സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലുകൾ ചോർത്താനും സർക്കാർ ഉദ്യോഗസ്ഥരോട് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്റെ നിർദേശം. ഉദ്യോഗസ്ഥരുടെ പ്രത്യേക യോഗം വിളിച്ചാണ് ഫയലുകൾ ചോർത്താൻ ആവശ്യപ്പെട്ടത്. സർക്കാർ ഉദ്യോഗസ്ഥരുടെ യോഗം ഒരു രാഷ്‌ട്രീയ പാർടി നേരിട്ട് വിളിച്ച് സർക്കാരിനെതിരെ രംഗത്ത് വരാൻ നിർദേശിക്കുന്നത് ആദ്യമാണ്. സർവീസ് ചട്ടങ്ങൾക്ക് വിരുദ്ധമായി നടത്തിയ യോഗത്തിൽ 40 ഉദ്യോഗസ്ഥർ പങ്കെടുത്തു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖ്, ജനറൽ സെക്രട്ടറിമാരായ തമ്പാനൂർ രവി, പാലോട് രവി തുടങ്ങിയവരും പങ്കെടുത്തു.
പഞ്ചായത്ത് തെരഞ്ഞെടുപ്പ് അടുത്ത സാഹചര്യത്തിലാണ് മുല്ലപ്പള്ളി നേരിട്ട് ഉദ്യോഗസ്ഥരുടെ യോഗം വിളിച്ചത്. തെരഞ്ഞെടുപ്പുകളിൽ കോൺഗ്രസിന് സഹായകരമായ പ്രവർത്തനം നടത്താൻ നിർദേശിച്ചു. ഓഫീസേഴ്‌സ് ആൻഡ് സർവീസ് ഓർഗനൈസേഷൻസ് സെല്ലിന്റെ പേരിൽ ഓൺലൈനായാണ് യോഗം ചേർന്നത്. ഉമ്മൻചാണ്ടിയുടെ പ്രൈവറ്റ് സെക്രട്ടറി പി എസ് ശ്രീകുമാറാണ് സെൽ കൺവീനർ.
സർക്കാർ വിവരങ്ങൾ ചോർത്തി കെപിസിസിക്ക് നൽകണമെന്നാണ് പ്രധാന നിർദേശം. വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങൾ ശ്രദ്ധയിൽപ്പെടുത്തുക, വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകി വിവാദമാക്കുക, ഓഫീസുകൾ കേന്ദ്രീകരിച്ച് ജനങ്ങളെ പരമാവധി സർക്കാരിനെതിരാക്കുക, വികസന ക്ഷേമ പ്രവർത്തനങ്ങൾ താമസിപ്പിക്കുകയും അർഹരായവർക്ക് ആനുകൂല്യം നൽകാതിരിക്കാനും ശ്രമിക്കുക തുടങ്ങിയ നിർദേശങ്ങളും യോഗത്തിലുണ്ടായി. ലോക്‌സഭാ തെരഞ്ഞെടുപ്പ് സമയത്ത് നൽകിയ സഹായത്തിന് കെപിസിസിയുടെ നന്ദിയും അദ്ദേഹം അറിയിച്ചു.
കെപിസിസിയുടെ ലെറ്റർ ഹെഡിൽ യോഗതീരുമാനങ്ങൾ സംഘടനാ നേതാക്കൾക്ക് നൽകിയിട്ടുണ്ട്. ചില കേന്ദ്ര ജീവനക്കാരും യോഗത്തിൽ പങ്കെടുത്തു.
