതിയിൽ നടപടിയുണ്ടായില്ല. രാധയുടെ ബന്ധുക്കളെ സംരക്ഷിക്കുമെന്ന്‌ വാഗ്‌ദാനം നൽകിയിരുന്നുവെങ്കിലും കെപിസിസി വഞ്ചിച്ചു.

(അവസാനിക്കുന്നില്ല)

ഒന്നാം ഭാഗം: മറുപടി ഉണ്ടോ ഈ ചോദ്യങ്ങൾക്ക്‌

മൂന്നാം ഭാഗം: പറയൂ... ഹഖിന്റെ മകൾ ഇനി ആരെ വിളിക്കും: "ഗാന്ധിജിയുടെ കണ്ണീർ' പരമ്പര

നാലാം ഭാഗം: ഞങ്ങൾ ജീവിക്കും; മക്കളും 

അഞ്ചാം ഭാഗം: രക്ഷപ്പെട്ടത്‌ തലനാരിഴയ്‌ക്ക്‌; ബാലന്റെ ജീവനായി അഷ്‌റഫ്‌ 

ആറാം ഭാഗം: മടിയിൽ പിടഞ്ഞ ബാപ്പ; മകൻ മറക്കുമോ.? 

ഏഴാം ഭാഗം:134 വീട്ടിലെ കണ്ണീർ നിങ്ങളെ വേട്ടയാടുക തന്നെ ചെയ്യും 

'സിപിഐ എമ്മില്‍ നിന്നും മാറിയില്ലെങ്കില്‍ കൊല്ലുമെന്നവര്‍ ഭീഷണിപ്പെടുത്തി

 'സിപിഐ എമ്മില്‍ നിന്നും മാറിയില്ലെങ്കില്‍ കൊല്ലുമെന്നവര്‍ ഭീഷണിപ്പെടുത്തി'; മിഥിലാജ് സുഹൃത്തിനോട് നടത്തിയ ഫോണ്‍ സംഭാഷണം പുറത്ത്

തിരുവനന്തപുരം > വെഞ്ഞാറമൂട്ടില്‍ കോണ്‍ഗ്രസ് അക്രമികള്‍ കൊലപ്പെടുത്തിയ മിഥിലാജ് നിരന്തരം

ഭീഷണി നേരിട്ടിരുന്നുവെന്ന് വ്യക്തമാകുന്ന ഫോണ്‍ സംഭാഷണം പുറത്ത്. സിപിഐ എമ്മില്‍ നിന്ന് പുറത്ത് പോയില്ലെങ്കില്‍ ഇല്ലാതാക്കുമെന്നും കള്ളക്കേസില്‍ കുടുക്കുമെന്നും ഉണ്ണി ഭീഷണിപ്പെടുത്തിയതായി

മിഥിലാജ് സുഹൃത്തിനോട് പറയുന്ന  സംഭാഷണമാണ് പുറത്തുവന്നത്.

ഐഎന്‍ടിയുസി മണ്ഡലം പ്രസിഡന്റും നിരവധി ക്രിമിനല്‍ കേസിലെ പ്രതിയുമായ മദപുരം ഉണ്ണി തന്നെ ഭീഷണിപ്പെടുത്തിയെന്ന് സുഹൃത്തായ ഹാഷിറിനോട് മിഥിലാജ് പറയുന്ന ഫോണ്‍ സംഭാഷണമാണിത്.

കൊടിമരമെടുത്ത കേസില്‍ വരെ ഉള്‍പെടുത്തുമെന്നും പാര്‍ട്ടി വിട്ട് വന്ന് ഒരാളെ പോയി കാണണമന്നും ഉണ്ണി പറഞ്ഞിരുന്നുവെന്നും മിഥിലാജ് പറയുന്നു. അങ്ങനെ ഭയന്ന് പോകാന്‍ താന്‍ തയ്യാറല്ലെന്ന് മിഥിലാജ് സുഹൃത്തിനോട് പറയുന്നതും സംഭാഷണത്തിലുണ്ട്.

രണ്ട് മാസങ്ങള്‍ക്ക് മുമ്പ് പെരുന്നാള്‍ തലേന്ന് നടന്ന ഫൈസല്‍ വധക്കേസിന് പിന്നാലെ ഉണ്ണി വിളിച്ച് ഭീഷണിപെടുത്തിയ കാര്യമാണ് മിഥിലാജ് സുഹൃത്തിനോട് പറയുന്നത്. അന്വേഷണ സംഘത്തിന് സഹായകരമാകുന്ന നിര്‍ണായക തെളിവ് കൂടിയാണിത്‌

 ഇരട്ടക്കൊലപാതകത്തെ പ്രതിരോധിക്കാന്‍ നിരവധി കള്ളക്കഥകള്‍ കോണ്‍ഗ്രസ് പ്രചരിപ്പിക്കുന്നതിനിടെയാണ് നിര്‍ണായകമായ ഫോണ്‍ സംഭാഷണം പുറത്തുവന്നിരിക്കുന്നത്

ലിങ്ക്