Sunday, September 6, 2020

നിയമനം നിരോധിച്ച് കേന്ദ്രം; നിരാശരായി ഉദ്യോഗാർഥികൾ

 ന്യൂഡൽഹി > ചെലവുചുരുക്കലിന്റെ പേരിൽ  പുതിയ തസ്‌തിക സൃഷ്ടിക്കുന്നതിന്‌ പൂർണവിലക്കേർപ്പെടുത്തി കേന്ദ്രസർക്കാർ. വിവിധ കേന്ദ്രസർക്കാർ വകുപ്പുകളിൽ എട്ട്‌ ലക്ഷത്തിലധികം ഒഴിവ് നികത്താതെ കിടക്കെയാണ് നിയമനനിരോധമേര്‍പ്പെടുത്തി ധനമന്ത്രാലയം വെള്ളിയാഴ്ച  ഉത്തരവിറക്കിയത്.  മന്ത്രാലയങ്ങള്‍, വകുപ്പുകള്‍,  സ്വയംഭരണ, സ്‌റ്റാറ്റ്യൂട്ടറി സ്ഥാപനങ്ങള്‍, അനുബന്ധ ഓഫീസ് എന്നിവിടങ്ങളില്‍ തസ്‌തിക സൃഷ്‌ടി‌ക്കുന്നത് പൂര്‍ണമായി വിലക്കി. എക്‌സ്‌പെൻഡിച്ചർ വകുപ്പിന്റെ അംഗീകാരമില്ലാതെ ജൂലൈ ഒന്നിനുശേഷം തസ്‌തിക സൃഷ്‌ടിച്ചെങ്കില്‍ നിയമനം നടത്തരുതെന്നും ചെലവ് നിയന്ത്രിക്കല്‍ കൃത്യമായി പാലിക്കണമെന്നും ഉത്തരവിലുണ്ട്.

റെയിൽവേയില്‍  മൂന്ന്‌ലക്ഷത്തോളം ഒഴിവ് നികത്താനുണ്ടെന്നാണ്‌ കേന്ദ്രമന്ത്രി പിയൂഷ്‌ ഗോയൽ ലോക്‌സഭയെ അറിയിച്ചത്. എന്നാല്‍, റെയിൽവേയിൽ പുതിയ തസ്‌തിക വേണ്ടെന്നും ഒഴിവ് നികത്തേണ്ടെന്നും ജൂലൈയിൽ ഉത്തരവിട്ടു. നിയമനിരോധന ഉത്തരവിന്‌ പിന്നാലെ റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വിജ്ഞാപനങ്ങൾ പുറപ്പെടുവിച്ച തസ്‌തികകളിലേക്കുള്ള നിയമനങ്ങൾ അനിശ്‌ചിതത്വത്തിലായി. 2019 ഡിസംബറിൽ ഫലം പ്രഖ്യാപിച്ച എഎൽപി, ടെക്‌നീഷ്യൻ തസ്‌തികകളിലേക്ക് ഒമ്പതുമാസം പിന്നിട്ടിട്ടും നിയമനം നടത്തിയിട്ടില്ല. ‌ ഗ്രൂപ്പ്‌ ഡി തസ്‌തികകളിലേക്ക്‌ 2019 ഫെബ്രുവരിയിൽ വിജ്ഞാപനമിറക്കി.  18 മാസം പിന്നിട്ടിട്ടും പരീക്ഷ നടത്തിയില്ല. ഒരു ലക്ഷത്തിലേറെ ഒഴിവാണുള്ളത്. എൻടിപിസി വിഭാഗങ്ങളിലെ ഒഴിവുള്ള 35,227 തസ്‌തികയില്‍‌ ഫെബ്രുവരിയിൽ‌ വിജ്ഞാപനമിറക്കിയെങ്കിലും ഇനിയും പരീക്ഷ നടത്തിയിട്ടില്ല.

നിരാശരായി ഉദ്യോഗാർഥികൾ

വിജ്ഞാപനമിറക്കി വർഷം പിന്നിട്ടിട്ടും പരീക്ഷ നടത്താത്തതില്‍ രാജ്യത്തുടനീളമുള്ള ഉദ്യോഗാർഥികൾ കടുത്ത രോഷത്തിലാണ്‌.  ജെഇഇയും നീറ്റും നടത്താൻ ഉത്സാഹം കാട്ടുന്ന സർക്കാർ നിയമനപരീക്ഷകൾ നടത്താത്തത്‌ പ്രതിഷേധാർഹമാണെന്ന്‌ ഉദ്യോഗാർഥികൾ സാമൂഹ്യമാധ്യമങ്ങളിൽ പ്രതികരിച്ചു. അതേസമയം, പുതിയ ഉത്തരവ്‌ വിവാദമായതോടെ വിശദീകരണവുമായി ധനമന്ത്രാലയം രംഗത്തെത്തി. ഒഴിവുള്ള തസ്‌തികകളിൽ നിയമനം നടത്തുന്നതിന്‌ വിലക്കേർപ്പെടുത്തിയിട്ടില്ല. സ്‌റ്റാഫ്‌ സെലക്‌ഷൻ കമീഷൻ, യുപിഎസ്‌സി, റെയിൽവേ റിക്രൂട്ട്‌മെന്റ്‌ ബോർഡ്‌ വഴിക്കുള്ള സാധാരണ നിയമനങ്ങൾ തടസ്സമില്ലാതെ തുടരുമെന്നും ധനമന്ത്രാലയം അറിയിച്ചു.

ദേശാഭിമാനി 060920

No comments:

Post a Comment