മുല്ലപ്പള്ളിയുടെ യോഗം; ഉദ്യോഗസ്ഥരുടേത് ഗുരുതര ചട്ടലംഘനം
തിരുവനന്തപുരം > സർക്കാർവിരുദ്ധ പ്രവർത്തനങ്ങൾക്ക് രൂപം നൽകാൻ കെപിസിസി പ്രസിഡന്റ് വിളിച്ച യോഗത്തിൽ സർവീസ് സംഘടനാ നേതാക്കൾ പങ്കെടുത്തത് ഗുരുതര സർവീസ് ചട്ടലംഘനം. 1960ലെ കേരള സർക്കാർ ജീവനക്കാരുടെ പെരുമാറ്റച്ചട്ടങ്ങളിലെ 60 എ, 61- ചട്ടങ്ങളുടെ കടുത്ത ലംഘനമാണ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച ഓൺലൈൻ യോഗത്തിൽ പങ്കെടുത്തവർ നടത്തിയത്. പിരിച്ചുവിടുന്നതടക്കമുള്ള അച്ചടക്ക നടപടികൾക്ക് വിധേയരാകാവുന്ന കുറ്റമാണിത്.
കോൺഗ്രസ് നേതാക്കൾ വിളിച്ചുചേർത്ത യോഗത്തിൽ പങ്കെടുത്ത സംഘടനാ നേതാക്കൾ സർക്കാരിനെതിരായ ഗൂഢാലോചനയിൽ മുഖ്യപങ്കാളികളായി. സർക്കാർ രഹസ്യങ്ങൾ ചോർത്തി, കെപിസിസിക്കും മാധ്യമങ്ങൾക്കും കൊടുക്കുന്നതടക്കമുള്ള തീരുമാനങ്ങൾക്ക് പിന്തുണ പ്രഖ്യാപിച്ചു. ഇത് നടപ്പാക്കുമെന്ന് ഉറപ്പുനൽകി. സർക്കാരിന്റ ക്ഷേമപദ്ധതികൾ ജനങ്ങളിലെത്തിക്കുന്നതിന് തടസ്സം നിൽക്കാമെന്നും സമ്മതിച്ചു.
നാൽപ്പതിൽപ്പരം പേർ യോഗത്തിൽ പങ്കെടുത്തുവെന്ന് കെപിസിസി ലെറ്റർ പാഡിൽ തയ്യാറാക്കിയ യോഗ മിനിട്‌സിലുണ്ട്. ഇതിൽ ചുരുക്കം ചിലർ മാത്രമാണ് സർവീസിൽനിന്ന് വിരമിച്ചവർ. ബാക്കിയെല്ലാവരും സർവീസിലുള്ളവരാണ്. 15 പേർ ഗൂഢപദ്ധതി തയ്യാറാക്കുന്ന ചർച്ചയ്‌ക്ക് നേതൃത്വം നൽകി.
സർക്കാരിന്റെ വികസനക്ഷേമ പ്രവർത്തനങ്ങളിൽ കാലതാമസം വരുത്തണമെന്ന കടുത്ത ജനവിരുദ്ധ തീരുമാനവും യോഗത്തിലുണ്ടായി. അർഹരായവർക്ക് ആനുകൂല്യം നൽകാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക, ജനങ്ങളെ പരമാവധി സർക്കാരിനെതിരാക്കുന്ന നിലയിലേക്ക് ഓഫീസുകളുടെ പ്രവർത്തനം എത്തിക്കുക, വിവരാവകാശ നിയമപ്രകാരം ചോദിക്കേണ്ട വിഷയങ്ങൾ കെപിസിസിയെ അറിയിക്കുക, വിവരങ്ങൾ ചോർത്തി മാധ്യമങ്ങൾക്ക് നൽകി വിവാദമാക്കുക തുടങ്ങിയ തീരുമാനങ്ങളെല്ലാം ഫലത്തിൽ സാധരണക്കാരെ ലക്ഷ്യമിട്ടുള്ളതാണ്.
ലോക്‌സഭാ തെരഞ്ഞെടുപ്പിലും ഉദ്യോഗസ്ഥർ കളിച്ചു.
കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പ് കാലത്തും ഒരു വിഭാഗം സർക്കാർ ഉദ്യോഗസ്ഥരെ കെപിസിസി സർക്കാരിനെതിരായി ഉപയോഗിച്ചു. കെപിസിസി വൈസ് പ്രസിഡന്റ് ടി സിദ്ദിഖാണ് യോഗത്തിൽ ഇക്കാര്യം വ്യക്തമാക്കിയത്. കെപിസിസിയെ സഹായിച്ച മുഴുവൻ ഉദ്യോഗസ്ഥർക്കും സിദ്ദിഖ് നന്ദിയും അറിയിച്ചു. പാർലമെന്റ് തെരഞ്ഞെടുപ്പുകാലത്ത് കോൺഗ്രസിനും യുഡിഎഫിനും വിലപ്പെട്ട സഹായങ്ങൾ സെൽ നൽകിയെന്നാണ് സിദ്ദിഖ് വിവരിച്ചത്. വട്ടിയൂർക്കാവ് ഉപതെരഞ്ഞെടുപ്പുകാലത്തും ഇതേ സഹായം നിലനിർത്താൻ ഒരു വിഭാഗം ഉദ്യോഗസ്ഥരുണ്ടായത് കെപിസിസി ജനറൽ സെക്രട്ടറി തമ്പാനൂർ രവിയും വ്യക്തമാക്കി.
മുല്ലപ്പള്ളിയുടെ യോഗത്തിൽ പിഎസ്‌സി ഉദ്യോഗസ്ഥരും; അന്വേഷണം ഉണ്ടായേക്കും
തിരുവനന്തപുരം > സംസ്ഥാന സർക്കാരിന്റെ പ്രവർത്തനങ്ങൾ അട്ടിമറിക്കാനുള്ള കൂടിയാലോചനയ്‌ക്ക് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ വിളിച്ച യോഗത്തിൽ ഭരണഘടനാ സ്ഥാപനമായ പിഎസ്‌സിയിലെ ഉദ്യോഗസ്ഥരും. പിഎസ്‌സി ജോയിന്റ് സെക്രട്ടറി രമേശ് തമ്പിയും സെക്‌ഷൻ ഓഫീസർ മുഹമ്മദ് ജാസിയുമാണ് പങ്കെടുത്തത്.
ബാഹ്യ ഇടപെടൽകൊണ്ട് പിഎസ്‌സിയെ തകർക്കുന്നുവെന്ന് കുപ്രചാരണം നടത്തുന്നവരാണ് അതേ സ്ഥാപനത്തിലെ ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് കുത്തിത്തിരിപ്പ് ആസൂത്രണം ചെയ്‌തത്. സർക്കാർ ജീവനക്കാർ എന്നതിനൊപ്പം ഭരണഘടനാ സ്ഥാപനത്തിന്റെ ഭാഗമായ ഉദ്യോഗസ്ഥർ സ്വന്തം ഉത്തരവാദിത്തത്തെയും സ്ഥാപനത്തെയും വഞ്ചിക്കുന്ന നടപടിക്ക് കൂട്ടുനിന്നതായി വ്യക്തമായ സാഹചര്യത്തിൽ ഇവർക്കെതിരെ അന്വേഷണം ഉണ്ടായേക്കും.
ഉദ്യോഗാർഥികളുടെ പേരിൽ മുതലക്കണ്ണീരും കപടസമരവും നടത്തുന്ന പ്രതിപക്ഷത്തിന്റേത് വെറും രാഷ്‌ട്രീയ മുതലെടുപ്പ് തന്ത്രം മാത്രമാണെന്ന് വ്യക്തമാക്കുന്നതാണ് സംഭവം. പിഎസ്‌സിയിൽ നിയമനത്തിനുള്ള നടപടികൾ ഉൾപ്പെടെ തടഞ്ഞുവയ്‌ക്കാനും ഫയലുകളുടെ ചലനവേഗം കുറയ്‌ക്കാനും അനുയായികൾക്ക് ഈ നേതാക്കൾ സ്വാഭാവികമായും നിർദേശം നൽകുമെന്ന് വ്യക്തമാണ്. സർക്കാരിനെതിരെ രംഗത്തിറങ്ങാനും ഫയലിലെ വിവരങ്ങൾ ചോർത്തി നൽകാനുമാണ് കെപിസിസി പ്രസിഡന്റ് സർക്കാർ ഉദ്യോഗസ്ഥർക്ക് നിർദേശം നൽകിയത്.
No comments:
Post a Comment